Wednesday, December 8, 2010

അതിജീവനത്തിനായി ജനകീയ പ്രതിരോധം

ചോരയുണങ്ങാത്ത ജംഗല്‍മഹല്‍- അവസാനഭാഗം

ഒന്ന്, രണ്ട്, മൂന്ന് ഭാഗങ്ങള്‍

കല്‍സിഭാംഗ. മാവോയിസ്റ്റ് ഭീകരതക്കിരയായി 35 ഗ്രാമീണര്‍ കൊല്ലപ്പെട്ട ഗ്രാമം. ഇവിടത്തെ ദേശബന്ധു ഹൈസ്കൂളില്‍ കഴിഞ്ഞ സ്വാതന്ത്ര്യദിനം ആഘോഷിച്ചത് മാവോയിസ്റ്റുകളാണ്. ദേശീയപതാകയ്ക്കു പകരം കരിങ്കൊടി ഉയര്‍ത്തി. അധ്യാപകരെയും വിദ്യാര്‍ഥികളെയും ഭീഷണിപ്പെടുത്തി. നാട്ടുകാരുടെ പണം തട്ടിപ്പറിച്ചു. അവരെ കൊന്നും ഉപദ്രവിച്ചും മാവോയിസ്റ്റുകള്‍ ആധിപത്യം ഉറപ്പിച്ചു. ഒടുവില്‍ നാട്ടുകാര്‍ സ്വയം സംഘടിച്ച് പ്രതിരോധിച്ചപ്പോഴാണ് ഇതിന് ശമനമായത്.

അടിമയെപ്പോലെ ജീവിച്ചിരുന്നവര്‍ ഒടുവില്‍ തലയുയര്‍ത്തി പ്രതിരോധിച്ചപ്പോള്‍ മാവോയിസ്റ്റുകള്‍ പലായനംചെയ്തു; ഒന്നര വര്‍ഷത്തെ വാഴ്ചയ്ക്കുശേഷം. ഇഷ്ടമുള്ള വീട്ടില്‍ കയറി താമസിക്കും. ചെലവ് നാട്ടുകാര്‍ക്ക്. എതിര്‍ക്കുന്നവരെ കൊല്ലും. ശമ്പളത്തിന്റെ വിഹിതമെന്നു പറഞ്ഞ് അധ്യാപകരുടെ പണം തട്ടും.

ഏറെ സഹിച്ചശേഷമാണ് ഗ്രാമം തിരിച്ചടിച്ചത്. ഗ്രാമത്തിലെ ചെറുപ്പക്കാര്‍ ജാഗ്രതയോടെ ഗ്രാമത്തിന് കാവല്‍ നില്‍ക്കുന്നു. ആയുധപരിശീലനം നേടിയ അവര്‍ തിരിച്ചടിക്കാന്‍ സജ്ജരാണ്. ഗ്രാമരക്ഷാ സമിതികള്‍ കല്‍സിഭാംഗക്കടുത്തുള്ള ഗ്രാമങ്ങളിലുമുണ്ട്. ഇവിടേക്കൊന്നും ഇപ്പോള്‍ മാവോയിസ്റ്റുകള്‍ അടുക്കുന്നില്ല.

ജനകീയ ചെറുത്തുനില്‍പ്പിന് ആദ്യം സാക്ഷിയായത് ജൂലൈ 22ന് ജാര്‍ഗ്രാം പട്ടണത്തിനടുത്തുള്ള രാധാനഗര്‍ ആയിരുന്നു. പ്രകടനത്തില്‍ പങ്കെടുക്കണമെന്ന മാവോയിസ്റ്റുകളുടെ ആജ്ഞ പാലിക്കില്ലെന്ന് ഗ്രാമീണര്‍ തീര്‍ത്തുപറഞ്ഞപ്പോള്‍ മാവോയിസ്റ്റുകള്‍ തോക്കുചൂണ്ടി. ഗ്രാമീണര്‍ നിര്‍ഭയരായി നെഞ്ചുവിരിച്ച് നിന്നപ്പോള്‍ മാവോയിസ്റുകള്‍ പിന്തിരിഞ്ഞു. ജൂലൈ 23ന് അയല്‍ ഗ്രാമങ്ങളായ ഗൈഘട്ട, ബച്ചൂര്‍ധോബ എന്നിവിടങ്ങളില്‍നിന്ന് ആയിരങ്ങള്‍ രാധാനഗറില്‍ എത്തി. അവര്‍ സംയുക്തമായി മാവോയിസ്റ്റുകള്‍ക്കെതിരെ പ്രകടനം നടത്തി. വീണ്ടും ജനങ്ങളെ ആക്രമിക്കാന്‍ മുതിര്‍ന്നപ്പോള്‍ ജനം സംഘടിതമായി അവരെ നേരിട്ടു. മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ സുശീല്‍ മഹതോയെ പിടിച്ച് പൊലീസില്‍ ഏല്‍പ്പിച്ചു.

മാവോയിസ്റ്റ് ക്രൂരതക്കെതിരെ മുന്‍പും ഒറ്റപ്പെട്ട ചെറുത്തുനില്‍പ്പുണ്ടായിരുന്നു. 2009 സെപ്തംബര്‍ ഏഴിന് ലാല്‍ഗഢിന് പത്ത് കിലോമീറ്റര്‍ അകലെ നേപുര ഗ്രാമത്തില്‍ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ദുര്‍ഗാ ടുഡുവിനെ കൊല്ലാന്‍ അഞ്ചുപേരെത്തി. ഇതറിഞ്ഞ നാട്ടുകാര്‍ കോടാലിയും വടിയുമായി നിന്നു. മാവോയിസ്റ്റുകള്‍ നിറയൊഴിച്ചു. എന്നാല്‍, സംഘടിതശക്തിക്കു മുന്നില്‍ അവര്‍ തോറ്റു. മൂന്ന് മാവോയിസ്റ്റുകളെ പിടികൂടി കൈകാര്യം ചെയ്ത് പൊലീസില്‍ ഏല്‍പ്പിച്ചു.

2010 ആഗസ്ത് രണ്ടിന് പിങ്ബണിയിലെ സിപിഐ എം ഓഫീസ് 13 മാസത്തിനുശേഷം തുറന്നത് ആയിരങ്ങളുടെ പ്രകടനത്തോടെയായിരുന്നു. ആഗസ്ത് നാലിന് ബന്‍സ്പഹാരിയിലും പ്രകടനം നടത്തി. അന്നുതന്നെ ഇവിടെ നാല് മാവോയിസ്റ്റുകളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ആറ് സിപിഐ എം പ്രവര്‍ത്തകര്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ബെല്‍തിക്രിയിലും സമീപപ്രദേശങ്ങളിലും അടുത്ത ദിവസങ്ങളില്‍ സിപിഐ എമ്മിന്റെ ഉജ്വല പ്രകടനങ്ങള്‍ നടന്നു. മേദിനിപ്പുര്‍ ടൌണിലും ബാങ്കുറയിലും പുരുളിയയിലും വന്‍ റാലികള്‍ സംഘടിപ്പിച്ചു. ഒക്ടോബര്‍ പത്തിന് കാല്‍ ലക്ഷത്തോളം സിപിഐ എം പ്രവര്‍ത്തകര്‍ ലാല്‍ഗഢിലേക്ക് മാര്‍ച്ച് ചെയ്താണ് ഒന്നര വര്‍ഷമായി പൂട്ടിക്കിടന്ന സിപിഐ എം ഓഫീസ് തുറന്നത്. നവംബര്‍ 15ന് ജാര്‍ഗ്രാമിലെ സര്‍ദിഹയില്‍ സിപിഐ എം നേതാവിന്റെ വീട് ആക്രമിക്കാനെത്തിയ ആറംഗ സായുധ മാവോയിസ്റ്റ് സംഘത്തെ നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചു. ജീവിതം വഴിമുട്ടിയപ്പോള്‍ തിരിച്ചടിച്ച ജനങ്ങളുടെ സംഘടിതശക്തിക്കു മുന്നില്‍ ഭീകരര്‍ വഴിമാറി. ഇപ്പോള്‍ വിരലിലെണ്ണാവുന്ന ചില ഗ്രാമങ്ങളില്‍മാത്രമായി മാവോയിസ്റ്റ് ഭീകരപ്രവര്‍ത്തനം ചുരുങ്ങി.
(വി ജയിന്‍)

ദേശാഭിമാനി 081210

1 comment:

  1. കല്‍സിഭാംഗ. മാവോയിസ്റ്റ് ഭീകരതക്കിരയായി 35 ഗ്രാമീണര്‍ കൊല്ലപ്പെട്ട ഗ്രാമം. ഇവിടത്തെ ദേശബന്ധു ഹൈസ്കൂളില്‍ കഴിഞ്ഞ സ്വാതന്ത്ര്യദിനം ആഘോഷിച്ചത് മാവോയിസ്റ്റുകളാണ്. ദേശീയപതാകയ്ക്കു പകരം കരിങ്കൊടി ഉയര്‍ത്തി. അധ്യാപകരെയും വിദ്യാര്‍ഥികളെയും ഭീഷണിപ്പെടുത്തി. നാട്ടുകാരുടെ പണം തട്ടിപ്പറിച്ചു. അവരെ കൊന്നും ഉപദ്രവിച്ചും മാവോയിസ്റ്റുകള്‍ ആധിപത്യം ഉറപ്പിച്ചു. ഒടുവില്‍ നാട്ടുകാര്‍ സ്വയം സംഘടിച്ച് പ്രതിരോധിച്ചപ്പോഴാണ് ഇതിന് ശമനമായത്.

    ReplyDelete