Wednesday, January 5, 2011

ബൊഫോഴ്‌സ് കേസ് ഒതുക്കാന്‍ ഉന്നത കേന്ദ്രങ്ങള്‍ സമ്മര്‍ദം ചെലുത്തി

ബൊഫോഴ്‌സ് കേസ് ഒതുക്കാന്‍ ഉന്നത കേന്ദ്രങ്ങളില്‍നിന്ന് വന്‍ സമ്മര്‍ദമാണുണ്ടായതെന്ന്, അന്വേഷണത്തിനു നേതൃത്വം നല്‍കിയ സി ബി  ഐ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. മുന്‍ പ്രധാനമന്ത്രി പി വി നരസിംഹ റാവുവിന്റെ ഓഫീസില്‍നിന്നും അന്നത്തെ കേന്ദ്ര സര്‍ക്കാരിന്റെ ഉന്നത കേന്ദ്രങ്ങളില്‍നിന്നുമാണ് സമ്മര്‍ദമുണ്ടായതെന്ന് സി ബി ഐയുടെ മുന്‍ ജോയിന്റ് ഡയറക്ടറായ ബി ആര്‍ ലാല്‍ ആണ് വെളിപ്പെടുത്തിയിരിക്കുന്നത്. ലാലിനെ പിന്നീട് ബൊഫോഴ്‌സ് കേസ് അന്വേഷിക്കുന്ന സംഘത്തില്‍നിന്ന് മാറ്റുകയായിരുന്നു.

നരസിംഹ റാവുന്റെ ഓഫീസ് കേന്ദ്രമായി പ്രവര്‍ത്തിച്ച രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും കേസ് ഒതുക്കാന്‍ സമ്മര്‍ദം ചെലുത്തി.
ബൊഫോഴ്‌സ് ഇടപാടില്‍ ഉന്നതരുടെ ഇടപെടലിനെക്കുറിച്ച് അന്വേഷണ സംഘം ഒട്ടേറെ തെളിവുകള്‍ ശേഖരിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും രംഗത്തുവന്നത്. ഉന്നത കേന്ദ്രങ്ങള്‍ക്കെതിരായ അന്വേഷണവുമായി മുന്നോട്ടുപോയപ്പോഴാണ് തന്നെ സംഘത്തില്‍നിന്ന് ഒഴിവാക്കിയതെന്ന് ലാല്‍ പറഞ്ഞു.

ബൊഫോഴ്‌സ് ഇടപാടില്‍ ഒട്ടോവിയോ ക്വത്‌റോക്കിക്കും ഹവാലാ വഴി പണകൈമാറ്റം നടത്തുന്ന എസ് കെ ജയിനും കമ്മിഷന്‍ ലഭിച്ചിട്ടുണ്ട്. ബൊഫോഴ്‌സ് ഉള്‍പ്പെടെ ഒട്ടേറെ ഇടപാടുകളില്‍ ഇവര്‍ ഇടനില നിന്നിരുന്നു. അതിലെല്ലാം കമ്മിഷന്‍ ലഭിച്ചിട്ടുണ്ട്. ജയിന്‍ ഇക്കാര്യം സി ബി ഐയ്ക്കു നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു.

1995 മാര്‍ച്ച് 13നാണ് ജയിന്‍ രേഖാമൂലമുള്ള മൊഴി നല്‍കിയത്. ഇരുവരും പങ്കാളിത്തത്തോടെയാണ് ഇടനിലക്കാരായി പ്രവര്‍ത്തിച്ചത്. അന്നത്തെ കേന്ദ്ര സര്‍ക്കാരിലെ ഉന്നതരുമായി ഇവര്‍ക്കു ബന്ധമുണ്ടായിരുന്നു. എസ് കെ ജയിന് മൂന്നു ശതമാനവും ക്വത്‌റോക്കിക്ക് ഏഴു ശതമാനവും കമ്മിഷനാണ് ലഭിച്ചതെന്ന് ലാല്‍ പറഞ്ഞു.

നാനൂറ് ഹൊവിറ്റ്‌സര്‍ തോക്കുകള്‍ വാങ്ങുന്നതിന് സ്വീഡിഷ് കമ്പനിയായ എ ബി ബൊഫോഴ്‌സില്‍നിന്ന് 1986 മാര്‍ച്ച് 24നാണ് കേന്ദ്ര സര്‍ക്കാര്‍ കരാര്‍ ഒപ്പുവച്ചത്. 1500 കോടി ഡോളറായിരുന്നു കരാര്‍ തുക. ഇടപാടില്‍ കോഴ ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് 1990 ജനുവരി 22ന് സി ബി ഐ കേസ് രജിസ്റ്റര്‍ ചെയ്തു.

ഏഴു വര്‍ഷത്തിനു ശേഷം 1997 ജനുവരി 30ന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഇടനിലക്കാരായ വിന്‍ ഛദ്ദ, ക്വത്‌റോക്കി, മുന്‍ പ്രതിരോധ സെക്രട്ടറി എസ് കെ ഭട്‌നഗര്‍, ബൊഫോഴ്‌സ് കമ്പനിയുടെ അന്നത്തെ മേധാവി മാര്‍ട്ടിന്‍ ആര്‍ദ്‌ബോ, ബൊഫോഴ്‌സ് കമ്പനി എന്നിവര്‍ക്കെതിരെ 1999 ഒക്‌ടോബര്‍ 12ന് കുറ്റപത്രം സമര്‍പ്പിച്ചു. എന്നാല്‍ അന്വേഷണത്തിലെ മെല്ലെപ്പോക്കു മൂലം കേസ് എങ്ങുമെത്താതെ പോവുകയായിരുന്നു.

സോണിയാഗാന്ധിയുടെ കുടുംബ സുഹൃത്തായ ഒട്ടോവിയോ ക്വത്‌റോക്കിക്കെതിരെ അന്വേഷണം നടത്തുന്നതില്‍ സി ബി ഐ നടത്തിയ അലസത ഏറെ വിമര്‍ശനങ്ങള്‍ക്കിടവച്ചിരുന്നു.

ക്വത്‌റോക്കിയുടെ ലണ്ടനിലെ ബാങ്ക് അക്കൗണ്ടില്‍ വന്‍തുകയുണ്ടെന്ന് ഇന്റര്‍പോള്‍ കണ്ടെത്തിയിട്ടും സി ബി ഐ ഇക്കാര്യത്തില്‍ അേന്വഷണം നടത്തിയില്ല. മരവിപ്പിച്ചു നിര്‍ത്തിയിരുന്ന അക്കൗണ്ട് പ്രത്യേക കാരണമൊന്നുമില്ലാതെ സ്വതന്ത്രമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

ഇന്റര്‍പോള്‍ വാറണ്ടിനെത്തുടര്‍ന്ന് അര്‍ജിന്റീനയില്‍ പിടിയിലായ ക്വത്‌റോക്കിയെ വിട്ടുകിട്ടുന്നതിനു നടപടിയെടുക്കുന്നതിനും സി ബി ഐ അലസത പ്രകടിപ്പിച്ചു. ഇതിനെത്തുടര്‍ന്ന് അര്‍ജന്റൈന്‍ കോടതി ഇന്ത്യയെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

ജനയുഗം 050111

1 comment:

  1. ബൊഫോഴ്‌സ് കേസ് ഒതുക്കാന്‍ ഉന്നത കേന്ദ്രങ്ങളില്‍നിന്ന് വന്‍ സമ്മര്‍ദമാണുണ്ടായതെന്ന്, അന്വേഷണത്തിനു നേതൃത്വം നല്‍കിയ സി ബി ഐ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. മുന്‍ പ്രധാനമന്ത്രി പി വി നരസിംഹ റാവുവിന്റെ ഓഫീസില്‍നിന്നും അന്നത്തെ കേന്ദ്ര സര്‍ക്കാരിന്റെ ഉന്നത കേന്ദ്രങ്ങളില്‍നിന്നുമാണ് സമ്മര്‍ദമുണ്ടായതെന്ന് സി ബി ഐയുടെ മുന്‍ ജോയിന്റ് ഡയറക്ടറായ ബി ആര്‍ ലാല്‍ ആണ് വെളിപ്പെടുത്തിയിരിക്കുന്നത്. ലാലിനെ പിന്നീട് ബൊഫോഴ്‌സ് കേസ് അന്വേഷിക്കുന്ന സംഘത്തില്‍നിന്ന് മാറ്റുകയായിരുന്നു.

    ReplyDelete