Tuesday, January 4, 2011

മത്സ്യകേരളം പദ്ധതി വാര്‍ത്തകള്‍

ബാണാസുരസാഗര്‍ റിസര്‍വോയറില്‍ 9.5 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

കല്‍പ്പറ്റ: സംസ്ഥാന ജലകൃഷി വികസന ഏജന്‍സി മുഖേന നടപ്പിലാക്കുന്ന റിസര്‍വോയര്‍ ഫിഷറീസ് പദ്ധതിയിന്‍ കീഴില്‍ ബാണാസുരസാഗര്‍ റിസര്‍വോയറില്‍ 9.5 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഇന്ത്യന്‍ മേജര്‍ കാര്‍പ്പ് ഇനങ്ങളായ കട്ല, രോഹു, മൃഗല എന്നീ മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. തുടര്‍ച്ചയായ മൂന്ന് വര്‍ഷം സംസ്ഥാനസര്‍ക്കാര്‍ കാരാപ്പുഴ, ബാണാസുരസാഗര്‍ എന്നിവിടങ്ങളില്‍ മത്സ്യവിത്ത് നിക്ഷേപിക്കാനാണ് ഫിഷറീസ് വകുപ്പിന്റെ പദ്ധതി.എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ എല്‍ പൌലോസ് അധ്യക്ഷനായി. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എ ജോസഫ്, ജില്ലാ പഞ്ചായത്ത് സ്റാന്റിംഗ കമ്മറ്റി ചെയര്‍മാന്‍ എം മുഹമ്മദ് ബഷീര്‍, പടിഞ്ഞാറത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷമുഖന്‍ , ബ്ളോക്ക് പഞ്ചായത്ത് അംഗം എം കെ ദേവദാസന്‍, പഞ്ചായത്ത് അംഗങ്ങളായ ഒ ജെ ജെസ്മോന്‍, സി ബാലന്‍ എന്നിവര്‍ സംസാരിച്ചു. ജലകൃഷി വികസന ഏജന്‍സി ജോയന്റ് എക്സി. ഡയറക്ടര്‍ നാരായണന്‍ നമ്പൂതിരി സ്വാഗതവും ജില്ലാ മത്സ്യകൃഷി വികസന ഏജന്‍സി ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ എം സിയാന്‍ നന്ദിയും പറഞ്ഞു.

ആയിരംതെങ്ങ് ഫിഷ് ഫാം കരിമീന്‍ വിത്തുല്‍പ്പാദനകേന്ദ്രമാക്കാന്‍ നടപടി

കൊല്ലം: അഞ്ചുവര്‍ഷമായി ഫിഷറി റിസോഴ്സ് മാനേജ്മെന്റ് സൊസൈറ്റിക്ക് പാട്ടവ്യവസ്ഥയില്‍ കൈമാറിയിരുന്ന 50 ഏക്കര്‍ വിസ്തൃതിയുള്ള ആയിരംതെങ്ങ് ഫിഷ്ഫാം ഫിഷറീസ് വകുപ്പ് തിരികെ ഏറ്റെടുത്ത് കരിമീന്‍ വിത്തുല്‍പ്പാദനകേന്ദ്രമാക്കാന്‍ നടപടിയായി. മത്സ്യകേരളം പദ്ധതിയുടെ ഭാഗമായി കരിമീന്‍ സംസ്ഥാന മത്സ്യമായി സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും കരിമീനിന്റെ വിത്തുല്‍പ്പാദനവും കൃഷിയും വര്‍ധിപ്പിക്കുന്നതിന് നടപടികളും സ്വീകരിച്ചുവരുന്നു. ജില്ലയില്‍ കുറഞ്ഞത് അഞ്ച് ഹെക്ടര്‍ പ്രദേശത്ത് പുതുതായി കരിമീന്‍കൃഷി നടപ്പാക്കാനാണ് ഉദ്ദേശം. കൂടാതെ 300 അടുക്കളക്കുളങ്ങളിലും 30 റിയറിങ് യൂണിറ്റുകളിലും വ്യാപകമായ രീതിയില്‍ അഷ്ടമുടിക്കായലിലും കൂടുകളിലുമുള്ള കരിമീന്‍ ക്യഷി ആരംഭിക്കുമെന്ന് ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

കരിമീന്‍വിത്ത് ആയിരംതെങ്ങ് ഫിഷ്ഫാമില്‍നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി ഫാമിന്റെ ടോപ്പോഗ്രാഫിക്കല്‍ സര്‍വേ പൂര്‍ത്തിയാക്കി ഫാമിന്റെ വികസനത്തിനുള്ള പദ്ധതി സര്‍ക്കാരിലേക്ക് സമര്‍പ്പിക്കും. ഫിഷറീസ് ഡയറക്ടറുടെ അധ്യക്ഷതയില്‍ ആയിരംതെങ്ങില്‍ ചേര്‍ന്ന ഉന്നതതല യോഗം നാഷണല്‍ ഫിഷറീസ് ഡെവലപ്മെന്റ് ബോര്‍ഡിന്റെ ഫണ്ടുകൂടി ആയിരംതെങ്ങ് ഫിഷ്ഫാമിന്റെ വികസനത്തിന് ആവശ്യപ്പെടാന്‍ തീരുമാനിച്ചു. കൃത്രിമ ആവാസവ്യവസ്ഥ സൃഷ്ടിച്ചാണ് കരിമീനിനിന്റെ പ്രജനനം നടത്തുക. ഇതിനായി ഫിഷ്ഫാമിലെ കാട്ടുകണ്ടം പ്രദേശത്തുള്ള പ്രകൃതിദത്തമായ ആവാസവ്യവസ്ഥ പരമാവധി ഉപയോഗപ്പെടുത്തും. നിലവിലുള്ള 16 കുളങ്ങളും കണ്ടല്‍കാടും അതുപോലെ നിലനിര്‍ത്തി കരിമീനിന്റെ മാതൃകാ കൃഷി ഈ ഫാമില്‍ നടത്താനാണ് ഉദ്ദേശം.

ദേശാഭിമാനി

5 comments:

  1. സംസ്ഥാന ജലകൃഷി വികസന ഏജന്‍സി മുഖേന നടപ്പിലാക്കുന്ന റിസര്‍വോയര്‍ ഫിഷറീസ് പദ്ധതിയിന്‍ കീഴില്‍ ബാണാസുരസാഗര്‍ റിസര്‍വോയറില്‍ 9.5 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഇന്ത്യന്‍ മേജര്‍ കാര്‍പ്പ് ഇനങ്ങളായ കട്ല, രോഹു, മൃഗല എന്നീ മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. തുടര്‍ച്ചയായ മൂന്ന് വര്‍ഷം സംസ്ഥാനസര്‍ക്കാര്‍ കാരാപ്പുഴ, ബാണാസുരസാഗര്‍ എന്നിവിടങ്ങളില്‍ മത്സ്യവിത്ത് നിക്ഷേപിക്കാനാണ് ഫിഷറീസ് വകുപ്പിന്റെ പദ്ധതി.എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു

    ReplyDelete
  2. കൂടുകളിലെ മത്സ്യകൃഷി വിജയത്തിലേക്ക്

    മുഹമ്മ: വേമ്പനാട്ടുകായലില്‍ കൂടുകളില്‍ മത്സ്യകൃഷി ചെയ്യുന്നത് വിജയത്തിലേക്ക്. മുഹമ്മ എസ്എന്‍ കവലയ്ക്ക് കിഴക്ക് മത്സ്യത്തൊഴിലാളികളുടെ ഏഴ് ഗ്രൂപ്പുകള്‍ നടത്തിയ മത്സ്യകൃഷിയുടെ വിളവെടുപ്പ് കഴിഞ്ഞപ്പോള്‍ ഈ പരീക്ഷണം വിജയമാണെന്ന് തെളിഞ്ഞു. ഓരോ ഗ്രൂപ്പിനും 900 മുതല്‍ 1300 കിലോഗ്രാംവരെ കരിമീനും തിലോപ്പിയയും ലഭിച്ചു. ആലപ്പുഴ അഡാക്ക് റീജിയണല്‍ ഓഫീസിന്റെ സാങ്കേതിക-സാമ്പത്തിക സഹായത്തോടെയായിരുന്നു കൃഷി. കക്കായിറച്ചിയും പ്രത്യേകം തയ്യാറാക്കിയ തീറ്റയും മീനുകള്‍ക്ക് നല്‍കി. കൃഷിയിലൂടെ നിരവധിപേര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും ജോലി ലഭിക്കുകയും ചെയ്തു. ഗ്രാമീണ, കാര്‍ത്തിക, കളരിയ്ക്കല്‍, പണ്ഡിറ്റ് കറുപ്പന്‍, വേമ്പനാട്, മഹാത്മ, കൈരളി എന്നീ ഗ്രൂപ്പുകളാണ് മത്സ്യകൃഷി ചെയ്തത്. മീന്‍ കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് ദീപ അജിത്കുമാര്‍ ഉദ്ഘാടനംചെയ്തു. റീജിയണല്‍ ഓഫീസര്‍ ശ്രീകുമാര്‍, ജി സതീഷ്, കെ എന്‍ ബാഹുലേയന്‍, ബിജി, പ്രശാന്ത് എന്നിവര്‍ സംസാരിച്ചു.(ദേശാഭിമാനി190111)

    ReplyDelete
  3. മത്സ്യകേരളം പദ്ധതിയിലൂടെ അടുത്ത വര്‍ഷം കേരളം മത്സ്യഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തമാകുമെന്ന് ഫിഷറീസ്മന്ത്രി എസ് ശര്‍മ പറഞ്ഞു. മലമ്പുഴ ദേശീയ മത്സ്യവിത്തുല്‍പ്പാദനകേന്ദ്രത്തിന്റെ ഉദ്ഘാടനവും ശുദ്ധജല അക്വേറിയം കോംപ്ളക്സിന്റെ ശിലാസ്ഥാപനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കയറ്റുമതിയുടെ 25 ശതമാനം മത്സ്യമേഖലയില്‍നിന്നാണ്. ഇതു കണക്കിലെടുത്ത് ഉള്‍നാടന്‍മത്സ്യമേഖലയെ വികസനത്തിലെത്തിക്കാന്‍ ആവിഷ്കരിച്ച പദ്ധതിയാണ് മത്സ്യകേരളം പദ്ധതി. ഇതിലൂടെ മത്സ്യ ഉല്‍പ്പാദനത്തില്‍ വര്‍ധനയുണ്ടായി. വിത്തുല്‍പ്പാദനകേന്ദ്രങ്ങളില്‍നിന്ന് ഗുണമേന്മയുളള മത്സ്യങ്ങള്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ സഹായത്തോടെ ഉല്‍പ്പാദനം നടത്തുന്നു. ആരോഗ്യസുരക്ഷ ഉറപ്പാക്കാനും മത്സ്യാഹാരക്കുറവ് പരിഹരിക്കാനും ഉള്‍നാടന്‍ മത്സ്യകൃഷി സഹായകമാകും. ഇതോടെ ശുദ്ധജല മത്സ്യങ്ങള്‍ ന്യായവിലയ്ക്ക് ലഭ്യമാവും. മലമ്പുഴയില്‍ മത്സ്യാകൃതിയിലുളള അക്വേറിയത്തിനു സമീപം നിര്‍മിക്കുന്ന ശുദ്ധജല അക്വാറിയം കോംപ്ളക്സ് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    ReplyDelete
  4. കുമരകത്തെ ടൂറിസം മേഖലകള്‍ക്ക് ഉണര്‍വ് പകര്‍ന്ന് മത്സ്യങ്ങളുടെ വര്‍ണ വൈവിധ്യം ആസ്വദിക്കാന്‍ ഇനി അക്വേറിയവും. ഒപ്പം വലക്കൂടുകളില്‍ കരിമീന്‍ കൃഷി നടത്തുന്നതും കാട്ടിത്തരുന്നു. കേരള കാര്‍ഷിക സര്‍വകലാശാല കുമരകം പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രമാണ് പൊതുജനങ്ങള്‍ക്കും കൃഷിക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കുമൊക്കെ അറിവ് നല്‍കുന്ന മത്സ്യവിസ്മയം ഒരുക്കിയത്. കുമരകത്ത് എത്തുന്നവര്‍ക്ക് പക്ഷി സങ്കേതവും കായല്‍ സൌന്ദര്യവും ആസ്വാദ്യമായിരുന്നെങ്കില്‍ ഇനി മത്സ്യവൈവിധ്യം മനസ്സിലാക്കാനും സാധിക്കും. സംസ്ഥാന മത്സ്യമായ കരിമീനിന്റെയും നാടന്‍ മത്സ്യങ്ങളുടെയും വന്‍ ശേഖരം അക്വേറിയത്തിലുണ്ട്. അപൂര്‍വ നാടന്‍ ഇനമായ മഞ്ഞക്കൂരി, പുലിവാഹ എന്നിവയും കാണാം. അലങ്കാര മത്സ്യങ്ങളുടെ വ്യത്യസ്തതയുമുണ്ട്. ഫിഷ് ബ്രീഡ് യൂണിറ്റും ഹാച്ചറിയും മത്സ്യകൃഷിയെക്കുറിച്ച് കൂടുതല്‍ അറിവ് പകര്‍ന്നുനല്‍കുന്നു

    ReplyDelete
  5. വേമ്പനാട്ടുകായലില്‍ കരീമീന്‍ സമ്പത്ത് വര്‍ധിപ്പിക്കാന്‍ കുമരകം പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം വീണ്ടും വലക്കൂട്ടില്‍ കരിമീന്‍ കൃഷി തുടങ്ങി. ഗവേഷണ കേന്ദ്രത്തിന്റെ അക്വേറിയം കോംപ്ളക്സിന് സമീപമാണ് നൂറിലേറെ മീന്‍കൂടുകളില്‍ കരിമീന്‍ വളര്‍ത്തല്‍ പദ്ധതി ആരംഭിച്ചത്. മീനുകള്‍ക്ക് സ്വാഭാവിക സാഹചര്യമൊരുക്കാന്‍ കണ്ടലുകളും വച്ചുപിടിപ്പിക്കുന്നുണ്ട്. മീനുകള്‍ക്ക് ഭക്ഷണം നല്‍കുന്നതിന് സ്വയംസഹായ സംഘത്തിന്റെ പരിശീലനം ലഭിച്ച വനിതകളും രംഗത്തുണ്ട്. ദേശീയ കാര്‍ഷിക വികസന പദ്ധതിയുടെ ഭാഗമായാണ് കുമരകം കാര്‍ഷിക ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടര്‍ കെ ജി പത്മകുമാറിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്നത്. ഇത്തരം കൃഷി പതിരാമണലിനടുത്തും തണ്ണീര്‍മുക്കം ബണ്ടിന് സമീപവും നേരത്തെ വിജയം കണ്ടിരുന്നു. ഈ പദ്ധതിയിലൂടെ കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കാന്‍ കഴിയുമെന്ന് ഡോ. കെ ജി പത്മകുമാര്‍ പറഞ്ഞു. ബോട്ടിലൂടെയല്ലാതെ കാല്‍നടയായെത്തി കായല്‍ സൌകര്യം നുകരാന്‍ വലക്കൂടുകള്‍ക്ക് സമീപം സൌകര്യമൊരുക്കിയിട്ടുണ്ട്. മത്സ്യകൃഷി ആരംഭിക്കുന്നതിനുള്ള എല്ലാ സാങ്കേതിക സഹായവും പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം നല്‍കുന്നുണ്ട്.

    ReplyDelete