Sunday, January 2, 2011

സ്ത്രീകളുടെ തൊഴിലവസരം വര്‍ധിപ്പിക്കണം: കാരാട്ട്

അഭ്യസ്തവിദ്യരായ ലക്ഷക്കണക്കിന് സ്ത്രീകളുടെ തൊഴിലവസരം വര്‍ധിപ്പിക്കുന്നതിന് വരുംകാല സാമ്പത്തിക അജന്‍ഡയില്‍ കേരളം മുന്‍ഗണന നല്‍കണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ലിംഗസമത്വത്തില്‍ കേരളത്തിന്റെ നേട്ടങ്ങള്‍ ഉറപ്പിക്കുന്നതിന് സ്ത്രീകളുടെ കുറഞ്ഞ തൊഴില്‍പങ്കാളിത്തം തടസ്സമാണ്. എ കെ ജി പഠനഗവേഷണകേന്ദ്രം സംഘടിപ്പിക്കുന്ന മൂന്നാം അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ് ഉദ്ഘാടനംചെയ്യുകയായിരുന്നു കാരാട്ട്.

കൂടുതല്‍ തൊഴിലവസരമുള്ള ചെറുകിട-ഇടത്തരം വ്യവസായങ്ങളില്‍ സ്വകാര്യനിക്ഷേപം കൊണ്ടുവരണം. ഇതിനൊപ്പം പൊതുമേഖലാസംരംഭങ്ങള്‍ ശക്തിപ്പെടുത്തുന്നത് തുടരുകയും വേണം. വിദഗ്ധതൊഴിലാളികളെ വന്‍തോതില്‍ ഉപയോഗിക്കാന്‍ കഴിയുന്ന സാമ്പത്തികപ്രവര്‍ത്തനങ്ങളിലൂന്നിയുള്ള വളര്‍ച്ചാതന്ത്രമാണ് രൂപപ്പെടുത്തേണ്ടത്. ഇതിനാകട്ടെ ഉന്നത വിദ്യാഭ്യാസരംഗത്തും ഗവേഷണമേഖലയിലുമൊക്കെ വന്‍തോതിലുള്ള പൊതുനിക്ഷേപം ഒഴിച്ചുകൂടാനാകാത്തതാണ്. കേരളത്തിന്റെ ഭാവിവികസനമുന്നേറ്റത്തിന് ഇത്തരമൊരു സമീപനം അനിവാര്യമാണ്- അദ്ദേഹം പറഞ്ഞു. അധികാരവികേന്ദ്രീകരണം തദ്ദേശസ്ഥാപനങ്ങളെ എങ്ങനെ ശക്തിപ്പെടുത്തിയെന്നതിനെപ്പറ്റിയുള്ള അവലോകനവും ഭാവി വികസനപ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗദര്‍ശകമാകും. ഐടി പോലുള്ള പുതിയ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തിയുള്ള ഗ്രാമങ്ങളുടെ വ്യവസായവല്‍ക്കരണത്തില്‍ പഞ്ചായത്തുകളുടെ പങ്കാളിത്തം എത്രത്തോളമുണ്ടെന്ന അന്വേഷണവും ആശാവഹമാണ്. കാര്‍ഷികമേഖലയില്‍ മൂല്യവര്‍ധനയ്ക്ക് സഹായകമായ നയപരിപാടികള്‍ ആവിഷ്കരിക്കണം. ഇതിന് കാര്‍ഷിക-ഭക്ഷ്യസംസ്കരണ വ്യവസായങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണം. റബര്‍, തടി, മുള, കയര്‍, ഔഷധസസ്യം തുടങ്ങിയവ അടിസ്ഥാനമാക്കിയുള്ള ഉല്‍പ്പാദനസംരംഭങ്ങള്‍ കൂടുതലായി തുടങ്ങണം. ജൈവസാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിലും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. ഇതിനായി കൂടുതല്‍ വിദ്യാഭ്യാസ-ഗവേഷണസ്ഥാപനങ്ങള്‍ തുടങ്ങണം. ഒപ്പം ജൈവസാങ്കേതികരംഗത്തും ജൈവഔഷധരംഗത്തും പൊതു-സ്വകാര്യനിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കണം.

കേന്ദ്രസര്‍ക്കാരിന്റെ നവ-ലിബറല്‍ നയങ്ങളുടെയും കേരളത്തെ ശ്വാസം മുട്ടിക്കുന്ന കേന്ദ്രത്തിന്റെ സമീപനങ്ങളുടെയും ആഘാതത്തില്‍നിന്ന് കേരളത്തെ രക്ഷിച്ചത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബദല്‍ നയങ്ങളാണെന്ന് കാരാട്ട് പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ വികസനത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ടാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ പൊതുമേഖലയുടെ നവീകരണവും പുനഃസംഘാടനവും പ്രശംസനീയമായവിധം നടപ്പാക്കി. 37 പൊതുമേഖലാ സംരംഭങ്ങളില്‍ 32 എണ്ണവും ലാഭത്തിലാക്കി. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട 40 ലക്ഷം പേര്‍ക്ക് രണ്ട് രൂപ നിരക്കില്‍ അരി നല്‍കി. കാര്‍ഷിക കടാശ്വാസ കമീഷന്‍ രൂപീകരിച്ചു. 35 ലക്ഷം കുടുംബങ്ങള്‍ക്ക് പ്രയോജനകരമായ ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കിയതും 3.5 ലക്ഷം വീടുകള്‍ നിര്‍മിച്ചുനല്‍കിയതും മത്സ്യത്തൊഴിലാളി കടാശ്വാസപദ്ധതി നടപ്പാക്കിയതും 10,000 ആദിവാസികള്‍ക്ക് ഭൂമി നല്‍കിയതും 1.20 ലക്ഷം പേര്‍ക്ക് പട്ടയം നല്‍കിയതുമൊക്കെ ബദല്‍ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍, ഇത്തരം ജനക്ഷേമനടപടികളെ ശ്വാസം മുട്ടിക്കാനാണ് കേന്ദ്രം ശ്രമിച്ചത്. 13-ാം ധനകമീഷന്‍ കേരളത്തിന്റെ വിഹിതം വെട്ടിക്കുറച്ചതും വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നതിന് ആവശ്യമായ വിഭവം നല്‍കാതിരിക്കുന്നതും ഇതിന് ഉദാഹരണങ്ങളാണ്. കേന്ദ്ര-സംസ്ഥാനബന്ധങ്ങള്‍ മൌലികമായി പൊളിച്ചെഴുതുന്നതിനുള്ള പോരാട്ടം തുടരണമെന്നും കാരാട്ട് പറഞ്ഞു.

ദേശാഭിമാനി 020111

1 comment:

  1. അഭ്യസ്തവിദ്യരായ ലക്ഷക്കണക്കിന് സ്ത്രീകളുടെ തൊഴിലവസരം വര്‍ധിപ്പിക്കുന്നതിന് വരുംകാല സാമ്പത്തിക അജന്‍ഡയില്‍ കേരളം മുന്‍ഗണന നല്‍കണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ലിംഗസമത്വത്തില്‍ കേരളത്തിന്റെ നേട്ടങ്ങള്‍ ഉറപ്പിക്കുന്നതിന് സ്ത്രീകളുടെ കുറഞ്ഞ തൊഴില്‍പങ്കാളിത്തം തടസ്സമാണ്. എ കെ ജി പഠനഗവേഷണകേന്ദ്രം സംഘടിപ്പിക്കുന്ന മൂന്നാം അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ് ഉദ്ഘാടനംചെയ്യുകയായിരുന്നു കാരാട്ട്.

    ReplyDelete