Sunday, January 2, 2011

രാജ്യത്തിന്റെ വിദേശകടവും വിദേശ വ്യാപാരകമ്മിയും കുതിച്ചുയരുന്നു

മുംബൈ: രാജ്യത്തിന്റെ വിദേശ വ്യാപാരകമ്മിയും വിദേശകടവും അനിയന്ത്രിതമായി കുതിച്ചുയരുന്നു. ഇറക്കുമതിയിലുള്ള വര്‍ധനയും കോര്‍പറേറ്റുകള്‍ വിദേശത്തുനിന്ന് വന്‍തോതില്‍ കടമെടുക്കുന്നതുമാണ് ഇതിന് പ്രധാന കാരണം. ഇക്കഴിഞ്ഞ ജൂലൈ- സെപ്തംബര്‍ കാലയളവില്‍ വിദേശ വ്യാപാരകമ്മിയില്‍ തൊട്ടു മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 1580 കോടി ഡോളറിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്- 72 ശതമാനം വര്‍ധന.
ചരക്കുകളുടെയും സേവനങ്ങളുടെയും മൊത്തം ഇറക്കുമതിമൂല്യവും കയറ്റുമതിചെയ്യുന്ന വസ്തുക്കളുടെ മൂല്യവും തമ്മിലുള്ള വ്യത്യാസം നിര്‍ണയിച്ചാണ് വിദേശവ്യാപാരത്തിലെ മിച്ചവും കമ്മിയും കണക്കാക്കുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം മൊത്തം ആഭ്യന്തരവരുമാനത്തിന്റെ (ജിഡിപി) 2.9 ശതമാനമായിരുന്നു വിദേശവ്യാപാരകമ്മി. ഇക്കൊല്ലം ഇത് മൂന്ന് ശതമാനമായി. നിലവിലുള്ള സ്ഥിതി തുടര്‍ന്നാല്‍ വിദേശ വ്യാപാരകമ്മി ജിഡിപിയുടെ മൂന്ന് ശതമാനത്തില്‍ കൂടുതലാകും. കഴിഞ്ഞവര്‍ഷം ഇറക്കുമതി 13,840 കോടി ഡോളറില്‍നിന്ന് 17,750 കോടി ഡോളറായി ഉയര്‍ന്നിരുന്നു. കയറ്റുമതി 8260 കോടി ഡോളറില്‍നിന്ന് 11,050 കോടി ഡോളറായിമാത്രമാണ് വര്‍ധിച്ചത്. നടപ്പ് സാമ്പത്തികവര്‍ഷത്തിന്റെ ആദ്യത്തെ ആറുമാസം രാജ്യത്തിന്റെ വിദേശകടം 29,580 കോടി ഡോളറായി പെരുകി. 12.8 ശതമാനം വര്‍ധന. ദീര്‍ഘകാല കടങ്ങള്‍ 9.5 ശതമാനം വര്‍ധിച്ച് 22,980 കോടി ഡോളറായി. ഹ്രസ്വകാല കടം 25.8 ശതമാനം വര്‍ധിച്ച് 6600 കോടി ഡോളറുമായി. 2010 മാര്‍ച്ചില്‍ വിദേശകടം 26,230 കോടി ഡോളറായിരുന്നു. സെപ്തംബറായതോടെ 3350 കോടി ഡോളറിന്റെ വര്‍ധന രേഖപ്പെടുത്തി.

കോര്‍പറേറ്റുകള്‍ വിദേശത്തുനിന്ന് വന്‍തോതില്‍ വാണിജ്യവായ്പ എടുക്കുന്നതും ഹ്രസ്വകാല കടങ്ങള്‍ പെരുകിയതുമാണ് വിദേശകടം കുതിച്ചുയരാന്‍ കാരണമെന്ന് ധനമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. പ്രധാന കറന്‍സികളെ അപേക്ഷിച്ച് രൂപയുടെ വിനിമയമൂല്യം വര്‍ധിച്ചതും വിദേശകടം പെരുകാന്‍ ഇടവരുത്തിയെന്ന് ധനമന്ത്രാലയം അവകാശപ്പെട്ടു. വിദേശകടത്തില്‍ 53.9 ശതമാനവും കൈയാളുന്നത് അമേരിക്കന്‍ ഡോളറുമാണ്.

ദേശാഭിമാനി 020111

1 comment:

  1. രാജ്യത്തിന്റെ വിദേശ വ്യാപാരകമ്മിയും വിദേശകടവും അനിയന്ത്രിതമായി കുതിച്ചുയരുന്നു. ഇറക്കുമതിയിലുള്ള വര്‍ധനയും കോര്‍പറേറ്റുകള്‍ വിദേശത്തുനിന്ന് വന്‍തോതില്‍ കടമെടുക്കുന്നതുമാണ് ഇതിന് പ്രധാന കാരണം. ഇക്കഴിഞ്ഞ ജൂലൈ- സെപ്തംബര്‍ കാലയളവില്‍ വിദേശ വ്യാപാരകമ്മിയില്‍ തൊട്ടു മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 1580 കോടി ഡോളറിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്- 72 ശതമാനം വര്‍ധന.

    ReplyDelete