മുത്തൂറ്റ് പോള്‍ ജോര്‍ജ് വധക്കേസില്‍ സിബിഐയുടെ കണ്ടെത്തല്‍ നുണപ്രചാരണം അഴിച്ചുവിട്ട ഒരു വിഭാഗം മാധ്യമങ്ങള്‍ക്കുള്ള കുറ്റപത്രംകൂടിയാണ്. ഗുണ്ടാസംഘങ്ങളുമായി യാദൃച്ഛികമായുണ്ടായ വാക്കേറ്റവും ഏറ്റുമുട്ടലുമാണ് കൊലപാതകത്തിനു കാരണമായതെന്ന പൊലീസിന്റെ കണ്ടെത്തല്‍ സിബിഐയും ശരിവച്ചതോടെ പ്രതിക്കൂട്ടിലായത് മാധ്യമങ്ങളും അവരുടെ കള്ളക്കഥ ഏറ്റുപാടിയ യുഡിഎഫും. പോളിന്റെ മാതാപിതാക്കളെയും സുഹൃത്തുക്കളെയുംവരെ തെറ്റിദ്ധരിപ്പിക്കാന്‍ ആസൂത്രിതമായ ശ്രമം നടന്നതായാണ് ഇപ്പോള്‍ വ്യക്തമായത്. എസ് കത്തികൊണ്ടാണ് കുത്തിയതെന്ന് പൊലീസ് പറഞ്ഞത് നാടകമാണെന്നു ചിത്രീകരിച്ച മാധ്യമങ്ങളെയും സിബിഐ പ്രതിക്കൂട്ടിലാക്കി.
2009 ആഗസ്ത് 23ന് അര്‍ധരാത്രിയിലാണ് നെടുമുടി ജ്യോതി ജങ്ഷനില്‍ പോള്‍ എം ജോര്‍ജ് കുത്തേറ്റു മരിച്ചത്. പിറ്റേന്നുതന്നെ പൊലീസിന് സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് വിവരം കിട്ടി. കോട്ടയം, ആലപ്പുഴ ജില്ലകളില്‍നിന്ന് പ്രതികളെ പിടികൂടുകയുംചെയ്തു. എറണാകുളം റെയ്ഞ്ച് ഐജിയായിരുന്ന വിന്‍സന്‍ എം പോള്‍ ആലപ്പുഴയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അന്വേഷണപുരോഗതി വിശദീകരിച്ചു. ഇതോടുകൂടിയാണ് ഒരു വിഭാഗം മാധ്യമങ്ങള്‍ കള്ളപ്രചാരണം തുടങ്ങിയത്. എന്നാല്‍, ഐജി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അക്ഷരംപ്രതി ശരിയാണെന്നാണ് ഇപ്പോള്‍ തെളിഞ്ഞത്.
പോള്‍ ജോര്‍ജ് വധക്കേസില്‍ പ്രധാനമായും മൂന്ന് ചോദ്യമാണ് ഉയര്‍ന്നത്. ഒന്ന്: കൊല്ലപ്പെട്ടതെങ്ങനെ. രണ്ട്: കൊലയ്ക്ക് ഉപയോഗിച്ച ആയുധം. മൂന്ന്: കാരണം. ഈ മൂന്ന് ചോദ്യത്തിനും പൊലീസ് രണ്ടു ദിവസത്തിനകം ഉത്തരം കണ്ടെത്തി. ആലപ്പുഴ, എറണാകുളം, കൊല്ലം, കോട്ടയം എന്നീ നാലു ജില്ലയിലെ പൊലീസ് ഏകോപിച്ച് നടത്തിയ അന്വേഷണമാണ് ഇതിന് വഴിതെളിച്ചത്. ഇക്കാര്യങ്ങളാണ് ഐജി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.
എന്നാല്‍, ഐജി പറഞ്ഞതെല്ലാം കെട്ടുകഥയാണെന്ന് വരുത്താനുള്ള ശ്രമമാണ് പിന്നീടുള്ള ദിവസങ്ങളില്‍ മനോരമ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ നടത്തിയത്. പൊലീസിനെ മാത്രമല്ല, ആഭ്യന്തരമന്ത്രിയുടെ മകനെയും വിദേശ മലയാളികളായ ചില ബിസിനസുകാരെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനും അന്വേഷണം അട്ടിമറിക്കാനും ശ്രമം നടന്നു. സിപിഐ എം നേതൃത്വത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തി വിചാരണചെയ്യാനും ബോധപൂര്‍വം ശ്രമിച്ചു. മകന്‍ നഷ്ടപ്പെട്ട ഒരച്ഛന്റെ മനോവേദനപോലും പരിഗണിച്ചില്ല. പകരം പ്രതികളും അവരുടെ ബന്ധുക്കളും സഹായികളും പറഞ്ഞ കാര്യങ്ങളാണ് പല മാധ്യമങ്ങളും വന്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചത്.
'എസ്' ആകൃതിയിലുള്ള കത്തിയാണ് പോളിനെ കുത്താന്‍ ഉപയോഗിച്ചതെന്ന് പോസ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ഇക്കാര്യം ഐജി വാര്‍ത്താസമ്മേളനത്തിലും വെളിപ്പെടുത്തി. കൊല്ലപ്പെട്ടത് ഒരു യുവ വ്യവസായിയും കേരളത്തിലെ അറിയപ്പെടുന്ന കുടുംബത്തിലെ അംഗവുമായതിനാല്‍ ആഭ്യന്തരവകുപ്പ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ ഐജിയെത്തന്നെ ചുമതലപ്പെടുത്തി. പ്രതികളുടെ കൂട്ടത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഉണ്ടെന്ന് സിപിഐ എമ്മിന് വിവരം കിട്ടി. ആര്‍എസ്എസുകാര്‍ ഉപയോഗിക്കുന്ന 'എസ്' ആകൃതിയിലുള്ള കത്തി കൊണ്ടാണ് കുത്തിയതെന്ന് പൊലീസ് വെളിപ്പെടുത്തിയില്ല. പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലവും കേസിന്റെ പ്രാധാന്യവും കണക്കിലെടുത്ത് സിപിഐ എമ്മിന് കിട്ടിയ വിവരം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. ഇത്കൂടിയായതോടെയാണ് തലങ്ങും വിലങ്ങും കള്ളക്കഥകളുമായി മാധ്യമങ്ങളും യുഡിഎഫ് നേതാക്കളും രംഗത്ത് വന്നത്.
കാരി സതീശന്റെ വീട്ടില്‍നിന്നു കണ്ടെടുത്ത എസ് കത്തിയെക്കുറിച്ചായിരുന്നു ആദ്യം വിവാദം അഴിച്ചുവിട്ടത്. പൊലീസ് ആലപ്പുഴയില്‍ ഒരു കൊല്ലന് ഓര്‍ഡര്‍ നല്‍കി പണിയിപ്പിച്ചതാണ് കത്തിയെന്നായി ആദ്യം. ആലപ്പുഴയിലെ കൊല്ലപ്പണിക്കാരനെയാണ് ഇതിന് കരുവാക്കിയത്. ഏഷ്യാനെറ്റ് ന്യൂസ് ചാനലാണ് ഇത് ഫ്ളാഷ് വാര്‍ത്ത നല്‍കിയത്. തുടര്‍ന്ന് കത്തിവിവാദം മറ്റു മാധ്യമങ്ങള്‍ ഏറ്റുപിടിച്ചു. കത്തി പണിഞ്ഞ് നല്‍കിയ കൊല്ലനെ കാണാനില്ലെന്നും അയാള്‍ മുന്‍കൂര്‍ ജാമ്യം നേടിയെന്നുമായി തുടര്‍ന്നുള്ള ദിവസങ്ങളിലെ വാര്‍ത്ത. ഗുണ്ടാത്തലവന്മാരായ ഓംപ്രകാശ്, പുത്തന്‍പാലം രാജേഷ് എന്നിവരാണ് കൊല നടത്തിയതെന്നായി പിന്നീട്. ഇവരെ രക്ഷിക്കാന്‍ ഭരണതലത്തിലെ ഉന്നതര്‍ ശ്രമിക്കുന്നതായും പ്രചാരണം അഴിച്ചുവിട്ടു. പൊലീസിനെ വെട്ടിച്ച് കഴിഞ്ഞ ഗുണ്ടകള്‍ ദുബായില്‍ കഴിയുന്നതായും വാര്‍ത്ത നല്‍കി. ദുബായിലെ ഒരു ഹോട്ടലിന്റെ മുന്നില്‍നിന്ന് ചാനല്‍ ലേഖകന്‍ നല്‍കിയ റിപ്പോര്‍ട്ടായിരുന്നു ഇതിന് ഉപയോഗിച്ചത്. ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ തമിഴ്നാട്ടിലെ കോടതിയില്‍ ഗുണ്ടകള്‍ കീഴടങ്ങി. പക്ഷേ, കേരള പൊലീസ് പ്രതിചേര്‍ത്ത് രാമങ്കരി കോടതിയില്‍ കുറ്റപത്രം നല്‍കിയ ഓംപ്രകാശും പുത്തന്‍പാലം രാജേഷും സിബിഐയുടെ അന്വേഷണത്തില്‍ സാക്ഷികളായി മാറിയിരിക്കുകയാണ്. ഇരുവരെയും 'വിലങ്ങണിയിച്ച' മാധ്യമങ്ങള്‍ പ്രതിക്കൂട്ടിലും.
കൊല്ലം സ്വദേശിയായ ഒരു ഗള്‍ഫ് മലയാളിയുടെ കാറിലാണ് സംഭവസ്ഥലത്തുനിന്ന് ഇരുവരും രക്ഷപ്പെട്ടതെന്നും വാര്‍ത്ത നല്‍കി. ഈ ഗള്‍ഫ് മലയാളി ആഭ്യന്തരമന്ത്രിയുടെ മകന്റെ സുഹൃത്താണെന്നും പ്രചരിപ്പിച്ചു. താന്‍ മന്ത്രിയുടെ മകനെ കണ്ടിട്ടുപോലുമില്ലെന്ന് ഗള്‍ഫ് മലയാളി പറഞ്ഞെങ്കിലും അതെല്ലാം അവഗണിക്കപ്പെട്ടു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആദ്യം കോടതിയില്‍ എത്തിയത് പ്രതി കാരി സതീശന്റെ അമ്മയായിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകനെന്നു പറഞ്ഞു നടക്കുന്ന രാജു പുഴങ്കര എന്നയാളും ഇതേ ആവശ്യവുമായി ഹൈക്കോടതിയില്‍ എത്തി. എന്നാല്‍, ഇരുവരുടെയും ആവശ്യം കോടതി തള്ളി.
വിന്‍സന്‍ എം പോള്‍ പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞു: ഡിജിപി
മുത്തൂറ്റ് പോള്‍ ജോര്‍ജ് വധക്കേസില്‍ ഐജി വിന്‍സന്‍ എം പോള്‍ അന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് പൂര്‍ണമായും ശരിയാണെന്ന് തെളിയിക്കുന്നതാണ് സിബിഐ സമര്‍പ്പിച്ച കുറ്റപത്രമെന്ന് ഡിജിപി ജേക്കബ് പുന്നൂസ് പറഞ്ഞു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഐജി വാര്‍ത്താസമ്മേളനം നടത്തി കാര്യങ്ങള്‍ പറഞ്ഞത്. കൊല നടന്ന് 48 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടാനും സംഭവത്തിന്റെ യഥാര്‍ഥ ചിത്രം വ്യക്തമാക്കാനും പൊലീസിന് കഴിഞ്ഞു. ഐജി നേരിട്ടാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചത്. ആര്‍ക്കുവേണമെങ്കിലും കാണിച്ചുകൊടുക്കാന്‍ കഴിയുന്നതായിരുന്നു പൊലീസിന് കിട്ടിയ തെളിവുകള്‍. നാലു ജില്ലയിലെ പൊലീസ് പരസ്പരം സഹകരിച്ചാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോയത്. കേരള പൊലീസിന്റെ നിഗമനം ശരിയാണെന്ന് സിബിഐ പറഞ്ഞിരിക്കുകയാണ്. ഞങ്ങള്‍ ശരിയായ നിലപാടാണ് എടുത്തതെന്ന് മറ്റൊരു ഏജന്‍സി പറയുമ്പോള്‍ സന്തോഷം തോന്നും- ഡിജിപി പറഞ്ഞു.
ദേശാഭിമാനി 020111
മുത്തൂറ്റ് പോള്‍ ജോര്‍ജ് വധക്കേസില്‍ സിബിഐയുടെ കണ്ടെത്തല്‍ നുണപ്രചാരണം അഴിച്ചുവിട്ട ഒരു വിഭാഗം മാധ്യമങ്ങള്‍ക്കുള്ള കുറ്റപത്രംകൂടിയാണ്. ഗുണ്ടാസംഘങ്ങളുമായി യാദൃച്ഛികമായുണ്ടായ വാക്കേറ്റവും ഏറ്റുമുട്ടലുമാണ് കൊലപാതകത്തിനു കാരണമായതെന്ന പൊലീസിന്റെ കണ്ടെത്തല്‍ സിബിഐയും ശരിവച്ചതോടെ പ്രതിക്കൂട്ടിലായത് മാധ്യമങ്ങളും അവരുടെ കള്ളക്കഥ ഏറ്റുപാടിയ യുഡിഎഫും. പോളിന്റെ മാതാപിതാക്കളെയും സുഹൃത്തുക്കളെയുംവരെ തെറ്റിദ്ധരിപ്പിക്കാന്‍ ആസൂത്രിതമായ ശ്രമം നടന്നതായാണ് ഇപ്പോള്‍ വ്യക്തമായത്. എസ് കത്തികൊണ്ടാണ് കുത്തിയതെന്ന് പൊലീസ് പറഞ്ഞത് നാടകമാണെന്നു ചിത്രീകരിച്ച മാധ്യമങ്ങളെയും സിബിഐ പ്രതിക്കൂട്ടിലാക്കി.
ReplyDelete