Sunday, January 2, 2011

ഉദാരവല്‍ക്കരണത്തിന്റെ വലിയ ഇര കേരളം

നവ ഉദാരവല്‍ക്കരണത്തിന്റെ ഏറ്റവും വലിയ ഇര കേരളമാണെന്ന് സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. എ കെ ജി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച മൂന്നാമത് കേരള പഠന കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആഗോളവല്‍ക്കരണത്തിന്റെ പരിണിത ഫലം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് കേരളമാണ്. ആസിയാന്‍ കാരാര്‍ ഒപ്പിടുന്നതിന് മുമ്പായി കേരള സര്‍ക്കാരിനോട് യാതൊരു വിധ ചര്‍ച്ചയും നടത്താന്‍ കേന്ദ്രം തയ്യാറായില്ല. കാര്‍ഷിക രംഗത്തെ ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരും സംസ്ഥാനത്തെ കര്‍ഷകരും പ്രാപ്തമാകണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ആസിയാന്‍ കരാര്‍ നടപ്പാക്കുന്നതിലൂടെ കേന്ദ്രം സംരക്ഷിക്കുന്നത് കുത്തക മുതലാളിമാരുടെ താല്‍പ്പര്യമാണ്. ചെറുകിട കര്‍ഷകരുടെയും സാധാരണക്കാരുടെയും താല്‍പ്പര്യങ്ങളാണ് ഇതിലൂടെ തകര്‍ക്കപ്പെടുന്നത്. സംസ്ഥാനത്തിന് ആവശ്യമായിട്ടുള്ള ഭക്ഷ്യ ധാന്യങ്ങള്‍ വിതരണം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണം. സംസ്ഥാനത്തിന് കേന്ദ്രം നല്‍കുന്ന ഭക്ഷ്യധാന്യം ആവശ്യത്തിന് തികയുന്നില്ല എന്ന് മാത്രമല്ല ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് പോലും ഭക്ഷ്യധാന്യം നല്‍കാന്‍ പര്യാപ്തമാകുന്നില്ല. പെട്രോളിയം ഉല്‍പ്പനങ്ങളുടെ വില കുത്തകകളുടെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങി കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. സാധാരണ മല്‍സ്യതൊഴിലാളികളുടെ ചിലവ് കൂട്ടാന്‍ ഇത് കാരണമായപ്പോള്‍ അവര്‍ക്ക് ഇതിന് ആനുപാതികമായ വരുമാനം ഇതിലൂടെ ലഭിക്കുന്നില്ല എന്നതാണ് വസ്തുത. ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന മിനിമം കൂലി പോലും സാധാരണക്കാരായ മല്‍സ്യ തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ല.

കേരളത്തിലെ ഇടതു സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പൊതു മേഖലാ വ്യവസായ സ്ഥാപനങ്ങള്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 2005-06 കാലഘട്ടത്തത്തില്‍ മിക്ക പൊതു മേഖലാ വ്യവസായ സ്ഥാപനങ്ങളും നഷ്ടത്തിന്റെ കണക്ക് മാത്രം നല്‍കിക്കൊണ്ടിരുന്നപ്പോള്‍ ഇന്ന് അത് നല്‍കുന്നത് ലാഭത്തിന്റെ കണക്കാണ്. കേരളത്തിന്റെ നാലര വര്‍ഷക്കാലത്തെ പ്രവര്‍ത്തനത്തിലൂടെ പൊതു സേവനത്തിനും മറ്റും പൊതുമേഖല സ്ഥാപനങ്ങളെ ഏതു തരത്തില്‍ പ്രയോജനപ്പെടുത്താമെന്ന് തെളിയിച്ചിരിക്കുകയാണ്. പൊതു മേഖലയ്ക്ക് എതിരെയുള്ള നവലിബറല്‍ ആശയങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ മറുപടിയാണ് ഇത്.

കാര്‍ഷിക രംഗത്ത് മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതില്‍ ശ്രദ്ധിക്കണം. റബര്‍, മുള, തടി, കയര്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം മെച്ചപ്പെടുത്തണം. ബയോ ടെക്‌നോളജി, ബയോ മെഡിസിന്‍ രംഗത്തെ പ്രധാന്യം കണക്കാക്കി പൊതു-സ്വകാര്യ രംഗത്തെ ഉള്‍പ്പെടുത്തി പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കണം. ലക്ഷക്കണക്കിന് വരുന്ന അഭ്യസ്തവിദ്യരായ വനിതകള്‍ക്ക് തൊഴില്‍ നല്‍കുന്നതിന് പ്രാധാന്യം നല്‍കണം. സാമ്പത്തിക വികസനത്തിന്റെ പാത പരിസ്ഥിതി സന്തുലനം നിലനിര്‍ത്തിക്കൊണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അധ്യക്ഷനായിരുന്നു. സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, എസ് രാമചന്ദ്രന്‍പിള്ള, ഒ എന്‍ വി കുറുപ്പ്, കോടിയേരി ബാലകൃഷ്ണന്‍, തോമസ് ഐസക്, എം എ ബേബി, എന്‍ കെ പ്രേമചന്ദ്രന്‍,  പ്രഭാത് പട്‌നായിക്, ജി കാര്‍ത്തികേയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജനയുഗം 020111

1 comment:

  1. ആഗോളവല്‍ക്കരണത്തിന്റെ പരിണിത ഫലം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് കേരളമാണ്. ആസിയാന്‍ കാരാര്‍ ഒപ്പിടുന്നതിന് മുമ്പായി കേരള സര്‍ക്കാരിനോട് യാതൊരു വിധ ചര്‍ച്ചയും നടത്താന്‍ കേന്ദ്രം തയ്യാറായില്ല. കാര്‍ഷിക രംഗത്തെ ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരും സംസ്ഥാനത്തെ കര്‍ഷകരും പ്രാപ്തമാകണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ആസിയാന്‍ കരാര്‍ നടപ്പാക്കുന്നതിലൂടെ കേന്ദ്രം സംരക്ഷിക്കുന്നത് കുത്തക മുതലാളിമാരുടെ താല്‍പ്പര്യമാണ്. ചെറുകിട കര്‍ഷകരുടെയും സാധാരണക്കാരുടെയും താല്‍പ്പര്യങ്ങളാണ് ഇതിലൂടെ തകര്‍ക്കപ്പെടുന്നത്. സംസ്ഥാനത്തിന് ആവശ്യമായിട്ടുള്ള ഭക്ഷ്യ ധാന്യങ്ങള്‍ വിതരണം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണം. സംസ്ഥാനത്തിന് കേന്ദ്രം നല്‍കുന്ന ഭക്ഷ്യധാന്യം ആവശ്യത്തിന് തികയുന്നില്ല എന്ന് മാത്രമല്ല ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് പോലും ഭക്ഷ്യധാന്യം നല്‍കാന്‍ പര്യാപ്തമാകുന്നില്ല. പെട്രോളിയം ഉല്‍പ്പനങ്ങളുടെ വില കുത്തകകളുടെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങി കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. സാധാരണ മല്‍സ്യതൊഴിലാളികളുടെ ചിലവ് കൂട്ടാന്‍ ഇത് കാരണമായപ്പോള്‍ അവര്‍ക്ക് ഇതിന് ആനുപാതികമായ വരുമാനം ഇതിലൂടെ ലഭിക്കുന്നില്ല എന്നതാണ് വസ്തുത. ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന മിനിമം കൂലി പോലും സാധാരണക്കാരായ മല്‍സ്യ തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ല.

    ReplyDelete