Monday, January 17, 2011

പെട്രോള്‍ വിലവര്‍ധന വിലക്കയറ്റം രൂക്ഷമാക്കും: ഐസക്

അടിക്കടിയുള്ള പെട്രോള്‍ വിലവര്‍ധന വിലക്കയറ്റം രൂക്ഷമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. രാജ്യത്ത് ഭക്ഷ്യധാന്യങ്ങളുടെ വില കുതിക്കുകയാണ്. പെട്രോള്‍ വില വര്‍ധനയോടെ ഇത് പൊതു വിലക്കയറ്റമായി മാറുമെന്ന് അദ്ദേഹം ദേശാഭിമാനിയോട് പറഞ്ഞു. വിലക്കയറ്റം നിയന്ത്രിക്കാന്‍ പലിശനിരക്ക് കൂട്ടുക, വായ്പാ തുക കുറയ്ക്കുക, സര്‍ക്കാര്‍ ചെലവുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരിക തുടങ്ങിയ നടപടികള്‍ സാമ്പത്തിക ത്തകര്‍ച്ചയില്‍നിന്നുള്ള കരകയറ്റം ദുഷ്കരമാക്കും. സാമ്പത്തിക വളര്‍ച്ച രണ്ടക്കത്തിലെത്തുക എന്നത് ദിവാസ്വപ്നമാകും.

റിലയന്‍സിന്റെ താല്‍പ്പര്യം സംരക്ഷിക്കാനാണ് അവരുടെ ദല്ലാളായ കേന്ദ്രമന്ത്രി മുരളി ദേവ്റ ശ്രമിക്കുന്നത്. ഇതിനുവേണ്ടിയാണ് അദ്ദേഹത്തെ മന്ത്രിയാക്കിയെതെന്ന് നീരാ റാഡിയ ടേപ്പ് വ്യക്തമാക്കുന്നു. അന്താരാഷ്ട്രവിപണിയില്‍ ക്രൂഡ്ഓയില്‍ വില ഉയര്‍ന്നെന്ന കാരണം പറഞ്ഞാണ് ഇന്ത്യയിലും പെട്രോള്‍വില ഉയര്‍ത്തുന്നത്. എന്നാല്‍, രാജ്യത്തെ നാലര ശതമാനം എണ്ണ ആഭ്യന്തരമായി കുഴിച്ചെടുക്കുന്നതാണ്. അതുകൂടി കണക്കാക്കി ശരാശരി വിലയാണ് ഇവിടെ നിശ്ചയിക്കേണ്ടത്.

എണ്ണകുത്തകകളെ സഹായിക്കുന്ന കേന്ദ്രനിലപാട് മറച്ചുവച്ചാണ് വിലവര്‍ധനയില്‍നിന്നുള്ള അധികവരുമാനം കേരളം ഉപേക്ഷിക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെടുന്നത്. യുഡിഎഫ് ഭരണത്തില്‍ 24 തവണ ഇന്ധനവില വര്‍ധിച്ചപ്പോള്‍ ഒരിക്കല്‍ മാത്രമാണ് അവര്‍ അധികവരുമാനം വേണ്ടെന്നുവച്ചത്. കേരളത്തില്‍ എണ്ണയില്‍നിന്നുള്ള നികുതി വരുമാനത്തില്‍ കാര്യമായി വര്‍ധിക്കുന്നില്ല. റെയില്‍വേ മംഗളൂരുവില്‍നിന്ന് ഇന്ധനം വാങ്ങാന്‍ തീരുമാനിച്ചതാണ് നികുതി ഉയരാത്തതിന് കാരണം. എങ്കിലും യുഡിഎഫ് ഭരണത്തില്‍ ഡീസലിന്റെ നികുതി 20 ശതമാനത്തില്‍ നിന്ന് 24 ശതമാനമാക്കിയതുപോലുള്ള നടപടി എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കില്ല. പെട്രോള്‍ വില വര്‍ധനമൂലം എന്തെങ്കിലും വരുമാനവര്‍ധനയുണ്ടാല്‍ അത് പൊതുവിപണയിലെ ഇടപെടലിന് വിനിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.

പെട്രോള്‍വില: കേരളം പ്രതിഷേധാഗ്നിയില്‍


ജനജീവീതം രൂക്ഷമാക്കി പെട്രോള്‍വില കുത്തനെ കൂട്ടിയതിനെതിരെ സംസ്ഥാനം രോഷാഗ്നിയില്‍. കേരളത്തെ എരിതീയിലേക്ക് തള്ളുന്ന നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി വിവിധ ജനവിഭാഗങ്ങള്‍ തെരുവിലിറങ്ങി. സിപിഐ എം ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെമ്പാടും പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. ലോക്കല്‍ കേന്ദ്രങ്ങളില്‍ ഞായറാഴ്ച വൈകിട്ടായിരുന്നു സിപിഐ എം പ്രതിഷേധം. ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ യുവാക്കള്‍ ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധജാഥകള്‍ നടത്തി. തിരുവനന്തപുരത്ത് പ്രകടനം നടത്തിയ യുവാക്കള്‍ ഏജീസ് ഓഫീസിനുമുന്നില്‍ എംജി റോഡ് ഉപരോധിച്ചു.

പെട്രോള്‍ വില വര്‍ധനയ്ക്ക് കാരണമായ കേന്ദ്രസര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് 19ന് രാജ്യവ്യാപകമായി കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ പിക്കറ്റ്ചെയ്യുമെന്ന് അഖിലേന്ത്യാ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. പെട്രോള്‍ വിലവര്‍ധനയ്ക്കെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ 31ന് സംസ്ഥാനത്തെ എല്ലാ ഏരിയ കേന്ദ്രങ്ങളിലും പ്രകടനങ്ങള്‍ നടത്തും. മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വ്യവസായത്തെ വന്‍ പ്രതിസന്ധിയിലേക്ക് തള്ളുന്ന നടപടിക്കെതിരെ സംസ്ഥാനവ്യാപകമായി പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും നടത്താന്‍ കേരള സ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി വി പി കൃഷ്ണന്‍ മോട്ടോര്‍തൊഴിലാളികളോട് അഭ്യര്‍ഥിച്ചു.

ദേശാഭിമാനി 170111

1 comment:

  1. അടിക്കടിയുള്ള പെട്രോള്‍ വിലവര്‍ധന വിലക്കയറ്റം രൂക്ഷമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. രാജ്യത്ത് ഭക്ഷ്യധാന്യങ്ങളുടെ വില കുതിക്കുകയാണ്. പെട്രോള്‍ വില വര്‍ധനയോടെ ഇത് പൊതു വിലക്കയറ്റമായി മാറുമെന്ന് അദ്ദേഹം ദേശാഭിമാനിയോട് പറഞ്ഞു. വിലക്കയറ്റം നിയന്ത്രിക്കാന്‍ പലിശനിരക്ക് കൂട്ടുക, വായ്പാ തുക കുറയ്ക്കുക, സര്‍ക്കാര്‍ ചെലവുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരിക തുടങ്ങിയ നടപടികള്‍ സാമ്പത്തിക ത്തകര്‍ച്ചയില്‍നിന്നുള്ള കരകയറ്റം ദുഷ്കരമാക്കും. സാമ്പത്തിക വളര്‍ച്ച രണ്ടക്കത്തിലെത്തുക എന്നത് ദിവാസ്വപ്നമാകും.

    ReplyDelete