Sunday, January 16, 2011

എന്‍ഡോസള്‍ഫാന്‍ ദുരന്തം: കേന്ദ്രം കണ്ണ്തുറക്കുന്നില്ലെന്ന് മുഖ്യമന്ത്രി

ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരന്തം വൈകിയാണെങ്കിലും ലോകത്തിന്റെ കണ്ണ് തുറപ്പിച്ചെങ്കിലും ഇന്ത്യാ ഗവണ്‍മെന്റിന്റെ  കണ്ണ് ഇതുവരെയും തുറന്നിട്ടില്ലെന്നു മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുളള വര്‍ധിപ്പിച്ച പ്രതിമാസ അലവന്‍സിന്റെയും സൗജന്യ ചികില്‍സയ്ക്കുളള ബയോ മെട്രിക് കാര്‍ഡിന്റെയും വിതരണോദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
എന്‍ഡോസള്‍ഫാന്‍ കീടനാശിനി മാത്രമല്ല, മനുഷ്യനാശിനികൂടിയാണ്. പത്ത് വര്‍ഷം മുമ്പ്‌വരെ ഇവിടെ എന്‍ഡോസള്‍ഫാന്‍ തളിക്കുകയായിരുന്നില്ല, വര്‍ഷിക്കുകയായിരുന്നു. രണ്ട് പതിറ്റാണ്ട് നീണ്ട ആ വര്‍ഷിക്കല്‍ കാരണം പതിനൊന്ന് പഞ്ചായത്തുകളിലെ ആയിരക്കണക്കിന് പേരാണ് നരകയാതന അനുഭവിക്കുന്നത്. മൂന്നു പതിറ്റാണ്ട് മുമ്പ് പ്ലാന്റേഷന്‍ കോര്‍പ്പറേഷനും വൈദഗ്ധ്യമില്ലാത്ത ശാസ്ത്ര വിദഗ്ധരുമെല്ലാമടങ്ങിയ ഭരണകൂടത്തിന്റെ തന്നെ സൃഷ്ടിയാണ് കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തം. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കാന്‍ സംസ്ഥാനത്തെ യു ഡിഎഫുകാര്‍ക്കും കഴിയുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇപ്പോഴത്തെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മരിച്ചവരുടെ കുടുംബത്തിന് അമ്പതിനായിരം രൂപ വീതം നല്‍കി. രോഗികളായവര്‍ക്ക് മതിയായ ചികില്‍സ ലഭ്യമാക്കാന്‍ നടപടിയെടുത്തു. ആദ്യം മുന്നൂറു രൂപ വീതവും പിന്നീട് ആയിരം രൂപ വീതവും പെന്‍ഷന്‍ നല്‍കി. രണ്ട് രൂപ നിരക്കില്‍ അരി ലഭ്യമാക്കി. സമഗ്രമായ പുനരധിവാസ പദ്ധതിക്ക് രൂപം നല്‍കുകയാണിപ്പോള്‍. രോഗബാധിതരായി ജോലിക്ക് പോകാന്‍ കഴിയാത്തവര്‍ക്ക് രണ്ടായിരം രൂപ പ്രതിമാസ അലവന്‍സ് നല്‍കുകയാണ്. രോഗബാധിതരായ മറ്റുളളവര്‍ക്ക് പ്രതിമാസം ആയിരം രൂപ അലവന്‍സും മുഴുവന്‍ എന്‍ഡോസള്‍ഫാന്‍ രോഗബാധിത കുടുംബങ്ങള്‍ക്കും സൗജന്യ റേഷനും അനുവദിച്ചു.  രോഗികളെ ആശുപത്രിയിലെത്തിക്കുന്നതിനും തിരികെ വിടുന്നതിനും 12 ആരോഗ്യ കേന്ദ്രങ്ങളില്‍ ഓരോ വാഹനം ലഭ്യമാക്കി. സാന്ത്വന ചികില്‍സയുള്‍പ്പെടെ ലഭ്യമാക്കാന്‍ പ്രതേ്യകം ഹെല്‍ത്ത് വര്‍ക്കര്‍മാരെയും ആശ വോളണ്ടിയര്‍മാരേയും ചുമതലപ്പെടുത്തി.  രോഗബാധിത മേഖലയില്‍ സ്‌പെഷ്യലിറ്റി ചികില്‍സാ പരിശോധന ക്യാമ്പ് നടത്തിവരികയാണ്. വിദഗ്ധ ചികിത്സ ഏതാശുപത്രിയില്‍ നിന്നാണോ ലഭ്യമാവുക അവിടെ ചികില്‍സിപ്പിക്കും. അതിനാവശ്യമായ തുക മുഴുവന്‍ സര്‍ക്കാര്‍  വഹിക്കും.  രോഗബാധിതരുടെ കടബാധ്യത കാരണമുളള ജപ്തി നടപടികള്‍ നിര്‍ത്തിവെയ്ക്കുകയും കടാശ്വാസ നടപടികള്‍ സ്വീകരിക്കുകയും വേണം.

സമഗ്രമായ പുനരധിവാസ പദ്ധതിക്ക് നൂറുകോടി രൂപയുടെ കേന്ദ്ര സഹായം ലഭ്യമാക്കണമെന്ന ആവശ്യത്തോട് കേന്ദ്രം അനുകൂലമായി പ്രതികരിച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സമ്മര്‍ദ്ദം തുടരും. എന്‍ഡോസള്‍ഫാന്‍ രാജ്യവ്യാപകമായി നിരോധിക്കാനും കേന്ദ്രത്തില്‍ സമ്മര്‍ദ്ദം തുടരും. കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിട്ടും ഇടുക്കിയിലും പാലക്കാട്ടെ ചില മേഖലകളിലും  പേര് മാറ്റി എന്‍ഡോസള്‍ഫാന്‍ തളിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ ഗൗരവപൂര്‍വ്വമാണ് കാണുന്നത്. അത് തടയാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
 ആരോഗ്യ മന്ത്രി പി കെ ശ്രീമതി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. റവന്യൂ മന്ത്രി കെ പി രാജേന്ദ്രന്‍, പി കരുണാകരന്‍ എം പി, എം എല്‍ എമാരായ സി ടി അഹമ്മദലി, സി എച്ച് കുഞ്ഞമ്പു, കെ വി കുഞ്ഞിരാമന്‍, പളളിപ്രം ബാലന്‍, കെ കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ശ്യാമളാദേവി, മുനിസിപ്പല്‍ ചെയര്‍മാന്‍ ടി ഇ അബ്ദുളള, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജോസ് ജി ഡിക്രൂസ്, എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ കലക്ടര്‍ ആനന്ദ്‌സിംഗ് സ്വാഗതവും സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റൊസാരിയോ എലിസബത്ത് നന്ദിയും പറഞ്ഞു. സാമൂഹ്യ ക്ഷേമവകുപ്പ് ഡയറക്ടര്‍ ഡോ. ദിനേശ് അറോറ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

janayugom 160111

1 comment:

  1. ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരന്തം വൈകിയാണെങ്കിലും ലോകത്തിന്റെ കണ്ണ് തുറപ്പിച്ചെങ്കിലും ഇന്ത്യാ ഗവണ്‍മെന്റിന്റെ കണ്ണ് ഇതുവരെയും തുറന്നിട്ടില്ലെന്നു മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുളള വര്‍ധിപ്പിച്ച പ്രതിമാസ അലവന്‍സിന്റെയും സൗജന്യ ചികില്‍സയ്ക്കുളള ബയോ മെട്രിക് കാര്‍ഡിന്റെയും വിതരണോദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

    ReplyDelete