Monday, January 17, 2011

വിലക്കയറ്റം മറയാക്കി ചില്ലറവില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം വരുന്നു

വിലക്കയറ്റം മറയാക്കി ചില്ലറ വില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി. ചൊവ്വാഴ്ച പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ക്യാബിനറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖറാണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. ഭക്ഷ്യവസ്തുക്കളുടെ മെച്ചപ്പെട്ട വിതരണം ഉറപ്പാക്കാന്‍ ചെറുകിട വില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കുക മാത്രമാണ് പോംവഴിയെന്നാണ് സര്‍ക്കാര്‍ നിലപാട്. പച്ചക്കറികളുടെയും പഴവര്‍ഗങ്ങളുടെയും വിലക്കയറ്റം നിയന്ത്രിക്കാന്‍ വിഷമമാണെന്ന് വ്യാഴാഴ്ച പ്രധാനമന്ത്രികാര്യാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു. എളുപ്പത്തില്‍ നശിച്ചുപോകുന്ന പച്ചക്കറികളും മറ്റും സൂക്ഷിക്കാാന്‍ കോള്‍ഡ്സ്റോറേജുകളും മറ്റും സര്‍ക്കാരിന്റെ കൈവശമില്ലാത്തതിനാല്‍ അവ സംഭരിക്കുന്ന പതിവുമില്ല. ഇതു പരിഹരിക്കാന്‍ നിക്ഷേപം സ്വാഗതം ചെയ്യണമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ഈ മേഖലയിലേക്ക് വിദേശനിക്ഷേപം സ്വാഗതം ചെയ്യുകയാണെന്നു വ്യക്തം. വിതരണശൃംഖല മെച്ചപ്പെടുത്താന്‍ ചെറുകിടവില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം സ്വാഗതം ചെയ്യണമെന്ന നിഗമനത്തിലാണ് യോഗമെത്തിയത്. ഘട്ടംഘട്ടമായി ഇതു നടപ്പാക്കണമെന്നാണ് ധാരണ. അതിന്റെ ഭാഗമായാണ് ഈ മേഖലയില്‍ നിക്ഷേപം സ്വീകരിക്കാന്‍ തീരുമാനിച്ചത്. ചെറുകിട വില്‍പ്പനമേഖലയില്‍ വിദേശ നിക്ഷേപത്തെ ഇടതുപക്ഷവും ബിജെപിയും എതിര്‍ക്കുന്നതാണ് യുപിഎ സര്‍ക്കാരിനെ അലട്ടുന്നത്. വിദേശനിക്ഷേപം അനുവദിച്ചാല്‍ 500 കോടിയുടെ നിക്ഷേപമെങ്കിലും ലഭിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ഇതില്‍ 50 ശതമാനവും കോള്‍ഡ്സ്റോറേജുകള്‍ പോലുള്ള പശ്ചാത്തല വികസന സൌകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഉപയോഗിക്കണമെന്നും ക്യാബിനറ്റ് സെക്രട്ടറി നിര്‍ദേശിച്ചത്രേ. നിലവില്‍ തന്നെ സിംഗിള്‍ ബ്രാന്റില്‍ 51 ശതമാനം വിദേശനിക്ഷേപം അനുവദിച്ചിട്ടുണ്ട്. അത് മള്‍ട്ടിബ്രാന്റിലേക്ക് കൂടി വ്യാപിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ ജൂലൈയില്‍ ഇതുസംബന്ധിച്ച സംവാദരേഖ വ്യവസായവികസന പ്രോത്സാഹന സമിതി പുറത്തിറക്കിയിരുന്നു. ഇതിനോടുള്ള പ്രതികരണം പരിശോധിക്കാനായി ഉപഭോക്തൃ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. വിപുലമായ സംവാദം ഇനിയും ആവശ്യമാണെന്നാണ് ഉപഭോക്തൃ സെക്രട്ടറി സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ട്. അതിനിടെയാണ് വിലക്കയറ്റം അവസരമാക്കി വിദേശനിക്ഷേപം അനുവദിക്കാന്‍ നീക്കം നടക്കുന്നത്.

വി ബി പരമേശ്വരന്‍ ദേശാഭിമാനി 170111

1 comment:

  1. വിലക്കയറ്റം മറയാക്കി ചില്ലറ വില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി. ചൊവ്വാഴ്ച പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ക്യാബിനറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖറാണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. ഭക്ഷ്യവസ്തുക്കളുടെ മെച്ചപ്പെട്ട വിതരണം ഉറപ്പാക്കാന്‍ ചെറുകിട വില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കുക മാത്രമാണ് പോംവഴിയെന്നാണ് സര്‍ക്കാര്‍ നിലപാട്. പച്ചക്കറികളുടെയും പഴവര്‍ഗങ്ങളുടെയും വിലക്കയറ്റം നിയന്ത്രിക്കാന്‍ വിഷമമാണെന്ന് വ്യാഴാഴ്ച പ്രധാനമന്ത്രികാര്യാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു. എളുപ്പത്തില്‍ നശിച്ചുപോകുന്ന പച്ചക്കറികളും മറ്റും സൂക്ഷിക്കാാന്‍ കോള്‍ഡ്സ്റോറേജുകളും മറ്റും സര്‍ക്കാരിന്റെ കൈവശമില്ലാത്തതിനാല്‍ അവ സംഭരിക്കുന്ന പതിവുമില്ല. ഇതു പരിഹരിക്കാന്‍ നിക്ഷേപം സ്വാഗതം ചെയ്യണമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

    ReplyDelete