Saturday, January 8, 2011

ജനാധിപത്യ വിരുദ്ധമായ വിധി പ്രസ്താവം

ഭരണഘടന ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ചില മൗലികാവകാശങ്ങള്‍ അനുവദിച്ചിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് അഭിപ്രായപ്രകടന സ്വാതന്ത്ര്യം. അതിന്റെ പ്രകടിത രൂപങ്ങളിലൊന്ന് പൊതുയോഗങ്ങളാണ്. ജനങ്ങളെയും നാടിനെയും ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിലും അവരുടെ ബോധ നിലവാരം ഉയര്‍ത്തുന്നതിലുമെല്ലാം പൊതുയോഗങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. പൊതുയോഗങ്ങള്‍ തടയുക എന്നതിന്റെ അര്‍ഥം അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുകയെന്നതാണ്.

കേരള ഹൈക്കോടതി പാതയോരത്തെ പൊതുയോഗങ്ങള്‍ നിരോധിച്ചുകൊണ്ട് വിധി പ്രസ്താവിച്ചപ്പോള്‍ യഥാര്‍ഥത്തില്‍ ജനങ്ങളുടെ ഒരു പ്രധാന മൗലികാവകാശം ലംഘിക്കുകയാണ് ചെയ്തത്. ഹൈക്കോടതി വിധിയ്‌ക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നുവരികയും ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായംപോലും തേടാതെയായിരുന്നു ഹൈക്കോടതി പാതയോരങ്ങളിലെ പൊതുയോഗങ്ങളും മറ്റ് പൊതു പരിപാടികളും നിരോധിച്ചത്. ജനങ്ങളുടെ വികാരം ഉള്‍ക്കൊണ്ടുകൊണ്ടാണ് ഹൈക്കോടതി വിധിക്ക് എതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചത്. സുപ്രിം കോടതിയുടെ രണ്ട് അംഗ ബെഞ്ച് ഇപ്പോള്‍ ഹൈക്കോടതി വിധി ശരിവെച്ചിരിക്കുകയാണ്.

കേരളത്തില്‍ റോഡുകളില്ലാത്ത ഗ്രാമപ്രദേശങ്ങളില്ല. റോഡുവക്കിലുള്ള സ്ഥലങ്ങളിലാണ് മിക്ക പൊതുയോഗങ്ങളും നടക്കുക. പൊതുയോഗങ്ങള്‍ക്കു പുറമെ വിവിധ സമുദായങ്ങളുടെയും ആരാധനാലയങ്ങളുടെയും ആഘോഷ പരിപാടികള്‍ക്കും ചടങ്ങുകള്‍ക്കും വേദിയാവുന്നത് പാതയോരങ്ങളാണ്. യാത്രക്കാര്‍ക്കും മറ്റു വിഭാഗങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാകാത്ത വിധം പൊതുയോഗങ്ങളും ആഘോഷ പരിപാടികളും മറ്റും സംഘടിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കാറുമുണ്ട്. പൊലീസിന്റെയും മറ്റ് അധികൃതരുടെയും അനുമതിയോടു കൂടിയാണ് ഇവ സംഘടിപ്പിക്കുക.

വ്യവസായശാലകളും സര്‍ക്കാര്‍ ഓഫീസുകളുമെല്ലാം റോഡരികിലാണ്. വ്യവസായശാലയിലെ തൊഴിലാളികളും സര്‍ക്കാര്‍ ഓഫീസിലെ ജീവനക്കാരും അവരുടെ ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി പൊതുയോഗങ്ങളും ധര്‍ണയും സംഘടിപ്പിക്കാന്‍ നിര്‍ബന്ധിതരാവും. ഫാക്ടറിയുടെയോ ഓഫീസിന്റെയോ പരിസരത്തല്ലാതെ അവര്‍ക്ക് യോഗങ്ങള്‍ സംഘടിപ്പിക്കാനാവില്ല. കോടതി വിധി നടപ്പാക്കിയാല്‍ സമാധാനപരവും വ്യവസ്ഥാപിതവുമായ ഈ പ്രക്ഷോഭ മാര്‍ഗങ്ങള്‍ അവലംബിക്കാന്‍ അവസരം നിഷേധിക്കപ്പെടും. സംഘടിക്കാനും സമരം ചെയ്യാനുമുള്ള അവകാശത്തിന്റെ ലംഘനമാണത്. കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത കണക്കിലെടുത്താല്‍ കോടതിവിധി സംസ്ഥാനത്ത് പൊതുയോഗങ്ങളും ആരാധനാലയങ്ങളോടനുബന്ധിച്ചുള്ള ആഘോഷങ്ങളും സംഘടിപ്പിക്കുക ഫലത്തില്‍ അസാധ്യമാക്കും. ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം. പൊതു ഇടങ്ങള്‍ അനുദിനം കുറഞ്ഞുവരുന്നു. നഗരങ്ങളിലും പട്ടണങ്ങളിലും നേരത്തേ ഉണ്ടായിരുന്ന പൊതു സ്ഥലങ്ങള്‍ പാര്‍ക്കുകളും മറ്റുമായി മാറ്റിക്കഴിഞ്ഞു. റോഡില്ലാത്ത സ്ഥലങ്ങളില്‍ മാത്രമേ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കാന്‍ പാടുളളൂവെന്ന സ്ഥിതി വന്നാല്‍ കേരളത്തില്‍ അതിന് ഇടം കാണുക പ്രയാസമായിരിക്കും.

ജനങ്ങള്‍ സംഘടിക്കുകയും സമരം ചെയ്യുകയും ചെയ്യുന്നതിന് നവലിബറല്‍ നയങ്ങളില്‍ സ്ഥാനമില്ല. സര്‍ക്കാരിന്റെ നയങ്ങളും നടപടികളും ജനങ്ങള്‍ ചോദ്യം ചെയ്യാതെ അനുസരിച്ചുകൊള്ളണമെന്നതാണ് നവലിബറലിസത്തിന്റെ പ്രത്യയശാസ്ത്രം അനുശാസിക്കുന്നത്. അതിന്റെ പ്രചാരകരായി അറിഞ്ഞോ അറിയാതെയോ നമ്മുടെ ജുഡീഷ്യറി മാറുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.

വഴിയാത്രക്കാര്‍ക്കും മറ്റു വിഭാഗങ്ങള്‍ക്കും പ്രയാസങ്ങള്‍ സൃഷ്ടിക്കാത്ത തരത്തില്‍ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചാല്‍ മനസ്സിലാക്കാം. അതിനാവശ്യമായ ക്രമീകരണങ്ങള്‍ വരുത്തണമെന്ന് പൊലീസിനും മറ്റ് അധികൃതര്‍ക്കും നിര്‍ദേശം നല്‍കുന്നതിനു പകരം പാതയോരങ്ങളിലൊന്നും പൊതുയോഗങ്ങളും ചടങ്ങുകളും പാടില്ലെന്ന് വിധിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. ജനങ്ങളുടെ മൗലികാവകാശത്തിന്റെ ലംഘനവുമാണ്. കോടതിവിധിയെ തുടര്‍ന്നുളവാകുന്ന സ്ഥിതി മറികടക്കാന്‍ ആവശ്യമായ നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ മുന്നോട്ടുവരണം. കോടതി വിധിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് വ്യാപകമായ പ്രചരണങ്ങള്‍ സംഘടിപ്പിക്കേണ്ടതും ആവശ്യമാണ്.

ജനയുഗം മുഖപ്രസംഗം 080111

1 comment:

  1. ഭരണഘടന ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ചില മൗലികാവകാശങ്ങള്‍ അനുവദിച്ചിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് അഭിപ്രായപ്രകടന സ്വാതന്ത്ര്യം. അതിന്റെ പ്രകടിത രൂപങ്ങളിലൊന്ന് പൊതുയോഗങ്ങളാണ്. ജനങ്ങളെയും നാടിനെയും ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിലും അവരുടെ ബോധ നിലവാരം ഉയര്‍ത്തുന്നതിലുമെല്ലാം പൊതുയോഗങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. പൊതുയോഗങ്ങള്‍ തടയുക എന്നതിന്റെ അര്‍ഥം അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുകയെന്നതാണ്

    ReplyDelete