Saturday, January 1, 2011

കോണ്‍ഗ്രസിന്റെ തകര്‍ച്ചയുടെ വര്‍ഷം

2009 കോണ്‍ഗ്രസിന് വിജയത്തിന്റെ വര്‍ഷമായിരുന്നു. ലോക്സഭാതെരഞ്ഞെടുപ്പില്‍ രണ്ട് പതിറ്റാണ്ടിനുശേഷം കോണ്‍ഗ്രസിന് സ്വന്തമായി 206 സീറ്റ് ലഭിച്ചു. എന്നാല്‍, ലഭിച്ച വോട്ട് 28.55 ശതമാനം മാത്രം. യുപിഎ സഖ്യത്തിന് 262 സീറ്റും ലഭിച്ചു. കേവല ഭൂരിപക്ഷത്തിന് 10 സീറ്റ് കുറവ്. ബിജെപിക്ക് 116 സീറ്റേ ലഭിച്ചുള്ളൂ. ഇടതുപക്ഷത്തിന്റെ അംഗബലം 61ല്‍നിന്ന് 24 ആയി. അന്നത്തെ പ്രത്യേക രാഷ്ട്രീയസാഹചര്യത്തില്‍ പ്രതിപക്ഷത്തുള്ള ചില പാര്‍ടികളും രണ്ടാം യുപിഎ സര്‍ക്കാരിന് നിരുപാധിക പിന്തുണയുമായി വന്നു. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിനടുത്ത പിന്തുണ. അഞ്ചുവര്‍ഷം ഭരിച്ചതിനുശേഷമുള്ള രണ്ടാംവരവ് കോണ്‍ഗ്രസിന് വര്‍ധിത ആവേശവും ആത്മവിശ്വാസവും നല്‍കി. ഒപ്പം എന്തുംചെയ്യാമെന്ന ധിക്കാരവും.

ലാഭകരമായ പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കാനുള്ള ധൃതിയാണ് തുടക്കത്തില്‍ത്തന്നെ കണ്ടത്. പ്രതിവര്‍ഷം 40,000 കോടിരൂപ ഓഹരിവിറ്റ് നേട്ടമുണ്ടാക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചു. വിദേശനയത്തിലെ മാറ്റം അറച്ചറച്ചാണ് നടപ്പാക്കിയതെങ്കിലും അമേരിക്കന്‍ വിധേയത്വത്തിന് വേഗം കൂടി. നവലിബറലിസം എന്ന സാമ്രാജ്യത്വസാമ്പത്തികനയം വര്‍ധിത വേഗത്തില്‍ നടപ്പാക്കാന്‍ തീരുമാനമായി. ഇന്ത്യ-അമേരിക്ക ആണവസഹകരണനയം പ്രാവര്‍ത്തികമാക്കാന്‍ ആണവ ബാധ്യതാബില്‍ ലോക്സഭയില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചു. ഭുരിപക്ഷം ലഭിക്കാന്‍ ബിജെപിയുടെ സഹായം ഉറപ്പുവരുത്തി. അമേരിക്ക ബോധ്യപ്പെടുന്നതെന്തും ചെയ്യാമെന്ന കീഴടങ്ങല്‍ നയം സ്വീകരിച്ചു. ഏറ്റവുമൊടുവില്‍ ഇറാനില്‍നിന്ന് എണ്ണ വാങ്ങുന്നതുള്‍പ്പെടെ വേണ്ടെന്ന് തീരുമാനിച്ച് ആ രാജ്യവുമായുള്ള സൌഹൃദംതന്നെ അറുത്തുമുറിച്ചു. നെഹ്റുവിന്റെ കാലത്ത് തുടങ്ങിവച്ച ചേരിചേരാനയം ഉപേക്ഷിച്ച് അമേരിക്കന്‍ ചായ്വ് പരസ്യമായി പ്രകടിപ്പിച്ചു.

സാമ്പത്തികവളര്‍ച്ചയെപ്പറ്റി മേനി നടിക്കുമ്പോള്‍ത്തന്നെ രാജ്യത്ത് കര്‍ഷക ആത്മഹത്യ പെരുകി. കോണ്‍ഗ്രസ് ഭരിക്കുന്ന മഹാരാഷ്ട്രയിലെ വിദര്‍ഭയാണ് കര്‍ഷക ആത്മഹത്യയില്‍ മുന്നില്‍നില്‍ക്കുന്നത്. 2010ലെ ബജറ്റ് സമ്മേളനം അതിജീവിക്കാന്‍ പ്രയാസമാണെന്ന ഘട്ടം വന്നു. വിലക്കയറ്റത്തിനെതിരായ സമരം പാര്‍ലമെന്റിനകത്ത് പ്രതിപക്ഷം ശക്തിപ്പെടുത്തി. വിശ്വാസവോട്ടെടുപ്പിന് യുപിഎ സര്‍ക്കാര്‍ നിര്‍ബദ്ധമായി. സിബിഐ എന്ന അന്വേഷണസംവിധാനത്തെ രാഷ്ട്രീയലക്ഷ്യത്തിനായി ദുരുപയോഗപ്പെടുത്തി ബിഎസ്പിയെ ഒപ്പം നിര്‍ത്തുകയും സമാജ്വാദി പാര്‍ടിയും ആര്‍ജെഡിയും വോട്ടെടുപ്പുസമയത്ത് ഇറങ്ങിപ്പോക്കു നടത്തുകയും ചെയ്തതുകൊണ്ട് മാത്രമാണ് വിശ്വാസവോട്ടെടുപ്പില്‍ കഷ്ടിച്ച് രക്ഷപ്പെട്ടത്. ഏറ്റവും ഒടുവില്‍ യുപിഎ സര്‍ക്കാരിനെതിരെ അഴിമതി ആരോപണത്തിന്റെ കൊടുങ്കാറ്റാണ് ഉയര്‍ന്നത്. ഐപിഎല്‍ അഴിമതിയില്‍ കേന്ദ്രമന്ത്രി ശശി തരൂര്‍ രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായി. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയില്‍ കോണ്‍ഗ്രസ് ഇന്ത്യയെ നാണംകെടുത്തി. മഹാരാഷ്ട്രയില്‍ കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യുവരിച്ച ധീരജവാന്മാരുടെ ആശ്രിതര്‍ക്ക് വീടുനിര്‍മിച്ചുകൊടുക്കാന്‍ തീരുമാനിച്ച ആദര്‍ശ് സൊസൈറ്റി ഫ്ളാറ്റ് കോണ്‍ഗ്രസ് മുഖ്യമന്ത്രി അശോക്ചവാന്‍ സ്വന്തക്കാര്‍ക്കാണ് നല്‍കിയത്. രാജ്യത്തിന്റെ അതിര്‍ത്തി കാത്തുസൂക്ഷിക്കുന്ന ജവാന്മാരോട് ഇതിലും വലിയ കടുംകൈ ചെയ്യാനില്ല. പ്രതിപക്ഷം പാര്‍ലമെന്റ് സ്തംഭിപ്പിച്ചതുകൊണ്ടു മാത്രമാണ് ചവാന്‍ രാജിവച്ചത്.

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ് 2 ജി സ്പെക്ട്രം ലൈസന്‍സ് വില്‍പ്പന. കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടില്‍ കേന്ദ്രഖജനാവിന് ഇതുമൂലം 1.76 ലക്ഷം കോടിരൂപ നഷ്ടംവന്നെന്നാണ് രേഖപ്പെടുത്തിയത്. റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ ഇരുസഭയിലും സമര്‍പ്പിച്ചതിനുശേഷമാണ് ഈ അഴിമതി എല്ലാ മറയും നീക്കി പുറത്തുവന്നത്. ഈ അഴിമതിയെപ്പറ്റി പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് 2007ല്‍ത്തന്നെ അറിവുണ്ടായിരുന്നെന്ന് വ്യക്തമായും തെളിഞ്ഞതാണ്. 2007 നവംബര്‍ രണ്ടിന് പ്രധാനമന്ത്രി തന്റെ സഹമന്ത്രി എ രാജയ്ക്ക് കത്തിലൂടെ വ്യക്തമായ നിര്‍ദേശം നല്‍കി. ഈ നിര്‍ദേശം രാജ പുച്ഛത്തോടെ തള്ളി. എന്നിട്ടും രാജയെ മന്ത്രിസഭയില്‍നിന്നു പുറത്താക്കാന്‍ പ്രധാനമന്ത്രി തയ്യാറായില്ല. രണ്ടുവര്‍ഷം കഴിഞ്ഞ് ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ അതേ ധിക്കാരിയും അഴിമതിക്കാരനുമായ രാജയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. ഡിഎംകെയുടെ 18 എംപിമാരുടെ പിന്തുണയില്ലെങ്കില്‍ പ്രധാനമന്ത്രിയായി തുടരാനാകില്ലെന്ന ഏക പരിഗണനയിലാണ് രാജയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. പ്രധാനമന്ത്രിക്ക് അഴിമതിയില്‍ പങ്കുണ്ടെന്ന നിഗമനം ബലപ്പെടുത്തുന്നതാണ് ഈ സംഭവവികാസങ്ങള്‍.

ജെപിസി അന്വേഷണമാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. കേന്ദ്രസര്‍ക്കാര്‍ ജെപിസി അന്വേഷണത്തിന് വഴങ്ങാതിരിക്കുന്നത് പാര്‍ലമെന്ററി ജനാധിപത്യത്താടുള്ള തികഞ്ഞ അവഹേളനമാണ്. ഈ കാലയളവില്‍ ജനങ്ങളെ ബാധിച്ച മുഖ്യപ്രശ്നം ഭക്ഷ്യവസ്തുക്കളുടെ ക്രമാതീതമായ വിലക്കയറ്റമാണ്. വിലക്കയറ്റം നിയന്ത്രിക്കാന്‍ ഒരുവിധ നടപടിയും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല. സാര്‍വത്രിക പൊതുവിതരണസമ്പ്രദായം നടപ്പാക്കണമെന്ന ആവശ്യം ചെവിക്കൊള്ളാന്‍പോലും തയ്യാറായില്ല. ഭക്ഷ്യവിലക്കയറ്റം വീണ്ടും 14.44 ശതമാനമായി ഉയര്‍ന്നു. ഇടിവെട്ടിയവനെ പാമ്പും കടിച്ചു എന്ന നിലയിലാണ് പെട്രോള്‍, ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വിലവര്‍ധന. ആറുമാസത്തിനകം ആറുതവണയാണ് പെട്രോളിന്റെ വില ഉയര്‍ത്തിയത്. ചരക്കുകൂലിയും ഈ മാസം വര്‍ധിപ്പിച്ചു.

ഇത്തരം ജനവിരുദ്ധനയങ്ങളുടെയും വഞ്ചനയുടെയും ഫലമായി പാര്‍ലമെന്റിന് പുറത്ത് കോണ്‍ഗ്രസ് ഒറ്റപ്പെടുന്നതാണ് കാണുന്നത്. കര്‍ണാടകത്തില്‍ നടന്ന മൂന്ന് ഉപതെരഞ്ഞെടുപ്പില്‍ ഒന്നില്‍പോലും കോണ്‍ഗ്രസ് ജയിച്ചില്ല. സ്ഥിരമായി ജയിച്ചിരുന്ന സീറ്റിലും തോറ്റു. ബിഹാര്‍ നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ വെറും നാലുസീറ്റുകൊണ്ട് കോണ്‍ഗ്രസിന് തൃപ്തിപ്പെടേണ്ടിവന്നു. രാഹുല്‍ഗാന്ധിയുടെ ശോഭയോ മാസ്മരവിദ്യയോ ഫലം ചെയ്തില്ല. ആന്ധ്രയില്‍ കോണ്‍ഗ്രസ് ആഭ്യന്തരകലഹംമൂലം തകര്‍ച്ചയുടെ വക്കിലാണ്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ ഭരണംമൂലം ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ ദുരിതത്തിലാണ്. ശതകോടീശ്വരന്മാര്‍ കുബേരന്മാരായി വളരുന്നു. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം നടപ്പാക്കിയ ചരിത്രം കോണ്‍ഗ്രസിനില്ല. 2010 കോണ്‍ഗ്രസിന്റെ വഞ്ചന വര്‍ധിച്ച തോതില്‍ തുടര്‍ന്നവര്‍ഷമാണ്. പുതിയ വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഈ വഞ്ചനയ്ക്ക് മറുപടി നല്‍കേണ്ട അവസരമാണ് ജനങ്ങള്‍ക്ക് കൈവന്നിരിക്കുന്നത്.

ദേശാഭിമാനി മുഖപ്രസംഗം 1111

1 comment:

  1. 2009 കോണ്‍ഗ്രസിന് വിജയത്തിന്റെ വര്‍ഷമായിരുന്നു. ലോക്സഭാതെരഞ്ഞെടുപ്പില്‍ രണ്ട് പതിറ്റാണ്ടിനുശേഷം കോണ്‍ഗ്രസിന് സ്വന്തമായി 206 സീറ്റ് ലഭിച്ചു. എന്നാല്‍, ലഭിച്ച വോട്ട് 28.55 ശതമാനം മാത്രം. യുപിഎ സഖ്യത്തിന് 262 സീറ്റും ലഭിച്ചു. കേവല ഭൂരിപക്ഷത്തിന് 10 സീറ്റ് കുറവ്. ബിജെപിക്ക് 116 സീറ്റേ ലഭിച്ചുള്ളൂ. ഇടതുപക്ഷത്തിന്റെ അംഗബലം 61ല്‍നിന്ന് 24 ആയി. അന്നത്തെ പ്രത്യേക രാഷ്ട്രീയസാഹചര്യത്തില്‍ പ്രതിപക്ഷത്തുള്ള ചില പാര്‍ടികളും രണ്ടാം യുപിഎ സര്‍ക്കാരിന് നിരുപാധിക പിന്തുണയുമായി വന്നു. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിനടുത്ത പിന്തുണ. അഞ്ചുവര്‍ഷം ഭരിച്ചതിനുശേഷമുള്ള രണ്ടാംവരവ് കോണ്‍ഗ്രസിന് വര്‍ധിത ആവേശവും ആത്മവിശ്വാസവും നല്‍കി. ഒപ്പം എന്തുംചെയ്യാമെന്ന ധിക്കാരവും.

    ReplyDelete