Thursday, January 13, 2011

ബി ജെ പിയുടെ ആസൂത്രിതമായ മൗനം

പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ ദേശീയ യോഗങ്ങള്‍ ചേരുമ്പോള്‍ പ്രധാനമായും ചര്‍ച്ച ചെയ്യുക കാലിക രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തിക വിഷയങ്ങളാണ്. ജനങ്ങളും രാജ്യവും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുടെ പരിഹാരത്തിനായുള്ള വഴികള്‍ ആരായുന്നതും സ്വാഭാവികമാണ്. എന്നാല്‍ ഈയിടെ നടന്ന എ ഐ സി സി ദേശീയ സമ്മേളനം രാജ്യം നേരിടുന്ന വിലക്കയറ്റം, അഴിമതി ഉള്‍പ്പടെയുള്ള മുഖ്യപ്രശ്‌നങ്ങളെ സംബന്ധിച്ച് ഒരക്ഷരം പോലും ഉരിയാടിയില്ല. തങ്ങള്‍ക്ക് ഹിതകരമല്ലാത്ത വിഷയങ്ങളൊന്നും ചര്‍ച്ചയ്ക്ക് വരാതിരിക്കുവാനും അവയെ സംബന്ധിച്ച പ്രതികരണം നടത്താതിരിക്കുവാനും കോണ്‍ഗ്രസ് നേതൃത്വവും ഭരണാധികാരികളും എ ഐ സി സി സമ്മേളനത്തില്‍ ജാഗ്രതപുലര്‍ത്തി.

കോണ്‍ഗ്രസും ബി ജെ പിയും സാമ്പത്തിക നയങ്ങളുടെയും അഴിമതിയുടെയും കാര്യത്തില്‍ ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണെന്ന് നേരത്തേതന്നെ തെളിയിക്കപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ നിലപാടുകളിലും തന്ത്രങ്ങളിലും ഇരുകൂട്ടരും ഒരേ തൂവല്‍പക്ഷികളാണെന്ന് ആവര്‍ത്തിച്ചു തെളിയിക്കുന്നതാണ് ഗുവാഹതിയില്‍ നടന്ന ബി ജെപി ദേശീയ എക്‌സിക്യൂട്ടീവ് യോഗവും ബുരാരിയില്‍ ചേര്‍ന്ന എ ഐ സി സി സമ്പൂര്‍ണ സമ്മേളനവും.

കോണ്‍ഗ്രസ് ആസൂത്രിതമായി അവലംബിച്ച മൗനം തന്നെയാണ് ഗുവാഹതി ദേശീയ എക്‌സിക്യൂട്ടീവില്‍ ബി ജെ പിയും കൈക്കൊണ്ടത്. രാജ്യത്ത് നടന്ന വിവിധ ഭീകരപ്രവര്‍ത്തനങ്ങളിലും സ്‌ഫോടനങ്ങളിലും സംഘപരിവാര്‍ നേതാക്കള്‍ക്ക് നേരിട്ടു പങ്കുണ്ടെന്ന വെളിപ്പെടുത്തല്‍ വ്യാപകമായതിനു ശേഷവും മൗനത്തിന്റെ വല്‍മീകത്തിലാണ് ബി ജെ പി നേതൃത്വം. ആര്‍ എസ് എസ് നേതാവായ സ്വാമി അസിമാനന്ദ നടത്തിയ വെളിപ്പെടുത്തലുകളോടെ ഭീകരപ്രവര്‍ത്തനത്തിലെ സംഘപരിവാര മേധാവിത്വം കൂടുതല്‍ വ്യക്തമായി. സംഝോത എക്‌സ്്പ്രസ് അപകടം, മാലേഗാവ്, അജ്മീര്‍, മെക്ക മസ്ജിദ് സ്‌ഫോടനങ്ങളില്‍ സംഘപരിവാര നേതാക്കള്‍ പങ്കാളികളാവുകയും ആസൂത്രണങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തുവെന്നാണ് അസിമാനന്ദയുടെ വെളിപ്പെടുത്തല്‍. തന്റെ കുറ്റസമ്മതത്തിനിടയില്‍ സി ബി ഐയോട് അസിമാനന്ദ നടത്തിയ വെളിപ്പെടുത്തലുകള്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ നടന്ന സ്‌ഫോടനങ്ങളില്‍ ഏതെല്ലാം വിധത്തില്‍ 'ഹൈന്ദവ ഭീകരത' പങ്കാളികളായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ്. ബോംബിനെ ബോംബുകൊണ്ടു തന്നെ നേരിടണം എന്നതാണ് ആര്‍ എസ് എസിന്റെ നിലപാടെന്നും അസിമാനന്ദ വെളിപ്പെടുത്തുകയുണ്ടായി.

മാലേഗാവിലെ സ്‌ഫോടനത്തിലെ മുഖ്യപ്രതി സംഘപരിവാരവുമായി പൂര്‍വ ബന്ധമുള്ള പ്രഗ്യാന്‍സിംഗ് ഠാക്കൂര്‍ എന്ന കപടസന്ന്യാസിനിയായിരുന്നു. മഡ്ഗാവ് സ്‌ഫോടനത്തിന്റെ പിന്നിലും 'ഹൈന്ദവ' ഭീകരശക്തികളായിരുന്നു. 'മുസ്ലിം' ഭീകരത പോലെ തന്നെ 'ഹൈന്ദവ' ഭീകരതയും വിപത്ത് വളര്‍ത്തുന്നു എന്ന ചര്‍ച്ച സജീവമായി ഉയര്‍ന്നുവരുന്ന സന്ദര്‍ഭത്തിലാണ് ബി ജെ പിയുടെ ദേശീയ നേതൃയോഗം ഗുവാഹതിയില്‍ ചേര്‍ന്നത്. പക്ഷേ തങ്ങള്‍ക്കു നേരെയുയരുന്ന അതീവ ഗുരുതരമായ ഇത്തരം ആക്ഷേപങ്ങളെ മൗനം കൊണ്ട് എതിരിടുവാനാണ് അവര്‍ സന്നദ്ധമായത്. യുക്തിഭദ്രമായ വാദങ്ങളൊന്നും കൈവശമില്ലാത്തതുകൊണ്ടാകാം മൗനം അവലംബിക്കുവാന്‍ അവര്‍ നിര്‍ബന്ധിതമായത്.

പക്ഷേ ഭീകരാക്രമണത്തെ തങ്ങള്‍ പിന്തുണയ്ക്കുന്നുവെന്ന സന്ദേശമാണ് ബി ജെ പി നേതൃത്വം നല്‍കുന്നത്. അജ്മീര്‍ സ്‌ഫോടനക്കേസിന്റെ കുറ്റപത്രത്തില്‍ പേരുള്‍പ്പെട്ടിരിക്കുന്ന ആര്‍ എസ് എസ് നേതാവ് ഇന്ദ്രേഷ്‌കുമാറിനൊപ്പം ഇക്കഴിഞ്ഞ ദിവസം ബി ജെ പി ദേശീയ അധ്യക്ഷന്‍ നിതിന്‍ഗഡ്ക്കരി  പങ്കെടുത്തത് തന്നെ ഇതു തെളിയിക്കുന്നു. ഇന്ദ്രേഷ്‌കുമാര്‍ ഉള്‍പ്പടെയുള്ളവരെ ഗഡ്ക്കരി പ്രശംസിക്കുകയും 'ഹൈന്ദവ' ഭീകരതയെ ന്യായീകരിക്കുകയും ചെയ്തു എന്നാണ് വാര്‍ത്ത. ഒരു പുസ്തക പ്രകാശന ചടങ്ങിലാണ് ഗഡ്ക്കരിയുടെ പ്രസ്താവനയും ഇന്ദ്രേഷ്‌കുമാറിന്റെ സാന്നിധ്യവും.
ഭീകരപ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, അഴിമതിയുടെ കാര്യത്തിലും ഗുവാഹത്തിയില്‍ ബി ജെ പിക്ക് ഇരട്ടത്താപ്പായിരുന്നു. കര്‍ണാടകയില്‍ മുഖ്യമന്ത്രി യദ്യൂരപ്പയ്ക്കു നേരെ ബി ജെ പി പക്ഷത്തു നിന്നുപോലും ഉയര്‍ന്ന അഴിമതി ആക്ഷേപത്തെക്കുറിച്ച് പ്രതികരിക്കുവാന്‍ ബി ജെ പി നേതൃത്വം സന്നദ്ധമായില്ല. കേന്ദ്രത്തില്‍ കോണ്‍ഗ്രസും സഖ്യകക്ഷികളും നടത്തിയ കൊടിയ അഴിമതിക്കെതിരായി പ്രക്ഷോഭം നയിക്കുന്ന ബി ജെ പി പ്രതിക്കൂട്ടിലാവുന്നത് യദ്യൂരപ്പയുടെ ഭൂമി ഇടപാടിലും റെഡ്ഢി സഹോദരന്‍മാരുടെ ഖനി ബന്ധത്തിലുമാണ്.

രാഷ്ട്രീയ സമീപനങ്ങളിലും സാമ്പത്തിക നയത്തിലും അഴിമതിയിലും ബി ജെ പി കോണ്‍ഗ്രസിന്റെ സഹോദരനാണ്. ബി ജെ പി കേന്ദ്രത്തില്‍ അധികാരത്തിലിരുന്നപ്പോഴാണ് ശവപ്പെട്ടി കുംഭകോണവും ആയുധ ഇടപാടിലെ കോഴയുമൊക്കെ അരങ്ങേറിയത്. 2 ജി സ്‌പെക്ട്രം അഴിമതിയുടെ പേരില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന കോണ്‍ഗ്രസ്-ഡി എം കെ നേതാക്കള്‍ പറയുന്നതും ബി ജെ പി സര്‍ക്കാര്‍ തെളിച്ച വഴിയിലൂടെയാണ് തങ്ങള്‍ സഞ്ചരിച്ചതെന്നാണ്.

ബി ജെ പിയുടെ മൗനം തീര്‍ത്തും ആസൂത്രിതമാണ്. പക്ഷേ വസ്തുതകള്‍ ജനത തിരിച്ചറിയുന്നുണ്ടെന്ന യാഥാര്‍ഥ്യം അവര്‍ മനസ്സിലാക്കിയിട്ടില്ലെന്നു മാത്രം. കോണ്‍ഗ്രസിനും ഇക്കാര്യം ബാധകമാണ്.

ജനയുഗം മുഖപ്രസംഗം 130111

1 comment:

  1. പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ ദേശീയ യോഗങ്ങള്‍ ചേരുമ്പോള്‍ പ്രധാനമായും ചര്‍ച്ച ചെയ്യുക കാലിക രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തിക വിഷയങ്ങളാണ്. ജനങ്ങളും രാജ്യവും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുടെ പരിഹാരത്തിനായുള്ള വഴികള്‍ ആരായുന്നതും സ്വാഭാവികമാണ്. എന്നാല്‍ ഈയിടെ നടന്ന എ ഐ സി സി ദേശീയ സമ്മേളനം രാജ്യം നേരിടുന്ന വിലക്കയറ്റം, അഴിമതി ഉള്‍പ്പടെയുള്ള മുഖ്യപ്രശ്‌നങ്ങളെ സംബന്ധിച്ച് ഒരക്ഷരം പോലും ഉരിയാടിയില്ല. തങ്ങള്‍ക്ക് ഹിതകരമല്ലാത്ത വിഷയങ്ങളൊന്നും ചര്‍ച്ചയ്ക്ക് വരാതിരിക്കുവാനും അവയെ സംബന്ധിച്ച പ്രതികരണം നടത്താതിരിക്കുവാനും കോണ്‍ഗ്രസ് നേതൃത്വവും ഭരണാധികാരികളും എ ഐ സി സി സമ്മേളനത്തില്‍ ജാഗ്രതപുലര്‍ത്തി.

    ReplyDelete