Thursday, January 13, 2011

സ്‌പെക്ട്രം:”കോണ്‍ഗ്രസിന്റെ പാഴ്ശ്രമങ്ങള്‍ക്ക് വീണ്ടും തിരിച്ചടി

2 ജി സ്‌പെക്ട്രം ഇടപാടിലെ ഭീമമായ അഴിമതിയെ വെള്ളപൂശാനും അഴിമതിയുടെ പങ്കുപറ്റിയവരെ സംരക്ഷിക്കാനും കോണ്‍ഗ്രസ് നേതൃത്വവും യു പി ഏ സര്‍ക്കാരും നടത്തുന്ന ശ്രമങ്ങള്‍ക്ക് തിങ്കളാഴ്ച രണ്ട് തിരിച്ചടികള്‍ ഏറ്റു. 2 ജി സ്‌പെക്ട്രം ഇടപാടില്‍ 1.76 ലക്ഷം കോടി രൂപയുടെ വരുമാനനഷ്ടമുണ്ടായെന്ന കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി എ ജി) കണ്ടെത്തല്‍ പൂര്‍ണമായും തെറ്റാണെന്നായിരുന്നു എ രാജ രാജിവെച്ച ഒഴിവില്‍ ടെലികോം വകുപ്പിന്റെ ചുമതല ഏറ്റ മന്ത്രി കപില്‍ സിബലിനുണ്ടായ വെളിപാട്. ഒരു രൂപയുടെ പോലും നഷ്ടമുണ്ടായിട്ടില്ലെന്ന് കപില്‍ സിബല്‍ പത്രസമ്മേളനം വിളിച്ചുചേര്‍ത്താണ് പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും പ്രധാനമന്ത്രിയുടെയും അംഗീകാരത്തോടെയാണ് അദ്ദേഹം സി എ ജിക്കെതിരെ ആഞ്ഞടിച്ചത്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക വക്താക്കള്‍ കപില്‍ സിബലിനെ പിന്താങ്ങി രംഗത്തുവന്നിരുന്നു. പൊതുഖജനാവിന് ഒരു നഷ്ടവും വന്നിട്ടില്ലെങ്കില്‍ 2 ജി സ്‌പെക്ട്രം ഇടപാടിനെ കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതിയോ, പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയോ, സി ബി ഐയോ എന്തിന് അന്വേഷിക്കണമെന്ന ചോദ്യമാണ് കപില്‍ സിബലിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ ചോദിക്കുന്നത്.

വന്‍ അഴിമതിക്കെണിയില്‍ അകപ്പെട്ട കോണ്‍ഗ്രസിന്റെയും യു പി എ സര്‍ക്കാരിന്റെയും രക്ഷകവേഷം കെട്ടി രംഗത്തുവന്ന കപില്‍ സിബലിന്റെ തൊലിയുരിക്കുന്ന പ്രഖ്യാപനമാണ് തിങ്കളാഴ്ച സി എ ജി നടത്തിയത്. 2 ജി സ്‌പെക്ട്രം ഇടപാടിനെ കുറിച്ച് പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഉറച്ചുനില്‍ക്കുന്നതായി സി എ ജിയുടെ ഔദ്യോഗിക വക്താവ് വെളിപ്പെടുത്തി. ഈ ഇടപാടിലുണ്ടായ വരുമാന നഷ്ടത്തെക്കുറിച്ചുള്ള കണക്കിലും വ്യത്യാസമില്ലെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

2 ജി സ്‌പെക്ട്രം ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രധാനമന്ത്രി, നിയമമന്ത്രി, തുടങ്ങിയവര്‍ അന്നത്തെ ടെലികോം മന്ത്രി എ രാജയുമായി നടത്തിയ കത്തിടപാടുകള്‍ സി എ ജി റിപ്പോര്‍ട്ടില്‍ ഉദ്ധരിച്ചിട്ടുണ്ട്. എന്‍ ഡി എ സര്‍ക്കാര്‍ പിന്തുടര്‍ന്ന ആദ്യംവരുന്നവര്‍ക്ക് ആദ്യം ലൈസന്‍സ് നല്‍കുക എന്ന നയം മാറ്റണമെന്നും സുതാര്യമായ ലേലത്തിലൂടെ ലൈസന്‍സ് നല്‍കണമെന്നുമായിരുന്നു അവരെല്ലാം നിര്‍ദേശിച്ചിരുന്നതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. എ രാജ ഈ നിര്‍ദേശങ്ങളെല്ലാം തള്ളി. വേണ്ടപ്പെട്ടവര്‍ക്ക് സ്‌പെക്ട്രം അനുവദിച്ചശേഷം ആ വിവരം പ്രധാനമന്ത്രിയെ അറിയിക്കുകയാണ് രാജ ചെയ്തത്. എന്നിട്ടും പ്രധാനമന്ത്രി നിര്‍ദേശങ്ങളൊന്നും നല്‍കിയിട്ടില്ലെന്നാണ് കപില്‍ സിബല്‍ പറഞ്ഞത്. പ്രധാനമന്ത്രിയുടെ പങ്ക് മറച്ചുവെയ്ക്കാന്‍ കപില്‍ സിബല്‍ നടത്തിയ ശ്രമം റിപ്പോര്‍ട്ടില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന സി എ ജിയുടെ പ്രഖ്യാപനത്തോടെ പൊളിഞ്ഞു.

ക്രമവിരുദ്ധമായി ലൈസന്‍സ് നേടിയ ടെലികോം കമ്പനികള്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ സുപ്രിംകോടതി തീരുമാനിച്ചതും തിങ്കളാഴ്ചയാണ്. ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ കാരണം ബോധ്യപ്പെടുത്തണമെന്നാണ് സുപ്രിംകോടതിയുടെ നിര്‍ദേശം. വ്യവസ്ഥകള്‍ പാലിക്കാത്ത ടെലികോം കമ്പനികള്‍ക്ക് എതിരെ നടപടി എടുക്കാതിരുന്ന ടെലികോം റഗുലേറ്ററി അതോറിറ്റിക്കും കേന്ദ്രസര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
2 ജി സ്‌പെക്ട്രം ഇടപാട് നിയമാനുസൃതവും ചട്ടങ്ങള്‍ക്കനുരോധവുമായാണ് നടന്നതെന്ന കപില്‍ സിബലിന്റെ വാദം പൊള്ളയാണെന്ന് സുപ്രിംകോടതിയുടെ നിര്‍ദേശം വ്യക്തമാക്കുന്നു.

ദേശീയ സമ്പത്തായ സ്‌പെക്ട്രം ചുളു വിലയ്ക്ക് ഏതാനും കമ്പനികള്‍ക്ക് നല്‍കിയതിനു പിന്നില്‍ വന്‍ ഗൂഢാലോചനയാണ് നടന്നത്. അതിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്നതാണ് സി എ ജിയുടെ വിശദമായ റിപ്പോര്‍ട്ട്. 2 ജി സ്‌പെക്ട്രത്തിന് 2007 ഒക്‌ടോബര്‍ ഒന്നിനകം അപേക്ഷ സമര്‍പ്പിക്കണമെന്നായിരുന്നു ടെലികോം വകുപ്പിന്റെ വിജ്ഞാപനത്തില്‍ പറഞ്ഞിരുന്നത്. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി മുന്നറിയിപ്പില്ലാതെ സെപ്റ്റംബര്‍ 25 ആക്കി. സെപ്റ്റംബര്‍ 25ന് ശേഷം അപേക്ഷ നല്‍കിയ കമ്പനികളെല്ലാം പുറത്തായി. 408 അപേക്ഷകരെയാണ് ഒറ്റയടിക്ക് അയോഗ്യരാക്കിയത്. ലൈസന്‍സു നല്‍കേണ്ടവരെ മുന്‍കൂട്ടി തീരുമാനിച്ചശേഷം നടത്തിയ നാടകമായിരുന്നു പിന്നീട് നടന്നത്. ടെലികോം മേഖലയുമായി ഒരു ബന്ധവുമില്ലാത്ത, റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്കുപോലും സ്‌പെക്ട്രം ലൈസന്‍സ് ലഭിച്ചു. അവയില്‍ പലതും ലൈസന്‍സ് മറിച്ചുവിറ്റു. ആറ് ഇരട്ടിയിലധികം തുകയ്ക്കാണ് പല കമ്പനികളും ലൈസന്‍സ് കൈമാറിയത്. ആയിരക്കണക്കിനു കോടി രൂപ ഒറ്റയടിക്ക് അവര്‍ക്ക് ലഭിച്ചു. പൊതുഖജനാവിലേയ്ക്ക് വരേണ്ട തുകയാണ് രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥമേധാവികളും കമ്പനി ഉടമകളും പങ്കുവെച്ചത്. ഇതിന്റെ പൂര്‍ണ ചിത്രം പുറത്തുവരുന്നതു തടയാനുള്ള പാഴ്ശ്രമമാണ് കപില്‍ സിബലും കോണ്‍ഗ്രസ് നേതൃത്വം നടത്തിവരുന്നത്.

ജനയുഗം മുഖപ്രസംഗം 120111

2 comments:

  1. 2 ജി സ്‌പെക്ട്രം ഇടപാടിലെ ഭീമമായ അഴിമതിയെ വെള്ളപൂശാനും അഴിമതിയുടെ പങ്കുപറ്റിയവരെ സംരക്ഷിക്കാനും കോണ്‍ഗ്രസ് നേതൃത്വവും യു പി ഏ സര്‍ക്കാരും നടത്തുന്ന ശ്രമങ്ങള്‍ക്ക് തിങ്കളാഴ്ച രണ്ട് തിരിച്ചടികള്‍ ഏറ്റു. 2 ജി സ്‌പെക്ട്രം ഇടപാടില്‍ 1.76 ലക്ഷം കോടി രൂപയുടെ വരുമാനനഷ്ടമുണ്ടായെന്ന കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി എ ജി) കണ്ടെത്തല്‍ പൂര്‍ണമായും തെറ്റാണെന്നായിരുന്നു എ രാജ രാജിവെച്ച ഒഴിവില്‍ ടെലികോം വകുപ്പിന്റെ ചുമതല ഏറ്റ മന്ത്രി കപില്‍ സിബലിനുണ്ടായ വെളിപാട്. ഒരു രൂപയുടെ പോലും നഷ്ടമുണ്ടായിട്ടില്ലെന്ന് കപില്‍ സിബല്‍ പത്രസമ്മേളനം വിളിച്ചുചേര്‍ത്താണ് പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും പ്രധാനമന്ത്രിയുടെയും അംഗീകാരത്തോടെയാണ് അദ്ദേഹം സി എ ജിക്കെതിരെ ആഞ്ഞടിച്ചത്.

    ReplyDelete
  2. 2ജി സ്പെക്ട്രം: രാജയെ കുറ്റപ്പെടുത്തി ജ. ശിവരാജ്പാട്ടീല്‍ റിപ്പോര്‍ട്ട്

    ന്യൂഡല്‍ഹി: 2ജി സ്പെക്ട്രം അഴിമതിയെക്കുറിച്ചന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ ഏകാംഗ കമ്മറ്റി ജസ്റ്റിസ് ശിവരാജ് പാട്ടീല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ടെലികോം മന്ത്രിയായിരുന്ന എ രാജയെ അടക്കം കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ടാണ് ഏകാംഗ ക കമ്മിറ്റി നല്‍കിയത്. ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ ബഹ്റ, ആര്‍ കെ ചന്ദോളിയ, അടക്കം ഏഴു ഉദ്യോഗസ്ഥരെയും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്.

    ReplyDelete