Tuesday, January 18, 2011

ഉല്ലസിച്ച് രാഹുല്‍; തലകുനിച്ച് കോണ്‍ഗ്രസ്

മകരവിളക്ക് നാളില്‍ ശബരിമലയിലുണ്ടായ ദുരന്തത്തില്‍ നാടാകെ വിറങ്ങലിച്ചു നില്‍ക്കേ പരിവാരസമേതം കായല്‍പ്പരപ്പില്‍ ഉല്ലസിച്ച് എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി മടങ്ങിയെങ്കിലും കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് നാണക്കേടുകൊണ്ട് തലപൊക്കാനായിട്ടില്ല. ദുരന്തമുണ്ടായ വെള്ളിയാഴ്ചയാണ് രാഹുല്‍ കേരളത്തിലെത്തിയത്. മൂന്നു നാള്‍ ഹൌസ്ബോട്ടിലും റിസോര്‍ട്ടിലും കേരളീയസൌന്ദര്യം നുകര്‍ന്ന യുവനേതാവ് വണ്ടിപ്പെരിയാറിലേക്ക് തിരിച്ചതായി പറഞ്ഞെങ്കിലും മൂടല്‍മഞ്ഞിനെ പഴിച്ച് മൂന്നാംപക്കം ഡല്‍ഹിക്ക് പറന്നു. ദേശീയദുരന്തത്തില്‍ മൂന്നു ദിവസം കേരളത്തില്‍ ദുഃഖാചരണമായിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ അയ്യപ്പഭക്തരുടെ വിറങ്ങലിച്ച ശരീരവുമായി ആംബുലന്‍സുകള്‍ നീങ്ങുമ്പോള്‍ 'യുവത്വപ്രതീകം' റിസോര്‍ട്ടുകളിലേക്കും കായലിലെ ബോട്ടുകളിലേക്കും മാറിമാറി കുതിക്കുകയായിരുന്നു. മുന്നറിയിപ്പില്ലാത്ത വിവിഐപിയുടെ വരവ് അത്ഭുതപ്പെടുത്തിയെന്നാണ് മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ചത്.

വിവാഹം കൂടാനെത്തിയ രാഹുല്‍ സുരക്ഷാസംവിധാനമൊരുക്കുന്നവരെ ശരിക്കും വിഷമിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് 4.15ന് പ്രത്യേക വിമാനത്തില്‍ നെടുമ്പാശേരിയില്‍ എത്തിയ രാഹുല്‍ ആലപ്പുഴയിലെ ഹോട്ടലിലേക്ക് തിരിച്ചു. രാത്രി ഏഴിന് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം സന്ദര്‍ശിച്ച് രാത്രി പുന്നമട ലേക്ക് റിസോര്‍ട്ടിലാണ് തങ്ങിയത്. അന്നു രാത്രി ദുരന്തവാര്‍ത്ത നാടാകെ പരന്നിട്ടും രാഹുലിനെ ഇത് അലട്ടിയില്ല. പിറ്റേദിവസം അതിരാവിലെ അദ്ദേഹം അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തി വിവാഹത്തില്‍ സംബന്ധിച്ചു. രാവിലെ 8.20ന് പുന്നമട ലേക്ക് റിസോര്‍ട്ടില്‍ തിരിച്ചെത്തി, മൂന്നു മണിവരെ അവിടെ ഉല്ലസിച്ചശേഷം ബോട്ടില്‍ കുമരകം കായല്‍ റിസോര്‍ട്ടിലേക്ക്. രാത്രി 9.40ന് ഇവിടെനിന്ന് പുന്നമടയ്ക്ക്. പുന്നമടയില്‍ നിന്ന് ഞായറാഴ്ച ആലപ്പുഴ ഹെലിപാഡിലേക്ക് തിരിച്ചത് വണ്ടിപ്പെരിയാര്‍ സന്ദര്‍ശിക്കുമെന്നു പറഞ്ഞാണ്. എന്നാല്‍, അവിടെ കാലാവസ്ഥ മോശമായതിനാല്‍ നെടുമ്പാശേരിക്ക് മടങ്ങി. ഒടുവില്‍ പ്രത്യേക വിമാനത്തില്‍ രാവിലെ 10.15ന് ഡല്‍ഹിക്ക് മടക്കം. ഞായറാഴ്ച രാവിലെ മൂടല്‍മഞ്ഞിനെ പഴിച്ച് തിരികെ പോയ രാഹുലിന് ശനിയാഴ്ച ദുരന്തസ്ഥലത്തേക്ക് പോകണമെന്ന് തോന്നിയില്ല. അതിനു സമയം കണ്ടെത്താതെ പരിവാരസമേതം ഉല്ലാസയാത്ര നടത്തുകയായിരുന്നു അദ്ദേഹം.

ദേശാഭിമാനി 180111

2 comments:

  1. മകരവിളക്ക് നാളില്‍ ശബരിമലയിലുണ്ടായ ദുരന്തത്തില്‍ നാടാകെ വിറങ്ങലിച്ചു നില്‍ക്കേ പരിവാരസമേതം കായല്‍പ്പരപ്പില്‍ ഉല്ലസിച്ച് എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി മടങ്ങിയെങ്കിലും കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് നാണക്കേടുകൊണ്ട് തലപൊക്കാനായിട്ടില്ല. ദുരന്തമുണ്ടായ വെള്ളിയാഴ്ചയാണ് രാഹുല്‍ കേരളത്തിലെത്തിയത്. മൂന്നു നാള്‍ ഹൌസ്ബോട്ടിലും റിസോര്‍ട്ടിലും കേരളീയസൌന്ദര്യം നുകര്‍ന്ന യുവനേതാവ് വണ്ടിപ്പെരിയാറിലേക്ക് തിരിച്ചതായി പറഞ്ഞെങ്കിലും മൂടല്‍മഞ്ഞിനെ പഴിച്ച് മൂന്നാംപക്കം ഡല്‍ഹിക്ക് പറന്നു. ദേശീയദുരന്തത്തില്‍ മൂന്നു ദിവസം കേരളത്തില്‍ ദുഃഖാചരണമായിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ അയ്യപ്പഭക്തരുടെ വിറങ്ങലിച്ച ശരീരവുമായി ആംബുലന്‍സുകള്‍ നീങ്ങുമ്പോള്‍ 'യുവത്വപ്രതീകം' റിസോര്‍ട്ടുകളിലേക്കും കായലിലെ ബോട്ടുകളിലേക്കും മാറിമാറി കുതിക്കുകയായിരുന്നു. മുന്നറിയിപ്പില്ലാത്ത വിവിഐപിയുടെ വരവ് അത്ഭുതപ്പെടുത്തിയെന്നാണ് മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ചത്.

    ReplyDelete