Monday, January 17, 2011

ബംഗാളിന് അണയാത്ത പ്രചോദനമായി ജ്യോതിബസു

ജ്യോതിബസു ഇല്ലാത്ത വംഗനാടിന് ഒരാണ്ട്. ആധുനിക ബംഗാളിന്റെ ശില്‍പ്പിയായ ബസു ജനങ്ങള്‍ക്ക് വംഗജ്യോതിയാണ്. അദ്ദേഹത്തിന്റെ വിയോഗം ബംഗാളിന് ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല. രാഷ്ട്രീയമായി കലുഷമായ അവസ്ഥകളിലൂടെ ബംഗാള്‍ കടന്നുപോകുമ്പോഴൊക്കെ ജ്യോതിബാബു ഉണ്ടായിരുന്നെങ്കില്‍ എന്ന തോന്നല്‍ ശക്തമാണ്. 23 വര്‍ഷം മുഖ്യമന്ത്രിയായി ബംഗാളിനെ നയിച്ചശേഷം 2000-ാമാണ്ടിലാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. അതിന് ശേഷവും ബംഗാളിലെ പുരോഗമന ശക്തികള്‍ക്ക് അണയാത്ത പ്രചോദനമായിരുന്നു ബസു. ഒരു വലിയ തണല്‍വൃക്ഷം ഇല്ലാതായ പ്രതീതിയാണ് ഇപ്പോള്‍.

ഒരുപാട് മുറിവുകളേറ്റ നാടാണ് ബംഗാള്‍. 1905ലെ ബംഗാള്‍ വിഭജനമാണ് ബംഗാളില്‍ വിപ്ളവകാരികളെ സൃഷ്ടിച്ചത്. രാജ്യം സ്വതന്ത്രമായപ്പോള്‍ വിഭജനം നവോത്ഥാനത്തിന്റെ മണ്ണില്‍ രക്തപ്പുഴയൊഴുക്കി. ഏറ്റവുമൊടുവില്‍ 1971 മുതല്‍ 77 വരെ കോണ്‍ഗ്രസിന്റെ അര്‍ധ ഫാസിസ്റ് ഭീകരവാഴ്ച. തുടര്‍ന്ന് അധികാരത്തിലെത്തിയ ഇടതുമുന്നണി സര്‍ക്കാര്‍ 34 വര്‍ഷം പൂര്‍ത്തിയാക്കുന്നു. ഇടതുമുന്നണിയുടെ ഭരണകാലം ബംഗാളിലെ ഏറ്റവും സമാധാനപൂര്‍ണമായ കാലമായാണ് കണക്കാക്കുന്നത്. രാഷ്ട്രീയലക്ഷ്യത്തോടെ ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസും മാവോയിസ്റുകളും നടത്തുന്ന ആക്രമണ പരമ്പരകളാണ് അതിന് കളങ്കം.

ജനങ്ങളെ ഒന്നായി കാണാനും അവരുടെ വേദനയകറ്റാനും ജ്യോതിബസുവിന്റെ നേതൃത്വത്തില്‍ ഇടതുമുന്നണി സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളാണ് ബംഗാളിനെ ഉയര്‍ത്തിയത്. 1984ല്‍ ഇന്ദിരാഗാന്ധി വധത്തെത്തുടര്‍ന്ന് രാജ്യത്തിന്റെ നിരവധി സ്ഥലങ്ങളില്‍ സിഖ് മതക്കാര്‍ വേട്ടയാടപ്പെട്ടപ്പോള്‍ ബംഗാളില്‍ അവര്‍ സുരക്ഷിതരായിരുന്നു. ഗുജറാത്തിലും മുംബൈയിലും മറ്റ് നിരവധി സ്ഥലങ്ങളിലും മുസ്ളിങ്ങള്‍ക്കു നേരേ വര്‍ഗീയ ഫാസിസ്റുകള്‍ ആക്രമണം അഴിച്ചുവിട്ടപ്പോള്‍ ബംഗാള്‍ ശാന്തമായിരുന്നു. ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്കു നേരേ വ്യാപകമായ ആക്രമണമുണ്ടായ സന്ദര്‍ഭങ്ങളിലും ബംഗാള്‍ ഒഴിഞ്ഞുനിന്നു. ഉയര്‍ന്ന മതനിരപേക്ഷ, ജനാധിപത്യ മൂല്യങ്ങളാല്‍ ഒരു ജനതയെ നയിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് ബംഗാള്‍ വേറിട്ടുനില്‍ക്കുന്നത്.

ഒരു കാലത്ത് ഏറ്റവും വ്യവസായവല്‍കൃതമായിരുന്ന ബംഗാളിനെ ആ സ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരികയെന്നത് ബസുവിന്റെ സ്വപ്നമായിരുന്നു. അത് യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങളെയാണ് പ്രതിലോമകാരികള്‍ ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുന്നത്. ബംഗാളിന്റെ വ്യവസായവല്‍ക്കരണം തടയാന്‍ മാത്രമല്ല, ഇവിടെ സാമൂഹ്യ അരാജകത്വം സൃഷ്ടിക്കാനുമുള്ള പ്രവര്‍ത്തനങ്ങളാണ് തൃണമൂല്‍ കോണ്‍ഗ്രസ്-മാവോയിസ്റ് സഖ്യം നടത്തുന്നത്. അധികാരം പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ ജനാധിപത്യധ്വംസനത്തെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നു.

പ്രതിലോമ ശക്തികളെ നേരിട്ട് ബംഗാളില്‍ സമാധാനവും പുരോഗതിയും ഉണ്ടാക്കാന്‍ ജനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് സിപിഐ എമ്മിന്റെ ആദ്യകാല നേതാവായ പ്രമോദ് ദാസ് ഗുപ്തയും ജ്യോതിബസുവുമാണ്. പ്രതിലോമകാരികള്‍ ഇന്നും സജീവമാണ്. എന്നാല്‍, അതിനെയൊക്കെ നേരിടാന്‍ പ്രാപ്തിയുള്ള തലമുറയെ സൃഷ്ടിച്ചാണ് ജ്യോതിബസുവും പ്രമോദ് ദാസ് ഗുപ്തയും വിടപറഞ്ഞതെന്ന് ബംഗാള്‍ ജനത ഉറച്ചുവിശ്വസിക്കുന്നു.

ജ്യോതിബസുവിന്റെ സ്മരണ നിലനിര്‍ത്താന്‍ മികച്ച പഠനകേന്ദ്രം സ്ഥാപിക്കാന്‍ സിപിഐ എം പശ്ചിമബംഗാള്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. മുസഫര്‍ അഹമ്മദ്, പ്രമോദ് ദാസ് ഗുപ്ത എന്നിവരുടെ സ്മാരക മന്ദിരങ്ങള്‍പോലെ വിപുലമായ സൌകര്യങ്ങളുള്ള ഈ പഠനകേന്ദ്രത്തിന് ജ്യോതിബസു സെന്റര്‍ ഫോര്‍ സോഷ്യല്‍ സ്റഡീസ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ എന്നാണ് പേര് നല്‍കിയത്. ജ്യോതിബസുവിന്റെ സ്മരണ നിലനിര്‍ത്താനായി കൊല്‍ക്കത്തയ്ക്കടുത്തുള്ള രാജാര്‍ഹട്ട് എന്ന ടൌഷിപ്പിന് ജ്യോതിബസു നഗര്‍ എന്ന പേര് നല്‍കി. സാള്‍ട്ട് ലേക്കിലെ അദ്ദേഹത്തിന്റെ വീടായ ഇന്ദിരാ ഭവന്‍ ഇന്നും ബംഗാള്‍ ജനതയ്ക്ക് ഗൃഹാതുര സ്മരണകള്‍ നല്‍കുന്നു. ഡാക്കയില്‍നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള സോനാര്‍ഗാവിലുള്ള ജ്യോതിബസുവിന്റെ കുടുംബവീട് സംരക്ഷിത സ്മാരകമായി ബംഗ്ളാദേശ് സര്‍ക്കാര്‍ പരിപാലിക്കുന്നു.
(വി ജയിന്‍)

ദേശാഭിമാനി 17-01-2011

1 comment:

  1. ജ്യോതിബസു ഇല്ലാത്ത വംഗനാടിന് ഒരാണ്ട്. ആധുനിക ബംഗാളിന്റെ ശില്‍പ്പിയായ ബസു ജനങ്ങള്‍ക്ക് വംഗജ്യോതിയാണ്. അദ്ദേഹത്തിന്റെ വിയോഗം ബംഗാളിന് ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല. രാഷ്ട്രീയമായി കലുഷമായ അവസ്ഥകളിലൂടെ ബംഗാള്‍ കടന്നുപോകുമ്പോഴൊക്കെ ജ്യോതിബാബു ഉണ്ടായിരുന്നെങ്കില്‍ എന്ന തോന്നല്‍ ശക്തമാണ്. 23 വര്‍ഷം മുഖ്യമന്ത്രിയായി ബംഗാളിനെ നയിച്ചശേഷം 2000-ാമാണ്ടിലാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. അതിന് ശേഷവും ബംഗാളിലെ പുരോഗമന ശക്തികള്‍ക്ക് അണയാത്ത പ്രചോദനമായിരുന്നു ബസു. ഒരു വലിയ തണല്‍വൃക്ഷം ഇല്ലാതായ പ്രതീതിയാണ് ഇപ്പോള്‍.

    ReplyDelete