സാംസ്കാരികരംഗത്ത് ഉണര്‍വുണ്ടാകണമെങ്കില്‍ ആ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ജീവിതത്തില്‍ ഉണര്‍വുണ്ടാകണം എന്ന കാഴ്ചപ്പാടാണ് 2010ലെ സാംസ്കാരിക പ്രവര്‍ത്തകക്ഷേമനിധിബില്ലിന് പിന്നിലുള്ളത് എന്നുകരുതണം. ഇനി ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു ബോര്‍ഡുണ്ടാക്കും. അതിന്റെ നേതൃത്വത്തില്‍ ക്ഷേമനിധിയുടെ പ്രവര്‍ത്തനം സജീവമാകും. ആ രംഗത്തുള്ളവരുടെ ജീവിതത്തിന് വലിയ ആശ്വാസമാവുകയും ചെയ്യും.
കല-സാംസ്കാരികരംഗങ്ങളിലെ പ്രവര്‍ത്തനം വ്യക്തിജീവിതത്തിലെ പൂര്‍ണസമര്‍പ്പണം ആവശ്യപ്പെടുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ആ രംഗത്തുള്ളവര്‍ക്ക് ഭൌതിക ജീവിതസാഹചര്യങ്ങള്‍ ഭദ്രമാക്കാന്‍ പൊതുവേ കഴിയാറില്ല. ആ നിലയ്ക്ക് നോക്കിയാല്‍ കലാസാംസ്കാരികപ്രവര്‍ത്തകരുടെ ജീവിതസുരക്ഷിതത്വം, ജീവിതക്ഷേമം, ജീവിതഭദ്രത എന്നിവയൊക്കെ അനിശ്ചിതത്വം നിറഞ്ഞതാണ്. ആ അനിശ്ചിതത്വത്തെക്കുറിച്ചുള്ള ഉല്‍ക്കണ്ഠയാകട്ടെ, കലയ്ക്കായുള്ള സമ്പൂര്‍ണ സമര്‍പ്പണം എന്നത് തുലോം അസാധ്യമാക്കുകയും ചെയ്യുന്നു. ഇതുകൊണ്ട് സാംസ്കാരികരംഗത്തിനുണ്ടാകുന്ന നഷ്ടം അളന്നുതിട്ടപ്പെടുത്താനാകാത്തതാണ്. ഇവരുടെ ജീവിതഭദ്രതയ്ക്കായി നടത്തുന്ന ഏത് ശ്രമവും കേരളത്തിന്റെ പൊതുവായ സാംസ്കാരിക ഉല്‍ക്കര്‍ഷത്തിനുള്ള ഗ്യാരന്റിയാണ്. ആ നിലയ്ക്കാണ് സാംസ്കാരിക ക്ഷേമനിധി ബില്‍ പ്രസക്തവും സംഗതവുമാകുന്നത്.
കലാസാംസ്കാരികരംഗത്തെ പ്രവര്‍ത്തകരുടെ ക്ഷേമത്തിനായി സമഗ്രസ്വഭാവമുള്ള ഒരു നിയമം നിര്‍മിക്കപ്പെടുന്നുവെന്നത് ഒരു പക്ഷേ, ചരിത്രത്തിലാദ്യമാകാം. ഈ ശ്രമം എന്തായാലും അഭിനന്ദനാര്‍ഹമാണ്. സാംസ്കാരിക കേരളം ഇതിനെ സര്‍വാത്മനാ സ്വാഗതംചെയ്യുമെന്നതില്‍ സംശയമില്ല. ചലച്ചിത്രം, ഇലക്ട്രോണിക് മാധ്യമം, കേബിള്‍, നാടകം, സംഗീതം, സാഹിത്യം, ചിത്രരചന, ശില്‍പ്പകല, ക്ളാസിക്കല്‍-സെമിക്ളാസിക്കല്‍ കലകള്‍, വാദ്യകല, മാജിക്, കാര്‍ട്ടൂൺ, കഥാപ്രസംഗം, പുരാണപാരായണം, ബൈബിള്‍-ഖുറാന്‍ പാരായണങ്ങള്‍, മാര്‍ഗംകളി, ചവിട്ടുനാടകം, പന്തല്‍ അലങ്കാരം, ശബ്ദവും വെളിച്ചവും, കഥകളി, ഗാനമേള, അനുകരണകല, അനുഷ്ഠാനകല, നാടന്‍പാട്ട്, മേക്കപ്പ്, വസ്ത്രാലങ്കാരം, പരസ്യകല, പെയിന്റിങ്, കോമ്പയറിങ്, ഫോട്ടോഗ്രഫി, സാംസ്കാരികപ്രഭാഷണം, ഗ്രന്ഥശാലാപ്രവര്‍ത്തനം എന്നുവേണ്ട നമ്മുടെ സാംസ്കാരിക ജീവിതത്തിന്റെ നാനാതുറകളെ ഈ നിയമം ഉള്‍ക്കൊള്ളുന്നു. ഈ രംഗങ്ങളിലെ പതിനായിരങ്ങള്‍ക്ക് ആശ്വാസകരമാകുമിത്. അവരുടെ ജീവിതത്തില്‍ പ്രത്യാശയുടെ പ്രകാശം പരത്തും ഈ നടപടി.
പ്രസവാനുകൂല്യംമുതല്‍ കുടുംബപെന്‍ഷന്‍വരെ ഇതില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു. ക്ഷേമനിധിയിലേക്ക് ഒരു ഗഡുവെങ്കിലുമടച്ചയാള്‍ക്ക് അപകടമരണമുണ്ടായാല്‍ കുടുംബത്തിന് പെന്‍ഷനും ധനസഹായവും ലഭിക്കുമെന്ന് വ്യവസ്ഥയുണ്ട്. ബില്‍ നിയമമായി നടപ്പാക്കുന്ന സമയത്ത് അറുപതുവയസ്സ് പൂര്‍ത്തിയായിക്കഴിഞ്ഞ വ്യക്തിക്കുപോലും അഞ്ചുവര്‍ഷത്തെ അറ്റാദായം ഒരുമിച്ചടച്ച് ക്ഷേമനിധിയുടെ ആനുകൂല്യം നേടാമെന്നതടക്കമുള്ള ഉദാരമായ വ്യവസ്ഥകള്‍ ഇതിന്റെ സവിശേഷതയാണ്. നാടകം, സിനിമ എന്നിവയ്ക്കായി കുറഞ്ഞ പലിശയ്ക്ക് വായ്പ അനുവദിക്കാന്‍പോലും വ്യവസ്ഥയുള്ള ഈ നിയമം, ആ കലാരംഗങ്ങളെ സാമ്പത്തികശക്തികളുടെ അധീനതയില്‍പ്പെടാതെ നോക്കാന്‍ സഹായകരമാകും. സംസ്കാരികപ്രബുദ്ധതയുടെ ഉയര്‍ന്ന പാരമ്പര്യമുള്ള കേരളം ഇടതുപക്ഷജനാധിപത്യമുന്നണി സര്‍ക്കാരിന്റെ സാംസ്കാരിക സംരംഭത്തെ ഹൃദയപൂര്‍വം സ്വാഗതംചെയ്യും.
*
ദേശാഭിമാനി മുഖപ്രസംഗം 14-01-2011
No comments:
Post a Comment