പുതിയ കാലത്തിന്റെ വെല്ലുവിളികളെ ഏറ്റെടുത്ത് രാജ്യത്തെ സര്‍വതോമുഖമായ വികസനത്തിന്റെ പാതയിലൂടെ എങ്ങനെ നയിക്കാം എന്നതിനെക്കുറിച്ച് ദേശീയതലത്തില്‍പ്പോലും സംവാദം എവിടെയും നടക്കുന്നില്ല. എന്നാല്‍, നമ്മുടെ ഈ കേരളത്തില്‍ അങ്ങനെയൊന്നു നടക്കുന്നു; എന്നു മാത്രമല്ല വിവിധ മണ്ഡലങ്ങളിലെ പണ്ഡിതന്മാരും സാധാരണക്കാരുമൊക്കെ ഒരുമിച്ചിരുന്ന് കേരളത്തിന്റെ വികസനത്തിനുള്ള ഒരു ബ്ളൂപ്രിന്റ് രൂപപ്പെടുത്തുകകൂടി ചെയ്തിരിക്കുന്നു. ഇതാണ് തിങ്കളാഴ്ച തിരുവനന്തപുരത്ത് സമാപിച്ച അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസിനെ വേറിട്ട ചരിത്രസംഭവമാക്കുന്നത്.
ഒന്നാം പഠനകോണ്‍ഗ്രസിന്റെ ഉദ്ഘാടനപ്രസംഗത്തില്‍ ഇ എം എസ് ഇങ്ങനെ പറഞ്ഞു:
"വരുംകാലത്ത് വികസനപ്രക്രിയയെ ആധുനികശാസ്ത്ര സാങ്കേതികവിദ്യയുമായി കൂട്ടിയിണക്കണം. ഇത് സ്ഥായിയായ മാര്‍ഗങ്ങളിലൂടെയായിരിക്കണം. ഇതിനൊക്കെ, കേരളത്തിന്റെ പുരോഗതിയില്‍ താല്‍പ്പര്യമുള്ളവര്‍ തമ്മില്‍ ആഴത്തിലുള്ളതും ഉള്ളുതുറന്നതുമായ സംവാദം നടക്കണം''.
ഇ എം എസ് പറഞ്ഞതുപ്രകാരമുള്ള സംവാദമാണ് കഴിഞ്ഞദിവസങ്ങളില്‍ തിരുവനന്തപുരത്തു നടന്നത്. വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങള്‍, സേവന പ്രധാനമായ വ്യവസായങ്ങള്‍, വൈദഗ്ധ്യാധിഷ്ഠിത വ്യവസായങ്ങള്‍, കാര്‍ഷിക-ഖനിജ മൂല്യവര്‍ധിത ഉല്‍പ്പന്ന വ്യവസായങ്ങള്‍ എന്നിവയ്ക്ക് ഊന്നല്‍ നല്‍കണമെന്ന് മൂന്നാം പഠനകോണ്‍ഗ്രസ് കണ്ടെത്തിയെന്നതോര്‍ക്കുക. ഇ എം എസിന്റെ ചിന്തയ്ക്കുള്ള കര്‍മപദ്ധതിയാണിത്. ഇതുപ്രകാരമുള്ള കര്‍മപരിപാടിക്കാണ് പഠനകോണ്‍ഗ്രസ് രൂപംനല്‍കിയിട്ടുള്ളത്.
കേരളത്തിന്റെ സമ്പദ്ഘടനയുടെ വളര്‍ച്ചാതോത് 12 മുതല്‍ 13വരെ ശതമാനത്തിലേക്ക് ഉയരാനിരിക്കുന്ന ഘട്ടത്തിലും അഭ്യസ്തവിദ്യരായ യുവജനങ്ങളുടെ തൊഴിലില്ലായ്മ ക്രമാതീതമായി ഉയരുന്ന വൈരുധ്യത്തെ നേരിടാന്‍ ഉപയുക്തമാവും ഈ കര്‍മപദ്ധതിയെന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും വിരുദ്ധാഭിപ്രായമുണ്ടാവുമെന്നു തോന്നുന്നില്ല. ഒരുവശത്ത് ഭരണഘടന ഏര്‍പ്പെടുത്തുന്ന പരിമിതികള്‍. മറുവശത്ത് ആഗോളവല്‍ക്കരണ രാഷ്ട്രീയം ഏര്‍പ്പെടുത്തുന്ന പരിമിതികള്‍. ഇതിന് രണ്ടിനുമിടയില്‍നിന്ന് കേരളത്തിന്റെ സുസ്ഥിരവികസനത്തിനുള്ള കര്‍മപദ്ധതി ആവിഷ്കരിക്കുകയാണ് പഠനകോണ്‍ഗ്രസ് ചെയ്തത്. ഭാവിയെക്കുറിച്ച് കൃത്യമായ സങ്കല്‍പ്പവും ദര്‍ശനവുമുള്ള ഒരു നേതൃത്വത്തിനേ ഭാവനാപൂര്‍ണമായ ഇത്തരമൊരു പദ്ധതി ആവിഷ്കരിക്കാന്‍ കഴിയൂ.
കേരളത്തില്‍ പുരോഗമന സര്‍ക്കാരുകള്‍ നടപ്പാക്കുന്ന ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വികസനപദ്ധതികള്‍ പിന്നീടുവന്ന വലതുപക്ഷ സര്‍ക്കാരുകള്‍ തട്ടിത്തകര്‍ക്കുന്ന അനുഭവമുണ്ട്. അതുകൊണ്ടുതന്നെ ഉദാരമായ ജനക്ഷേമനടപടികളും കൃത്യമായ കാഴ്ചപ്പാടോടുകൂടിയ വികസന പദ്ധതികളും ഇടയ്ക്കുവച്ച് അട്ടിമറിക്കപ്പെട്ടുകൂടാ. അതിനാകട്ടെ, നേട്ടങ്ങള്‍ സമാഹരിച്ചു മുന്നോട്ടുപോവാന്‍ കഴിയുന്ന സുസ്ഥിര വികസനത്തിന് അനുസൃതമാവുന്ന രാഷ്ട്രീയ തുടര്‍ച്ച ഭരണത്തിലുണ്ടാവണം. അതിന്റെ ആവശ്യകതയിലേക്ക് വിരല്‍ചൂണ്ടുന്നതാണ് പഠനകോണ്‍ഗ്രസ് നടത്തിയ പല കണ്ടെത്തലുകളും. ആ നിലയ്ക്ക് കേരളം ഏറ്റെടുക്കേണ്ടതാണിവ.
വായ്പയെടുത്ത് മൂലധന നിക്ഷേപം നടത്തിയാല്‍ അതില്‍നിന്നുള്ള വരുമാനത്തിന്റെ ഒരുഭാഗംമതി വായ്പ അടച്ചുതീര്‍ക്കാനെന്നും റവന്യൂവരുമാനം ഗണ്യമായി ഉയരാനുള്ള സാധ്യതകള്‍ തെളിഞ്ഞുനില്‍ക്കെ മൂലധനച്ചെലവിനായി വായ്പയെടുക്കുന്നതില്‍ അപാകമില്ലെന്നും പഠനകോണ്‍ഗ്രസ് കണ്ടെത്തി. കേരളത്തിന്റെ പശ്ചാത്തലസൌകര്യ വികസന പദ്ധതിക്ക് 10,000 കോടി രൂപയെങ്കിലും വായ്പയെടുക്കാന്‍ കേന്ദ്രം അനുവദിക്കണമെന്ന് പഠനകോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇത് ആര്‍ജവവും മൌലികതയുമുള്ള ധനചിന്തയാണെന്ന് ഞങ്ങള്‍ കരുതുന്നു. വ്യവസ്ഥാപിത മാനദണ്ഡങ്ങളനുസരിച്ച് എത്ര വായ്പ എടുക്കാമോ അതിലും താഴെ മാത്രമായി കേരളത്തിന്റെ കടബാധ്യത പരിമിതപ്പെട്ടുനില്‍ക്കുമ്പോഴും കൂടുതല്‍ വായ്പയെടുക്കുന്നതിനെ കേന്ദ്രം വിലക്കുകയാണ്. സത്യത്തില്‍ ഈ വിലക്ക് കേരളത്തിന്റെ വികസന സാധ്യതകള്‍ക്ക് നേര്‍ക്കുവരുന്ന വിലക്കാണ്.
വളര്‍ന്നുവരുന്ന സാമ്പത്തിക അസമത്വത്തില്‍ ഉല്‍ക്കണ്ഠ പ്രകടിപ്പിച്ച് പിന്‍വാങ്ങി നില്‍ക്കുകയല്ല പഠനകോണ്‍ഗ്രസ് ചെയ്തത്. മറിച്ച്, സാധാരണക്കാരുടെ ജീവിതത്തെയുടനീളം സംരക്ഷണവലയത്തിലാക്കുന്ന ഒരു സാമൂഹ്യസുരക്ഷാപദ്ധതിക്ക് രൂപംനല്‍കുകയാണ്. എല്ലാവര്‍ക്കും ഭക്ഷ്യസുരക്ഷ, ആരോഗ്യസുരക്ഷ, വീട്, കുടിവെള്ളം, വെളിച്ചം, ശുചിത്വം എന്നിവ ഉറപ്പാക്കാനുള്ള കര്‍മപരിപാടിക്കാണ് രൂപംനല്‍കിയിട്ടുള്ളത്. പഠനകോണ്‍ഗ്രസിന് പാവപ്പെട്ട ജനതയോടുള്ള കരുതലിന് നിദര്‍ശനമാണിത്. പ്രവാസി മലയാളികളുടെ ക്ഷേമം, സുരക്ഷ എന്നിവ ഉറപ്പുവരുത്തുന്നതിനുള്ള ഇടപെടലിന്റെ ആവശ്യകത പഠനകോണ്‍ഗ്രസ് അടിവരയിട്ടുപറയുന്നുണ്ട്. ദളിതര്‍, ആദിവാസികള്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയ ദുര്‍ബലവിഭാഗങ്ങളോട് പ്രത്യേക പരിഗണന കാട്ടുന്നതായി പഠനകോണ്‍ഗ്രസും അതിന്റെ കണ്ടെത്തലുകളും. സഹകരണ പ്രസ്ഥാനത്തിന്റെ പുനഃസംഘടനയുടെ ആവശ്യം പഠനകോണ്‍ഗ്രസ് ബോധ്യപ്പെടുത്തുന്നു. ഭരണപരിഷ്കാരം, ഉദ്യോഗസ്ഥകോയ്മയും ചുവപ്പുനാടയും അവസാനിപ്പിക്കല്‍ തുടങ്ങിയവ സംബന്ധിച്ച നിര്‍ദേശങ്ങള്‍ ജനക്ഷേമം മുതല്‍ പദ്ധതിനിര്‍വഹണംവരെയുള്ള കാര്യങ്ങളെ ത്വരിതപ്പെടുത്താന്‍ സഹായിക്കുന്നതാണ്.
ഒരുവശത്ത് ഭരണഘടനയും മറുവശത്ത് ആഗോളവല്‍ക്കരണഘടനയും ഉയര്‍ത്തുന്ന പരിമിതികള്‍ക്കുള്ളില്‍നിന്നുകൊണ്ട് കേരളത്തെ പുതുസഹസ്രാബ്ദഘട്ടത്തിലൂടെ എങ്ങനെ വികസനോന്മുഖമായി നയിക്കാമെന്നതിന്റെ ബ്ളൂപ്രിന്റാണ് പഠനകോണ്‍ഗ്രസില്‍ ആവിഷ്കരിക്കപ്പെട്ടിട്ടുള്ളത്. സങ്കുചിത താല്‍പ്പര്യങ്ങളോ സാമുദായിക താല്‍പ്പര്യങ്ങളോ കേരളത്തിന്റെ വികസനയാത്രയില്‍ തടസ്സമായി വന്നുകൂടാ. അക്കാര്യം ഉറപ്പുവരുത്താനാകട്ടെ ജനങ്ങളുടെ ജാഗ്രതാപൂര്‍വമായ കൂട്ടായ്മയുണ്ടാവണം. വികസന പരിപാടിക്കുള്ള അടിത്തറ ഇടതുപക്ഷജനാധിപത്യ ഭരണം കേരളത്തില്‍ രൂപപ്പെടുത്തിക്കഴിഞ്ഞു. ഇതിന്മേല്‍ കേരളത്തിന്റെ ഭാവി ഉയര്‍ന്നുവരണം. അതിനനുസൃതമായ രാഷ്ട്രീയാന്തരീക്ഷം കേരളം ഉറപ്പുവരുത്തേണ്ടതുണ്ട് എന്നുകൂടി ഈ ഘട്ടത്തില്‍ ഒര്‍മിപ്പിക്കട്ടെ. ഇരുനൂറ് മണിക്കൂറിലേറെയെടുത്ത് വിദഗ്ധരും സാധാരണക്കാരും കാഴ്ചപ്പാടുകളും ജീവിതാനുഭവങ്ങളും പങ്കുവച്ച് രൂപപ്പെടുത്തിയ വികസന കരടുരേഖയാണ് പഠനകോണ്‍ഗ്രസ് കേരളത്തിന് മുമ്പില്‍ വച്ചിട്ടുള്ളത്. കേരളം ഇത് ഹൃദയംകൊണ്ട് സ്വീകരിക്കുമെന്നതില്‍ സംശയമില്ല.
ദേശാഭിമാനി മുഖപ്രസംഗം 050111
പുതിയ കാലത്തിന്റെ വെല്ലുവിളികളെ ഏറ്റെടുത്ത് രാജ്യത്തെ സര്‍വതോമുഖമായ വികസനത്തിന്റെ പാതയിലൂടെ എങ്ങനെ നയിക്കാം എന്നതിനെക്കുറിച്ച് ദേശീയതലത്തില്‍പ്പോലും സംവാദം എവിടെയും നടക്കുന്നില്ല. എന്നാല്‍, നമ്മുടെ ഈ കേരളത്തില്‍ അങ്ങനെയൊന്നു നടക്കുന്നു; എന്നു മാത്രമല്ല വിവിധ മണ്ഡലങ്ങളിലെ പണ്ഡിതന്മാരും സാധാരണക്കാരുമൊക്കെ ഒരുമിച്ചിരുന്ന് കേരളത്തിന്റെ വികസനത്തിനുള്ള ഒരു ബ്ളൂപ്രിന്റ് രൂപപ്പെടുത്തുകകൂടി ചെയ്തിരിക്കുന്നു. ഇതാണ് തിങ്കളാഴ്ച തിരുവനന്തപുരത്ത് സമാപിച്ച അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസിനെ വേറിട്ട ചരിത്രസംഭവമാക്കുന്നത്.
ReplyDelete