Wednesday, January 5, 2011

ജലനിധി രണ്ടാംഘട്ടം ഫെബ്രുവരിയില്‍ തുടങ്ങും

ജലനിധി രണ്ടാം ഘട്ടത്തിന്റെ പ്രവര്‍ത്തനം ഫെബ്രുവരി യില്‍ ആരംഭിക്കും. 200 പഞ്ചായത്തിലായി ആയിരം കോടി രൂപയുടെ പ്രവൃത്തികളാണ് നടപ്പാക്കുക. തെരഞ്ഞെടുത്ത മുപ്പത് പഞ്ചായത്തിന് ഇതിനുള്ള ഭരണാനുമതി നല്‍കിയതായി ജലവിഭവ മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഫെബ്രുവരിയില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. കാട്ടാക്കട, മാണിക്കല്‍, തെക്കുംഭാഗം, മൈനാഗപ്പള്ളി, കുലശേഖരപുരം, കുന്നത്താനം, റാന്നി, മാരാരിക്കുളം സൌത്ത്, പുന്നപ്ര നോര്‍ത്ത്, കടപ്ളമറ്റം, മുത്തോളി, കൊന്നത്തടി, കഞ്ഞിക്കുഴി, മഞ്ഞല്ലൂര്‍, കടുങ്ങല്ലൂര്‍, എലവള്ളി, നടത്തറ, എലവഞ്ചേരി, പെരിങ്ങോട്ടുകുറിശി, കരുവാരക്കുണ്ട്, കുറ്റിപ്പുറം, താമരശേരി, ചെറുവണ്ണൂര്‍, ഇരിക്കൂര്‍, ഉദയഗിരി, പുത്തിഗെ, പുല്ലൂര്‍-പെരിയ, പടന്ന, തരിയോട്, നൂല്‍പ്പുഴ പഞ്ചായത്തുകളിലാണ് ഫെബ്രുവരിയില്‍ പദ്ധതി പ്രവര്‍ത്തനം തുടങ്ങുന്നത്. ഒന്നാംഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെടുകയും ഫണ്ടിന്റെ പരിമിതിമൂലം പ്രവര്‍ത്തനം ആരംഭിക്കാതിരിക്കുകയുംചെയ്ത പഞ്ചായത്തുകളാണിത്.

ജലനിധിയില്‍ ആദ്യഘട്ടത്തില്‍ 112 പഞ്ചായത്തിലാണ് പദ്ധതി ഏറ്റെടുത്തത്. ഒന്നാം ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്ന് രണ്ടാം ഘട്ടത്തിനായി സമര്‍പ്പിച്ച വിശദമായ പദ്ധതി ലോകബാങ്ക് തത്വത്തില്‍ അംഗീകരിച്ചു. അന്തിമ പരിശോധന നടക്കുകയാണ്. ഇത് പൂര്‍ത്തിയായാലുടന്‍ പദ്ധതിക്ക് അംഗീകാരമാകും. ജലനിധി രണ്ടാംഘട്ട പ്രവൃത്തികള്‍ക്കായി 100 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഈ തുക ഉപയോഗിച്ച് പദ്ധതി പ്രവര്‍ത്തനം ആരംഭിക്കാനാണ് തീരുമാനം. ചെലവാകുന്ന തുക ബാങ്കിന്റെ ധനസഹായ പരിധിയില്‍ ഉള്‍പ്പെടുത്താമെന്ന് ലോകബാങ്ക് തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. ഒരു പഞ്ചായത്തിന് ഏകദേശം നാലു കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ദുര്‍ബലവിഭാഗങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനം കിട്ടത്തക്കവിധത്തില്‍ ഗുണഭോക്തൃ വിഹിതം 15ല്‍ നിന്ന് 10 ശതമാനമായി രണ്ടാം ഘട്ടത്തില്‍ കുറച്ചു. ഇതില്‍ അഞ്ച് ശതമാനം പണമായും അഞ്ച് ശതമാനം മനുഷ്യാധ്വാനമായും പരിഗണിക്കും. പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള അഞ്ച് ശതമാനം വിഹിതത്തില്‍ രണ്ട് ശതമാനം പണമായും, മൂന്ന് ശതമാനം മനുഷ്യാധ്വാനമായും പരിഗണിക്കും. പിന്നോക്കക്കാരുടെ ആനുകൂല്യങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ക്കും ലഭ്യമാക്കാന്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. പദ്ധതിയില്‍ പഞ്ചായത്ത് വിഹിതം 15 ശതമാനവും, ലോകബാങ്ക് വിഹിതം 75 ശതമാനവുമാണ്.

പഞ്ചായത്തുകളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായി ഗുണഭോക്തൃസമിതികളുടെ ഫെഡറേഷന്‍ രൂപീകരിക്കും. പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ മേഖലാ ഓഫീസ് ആരംഭിക്കും. ഓരോ പഞ്ചായത്തിലും, ജലനിധിയില്‍ നിന്ന് ഓരോ അക്കൌണ്ടന്റുമാരെയും, എന്‍ജിനിയര്‍മാരെയും നിയമിക്കും. ജില്ലാതല പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് പരിഷ്കരിച്ച് മേഖലാ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റാക്കും. പദ്ധതി അഞ്ച് വര്‍ഷംകൊണ്ട് പൂര്‍ത്തീകരിക്കും. പഞ്ചായത്തുകള്‍ക്ക് രണ്ട് വര്‍ഷമാണ് പൂര്‍ത്തീകരണ കാലാവധി. വന്‍കിട ജലവിതരണ പദ്ധതികളുടെ ജലശുദ്ധീകരണ സംഭരണ പ്രക്രിയകള്‍ ജലഅതോറിറ്റി മുഖേനയും ജലവിതരണവും മറ്റ് പ്രവര്‍ത്തനങ്ങളും ജലനിധി മുഖേനയും നടപ്പാക്കുമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

ദേശാഭിമാനി 050111

1 comment:

  1. ജലനിധി രണ്ടാം ഘട്ടത്തിന്റെ പ്രവര്‍ത്തനം ഫെബ്രുവരി യില്‍ ആരംഭിക്കും. 200 പഞ്ചായത്തിലായി ആയിരം കോടി രൂപയുടെ പ്രവൃത്തികളാണ് നടപ്പാക്കുക. തെരഞ്ഞെടുത്ത മുപ്പത് പഞ്ചായത്തിന് ഇതിനുള്ള ഭരണാനുമതി നല്‍കിയതായി ജലവിഭവ മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഫെബ്രുവരിയില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. കാട്ടാക്കട, മാണിക്കല്‍, തെക്കുംഭാഗം, മൈനാഗപ്പള്ളി, കുലശേഖരപുരം, കുന്നത്താനം, റാന്നി, മാരാരിക്കുളം സൌത്ത്, പുന്നപ്ര നോര്‍ത്ത്, കടപ്ളമറ്റം, മുത്തോളി, കൊന്നത്തടി, കഞ്ഞിക്കുഴി, മഞ്ഞല്ലൂര്‍, കടുങ്ങല്ലൂര്‍, എലവള്ളി, നടത്തറ, എലവഞ്ചേരി, പെരിങ്ങോട്ടുകുറിശി, കരുവാരക്കുണ്ട്, കുറ്റിപ്പുറം, താമരശേരി, ചെറുവണ്ണൂര്‍, ഇരിക്കൂര്‍, ഉദയഗിരി, പുത്തിഗെ, പുല്ലൂര്‍-പെരിയ, പടന്ന, തരിയോട്, നൂല്‍പ്പുഴ പഞ്ചായത്തുകളിലാണ് ഫെബ്രുവരിയില്‍ പദ്ധതി പ്രവര്‍ത്തനം തുടങ്ങുന്നത്. ഒന്നാംഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെടുകയും ഫണ്ടിന്റെ പരിമിതിമൂലം പ്രവര്‍ത്തനം ആരംഭിക്കാതിരിക്കുകയുംചെയ്ത പഞ്ചായത്തുകളാണിത്.

    ReplyDelete