Tuesday, January 4, 2011

നട്ടെല്ല് വാഴനാരുപോലെയാകുന്ന മാധ്യമ പ്രവര്‍ത്തനം

2009 മെയ് മാസം ഉത്തര്‍ പ്രദേശിലെ ഉത്സ പൊലീസ് സ്‌റ്റേഷനു മുന്നില്‍ ഒരു നാടകം അരങ്ങേറി. നാടകമായി അരങ്ങേറി ദുരന്തമായി അവസാനിച്ചതാണ് ലോക ശ്രദ്ധ പിടിച്ചുപറ്റുന്നതിന് കാരണമായത്. കലേഷ് എന്ന യുവാവ് ഒരു പരാതിയുമായി ഉത്സപൊലീസ് സ്‌റ്റേഷനില്‍ ചെന്നു. എന്നാല്‍ പരാതി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായില്ല. എന്നു മാത്രമല്ല പൊലീസ് അയാളെ ഉപദ്രവിക്കുകയും ചെയ്തു. പൊലീസുമായി തര്‍ക്കിച്ച കലേഷിനെ സ്‌റ്റേഷനില്‍ നിന്ന് ഇറക്കിവിട്ടു. പൊലീസ് കൈവിട്ടാല്‍ ജനങ്ങള്‍ സ്വീകരിക്കുന്ന അടുത്ത കോടതി മാധ്യമങ്ങളാണ്. കാരണം എളുപ്പത്തില്‍ എത്താവുന്ന ചെലവില്ലാത്ത ഇടമാണ് മാധ്യമങ്ങള്‍ എന്നതാണ് ധാരണ. ഏതാണ്ട് അത് ശരിയാണു താനും.

ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കാന്‍ അവരുടെ പ്രാണന്‍ തന്നെ ഈടാക്കിയ മാധ്യമ പ്രവര്‍ത്തനമാണ് ഉത്സപൊലീസ് സ്‌റ്റേഷനുമുന്നില്‍ ഉണ്ടായത്. വാര്‍ത്ത നല്‍കാന്‍ പണം ആവശ്യപ്പെടുന്നത്(പെയ്ഡ് ന്യൂസ്) വിവാദമായ കാലത്താണ് വാര്‍ത്ത നല്‍കാന്‍ പ്രാണന്‍ ആവശ്യപ്പെടുന്നത്. തനിക്ക് നീതി ലഭിക്കാന്‍ മാധ്യമങ്ങള്‍ ജീവന്‍ ചോദിക്കുകയായിരുന്നു. സ്‌റ്റേഷനില്‍ നിന്നും ഇറക്കിവിടപ്പെട്ട കലേഷ് നേരേ ചെന്നത് ടി.വി.9 എന്ന ടെലിവിഷന്‍ ചാനലിന്റെ ബ്യൂറോയിലേക്കാണ്. വിഷയം അവിടെ അവതരിപ്പിച്ചു. ടി.വി.9കാരന്‍ മറ്റൊരു ചാനലിനെയും കൂട്ടുപിടിച്ചു. തന്റെ പരാതി ന്യായമാണെന്നും പോലിസ് അതു സ്വീകരിക്കുന്നില്ലെന്നും കലേഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പൊലീസിനെ കുടുക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ഒരു തിരക്കഥയുണ്ടാക്കി. ബന്ധപ്പെട്ട പൊലീസുകാര്‍ക്കെതിരെ സര്‍ക്കാരിനെതിരെ നടപടിയെടുപ്പിക്കുകയായിരുന്നു ലക്ഷ്യം. തിരക്കഥ ഇപ്രകാരമായിരുന്നു. കലേഷ് പൊലീസ് സ്‌റ്റേഷനുമുന്നില്‍ ആത്മഹത്യാശ്രമം നടത്തുക. അതു കാമറയില്‍ പകര്‍ത്തി പ്രക്ഷേപണം ചെയ്യുന്നതോടെ  പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ ഉറപ്പാകും. അങ്ങനെ രണ്ട് ടി.വി കാമറാമാന്‍മാരും കലേഷും ഉത്സ പൊലീസ് സ്‌റ്റേഷന്റെ മുന്നിലെത്തി. കാമറമാന്‍മാര്‍ ഒളിച്ചുനിന്നു.

കലേഷ് കൈയില്‍ കരുതിയിരുന്ന മണ്ണെണ്ണ ദേഹത്ത് ഒഴിക്കണമെന്നും തീപടര്‍ന്നു പിടിക്കാന്‍ തുടങ്ങുമ്പോള്‍ കാമറയില്‍ പകര്‍ത്തി ഉടന്‍ രക്ഷപ്പെടുത്തേിക്കോളാമെന്നുമായിരുന്നു തിരക്കഥയില്‍ സൂചിപ്പിച്ചത്. ഇതു പ്രകാരം കലേഷ് ദേഹത്ത് മണ്ണെണ്ണയൊഴിച്ചു.  തീ ആളിപ്പടരാന്‍ തുടങ്ങുമ്പോള്‍ ഒളിച്ചിരുന്നവര്‍ സംഭവം കാമറയില്‍ പകര്‍ത്തി.

ജീവനുള്ള ശരീരമാണ് നിന്നു കത്തുന്നത് എന്ന് എക്‌സ്‌ക്ലൂസിവ് സ്‌റ്റോറി മനസില്‍ കണ്ടവര്‍ മറന്നു. നാളെ ലോകം മുഴുവന്‍ ഞെട്ടുന്ന വാര്‍ത്ത അവര്‍ ആര്‍ത്തിയോടെ പകര്‍ത്തി. പച്ചമനുഷ്യന്‍ കത്തിയമരുന്നത് നീചമനസുകള്‍ കാമറകൊണ്ടു തിന്നുതീര്‍ക്കുന്നത് ഇതിനകം പൊലീസും നാട്ടുകാരും അറിഞ്ഞു. അപ്പോഴേയ്ക്കും കലേഷ് പൂര്‍ണമായും കത്തിയമര്‍ന്നിരുന്നു. തിരക്കഥാകൃത്തുക്കള്‍ രക്ഷപ്പെട്ടു. പ്രഫഷനല്‍ ജേണലിസം ചരിത്രത്തിലേക്ക് അണിചേര്‍ത്ത ഈ വ്യാജ മുദ്ര പുതിയ കാലത്തിന്റെ മാധ്യമ മത്സര ബുദ്ധിയുടെ അടയാളം കൂടിയായിരുന്നു. മുന്നില്‍ വരുന്ന സ്‌കൂപ്പുകള്‍ മാധ്യമ ശ്രദ്ധ അര്‍ഹിക്കുന്നുണ്ടോയെന്ന് പരിശോധിക്കാതെയുള്ള മാധ്യമ പ്രവര്‍ത്തനമാണിത്. ഭണകൂട ഭീകരതയ്ക്ക് ഇരയാകുന്നവരെ രക്ഷിക്കാന്‍ ബാധ്യതപ്പെട്ട  മാധ്യമങ്ങള്‍ ഇരകള്‍ക്ക് നേരെ തങ്ങളുടെ വക മറ്റൊരു ഭീകരത കൂടി അടിച്ചേല്‍പ്പിക്കുകയാണ് ചെയ്യുന്നത്. അതായത് അടിസ്ഥാനപരമായി മാധ്യമങ്ങളും വേട്ടക്കാരും ഒരു പക്ഷം ചേര്‍ന്നുവരുന്നുവെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. ഒരുപറ്റം മാധ്യമങ്ങള്‍ ആട്ടിന്‍തോലിട്ട ചെന്നായ ആകുന്നത് എങ്ങനെയാണ് എന്ന് ഇതില്‍ നിന്നും വ്യക്തമാകുന്നു.

ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ആഗോളവത്കരണ കാലത്തെ മാധ്യമങ്ങളുടെ നിലപാടിന്റെ തുടര്‍ച്ച തന്നെയാണിത്. 2010 ഡിസംബര്‍ മാസം കേരളത്തിലെ സിവില്‍ സപ്ലൈസ് കോര്‍പറേഷനുമായി ബന്ധപ്പെട്ട് ഇന്ത്യാവിഷന്‍ ചാനലില്‍ ഒരു വാര്‍ത്ത വന്നു. മന്ത്രി സി. ദിവാകരന്‍ വ്യാപാരിയെ മന്ത്രി മന്ദിരത്തില്‍ വിളിച്ചുവരുത്തി വ്യാപാരി  സിവില്‍സപ്ലൈസ് കോര്‍പറേഷനെതിരെ നല്‍കിയ പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് വാര്‍ത്ത. മന്ത്രി മന്ദിരത്തിനു മുന്നില്‍ രഹസ്യകാമറ വച്ചാണ് ഷൂട്ട് ചെയ്തത്. വാര്‍ത്ത ബ്രേക്കിംഗ് ന്യുസ് ആയി ചൂടോടെ അവതരിപ്പിച്ചു ഇന്ത്യാവിഷന്‍.

പരാതി പിന്‍വലിക്കണമെന്നും പ്രത്യുപകാരം ഉദ്യോഗസ്ഥര്‍ ചെയ്തുതരും എന്ന് മന്ത്രി പറഞ്ഞുവെന്നുമാണ് വാര്‍ത്ത. ഈ  പ്രസ്താവന മന്ത്രിയുടെ നാവില്‍ നിന്നും ഉതിര്‍ന്നു വീഴുന്നത് പ്രേക്ഷകന് കേള്‍ക്കാന്‍ കഴിയുന്നില്ല. റിപ്പോര്‍ട്ടറാണ് പറയുന്നത്. എന്നാല്‍ മന്ത്രി മന്ദിരത്തില്‍ നിന്നും വ്യാപാരി ഇറങ്ങിവരുന്നതും കയറുന്നതും കാണുന്നു. അതിനകത്ത് എന്താണ് നടക്കുന്നത് എന്ന് ചാനല്‍ റിപ്പോര്‍ട്ടര്‍ തീരുമാനിക്കുന്നു. അതായത് ഉത്സ പൊലീസ് സ്‌റ്റേഷന്റെ മുന്നിലെ നാടകത്തിന്റെ സ്‌ക്രിപ്റ്റ് ഇന്ത്യാവിഷന്‍ പകര്‍ത്തുകയായിരുന്നുവെന്നാണ് മനസിലാക്കേണ്ടത്. ഇന്ത്യാവിഷന്റെ ആ വാര്‍ത്ത എങ്ങുമെത്താതെ പോയി. അല്ലെങ്കില്‍ 2ജി സ്‌പെക്ട്രം കേസില്‍ നീരാ റാഡിയയുടെ ടേപ്പ് പോലെയായിരിക്കണം.

സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ സാന്നിധ്യം കൊള്ളക്കാര്‍ക്ക് അലോസരമുണ്ടാക്കുന്ന ഒന്നാണ്. അതിനെതിരെയുള്ള വാര്‍ത്തകള്‍ ജനവിരുദ്ധവും. സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ സ്‌കൂളുകള്‍ എന്നിവയെല്ലാം ഈ രീതിയിലാണ് മാധ്യമങ്ങള്‍ സമീപിക്കുന്നത്. ഇത്തരം സ്ഥാപനങ്ങളിലേക്ക് ജനങ്ങള്‍ വരാതായാല്‍ തകരും. അവ തകര്‍ന്നാല്‍ സാധാരണക്കാരന്റെ ജീവിതം നശിക്കും. ഇന്ത്യാ വിഷന്‍ ഈ തകര്‍ച്ചയ്ക്ക് കൂട്ടുനില്‍ക്കുകയായിരുന്നുവെന്നുവേണം കരുതാന്‍. ആദര്‍ശത്തിന്റെ മാധ്യമരൂപമായി  അവതരിച്ച ഇന്ത്യാവിഷനില്‍ നിന്നാണ് ഇത് ഉണ്ടാകുന്നത് എന്ന് അറിയുമ്പോള്‍ ഒരു ചാനല്‍ എങ്ങനെ ദുരന്തമായി മാറുന്നുവെന്നതിന്റെ മാധ്യമ പാഠമായി ഇന്ത്യാവിഷന്‍ ചാനല്‍ മാറുകയാണ്. 2ജി.സ്‌പെക്ട്രം അഴിമതികേസിന് ആധാരമായ ടേപ്പ് പുറത്തായപ്പോള്‍ ന്യൂസ് എക്‌സ് എഡിറ്ററുമായുള്ള സംഭാഷണം പുറത്തുവന്നു. അതിന്റെ എഡിറ്റര്‍ കോര്‍പറേറ്റ് ഇടനിലക്കാരി നീര റാഡിയയോട് അടുത്തമാസത്തെ ശമ്പളം കൊടുത്തിട്ടില്ലെന്ന് പറയുന്ന ഭാഗം ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എത്രതുകയാണ് ബാധ്യതയുള്ളത് എന്ന മറുചോദ്യമാണ് റാഡിയ ന്യുസ് എക്‌സിനോട് ചോദിക്കുന്നത്.

ഈ സമയത്ത് തന്നെയാണ് സിവില്‍ സപ്ലെസിലേക്ക് വ്യാപാരിയെയും കൊണ്ട് നമ്മുടെ ചാനല്‍ കടന്നുചെല്ലുന്നത്. റാഡിയയുടെ മറുചോദ്യം മന്ത്രിയില്‍ നിന്നും പ്രതീക്ഷിട്ടുണ്ടാകുമോ എന്തോ? ചില മാധ്യമങ്ങള്‍ക്ക് നട്ടെല്ല് വാഴനാര് പോലെയാണ്. കുനിയേണ്ടിടത്ത് അത് ഒടിഞ്ഞുകുത്തി വീഴും. അത് ദയനീയ കാഴ്ചയാണ്.

പി. രവീന്ദ്രന്‍ ജനയുഗം 040111

1 comment:

  1. ചില മാധ്യമങ്ങള്‍ക്ക് നട്ടെല്ല് വാഴനാര് പോലെയാണ്. കുനിയേണ്ടിടത്ത് അത് ഒടിഞ്ഞുകുത്തി വീഴും. അത് ദയനീയ കാഴ്ചയാണ്.

    ReplyDelete