Tuesday, January 4, 2011

പൊലീസ് ബില്‍ പാസാക്കി

1960ലെ പൊലീസ് നിയമം പരിഷ്ക്കരിച്ചുകൊണ്ടുള്ള 2010ലെ കേരള പൊലീസ് ബില്‍ നിയമസഭ പാസാക്കി. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച ബില്‍ ഒമ്പതര മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കുശേഷം സഭ വോട്ടിനിട്ടാണ് പാസാക്കിയത്. സെലക്ട് കമ്മിറ്റിയുടെ പരിഗണന കഴിഞ്ഞ് വന്ന ബില്ലിന് അംഗങ്ങള്‍ 740 ഭേദഗതി നിര്‍ദേശിച്ചിരുന്നു. ഇതില്‍ 170 എണ്ണം അംഗീകരിച്ചു. സ്ത്രീകള്‍ക്ക് എതിരെയുള്ള കുറ്റകൃത്യം കര്‍ശനമായി തടയുന്നതിന് ബില്ലില്‍ വ്യവസ്ഥയുണ്ട്. കമ്യൂണിറ്റി പൊലീസിങ് പദ്ധതി, എട്ടു മണിക്കൂര്‍ ജോലി, സുരക്ഷാ കമീഷന്‍, പൊലീസ് കംപ്ളയിന്റ്സ് അതോറിട്ടി, പൊലീസുകാര്‍ക്ക് സംഘടനാ സ്വാതന്ത്യ്രം തുടങ്ങിയവ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മേലുദ്യോഗസ്ഥരുടെ നിയമവിധേയമായ ഉത്തരവുകള്‍ മാത്രം അനുരിച്ചാല്‍ മതിയെന്നതാണ് ബില്ലിലെ മറ്റൊരു നിര്‍ദേശം.

കസ്റഡിയില്‍ സൂക്ഷിക്കുന്നവര്‍ക്ക് മാന്യമായ വസ്ത്രധാരണത്തിന് അവകാശമുണ്ടാകും. ക്രമസമാധാനപാലനവും കുറ്റാന്വേഷണവും വേര്‍പ്പെടുത്തും. പൊലീസിന് മാര്‍ഗനിര്‍ദേശം നല്‍കുന്നതിന് ആഭ്യന്തരമന്ത്രി ചെയര്‍മാനായി സുരക്ഷാകമീഷനും പൊലീസുകാരെക്കുറിച്ചുള്ള പരാതി കൈകാര്യം ചെയ്യുന്നതിന് പരാതി അതോറിട്ടിയും രൂപീകരിക്കും. സുരക്ഷാ കമീഷനില്‍ പ്രതിപക്ഷ നേതാവ്, ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്യുന്ന മൂന്നുപേര്‍ എന്നിവര്‍ അംഗങ്ങളാകും. എസ്പിമുതല്‍ മുകളിലോട്ടുള്ള ഉദ്യോഗസ്ഥരെക്കുറിച്ചുള്ള പരാതി സംസ്ഥാനതല അതോറിട്ടി പരിശോധിക്കും. ലോക്കപ്പ് മരണം, കസ്റഡിയിലുള്ള സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കല്‍ തുടങ്ങിയവ പരാതികളും അതോറിട്ടി പരിശോധിക്കും. ഡിവൈഎസ്പി വരെയുള്ളവര്‍ക്കെതിരായ പരാതികള്‍ കൈകാര്യം ചെയ്യുന്നതിന് ജില്ലാതല അതോറിട്ടിയും രൂപീകരിക്കും. ജനപ്രതിനിധികള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നല്‍കുന്ന പരാതി അതോറിട്ടി അന്വേഷണം നടത്തി നടപടി ബന്ധപ്പെട്ട ആളെ അറിയിക്കണമെന്ന് ബില്ലില്‍ വ്യവസ്ഥയുണ്ട്.

ബില്‍ കൊണ്ടുവന്നതില്‍ പ്രതിപക്ഷം ആഭ്യന്തരമന്ത്രിയെയും സര്‍ക്കാരിനെയും അഭിനന്ദിച്ചെങ്കിലും ഒടുവില്‍ വോട്ടെടുപ്പ് ആവശ്യപ്പെട്ടു. 21നെതിരെ 48 വോട്ടുകള്‍ക്കാണ് ബില്‍ പാസാക്കിയത്. പി ജയരാജന്‍, ആര്യാടന്‍ മുഹമ്മദ്, വി ഡി സതീശന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വി എസ് സുനില്‍കുമാര്‍, പി എം എ സലാം, കെ സി ജോസഫ്, എ പ്രദീപ്കുമാര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പൊലീസ് സേനയെ മാറ്റിയെടുക്കുന്നതിനുള്ള നല്ല ചുവട്വയ്പ്പാണ് ബില്ലെന്ന് ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞ മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. കേരളത്തില്‍ ആര് വിചാരിച്ചാലും പൊലീസ് രാജ് നടപ്പാക്കാന്‍ കഴിയില്ലെന്നും ബില്‍ എത്രയും വേഗം പ്രാബല്യത്തില്‍ വരുത്തുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, കക്ഷി നേതാക്കളും മന്ത്രിമാരുമായ സി ദിവാകരന്‍, വി സുരേന്ദ്രന്‍പിള്ള, രാമചന്ദ്രന്‍ കടന്നപ്പള്ളി, പ്രതിപക്ഷ ഉപനേതാവ് ജി കാര്‍ത്തികേയന്‍, കെ എം മാണി, സി ടി അഹമ്മദാലി, മാത്യൂ ടി തോമസ്, എ എ അസീസ് എന്നിവര്‍ മൂന്നാം വായനയില്‍ സംസാരിച്ചു.

പൊലീസിന്റെ വൈദഗ്ധ്യത്തിന് ഊന്നല്‍ നല്‍കും: കോടിയേരി

ആധുനിക കാലത്തിന് അനുയോജ്യമായ വിധത്തില്‍ പൊലീസ് സേനയെ വാര്‍ത്തെടുക്കാന്‍ ലക്ഷ്യമിടുന്നതാണ് പൊലീസ് ബില്ലെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞു. പൊലീസ് ബില്ലിന്റെ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. പൊലീസിലെ അംഗസംഖ്യ വര്‍ധിപ്പിക്കുന്നതിനേക്കാള്‍ വൈദഗ്ധ്യത്തിനാണ് ബില്‍ ഊന്നല്‍ നല്‍കുന്നത്. പൊലീസ് നിഷ്പക്ഷമാകണമെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സീറോ വേക്കന്‍സി സേനയായി പൊലീസിനെ മാറ്റും. ഈ സര്‍ക്കാര്‍ വന്നശേഷം 10,008 പേരെ പിഎസ്സി വഴി നിയമിച്ചു. 2688 തസ്തിക പുതുതായി സൃഷ്ടിച്ചു. ഹോം ഗാര്‍ഡുമാരായി 3000 പേരെ നിയമിച്ചു. 11 പൊലീസ് സ്റേഷനും ആരംഭിച്ചു. 2011 ഫെബ്രുവരിക്കു മുമ്പ് മൂന്നു സ്റേഷന്‍ കൂടി ആരംഭിക്കും. പത്തു തീരദേശ പൊലീസ് സ്റേഷനും തുറക്കും. എട്ടു മണിക്കൂര്‍ ഡ്യൂട്ടി തത്വത്തില്‍ അംഗീകരിച്ചതായി മന്ത്രി പറഞ്ഞു. 51 സ്റേഷനില്‍ ഈവര്‍ഷം ഇതു നടപ്പാക്കും. ഇതോടെ 102 സ്റേഷനില്‍ എട്ടു മണിക്കൂര്‍ ഡ്യൂട്ടി നിലവില്‍ വരും. പരിശീലന

കാലയളവ് സര്‍വീസില്‍ ഉള്‍പ്പെടുത്തുന്നതിന് ചട്ടം പുറപ്പെടുവിക്കും. കമ്മ്യൂണിറ്റി പൊലീസിങ് പദ്ധതി 50 സ്റേഷനില്‍ കൂടി വ്യാപിപ്പിക്കും. ഇതോടെ 142 സ്റേഷനില്‍ ഇത് പ്രാബല്യത്തില്‍ വരും. പൊലീസിന്റെ യൂണിഫോം നിറം മാറ്റാന്‍ തീരുമാനിച്ചിട്ടില്ല. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ കേന്ദ്രീകൃത ലോക്കപ്പ് സംവിധാനം ഏര്‍പ്പെടുത്തും. ക്രമസമാധാനരംഗത്ത് കുറച്ചുവര്‍ഷമായി കേരളം മെച്ചപ്പെട്ട സംസ്ഥാനമാണ്. ഗുരുതരമായ കുറ്റകൃത്യം സംസ്ഥാനത്ത് കുറഞ്ഞു. കൊലപാതകം, രാഷ്ട്രീയ കൊലപാതകം, രാഷ്ട്രീയ സംഘര്‍ഷം, മോഷണം, ഭവനഭേദനം, കൊള്ള എന്നിവയും കുറഞ്ഞിട്ടുണ്ട്. 2006ല്‍ 393 കൊലപാതകം നടന്നു. 2010ല്‍ ഇത് 335 ആയി കുറഞ്ഞു. രാഷ്ട്രീയ കൊലപാതകം 2006ല്‍ പത്തായും കഴിഞ്ഞവര്‍ഷം ആറായും കുറഞ്ഞതായി മന്ത്രി പറഞ്ഞു.

ദേശാഭിമാനി 040111

1 comment:

  1. 1960ലെ പൊലീസ് നിയമം പരിഷ്ക്കരിച്ചുകൊണ്ടുള്ള 2010ലെ കേരള പൊലീസ് ബില്‍ നിയമസഭ പാസാക്കി. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച ബില്‍ ഒമ്പതര മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കുശേഷം സഭ വോട്ടിനിട്ടാണ് പാസാക്കിയത്. സെലക്ട് കമ്മിറ്റിയുടെ പരിഗണന കഴിഞ്ഞ് വന്ന ബില്ലിന് അംഗങ്ങള്‍ 740 ഭേദഗതി നിര്‍ദേശിച്ചിരുന്നു. ഇതില്‍ 170 എണ്ണം അംഗീകരിച്ചു. സ്ത്രീകള്‍ക്ക് എതിരെയുള്ള കുറ്റകൃത്യം കര്‍ശനമായി തടയുന്നതിന് ബില്ലില്‍ വ്യവസ്ഥയുണ്ട്. കമ്യൂണിറ്റി പൊലീസിങ് പദ്ധതി, എട്ടു മണിക്കൂര്‍ ജോലി, സുരക്ഷാ കമീഷന്‍, പൊലീസ് കംപ്ളയിന്റ്സ് അതോറിട്ടി, പൊലീസുകാര്‍ക്ക് സംഘടനാ സ്വാതന്ത്യ്രം തുടങ്ങിയവ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മേലുദ്യോഗസ്ഥരുടെ നിയമവിധേയമായ ഉത്തരവുകള്‍ മാത്രം അനുരിച്ചാല്‍ മതിയെന്നതാണ് ബില്ലിലെ മറ്റൊരു നിര്‍ദേശം.

    ReplyDelete