നവോത്ഥാനമൂല്യം സംരക്ഷിക്കാന്‍ സാമൂഹികപ്രസ്ഥാനം അനിവാര്യം
കേരളം ആര്‍ജിച്ച നവോത്ഥാനമൂല്യം സംരക്ഷിക്കാന്‍ സാമൂഹികപ്രസ്ഥാനം വളര്‍ത്തിയെടുക്കേണ്ടത് അനിവാര്യമാണെന്ന് പഠനകോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച 'നവോത്ഥാനമൂല്യങ്ങള്‍ ഇന്നും നാളെയും' സിമ്പോസിയം വിലയിരുത്തി. മാനവികത, വിമര്‍ശനബുദ്ധി, അന്വേഷണത്വര, സ്ത്രീ-പുരുഷ സമത്വം തുടങ്ങിയ മൂല്യം നവോത്ഥാന കാലഘട്ടം മുന്നോട്ടുവച്ചു. ഇവയില്‍ പലതും നമുക്ക് നഷ്ടമാകുന്ന സ്ഥിതിയാണ്. 1957ലെ വിമോചനസമരമാണ് ഈ വഴിത്തിരിവിന് കാരണം. പത്തി മടക്കിയ ജാതി-മത രാഷ്ട്രീയം വിമോചനസമരത്തോടെ പത്തി വിടര്‍ത്തി ആടാന്‍ തുടങ്ങി. തുടര്‍ന്ന് നവോത്ഥാനമൂല്യങ്ങളില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി. ഇത് സാമൂഹികമായ വലിയ തിരിച്ചടിക്ക് കാരണമായതായും സിമ്പോസിയം വിലയിരുത്തി.
കേരളത്തില്‍ നവോത്ഥാനമുണ്ടായില്ലെന്ന് സിമ്പോസിയം ഉദ്ഘാടനംചെയ്ത് ചരിത്രകാരന്‍ ഡോ. കെ എന്‍ പണിക്കര്‍ പറഞ്ഞു. സാര്‍വലൌകികതയെന്ന ആശയമാണ് ഇന്ത്യയില്‍ നവോത്ഥാനത്തിന്റെ പ്രധാന സാരാംശം. ഈ ആശയത്തെ സാമൂഹിക ധൈഷണിക മണ്ഡലത്തിലെത്തിക്കാനുള്ള പ്രവര്‍ത്തനരേഖ ഉണ്ടാക്കാന്‍ കേരളത്തിനായില്ല. നവോത്ഥാനത്തിന്റെ ചരിത്രവല്‍ക്കരണവും സാധ്യമായില്ല. മതപരിവര്‍ത്തനത്തെയാണ് നാം നവോത്ഥാനമായി കണ്ടത്. ജാതി, മത അടിസ്ഥാനത്തില്‍ നവോത്ഥാനത്തെ പരിമിതപ്പെടുത്തിയപ്പോള്‍ ഇവയുടെ സദ്ഫലങ്ങള്‍ നാലതിരുകള്‍ക്കുള്ളില്‍ ഒതുങ്ങി. സാര്‍വലൌകികത ഇങ്ങനെ ഒതുക്കപ്പെടേണ്ടതായിരുന്നില്ല. നവോത്ഥാന ആശയം വളര്‍ന്ന് വിപുലമായ സാമൂഹികവളര്‍ച്ചയിലേക്ക് പോകേണ്ടതിനുപകരം ജാതി-മത ധ്രുവീകരണമാണ് ഉണ്ടായത്. ഈഴവ, നായര്‍ പരിഷ്കരണപ്രസ്ഥാനങ്ങള്‍ ഈ വിഭാഗങ്ങളുടെ സമ്മര്‍ദസംഘമായി മാറി. ഒരുതരത്തിലുള്ള പരിഷ്കരണത്തിനും മാറ്റത്തിനും ഇത് കാരണമായില്ല. പ്രസ്തുത സമൂഹങ്ങളിലും മാറ്റമുണ്ടായില്ല. പരസ്പരം വിദ്വേഷം വളര്‍ത്താന്‍മാത്രമാണ് സഹായിച്ചത്. സാര്‍വലൌകികതയുടെ ഈ മാറ്റം നവോത്ഥാനത്തിന്റെ പരാജയത്തെയാണ് ചൂണ്ടിക്കാട്ടുന്നതെന്നും കെ എന്‍ പണിക്കര്‍ പറഞ്ഞു.
കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മൈക്കിള്‍ തരകന്‍ അധ്യക്ഷനായി. പ്രൊഫ. നൈനാന്‍കോശി, കെ ഇ എന്‍ കുഞ്ഞഹമ്മദ്, എം എം നാരായണന്‍, ഡോ. ടി എന്‍ സീമ എന്നിവര്‍ സംസാരിച്ചു. വി കാര്‍ത്തികേയന്‍നായര്‍ സ്വാഗതവും ഡോ. പി മോഹന്‍ദാസ് നന്ദിയും പറഞ്ഞു.
കേന്ദ്രഭരണത്തില്‍ കോര്‍പറേറ്റ് നിയന്ത്രണം വര്‍ധിക്കുന്നു: പ്രഭാത് പട്നായിക്
രാജ്യത്തിന് മുകളില്‍ കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ നിയന്ത്രണം വര്‍ധിച്ചുവരികയാണെന്ന് ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. പ്രഭാത് പട്നായിക് പറഞ്ഞു. ഈ അപകടകരമായ സ്ഥിതിവിശേഷം വന്‍ ദുരന്തത്തിലേക്ക് നയിക്കും. കേന്ദ്ര കാബിനറ്റ് മന്ത്രിമാര്‍ ആരാണെന്ന് കോര്‍പറേറ്റുകളാണ് നിശ്ചയിക്കുന്നത്. ഇതിനായി ഉന്നതങ്ങളില്‍ സ്വാധീനം ചെലത്തുന്നു. ജനജീവിതം ദുസ്സഹമാക്കുന്ന നയങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത്. പുത്തന്‍സാമ്പത്തികനയങ്ങളുടെ ഫലമായി ഭക്ഷ്യധാന്യങ്ങളുടെ വിലകുതിക്കുന്നതും നാണ്യവിളകളുടെ വിലയിടിയുന്നതും കേരളത്തെ പ്രതികൂലമായി ബാധിക്കും. കേരളം കൈവരിച്ച നേട്ടങ്ങള്‍ നിലനിര്‍ത്തുന്നതിനും കൂടുതല്‍ പുരോഗതിയിലേക്ക് നയിക്കുന്നതിനും വ്യക്തമായ ദിശാബോധം പകരാന്‍ മൂന്നാം അന്താരാഷ്ട്ര പഠനകോണ്‍ഗ്രസിന് കഴിയുമെന്ന് പട്നായിക് പറഞ്ഞു.
തദ്ദേശസ്ഥാപനങ്ങള്‍ മാസ്റ്റര്‍പ്ളാന്‍ തയ്യാറാക്കണം
വിവിധ ഫണ്ടുകള്‍ ഏകോപിപ്പിച്ച് തദ്ദേശസ്ഥാപനങ്ങള്‍ മാസ്റ്റര്‍ പ്ളാനുകള്‍ തയ്യാറാക്കി നടപ്പാക്കണമെന്ന് കേരളപഠനകോണ്‍ഗ്രസിന്റെ ഭാഗമായി 'അധികാരവികേന്ദ്രീകരണം-കേരളത്തിന്റെ അനുഭവവും മുന്നേറ്റവും'എന്ന വിഷയത്തില്‍ നടന്ന സിമ്പോസിയം അഭിപ്രായപ്പെട്ടു. എംഎല്‍എ, എംപി ഫണ്ടുകള്‍, കേന്ദ്ര, സംസ്ഥാന പദ്ധതികള്‍, പഞ്ചായത്ത് ഫണ്ട് തുടങ്ങിയവ ഇതിനായി ഉപയോഗപ്പെടുത്തണം. പുതിയ ആസ്തികളുടെ നിര്‍മാണത്തിനൊപ്പം നിലവിലുള്ളവ സംരക്ഷിച്ച് ഉപയോഗപ്പെടുത്തുന്നതും തദ്ദേശസ്ഥാപനങ്ങള്‍ മുഖ്യചുമതലയായി കാണണം. പദ്ധതിരൂപീകരണത്തിനും നിര്‍വഹണത്തിനും നിരീക്ഷണത്തിനും ജനപങ്കാളിത്തം ഉറപ്പാക്കണം. തദ്ദേശസ്ഥാപനങ്ങളുടെ ജനാധിപത്യവല്‍ക്കരണത്തിന് ജനകീയ സംഘടനാ സംവിധാനങ്ങളെ കൂട്ടിയോജിപ്പിച്ച് പ്രാദേശിക സുസ്ഥിരവികസനം ശക്തിപ്പെടുത്തണം. ഉല്‍പാദനവര്‍ധന, സമ്പത്തിന്റെ നീതിപൂര്‍വമായ വിതരണം, പാരിസ്ഥിതിക സന്തുലനം, സാമൂഹ്യനീതി ഇവ ഉറപ്പാക്കണം. ആഗോളവല്‍ക്കരണനയങ്ങള്‍ക്കെതിരെ ചെറുത്തുനില്‍പ്പിന് കരുത്തേകാന്‍ സമൂഹത്തെ സജ്ജമാക്കാന്‍ പ്രാദേശിക ആസൂത്രണത്തിന് കഴിയും. കൃഷി, വ്യവസായം തുടങ്ങിയ മേഖലകളില്‍ ഊന്നല്‍ നല്‍കണമെന്നും സിമ്പോസിയം അഭിപ്രായപ്പെട്ടു.
കേന്ദ്രസര്‍ക്കാര്‍ വികേന്ദ്രീകൃതാസൂത്രണത്തിനും ഫെഡറല്‍ സംവിധാനത്തിനും എതിരായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് സിമ്പോസിയം ഉദ്ഘാടനം ചെയ്ത തദ്ദേശസ്വയംഭരണമന്ത്രി പാലോളി മുഹമ്മദ്കുട്ടി പറഞ്ഞു. കേന്ദ്രാവിഷ്കൃതപദ്ധതികള്‍ ഇതിനുദാഹരണമാണ്. തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മറ്റ് ഏജന്‍സികളെ ഏല്‍പ്പിക്കാനുള്ള കേന്ദ്രനീക്കം അംഗീകരിക്കാനാകില്ല. രാജ്യത്ത് അധികാരവികേന്ദ്രീകരണം ഏറ്റവും മികച്ച രീതിയില്‍ നടപ്പാക്കിയ സംസ്ഥാനം കേരളമാണെന്നും മന്ത്രി പറഞ്ഞു.
അധികാരവികേന്ദ്രീകരണരംഗത്ത് കേരളത്തിന്റെ നേട്ടം ലോകരാജ്യങ്ങള്‍ക്ക് മാതൃകയാണെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന ഡോ. എം എ ഉമ്മന്‍ പറഞ്ഞു. ജില്ലാതല ആസൂത്രണവും ഗ്രാമസഭകളിലെ പങ്കാളിത്തവും കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാഭേദഗതി നടന്നിട്ട് 17 വര്‍ഷം പിന്നിട്ടിട്ടും അധികാരവികേന്ദ്രീകരണം കേരളമടക്കമുള്ള സംസ്ഥാനങ്ങളൊഴിച്ച് മറ്റൊരിടത്തും കാര്യക്ഷമമായി നടപ്പാക്കിയിട്ടില്ലെന്ന് ന്യൂഡല്‍ഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് ഡയറക്ടര്‍ ജോര്‍ജ് മാത്യു പറഞ്ഞു. ഈ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് ഇഛാശക്തിയില്ല. ഇതുകൂടാതെ വന്‍കിട കോര്‍പറേറ്റുകള്‍, ജന്മികള്‍, ബ്യൂറോക്രസി തുടങ്ങിയവയില്‍നിന്ന് വന്‍ ഭീഷണിയാണ് അധികാരവികേന്ദ്രീകരണം നേരിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സി രവീന്ദ്രനാഥ് എംഎല്‍എ, പ്ളാനിങ് ബോര്‍ഡംഗം സി പി നാരായണന്‍, പാലക്കാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈദാ ഇസഹാക്ക്, അഡീഷണല്‍ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ്, കില ഡയറക്ടര്‍ എന്‍ രമാകാന്തന്‍, ആര്‍ വി ജി മേനോന്‍, സി പി ജോ, എസ് ജമാല്‍, കെ ശിവകുമാര്‍ എന്നിവര്‍ സംസാരിച്ചു.
കാര്‍ഷികസംസ്കൃതി തകര്‍ക്കാന്‍ സാമ്രാജ്യത്വശ്രമം: ഒ എന്‍ വി
ഭൂപരിഷ്കരണത്തിലൂടെ കേരളത്തിലുണ്ടായ മുന്നേറ്റം തകര്‍ക്കാന്‍ കാര്‍ഷികമേഖലയെത്തന്നെ ഇല്ലാതാക്കുക എന്ന തന്ത്രമാണ് സാമ്രാജ്യത്വം പ്രയോഗിക്കുന്നതെന്ന് ജ്ഞാനപീഠം ജേതാവ് ഒ എന്‍ വി കുറുപ്പ് പറഞ്ഞു. കാര്‍ഷിക സംസ്കൃതിയില്‍ വ്യാപരിക്കുന്നവര്‍ സാംസ്കാരികരംഗത്ത് പ്രവര്‍ത്തിക്കുന്നവരേക്കാള്‍ താഴെയാണെന്ന നവ ഉദാരവല്‍ക്കരണ ആശയം ഇപ്പോള്‍ പ്രചരിപ്പിക്കുകയാണ്. സംസ്കാരത്തിന് അടിസ്ഥാനമായ കാര്‍ഷിക സംസ്കൃതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ പൊതുധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാംസ്കാരികപ്രവര്‍ത്തകര്‍ക്ക് ഉത്തരവാദിത്തമുണ്ട്. കാര്‍ഷികസംസ്കാരം വീണ്ടെടുത്തില്ലെങ്കില്‍ ഭക്ഷണത്തിനായി വിദേശികളുടെ മുന്നില്‍ കൈനീട്ടേണ്ട അവസ്ഥയിലേക്ക് എത്തും. ഒരുതുണ്ട് ഭൂമി കണ്ടാല്‍ അവിടെ അംബരചുംബികള്‍ കെട്ടിപ്പൊക്കുന്ന ഭ്രാന്തമായ വികാരം വളരുകയാണ്. വലിയ കെട്ടിടങ്ങളും അതിവേഗ പാതകളും മാത്രമല്ല വികസനമെന്ന് തിരിച്ചറിയണം. മന്ത്രിസഭകള്‍ എടുക്കുന്ന നല്ല തീരുമാനങ്ങളെ അട്ടിമറിക്കുന്ന ബ്യൂറോക്രസിയെ മറികടക്കാന്‍ കഴിയണമെന്നും ഒ എന്‍ വി പറഞ്ഞു.
പ്രവാസിനിക്ഷേപം ഉല്‍പ്പാദന മേഖലയിലേക്ക് തിരിച്ചുവിടണം
പ്രവാസികളുടെ നിക്ഷേപം ഉല്‍പ്പാദനമേഖലയിലേക്ക് തിരിച്ചുവിടാനുള്ള കര്‍മപദ്ധതി വേണമെന്ന് മൂന്നാം അന്താരാഷ്ട്ര കേരള പഠനകോണ്‍ഗ്രസിന്റെ ഭാഗമായി 'പ്രവാസിലോകം' സിമ്പോസിയം അഭിപ്രായപ്പെട്ടു. 44,000 കോടിയിലധികമാണ് പ്രവാസികളുടെ നിക്ഷേപം. എന്നാല്‍, ഈ നിക്ഷേപം ഉല്‍പ്പാദനപരമല്ലാത്ത മേഖലകളിലേക്കാണ് പോകുന്നത്. പ്രവാസിനിക്ഷേപത്തെ നാടിന്റെ വികസനത്തിന് ഉപയോഗപ്പെടുത്താനും സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും എന്‍ആര്‍ഐ ഇന്‍വെസ്റ്മെന്റ് കമ്പനി രൂപീകരിക്കണം. പി ടി കുഞ്ഞുമുഹമ്മദ് ഉദ്ഘാടനംചെയ്തു. ടി കെ ഹംസ അധ്യക്ഷനായി. ആസൂത്രണബോര്‍ഡ് അംഗം ഡോ. കെ എന്‍ ഹരിലാല്‍, ഡോ. ഇരുദയരാജന്‍ (സിഡിഎസ്), ടൂറിസ്റ് റിസോര്‍ട്ട്സ് കേരള ലിമിറ്റഡ് എംഡി ടി കെ മന്‍സൂര്‍, ഡോ. നാഗരാജന്‍ നായിഡു, കെ എല്‍ ഗോപി (ദല), പി എം ജാബിര്‍, കെ ടി ബാലഭാസ്കര്‍ എന്നിവര്‍ സംസാരിച്ചു.
ഗഹനമായ ശാസ്ത്രവിഷയങ്ങള്‍ മലയാളം ഉള്‍ക്കൊള്ളണം: പി ജി
ലോകത്തെ ഗഹനമായ ശാസ്ത്രവിഷയങ്ങളെയെല്ലാം ഉള്‍ക്കൊള്ളാനുള്ള ശേഷി മലയാളം ആര്‍ജിക്കണമെന്ന് പി ഗോവിന്ദപ്പിള്ള പറഞ്ഞു. അന്താരാഷ്ട്ര കേരള പഠനകോണ്‍ഗ്രസില്‍ 'മലയാളിയുടെ മാറുന്ന സംസ്കാരം- ഭാഷ, സാഹിത്യം, സിനിമ' എന്ന സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ന് മലയാളത്തില്‍ ഇറങ്ങുന്ന പുസ്തകങ്ങളില്‍ വൈജ്ഞാനികസാഹിത്യത്തിന്റെ പങ്ക് വളരെ കുറവാണ്. 50 ശതമാനം പുസ്തകങ്ങളെങ്കിലും ഈ വിഭാഗത്തില്‍നിന്നുണ്ടാകണം. ഇതിനായി ധാരാളം തര്‍ജമകള്‍ വേണം. ഒരു ഭാഷ മറ്റൊന്നിനേക്കാള്‍ മികച്ചതാണെന്ന് സ്ഥാപിക്കുന്ന തരത്തിലുള്ള ക്ളാസിക് വിഭജനങ്ങള്‍ രാജ്യത്തിന്റെ അഖണ്ഡതയക്ക് ഭീഷണിയാകുമെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിനാകെത്തന്നെ അര്‍ഥമില്ലായ്മ തോന്നുമ്പോഴാണ് മദ്യാസക്തിയുടെ സംസ്കാരം രൂപപ്പെടുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷനായ ഡോ. ജി ബാലമോഹന്‍തമ്പി പറഞ്ഞു. ലഹരിയിലായിരിക്കുന്നവനെ ചോദ്യങ്ങള്‍ അലട്ടില്ല. അതിലൂടെ അവന്പ്രതികരണശേഷിയും നഷ്ടപ്പെടും. ഇതില്‍നിന്ന് കരകയറണമെങ്കില്‍ ഒരു പ്രതിസംസ്കാരം വളര്‍ത്തിയെടുക്കണം -അദ്ദേഹം പറഞ്ഞു. മലയാളത്തിന് ക്ളാസിക്കല്‍ പദവി അവകാശപ്പെടാനുള്ള എല്ലാ അര്‍ഹതയുമുണ്ടെന്ന് ഡോ. പുതുശ്ശേരി രാമചന്ദ്രന്‍ പറഞ്ഞു. 1500ലധികം പഴക്കമുണ്ട് മലയാളത്തിന്. പ്രൊഫ. വി എന്‍ മുരളി, സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദ്, വി കെ ജോസഫ്, എ മീരാസാഹിബ്, ബി രാജീവന്‍, ഹമീദ് ചേന്നമംഗലൂര്‍, സുനില്‍ പി ഇളയിടം, കെ എസ് രവികുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പഠന കോണ്‍ഗ്രസില്‍ വിദേശ പ്രതിനിധികളും
അന്താരാഷ്ട്ര പഠന കോണ്‍ഗ്രസില്‍ വിദേശപ്രതിനിധികളുടെ സജീവസാന്നിധ്യം. സ്വീഡിഷ് പബ്ളിക് ബ്രോഡ്കാസ്റ്റിങ്ങിലെ മാധ്യമപ്രവര്‍ത്തകന്‍ ഫ്രഡറിക് ലോറിന്‍, റിപ്പബ്ളിക് ഓഫ് സൌത്ത് ആഫ്രിക്ക ധനമന്ത്രാലയം ഉപദേശകന്‍ ഫൌഡ് കാസിം എന്നിവര്‍ ആദ്യദിവസം പഠനകോണ്‍ഗ്രസിലെത്തി. തിങ്കളാഴ്ച എ കെ ജി ഹാളില്‍ നടക്കുന്ന ' മാധ്യമപ്രവര്‍ത്തനം എങ്ങോട്ട്' എന്ന സിംപോസിയത്തില്‍ ഫ്രഡറിക് ലോറനും സംക്രമണ ഭരണവ്യവസ്ഥയെ ആസ്പദമാക്കി നടക്കുന്ന സിംപോസിയത്തില്‍ ഫൌഡ് കാസിമും പ്രബന്ധം അവതരിപ്പിക്കും. ക്യൂബയിലെ ഹവാന സര്‍വകലാശാല പ്രൊഫസര്‍ കാര്‍ലോസ് അല്‍സുഗറായി ട്രെറ്റോ, ഇന്ത്യയിലെ വെനസ്വേലന്‍ സ്ഥാനപതി മിലെന റാമിറെസ് എന്നിവര്‍ ഞായറാഴ്ച എത്തും. ഇവര്‍ തിങ്കളാഴ്ച പ്രബന്ധം അവതരിപ്പിക്കും.
ദേശാഭിമാനി 020111
കേരളം ആര്‍ജിച്ച നവോത്ഥാനമൂല്യം സംരക്ഷിക്കാന്‍ സാമൂഹികപ്രസ്ഥാനം വളര്‍ത്തിയെടുക്കേണ്ടത് അനിവാര്യമാണെന്ന് പഠനകോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച 'നവോത്ഥാനമൂല്യങ്ങള്‍ ഇന്നും നാളെയും' സിമ്പോസിയം വിലയിരുത്തി. മാനവികത, വിമര്‍ശനബുദ്ധി, അന്വേഷണത്വര, സ്ത്രീ-പുരുഷ സമത്വം തുടങ്ങിയ മൂല്യം നവോത്ഥാന കാലഘട്ടം മുന്നോട്ടുവച്ചു. ഇവയില്‍ പലതും നമുക്ക് നഷ്ടമാകുന്ന സ്ഥിതിയാണ്. 1957ലെ വിമോചനസമരമാണ് ഈ വഴിത്തിരിവിന് കാരണം. പത്തി മടക്കിയ ജാതി-മത രാഷ്ട്രീയം വിമോചനസമരത്തോടെ പത്തി വിടര്‍ത്തി ആടാന്‍ തുടങ്ങി. തുടര്‍ന്ന് നവോത്ഥാനമൂല്യങ്ങളില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി. ഇത് സാമൂഹികമായ വലിയ തിരിച്ചടിക്ക് കാരണമായതായും സിമ്പോസിയം വിലയിരുത്തി.
ReplyDeleteആ എസ്സാര്‍പ്പി എന്തോ പറഞ്ഞു കൊളം ആക്കിയല്ലോ
ReplyDelete