അടിയന്തരാവസ്ഥ: 76ലെ വിധി മൗലികാവകാശ ലംഘനമെന്ന് സുപ്രിം കോടതിയുടെ കുറ്റസമ്മതം
ന്യൂഡല്‍ഹി: അടിയന്തരാവസ്ഥയെ പിന്തുണച്ചുകൊണ്ടുള്ള 1976ലെ സുപ്രിം കോടതി വിധി രാജ്യത്തെ ജനങ്ങളുടെ മൗലികാവകാശങ്ങള്‍ ഹനിക്കപ്പെടാന്‍ ഇടയാക്കിയിട്ടുണ്ടെന്ന് സുപ്രിം കോടതിയുടെ കുറ്റസമ്മതം. ഒരു കൊലപാതക കേസിലെ റിവ്യൂ പെറ്റിഷനില്‍ വിധി പറയുന്നതിനിടെയാണ്, ജസ്റ്റിസുമാരായ അഫ്താബ് ആലമും അശോക് കുമാറും പരമോന്നത കോടതിയുടെ ചരിത്രത്തില്‍ ഇടംപിടിച്ച ഉത്തരവു പുനപ്പരിശോധനയ്ക്കു വിധേയമാക്കിയത്.
അടിയന്തരാവസ്ഥയില്‍ പൗരന്മാരുടെ മൗലികാവകാശങ്ങള്‍ റദ്ദാക്കിയതു ശരിവച്ച, 1976ലെ എ ഡി എം ജബല്‍പൂര്‍ കേസിലെ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ ഭൂരിപക്ഷ വിധി പിഴവുകള്‍ നിറഞ്ഞതായിരുന്നുവെന്ന് രണ്ടംഗ ബഞ്ച് വിലയിരുത്തി. കുടുംബത്തിലെ നാല് അംഗങ്ങളെ കൊലപ്പെടുത്തിയ രാംദേവ് ചൗഹാന്‍ എന്നയാളുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചുകൊണ്ടുള്ള വിധിക്കെതിരെയാണ് സുപ്രിം കോടതിയുടെ ആത്മപരിശോധന. സുപ്രിം കോടതി ഉത്തരവുകള്‍ പൗരന്‍മാരുടെ മനുഷ്യാവകാശങ്ങള്‍ ലംഘിച്ചതിന് വളരെയൊന്നും ഉദാഹരണങ്ങളില്ലെന്നും എന്നാല്‍ അത്തരത്തില്‍ സംഭവിച്ചിട്ടില്ലെന്ന് തീര്‍ത്തുപറയാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ബഞ്ച് അടിയന്തരാവസ്ഥാ കേസിലേയ്ക്കു കടന്നത്. എ ഡി എം ജബല്‍പുരും ശിവകാന്ത് ശുക്ലയും തമ്മിലുള്ള കേസിലെ വിധി രാജ്യത്തെ അനേകങ്ങളുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടാന്‍ ഇടവച്ചിട്ടുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു.
ഭരണഘടനയുടെ 359 (1) വകുപ്പു പ്രകാരമുള്ള രാഷ്ട്രപതിയുടെ വിജ്ഞാനം അനുസരിച്ച് ഹൈക്കോടതികളില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കാനോ വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെട്ടതായി ഹര്‍ജി നല്‍കാനോ പൗരന്മാര്‍ക്ക് അവകാശമില്ലെന്നായിരുന്നു ജബല്‍പുര്‍ കേസിലെ വിധി. രാഷ്ട്രപതിയുടെ വിജ്ഞാപനം വ്യക്തിസ്വാന്ത്ര്യം അനുവദിക്കുന്ന ഇത്തരം നിയമങ്ങള്‍ക്ക് എതിരാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ വിധി. ജസ്റ്റിസ് ഖന്ന ആ വിധിക്ക് വിയോജനക്കുറിപ്പെഴുതി. ഹേബിയസ് കോര്‍പ്പസും വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട മറ്റു ഹര്‍ജികളും അനുവദിക്കുന്നത് 226 (8) വകുപ്പ് അനുസരിച്ച് ഭരണഘടനയുടെ അവിഭാജ്യ ഭാഗമാണെന്ന് ജസ്റ്റിസ് ഖന്ന വ്യക്തമാക്കി. ഹേബിയസ് കോര്‍പ്പസ് പോലെയുള്ള ഹര്‍ജികള്‍ അനുവദിക്കുന്നതില്‍നിന്ന് ഹൈക്കോടതികളെ തടയാന്‍ ഭരണഘടന ആര്‍ക്കും അധികാരം നല്‍കുന്നില്ലെന്ന് ജസ്റ്റിസ് ഖന്ന ചൂണ്ടിക്കാട്ടിയിരുന്നു. ജബല്‍പുര്‍ കേസിലെ ഭൂരിപക്ഷ വിധിക്ക് ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാണ് സ്ഥാനമെന്ന് മുന്‍ ചീഫ് ജസ്റ്റിസ് എം എന്‍ വെങ്കടചെല്ലയ്യ പിന്നീട് അഭിപ്രായപ്പെട്ടതും ജസ്റ്റിസ് ഗാംഗുലി വിധിന്യായത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയില്‍ വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്നതിന് അധികാരം നല്‍കുന്ന വകുപ്പുകള്‍ ഭരണഘടനയില്‍ പിന്നീട് ഭേദഗതി ചെയ്തിരുന്നു. ജസ്റ്റിസ് ഖന്ന അന്നു രേഖപ്പെടുത്തിയ വിയോജിപ്പ് പിന്നീട് രാജ്യത്തെ നിയമമായി മാറുകയായിരുന്നു.
വധശിക്ഷയ്‌ക്കെതിരെ രാംദേവ് ചൗഹാന് നല്‍കിയ രണ്ടാമത്തെ റിവ്യൂ ഹര്‍ജി അനുവദിച്ചുകൊണ്ടാണ് കോടതി ശിക്ഷ ജീവപര്യന്തമായി കുറച്ചത്. നേരത്തെ ചൗഹാന്റെ വധശിക്ഷ സുപ്രിം കോടതി ശരിവച്ചിരുന്നു. സുപ്രിം കോടതി ശിക്ഷ ശരിവച്ചുകഴിഞ്ഞാല്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന് പിന്നീട് അതില്‍ ഇടപെടാനാവില്ലെന്ന സുപ്രിം കോടതിയുടെ റൂളിംഗും രണ്ടംഗ ബഞ്ച് റദ്ദാക്കി. മനുഷ്യാവകാശങ്ങളെന്നത് പാറയില്‍ കൊത്തിവച്ച എഴുത്തല്ലെന്നും അനുഭവജ്ഞാനത്തിലൂടെയും സ്വാതന്ത്ര്യത്തിനായുള്ള മനുഷ്യന്റെ നിരന്തര പോരാട്ടത്തിലൂടെയുമാണ് അത് ഉരുത്തിരിഞ്ഞുവരുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു. മനുഷ്യാവകാശങ്ങള്‍ക്ക് ഒരു പരിധി വരെ വഴക്കം ആവശ്യമാണെന്നും ജസ്റ്റിസ് ഗാംഗുലി വിധിന്യായത്തില്‍ അഭിപ്രായപ്പെട്ടു.
സുപ്രിം കോടതിയുടെ സ്വയംപരിശോധന ഏറെ സവിശേഷതകളുള്ള കേസില്‍
ന്യൂഡല്‍ഹി: അടിയന്തരാവസ്ഥയെ അനുകൂലിച്ച സുപ്രിം കോടതി വിധി അനേകങ്ങളുടെ മൗലികാവകാശങ്ങള്‍ ഹനിക്കപ്പെടാന്‍ ഇടയാക്കിയെന്ന സുപ്രിം കോടതിയുടെ ആത്മപരിശോധന ഒട്ടേറെ സവിശേഷകളുള്ള കൊലക്കേസില്‍ വിധി പുനപ്പരിശോധിക്കുന്നതിനിടെ. മനുഷ്യാവകാശ കമ്മിഷന്റെ അധികാരത്തെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചും ശ്രദ്ധേയ നിരീക്ഷണങ്ങളാണ് ഈ കേസില്‍ കോടതി നടത്തിയിരിക്കുന്നത്.
കുടുംബത്തിലെ നാല് അംഗങ്ങളെ കൊലപ്പെടുത്തിയ കേസില്‍ രാംദേവ് ചൗഹാന് നല്‍കിയ വധശിക്ഷ ജീവപര്യന്തമായി കുറച്ചുകൊണ്ടാണ് സുപ്രിം കോടതിയുടെ ഉത്തരവ്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് വിലയിരുത്തിക്കൊണ്ടാണ് ഗുവാഹതിയിലെ സെഷന്‍സ് കോടതി ചൗഹാന് വധശിക്ഷ വിധിച്ചത്. ഗുവാഹതി ഹൈക്കോടതി ഇതു ശരിവച്ചു. 2000 ജൂലൈ 31ന് ജസ്റ്റിസുമാരായ കെ ടി തോമസും ആര്‍ പി സേഥിയും അടങ്ങുന്ന സുപ്രിം കോടതി ബഞ്ചും ചൗഹാന്റെ ശിക്ഷ ശരിവച്ചു. കുറ്റം ചെയ്യുന്ന സമയത്ത് തനിക്ക് 16 വയസേ ഉള്ളൂവെന്നും അതുകൊണ്ട് ജുവനൈസ് ജസ്റ്റിസ് ആക്ടിന്റെ ആനുകൂല്യത്തില്‍ വധശിക്ഷ ഒഴിവാക്കണമെന്നുമായിരുന്നു ചൗഹാന്റെ വാദം. കൃത്യം നടക്കുമ്പോള്‍ ചൗഹാന് 20 വയസില്‍ കൂടുതലുണ്ടെന്നുള്ള മെഡിക്കല്‍ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നു കോടതികളും ഇതു തള്ളി. ജസ്റ്റിസുമാരായ കെ ടി തോമസും ആര്‍ പി സേഥിയും എസ് എന്‍ ഫുക്കനും അടങ്ങുന്ന ബഞ്ചാണ് ചൗഹാന്റെ ആദ്യ റിവ്യു ഹര്‍ജി പരിശോധിച്ചത്. ഭൂരിപക്ഷ വിധിയിലൂടെയായിരുന്നു ബഞ്ച് ഹര്‍ജി തള്ളിയത്. എന്നാല്‍ പ്രായത്തെക്കുറിച്ച് സംശയമുള്ളതു കണക്കിലെടുത്ത് വധശിക്ഷ ജീവപര്യന്തമാക്കി കുറയ്‌ക്കേണ്ടതായിരുന്നു ബഞ്ചിലെ ഒരു ജഡ്ജിയുടെ അഭിപ്രായം.
ചൗഹാനെക്കുറിച്ച് ഒരു മാഗസിനില്‍ വന്ന ലേഖനം പരിഗണിച്ചാണ് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ പ്രശ്‌നത്തില്‍ ഇടപെട്ടത്. ചൗഹാന്റെ വധശിക്ഷ ജീവപര്യന്തമാക്കുന്നതു പരിശോധിക്കാന്‍ കമ്മിഷന്‍ അസം ഗവര്‍ണറോടു നിര്‍ദേശിച്ചു.
കുറ്റം നടന്ന സമയത്തെ പ്രായം സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുന്നതു കണക്കിലെടുത്തായിരുന്നു കമ്മിഷന്റെ ഇടപെടല്‍. ഇതിനെത്തുടര്‍ന്ന് കൊലപാതകത്തിനിരയായവരുടെ കുടുംബാംഗങ്ങള്‍ സുപ്രിം കോടതിയിലെത്തി. ജുഡീഷ്യല്‍ ഉത്തരവ് മറികടന്ന് കേസില്‍ ഇടപെട്ടതിന് കമ്മിഷനെ വിമര്‍ശിച്ച സുപ്രിം കോടതി മുന്‍ ഉത്തരവ് ശരിവയ്ക്കുകയായിരുന്നു. ഇത്തരത്തില്‍ ഇടപെടല്‍ നടത്താന്‍ മനുഷ്യാവകാശ കമ്മിഷന് അധികാരമില്ലെന്നും സുപ്രിം കോടതി വിധിച്ചു. ഇതിനെത്തുടര്‍ന്നാണ് ചൗഹാന്‍ രണ്ടാം പുനപ്പരിശോധനാ ഹര്‍ജി നല്‍കിയത്.
കോടതി ഉത്തരവു നിലനില്‍ക്കെതന്നെ കേസുകളില്‍ ഇടപെടാന്‍ മനുഷ്യാവകാശ കമ്മിഷന് അധികാരമുണ്ടെന്നും മനുഷ്യാവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നതിന് ഇത്തരം അധികാരം ആവശ്യമാണെന്നും ജസ്റ്റിസ് ഗാംഗുലി വിധിന്യായത്തില്‍ വ്യക്തമാക്കി. പാറകളില്‍ എഴുതപ്പെട്ട എഴുത്തല്ല മനുഷ്യാവകാശങ്ങള്‍. കഠിനമായ പരീക്ഷണങ്ങളിലൂടെയും സ്വാതന്ത്ര്യത്തിനായുള്ള മനുഷ്യന്റെ നിരന്തരമായ പോരാട്ടത്തിലൂടെയുമാണ് അവ രൂപപ്പെടുന്നത്. അവയ്ക്ക് ഒരു പരിധി വരെ വഴക്കം വേണ്ടതുണ്ട്. മനുഷ്യാവകാശങ്ങള്‍ ഏതൊക്കെയെന്നത് മുന്‍കൂട്ടി തീരുമാനിക്കാനാവില്ല. അവ അനന്തമാണെന്നും ഈ വിഭാഗീകരണം തുടര്‍ന്നുകൊണ്ടിരിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.
janayugom 030111
അടിയന്തരാവസ്ഥയെ പിന്തുണച്ചുകൊണ്ടുള്ള 1976ലെ സുപ്രിം കോടതി വിധി രാജ്യത്തെ ജനങ്ങളുടെ മൗലികാവകാശങ്ങള്‍ ഹനിക്കപ്പെടാന്‍ ഇടയാക്കിയിട്ടുണ്ടെന്ന് സുപ്രിം കോടതിയുടെ കുറ്റസമ്മതം. ഒരു കൊലപാതക കേസിലെ റിവ്യൂ പെറ്റിഷനില്‍ വിധി പറയുന്നതിനിടെയാണ്, ജസ്റ്റിസുമാരായ അഫ്താബ് ആലമും അശോക് കുമാറും പരമോന്നത കോടതിയുടെ ചരിത്രത്തില്‍ ഇടംപിടിച്ച ഉത്തരവു പുനപ്പരിശോധനയ്ക്കു വിധേയമാക്കിയത്.
ReplyDelete