Sunday, January 2, 2011

സ്പെക്ട്രം കരാര്‍ ലംഘിച്ച കമ്പനികള്‍ക്ക് വീണ്ടും സൌജന്യം

രണ്ടാം തലമുറ സ്പെക്ടം ലൈസന്‍സ് നേടി ഒരു വര്‍ഷം കഴിഞ്ഞിട്ടും സര്‍വീസ് തുടങ്ങാത്ത കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിസമ്മതിക്കുന്നു. ഇത്തരം കമ്പനികള്‍ക്ക് പിഴ അടയ്ക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ വീണ്ടും സമയം നീട്ടികൊടുത്തിരിക്കുകയാണ്. ടെലികോം കമ്പനികളില്‍ നിന്ന് 219 കോടി രൂപ പിഴ ഈടാക്കുന്നതിന് പകരം 73.73 കോടി രൂപ മാത്രമാണ് പരിച്ചെടുത്തത്. ബാക്കി തുകയ്ക്ക് 15 ദിവസത്തെ സാവകാശമാണ് വീണ്ടും അനുവദിച്ചത്. ലൈസന്‍സ് ലഭിച്ച് ഒരുവര്‍ഷത്തിനകം ബന്ധപ്പെട്ട സര്‍ക്കിളുകളില്‍ സര്‍വീസ് ആരംഭിക്കണം. ഇത് പാലിച്ചില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കാമെന്നാണ് വ്യവസ്ഥ. ഇത്തരം കമ്പനികളില്‍നിന്ന് വലിയ തുക പിഴയും ഈടാക്കാം. പിഴ അടയ്ക്കാന്‍ വിസമ്മതിക്കുന്ന കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കണമെന്നാണ് ചട്ടം. എന്നാല്‍ ഈ കമ്പനികള്‍ക്ക് സമയം നീട്ടിക്കൊടുത്ത് അവയെ രക്ഷിക്കാനാണ് ടെലികോം മന്ത്രാലയം ശ്രമിക്കുന്നത്. കമ്പനികളില്‍നിന്ന് പിഴ ഈടാക്കുകയാണെന്ന് പറഞ്ഞ ടെലികോം മന്ത്രി കപില്‍ സിബല്‍ ലൈസന്‍സ് റദ്ദാക്കില്ലെന്ന് സൂചന നല്‍കി. ടെലികോം കമ്പനികളില്‍നിന്ന് 73.73 കോടി രൂപ പിഴ ഈടാക്കിയിട്ടുണ്ട്. മൊത്തം 219 കോടിയാണ് പിഴയായി ലഭിക്കേണ്ടത്. ഏറ്റിസലാറ്റ് ഡിബി, ലൂപ് ടെലികോം, യുനിനോര്‍, സിസ്റ്റേമ ശ്യാം, എയര്‍ സെല്‍ എന്നീ കമ്പനികളാണ് പിഴ അടയ്ക്കാനുള്ളത്. എറ്റിസലാറ്റ് 9.9 കോടിയും സിസ്റ്റേമ ശ്യാം 11 കോടിയും പിഴ നല്‍കിയിട്ടുണ്ട്. സ്പെക്ട്രം അഴിമതിയുടെ പശ്ചാത്തലത്തില്‍ പുതിയ ടെലികോം നയം 2011 കൊണ്ടുവരുമെന്നും കപില്‍ സിബല്‍ അറിയിച്ചു. സമഗ്രവും സുതാര്യത ഉറപ്പുവരുത്തുന്നതുമായിരിക്കും പുതിയ നയം. അടുത്ത നൂറ് ദിവസത്തെ പരിപാടികള്‍ പ്രഖ്യാപിക്കാനായി വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് കപില്‍ സിബല്‍ ഇക്കാര്യം അറിയിച്ചത്.

അവസാനമായി ടെലികോം നയം പ്രഖ്യാപിച്ചത് 1999 ലാണ്. അതിനുശേഷം ടെലികോം മേഖലയില്‍ പലമാറ്റങ്ങളും സംഭവിച്ചു. അതനുസരിച്ച് മാറ്റം അനിവാര്യമായതിനാലാണ് നയം മാറ്റം. രണ്ടാം തലമുറ സ്പെക്ട്രം വില്‍പ്പനയില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനവിധേയമായ ആദ്യം വന്നവര്‍ക്ക് ആദ്യം ലൈസന്‍സ് നല്‍കുന്നസമ്പ്രദായം തുടരുമോ എന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ മന്ത്രി തയ്യാറായില്ല. അതേസമയം ഏറെ എതിര്‍ക്കപ്പെട്ട വരുമാനം പങ്കുവയ്ക്കല്‍ സമ്പ്രദായം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. സ്പെക്ട്രം ക്ഷാമം പരിഹരിക്കുന്നതിനും കൂടുതല്‍ സ്പെക്ട്രം ലഭ്യമാക്കുന്നതിനുമായി പ്രതിരോധ, ശാസ്ത്രസാങ്കേതിക മന്ത്രാലയവുമായി ചര്‍ച്ച നടത്തും. മൊബൈല്‍ നമ്പര്‍ പോര്‍ടബിലിറ്റി സംവിധാനം ഉടന്‍ രാജ്യമാകെ നടപ്പാക്കും. ടെലിഫോണ്‍ സംഭാഷണം ചോര്‍ത്തല്‍ ദുരുപയോഗിക്കുന്നത് തടയാന്‍ നിരീക്ഷണ സംവിധാനവും കൊണ്ടുവരും. രാജ്യത്തെ 9600 പോസ്റ്റ് ഓഫീസുകള്‍ മാര്‍ച്ച് 31 നകം കംപ്യൂട്ടര്‍വല്‍ക്കരിക്കും. ഇലക്ട്രോണിക് സേവനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ഇലക്ട്രോണിക് സര്‍വീസ് ഡെലിവറി ബില്ലിന്റെ കരട് ഉടന്‍ രൂപീകരിക്കും. സൈബര്‍ കുറ്റകൃത്യങ്ങള്‍ കര്‍ക്കശമാക്കാന്‍ വിവരസാങ്കേതിക നിയമം ഭേദഗതി ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

ദേശാഭിമാനി 020111

1 comment:

  1. രണ്ടാം തലമുറ സ്പെക്ടം ലൈസന്‍സ് നേടി ഒരു വര്‍ഷം കഴിഞ്ഞിട്ടും സര്‍വീസ് തുടങ്ങാത്ത കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിസമ്മതിക്കുന്നു. ഇത്തരം കമ്പനികള്‍ക്ക് പിഴ അടയ്ക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ വീണ്ടും സമയം നീട്ടികൊടുത്തിരിക്കുകയാണ്. ടെലികോം കമ്പനികളില്‍ നിന്ന് 219 കോടി രൂപ പിഴ ഈടാക്കുന്നതിന് പകരം 73.73 കോടി രൂപ മാത്രമാണ് പരിച്ചെടുത്തത്. ബാക്കി തുകയ്ക്ക് 15 ദിവസത്തെ സാവകാശമാണ് വീണ്ടും അനുവദിച്ചത്. ലൈസന്‍സ് ലഭിച്ച് ഒരുവര്‍ഷത്തിനകം ബന്ധപ്പെട്ട സര്‍ക്കിളുകളില്‍ സര്‍വീസ് ആരംഭിക്കണം. ഇത് പാലിച്ചില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കാമെന്നാണ് വ്യവസ്ഥ. ഇത്തരം കമ്പനികളില്‍നിന്ന് വലിയ തുക പിഴയും ഈടാക്കാം. പിഴ അടയ്ക്കാന്‍ വിസമ്മതിക്കുന്ന കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കണമെന്നാണ് ചട്ടം. എന്നാല്‍ ഈ കമ്പനികള്‍ക്ക് സമയം നീട്ടിക്കൊടുത്ത് അവയെ രക്ഷിക്കാനാണ് ടെലികോം മന്ത്രാലയം ശ്രമിക്കുന്നത്.

    ReplyDelete