Sunday, January 2, 2011

അലിഗഢ് സര്‍വകലാശാല സ്‌പെഷല്‍ സെന്റര്‍

സച്ചാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണയില്‍ അലിഗഡ് മുസ്ലീം സര്‍വകലാശാലയുടെ സ്‌പെഷ്യല്‍ സെന്റര്‍ ആരംഭിക്കുന്നതിനുള്ള തീരുമാനം നമ്മുടെ സംസ്ഥാനം ഉന്നത വിദ്യാഭ്യാസമേഖലയില്‍ കൈവരിക്കുന്ന തിളക്കമാര്‍ന്ന നേട്ടങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ഡിസംബര്‍ 28 ന് തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ വച്ച് മുഖ്യമന്ത്രി 214.23 ഏക്കര്‍ ഭൂമിയുടെ രേഖകള്‍ അലിഗഡ് സര്‍വകലാശാല വൈസ് ചാന്‍സലറെ ഏല്‍പ്പിച്ചു. റവന്യുവകുപ്പിനെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനകരമായ മുഹൂര്‍ത്തമാണിത്. ഏഴു മാസം മുമ്പ് ഒന്നാംഘട്ടത്തില്‍ 121.76 ഏക്കര്‍ ഭൂമിയുടെ രേഖകള്‍ വൈസ് ചാന്‍സലര്‍ക്ക് ഏല്‍പ്പിച്ചുകൊടുത്തിരുന്നു. മൊത്തം 333.99 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുത്ത് സര്‍വകലാശാലയ്ക്ക് കൈമാറിയത്. നാല്‍പതു കോടി രൂപയാണ് സംസ്ഥാന ഗവണ്‍മെന്റ് ഇതിനായി ചിലവഴിച്ചത്. വളരെ വേഗത്തില്‍ തികച്ചും മാതൃകാപരമായ രീതിയിലാണ് സ്ഥലമെടുപ്പ് പ്രക്രിയ നടപ്പിലാക്കിയത്. 27-8-09 ന് മലപ്പുറം ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ സ്ഥലമെടുപ്പ് നടപടി തുടങ്ങി. ഒമ്പതുമാസം കൊണ്ട് ഒന്നാം ഘട്ടവും ഏഴു മാസം കൂടി എടുത്ത് മുഴുവന്‍ ഭൂമിയും കൈമാറാന്‍ കഴിഞ്ഞത് സംസ്ഥാനത്തിന്റെ ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങളിലെ ആദ്യത്തെ അനുഭവമാണ്.

അലിഗഡ് സര്‍വകലാശാലയുടെ ഒരു കാമ്പസ് (സ്‌പെഷ്യല്‍ സെന്റര്‍) ആരംഭിക്കുന്നു എന്നത് വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും സാംസ്‌കാരികപരമായും ഒരു വലിയ മുന്നേറ്റമാണ്. സര്‍ സയ്യിദ് അഹമ്മദ്ഖാന്‍ സ്ഥാപിച്ച അലിഗഡ് മുസ്ലീം സര്‍വകലാശാല രാജ്യത്തെ ഉന്നത വിദ്യാഭ്യാസരംഗത്തെ ഏറ്റവും ഉയര്‍ന്ന കേന്ദ്രങ്ങളിലൊന്നാണ്. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോട് നടത്തിയ അഭ്യര്‍ഥനയുടെ ഫലമായിട്ടാണ് ഈ കേന്ദ്രം കേരളത്തിന് അനുവദിച്ചത്. കേരളം ഉള്‍പ്പെടെ 5 സംസ്ഥാനങ്ങളില്‍ ആരംഭിക്കുന്ന സെന്ററുകളില്‍ ഒന്നാണ് പെരിന്തല്‍മണ്ണയില്‍ തുടങ്ങുന്നത്.

5 കേന്ദ്രങ്ങളില്‍ ആദ്യത്തേതാണ് കേരളത്തില്‍ തുടങ്ങുന്നത് എന്നാണ് വൈസ് ചാന്‍സലര്‍ അറിയിച്ചത്. രണ്ടാമത് ഇത്തരമൊരു കേന്ദ്രത്തിന് സ്ഥലം കണ്ടെത്താന്‍ ശ്രമം നടത്തുന്നത് പശ്ചിമബംഗാള്‍ ആണെന്നും അദ്ദേഹം പ്രസ്താവിക്കുകയുണ്ടായി.

പെരിന്തല്‍മണ്ണ താലൂക്കില്‍ ഏലംകുളം, ആനമങ്ങാട്, പാതായ്ക്കര വില്ലേജുകളില്‍ നാനൂറ് ഏക്കറോളം ഭൂമി ഫാസ്റ്റ് ട്രാക്ക് സംവിധാനത്തിലൂടെയാണ് ഏറ്റെടുത്ത് നല്‍കാന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

റവന്യുവകുപ്പ് ഈ ജോലി ഒരു വെല്ലുവിളിയായി ഏറ്റെടുക്കുകയും അതിര്‍ത്തി നിര്‍ണയത്തിനുശേഷം കേരള ലാന്റ് ഇന്‍ഫര്‍മേഷന്‍ മിഷനില്‍ നിന്നുള്ള സര്‍വ്വെ ടീമിനെ പ്രത്യേകമായി ഈ ജോലികള്‍ക്കായി നിയമിക്കുകയും ചെയ്തു. ഫാസ്റ്റ് ട്രാക്ക് പദ്ധതി പ്രകാരം ഭൂവുടമകളില്‍ നിന്നും ഉഭയകക്ഷി ചര്‍ച്ചകളിലൂടെ വില നിശ്ചയിച്ച് ഭൂമി വാങ്ങുന്നതിനായി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പ്രത്യേകമായി ഒരു ഡപ്യൂട്ടി കലക്ടറെ അധികാരപ്പെടുത്തി ജില്ലാതല വാങ്ങല്‍ സമിതി രൂപീകരിച്ചു. ചീഫ് സെക്രട്ടറി ചെയര്‍മാനായ സംസ്ഥാനതല ഉന്നതാധികാര സമിതി ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു.

റവന്യു, വിദ്യാഭ്യാസ വകുപ്പ് മന്ത്രിമാര്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു. 255 ഭൂഉടമകളില്‍ നിന്ന് ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ ഭൂമി ഏറ്റെടുക്കാനും സര്‍വകലാശാലയ്ക്ക് കൈമാറാനും കഴിഞ്ഞത് വലിയ നേട്ടമാണ്.

സര്‍വകലാശാലയുടെ കേന്ദ്രം മലപ്പുറം ജില്ലയില്‍ ആരംഭിക്കാന്‍ തീരുമാനിച്ചപ്പോള്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങളും ഏറെ സന്തോഷിച്ചു. നമ്മുടെ കുട്ടികള്‍ക്ക് ഉന്നത പഠനത്തിനായി ലഭിക്കുന്ന മികച്ച സൗകര്യം എല്ലാവരും സ്വാഗതം ചെയ്തു. എന്നാല്‍ മലപ്പുറം ജില്ലാ കലക്ടറേറ്റിനു മുന്നില്‍ മാസങ്ങളോളം നീണ്ടുനിന്ന സമരത്തിലൂടെ പ്രശ്‌നങ്ങള്‍ പരമാവധി വിവാദമാക്കാനും ഗവണ്‍മെന്റിനെ വിമര്‍ശിക്കാനും ഒരവസരമാക്കി ചിലര്‍ മുന്നോട്ടു വന്നു എന്നതും ചര്‍ച്ച ചെയ്യപ്പെടാതെ പോകരുത്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലീംലീഗ് സര്‍വശക്തിയും സമാഹരിച്ച് ഇത്രയും നീണ്ടുനിന്ന ഒരു സമരം എന്തിനാണ് നടത്തിയത് എന്ന് അവര്‍ ഉത്തരം നല്‍കേണ്ട വിഷയമാണ്. യു ഡി എഫ് പ്രത്യക്ഷമായി സമരരംഗത്ത് വന്നില്ലെങ്കിലും സംസ്ഥാന ഗവണ്‍മെന്റിനെ വിമര്‍ശിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ അവര്‍ നഷ്ടപ്പെടുത്തിയിട്ടില്ല. നിയമസഭയില്‍ അഞ്ചു തവണ ഇതേക്കുറിച്ച് പ്രതിപക്ഷ അംഗങ്ങളുടെ സബ്മിഷന് മറുപടി പറയേണ്ടിവന്നു. അലിഗഡ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ സംസ്ഥാന ഗവണ്‍മെന്റിന് കൃതജ്ഞതയും സന്തോഷവും പരസ്യമായി പ്രകടിപ്പിക്കുമ്പോള്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്സീംലീഗിന്റെ ജനപ്രതിനിധികളും പങ്കെടുത്തു എന്നത് സന്തോഷം നല്‍കുന്നു.

പുതിയ കെട്ടിടങ്ങളും ഹോസ്റ്റലുകളും മറ്റ് അനുബന്ധ സൗകര്യങ്ങളും ഏര്‍പ്പെടുത്താനുള്ള തീരുമാനങ്ങള്‍ എല്ലാം ഏറ്റവും വേഗത്തില്‍തന്നെ ആരംഭിച്ചിരിക്കുന്നു. പുതിയ കാമ്പസ്സ് രൂപപ്പെടാന്‍ സമയം കുറച്ചുകൂടി വേണ്ടിവരും. എന്നതിനാല്‍ താല്‍ക്കാലിക കെട്ടിടത്തില്‍ ക്ലാസുകള്‍ ആരംഭിക്കുകയാണ്. 2011 ജനുവരിയില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കും. നിരവധി ഫാക്കല്‍റ്റികളും കോഴ്‌സുകളും-നേഴ്‌സറി ക്ലാസ് മുതല്‍ ഏറ്റവും ഉയര്‍ന്ന കോഴ്‌സുകള്‍ വരെയും ഈ കാമ്പസ്സില്‍ യാഥാര്‍ഥ്യമാകുമ്പോള്‍ കേരളത്തില്‍ ഒരു 'ഗ്രീന്‍ യൂണിവേഴ്‌സിറ്റി'യാണ് സ്ഥാപിക്കപ്പെടുന്നത്.

കെ പി രാജേന്ദ്രന്‍ ജനയുഗം 020111

1 comment:

  1. സച്ചാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണയില്‍ അലിഗഡ് മുസ്ലീം സര്‍വകലാശാലയുടെ സ്‌പെഷ്യല്‍ സെന്റര്‍ ആരംഭിക്കുന്നതിനുള്ള തീരുമാനം നമ്മുടെ സംസ്ഥാനം ഉന്നത വിദ്യാഭ്യാസമേഖലയില്‍ കൈവരിക്കുന്ന തിളക്കമാര്‍ന്ന നേട്ടങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ഡിസംബര്‍ 28 ന് തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ വച്ച് മുഖ്യമന്ത്രി 214.23 ഏക്കര്‍ ഭൂമിയുടെ രേഖകള്‍ അലിഗഡ് സര്‍വകലാശാല വൈസ് ചാന്‍സലറെ ഏല്‍പ്പിച്ചു. റവന്യുവകുപ്പിനെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനകരമായ മുഹൂര്‍ത്തമാണിത്. ഏഴു മാസം മുമ്പ് ഒന്നാംഘട്ടത്തില്‍ 121.76 ഏക്കര്‍ ഭൂമിയുടെ രേഖകള്‍ വൈസ് ചാന്‍സലര്‍ക്ക് ഏല്‍പ്പിച്ചുകൊടുത്തിരുന്നു. മൊത്തം 333.99 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുത്ത് സര്‍വകലാശാലയ്ക്ക് കൈമാറിയത്. നാല്‍പതു കോടി രൂപയാണ് സംസ്ഥാന ഗവണ്‍മെന്റ് ഇതിനായി ചിലവഴിച്ചത്. വളരെ വേഗത്തില്‍ തികച്ചും മാതൃകാപരമായ രീതിയിലാണ് സ്ഥലമെടുപ്പ് പ്രക്രിയ നടപ്പിലാക്കിയത്. 27-8-09 ന് മലപ്പുറം ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ സ്ഥലമെടുപ്പ് നടപടി തുടങ്ങി. ഒമ്പതുമാസം കൊണ്ട് ഒന്നാം ഘട്ടവും ഏഴു മാസം കൂടി എടുത്ത് മുഴുവന്‍ ഭൂമിയും കൈമാറാന്‍ കഴിഞ്ഞത് സംസ്ഥാനത്തിന്റെ ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങളിലെ ആദ്യത്തെ അനുഭവമാണ്.

    ReplyDelete