Sunday, January 2, 2011

ഇപിഎഫ് നിക്ഷേപം ഓഹരി വിപണിയിലേക്ക്

എംപ്ളോയീസ് പ്രോവിഡന്റ് ഫണ്ട് അക്കൌണ്ടുള്ളവരെ മുഴുവന്‍ പുതിയ പെന്‍ഷന്‍പദ്ധതി (ന്യൂ പെന്‍ഷന്‍ സ്കീം)യിലേക്ക് മാറ്റി പ്രോവിഡന്റ് ഫണ്ട് സംവിധാനത്തെ തകര്‍ക്കാന്‍ ശ്രമം. ഇപിഎഫ് നിധി കാര്യക്ഷമമായല്ല കൈകാര്യം ചെയ്യുന്നതെന്ന് വരുത്തിത്തീര്‍ത്ത് അക്കൌണ്ടുകള്‍ പൂര്‍ണമായും എന്‍പിഎസിലേക്ക് മാറ്റണമെന്ന പ്രചാരണത്തിന് മാധ്യമങ്ങളുടെ പിന്തുണയുമുണ്ട്. എന്‍പിഎസ് നിക്ഷേപംപോലെ ഇപിഎഫ് നിക്ഷേപവും ഓഹരിവിപണിയിലെ ചൂതാട്ടത്തിന് വിട്ടുകൊടുക്കാനാണ് സര്‍ക്കാരും കോര്‍പറേറ്റുകളും ലക്ഷ്യമിടുന്നത്. എന്നാല്‍, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റീസിന്റെ അനുകൂലതീരുമാനം ലഭിക്കാത്തതുമാത്രമാണ് അന്തിമതീരുമാനത്തിന് തടസ്സം. സിബിടിയിലെ ട്രേഡ് യൂണിയന്‍ പ്രതിനിധികളുടെ എതിര്‍പ്പാണ് ഇതിന് കാരണം.

0.8 ശതമാനം തൊഴിലാളികള്‍മാത്രമാണ് പിഎഫ് അക്കൌണ്ടുകള്‍ തുടരാന്‍ ആഗ്രഹിക്കുന്നതെന്ന് കര്‍ണാലിലെ പിഎഫ് ഓഫീസ് നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ സെന്‍ട്രല്‍ പിഎഫ് കമീഷണര്‍ സമിരേന്ദ്ര ചാറ്റര്‍ജി പറഞ്ഞിരുന്നു. മറ്റ് യൂണിറ്റുകളോടുംകൂടി സര്‍വേ നടത്തണമെന്നും ഇപിഎഫ് കാര്യക്ഷമമല്ലെന്ന കോര്‍പറേറ്റ് പ്രചാരണത്തെ സാധൂകരിച്ചുകൊണ്ട് പിഎഫ് കമീഷണര്‍ പറഞ്ഞിരുന്നു. ജോലി മാറുന്നവര്‍ക്ക് ഇനിമുതല്‍ പിഎഫ് തുക പെട്ടെന്ന് പിന്‍വലിക്കാന്‍ അനുവദിക്കില്ലെന്ന തീരുമാനം കൈക്കൊള്ളുമെന്ന സൂചനയും കമീഷണര്‍ നല്‍കി.

എന്നാല്‍, മാറിപ്പോകുന്ന പല കമ്പനിയിലും പിഎഫ് ഇല്ലെന്ന സത്യം കമീഷണറും സര്‍ക്കാരും കണ്ടില്ലെന്ന് നടിക്കുകയാണെന്ന് സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് എ കെ പത്മനാഭന്‍ ആരോപിച്ചു. എല്ലാ കമ്പനിയിലും പിഎഫ് നിര്‍ബന്ധമാക്കേണ്ട സര്‍ക്കാര്‍ അതിന് തയ്യാറാകാതെ തൊഴിലാളികള്‍ പിഎഫ് നിലനിര്‍ത്തുന്നില്ലെന്ന് ആരോപിക്കുന്നത് സ്വീകാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപിഎഫ് മാറ്റി പുതിയ പെന്‍ഷന്‍പദ്ധതിയില്‍ തൊഴിലാളികളുടെ പണം നിക്ഷേപിച്ചാല്‍ അത് അവര്‍ക്ക് തിരിച്ചുകിട്ടുമെന്നതിന് ഉറപ്പില്ല. കമ്പോളശക്തികളാണ് പെന്‍ഷന്‍നിധി കൈകാര്യം ചെയ്യുന്നത്. മാത്രമല്ല പിഎഫ് പോലെ അത്യാവശ്യ ഘട്ടങ്ങളില്‍ ഈ നിധിയില്‍നിന്ന് പണം പിന്‍വലിക്കാനും തൊഴിലാളികള്‍ക്ക് കഴിയില്ല.

ദേശാഭിമാനി 020111

1 comment:

  1. എംപ്ളോയീസ് പ്രോവിഡന്റ് ഫണ്ട് അക്കൌണ്ടുള്ളവരെ മുഴുവന്‍ പുതിയ പെന്‍ഷന്‍പദ്ധതി (ന്യൂ പെന്‍ഷന്‍ സ്കീം)യിലേക്ക് മാറ്റി പ്രോവിഡന്റ് ഫണ്ട് സംവിധാനത്തെ തകര്‍ക്കാന്‍ ശ്രമം. ഇപിഎഫ് നിധി കാര്യക്ഷമമായല്ല കൈകാര്യം ചെയ്യുന്നതെന്ന് വരുത്തിത്തീര്‍ത്ത് അക്കൌണ്ടുകള്‍ പൂര്‍ണമായും എന്‍പിഎസിലേക്ക് മാറ്റണമെന്ന പ്രചാരണത്തിന് മാധ്യമങ്ങളുടെ പിന്തുണയുമുണ്ട്. എന്‍പിഎസ് നിക്ഷേപംപോലെ ഇപിഎഫ് നിക്ഷേപവും ഓഹരിവിപണിയിലെ ചൂതാട്ടത്തിന് വിട്ടുകൊടുക്കാനാണ് സര്‍ക്കാരും കോര്‍പറേറ്റുകളും ലക്ഷ്യമിടുന്നത്. എന്നാല്‍, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റീസിന്റെ അനുകൂലതീരുമാനം ലഭിക്കാത്തതുമാത്രമാണ് അന്തിമതീരുമാനത്തിന് തടസ്സം. സിബിടിയിലെ ട്രേഡ് യൂണിയന്‍ പ്രതിനിധികളുടെ എതിര്‍പ്പാണ് ഇതിന് കാരണം.

    ReplyDelete