Friday, January 14, 2011

വിപണിയിലെ കൊള്ള തടയാന്‍ ഓര്‍ഡിനന്‍സ്

വന്‍കിടവ്യാപാരികള്‍ ഉപഭോക്താക്കളെ കൊള്ളയടിക്കുന്നത് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നു. കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടയാനും നിത്യോപയോഗസാധനങ്ങള്‍ക്ക് ന്യായവില നിശ്ചയിക്കാനും ഇതിലൂടെ സര്‍ക്കാരിന് കഴിയും. സംസ്ഥാനത്ത് നിലവിലുള്ള, 1986ലെ അവശ്യവസ്തു നിയന്ത്രണ നിയമത്തിന്റെ പരിധിയില്‍ നിത്യോപയോഗസാധനങ്ങളെക്കൂടി ഉള്‍പ്പെടുത്താന്‍ കഴിയുന്ന ഭേദഗതിയാണ് ഓര്‍ഡിനന്‍സില്‍ കൊണ്ടുവരുന്നത്. അടുത്ത മന്ത്രിസഭായോഗം ഇത് പരിഗണിച്ചേക്കും.

കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടയുന്നതിനുപുറമേ ഏതു സാധനവും അവശ്യവസ്തുവായി പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് ഇതോടെ അധികാരം ലഭിക്കും. പൊതുവിപണിയിലെയും ഹോട്ടലുകളിലെയും വില നിശ്ചയിക്കാനും കഴിയും. കേന്ദ്രനിയമത്തിന്റെ മാതൃകയില്‍ 1998ലാണ് സംസ്ഥാനം അവശ്യവസ്തു നിയന്ത്രണനിയമം പാസാക്കിയത്. എന്നാല്‍, കേന്ദ്രനിയമത്തിന്റെ പരിധിയിലുള്ള നിത്യോപയോഗസാധനങ്ങളെ അതില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. സിമന്റ്, കമ്പി തുടങ്ങിയ വ്യാവസായിക ഉല്‍പ്പന്നങ്ങളായിരുന്നു സംസ്ഥാനനിയമത്തിന്റെ പരിധിയിലുണ്ടായിരുന്നത്.

1955ലെ അവശ്യസാധനനിയമം 2002ല്‍ കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചതാണ് സംസ്ഥാനത്തിന് വിനയായത്. രാജ്യത്ത് എവിടെ വേണമെങ്കിലും ചരക്ക് കൊണ്ടുപേകാനും വില്‍ക്കാനും വന്‍കിടക്കാര്‍ക്ക് ഇതോടെ അവസരം തുറന്നുകിട്ടി. ഇതോടെ, ഉല്‍പ്പന്നങ്ങളുടെ ഉറവിടം വെളിപ്പെടുത്താന്‍ വ്യാപാരികള്‍ക്ക് ബാധ്യതയില്ലാതായി. നിത്യോപയോഗസാധനങ്ങളുടെ വിപണനത്തില്‍ സംസ്ഥാന സര്‍ക്കാരിനുള്ള നിയന്ത്രണം നഷ്ടപ്പെട്ടു. കരിഞ്ചന്തയും പൂഴ്ത്തിവയ്പും കര്‍ശനമായി തടയാന്‍ കഴിയാത്ത സ്ഥിതി വന്നു. ഇത് മറികടക്കാനാണ് ഏതു സാധനത്തെയും അവശ്യസാധനമായി പ്രഖ്യാപിക്കാനുള്ള അധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കി നിയമം ഭേദഗതി ചെയ്യുന്നത്. അവശ്യസാധനങ്ങളുടെ പൊതുവിപണി വില നിശ്ചയിക്കാനും സര്‍ക്കാരിന് കഴിയുമെന്നതാണ് ഭേദഗതിയുടെ പ്രധാന നേട്ടം.

കേരളത്തിനു പുറത്തുനിന്ന് അവശ്യസാധനം സംഭരിക്കുന്ന സപ്ളൈകോ, കൺസ്യൂമര്‍ഫെഡ്, ഹോര്‍ട്ടികോര്‍പ്പ് എന്നീ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ഉല്‍പാദക സംസ്ഥാനങ്ങളിലെ വില അറിയാന്‍ കഴിയും. ഇതും കച്ചവടക്കാരുടെ ലാഭവും കണക്കാക്കി വില നിശ്ചയിക്കാന്‍ സര്‍ക്കാരിന് കഴിയും. നിയമം ലംഘിക്കുന്നവര്‍ക്ക് മൂന്നുവര്‍ഷംവരെ തടവ് അടക്കമുള്ള ശിക്ഷ നല്‍കാന്‍ അവശ്യവസ്തു നിയന്ത്രണനിയമത്തില്‍ വ്യവസ്ഥയുണ്ട്. അരി, ഗോതമ്പ്, പയര്‍ വര്‍ഗങ്ങള്‍ തുടങ്ങിയ ഇനങ്ങളാകും ആദ്യം അവശ്യവസ്തു നിയന്ത്രണനിയമത്തിന്റെ കീഴിലാക്കുക.

*

ആര്‍ സാംബന്‍, ദേശാഭിമാനി 14-01-11

1 comment:

  1. വന്‍കിടവ്യാപാരികള്‍ ഉപഭോക്താക്കളെ കൊള്ളയടിക്കുന്നത് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നു. കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടയാനും നിത്യോപയോഗസാധനങ്ങള്‍ക്ക് ന്യായവില നിശ്ചയിക്കാനും ഇതിലൂടെ സര്‍ക്കാരിന് കഴിയും. സംസ്ഥാനത്ത് നിലവിലുള്ള, 1986ലെ അവശ്യവസ്തു നിയന്ത്രണ നിയമത്തിന്റെ പരിധിയില്‍ നിത്യോപയോഗസാധനങ്ങളെക്കൂടി ഉള്‍പ്പെടുത്താന്‍ കഴിയുന്ന ഭേദഗതിയാണ് ഓര്‍ഡിനന്‍സില്‍ കൊണ്ടുവരുന്നത്. അടുത്ത മന്ത്രിസഭായോഗം ഇത് പരിഗണിച്ചേക്കും.

    ReplyDelete