Friday, January 14, 2011

പണമില്ലാതെ റെയില്‍വേ പ്രവൃത്തികള്‍ മുടങ്ങുന്നു; സുരക്ഷിതത്വത്തിനും ഭീഷണി

കരാറുകാര്‍ക്ക് പണം നല്‍കാത്തതുമൂലം റെയില്‍വേയിലെ ദൈനംദിന പ്രവൃത്തി മുടങ്ങുന്നു. ട്രാക്ക് അറ്റകുറ്റപ്പണി, ഇലക്ട്രിക്ക് പ്രവൃത്തി, ട്രാക്ക് ക്ളീനിങ്, കോച്ചുകളില്‍ വെള്ളംനിറയ്ക്കല്‍, പാഴ്സല്‍ കയറ്റിറക്ക്, കോച്ച് ക്ളീനിങ്, ക്ളോക്ക്റൂം സര്‍വീസ്, വണ്ടികളില്‍ പാഴ്സല്‍ സൂക്ഷിക്കുന്ന ജോലി, സിഗ്നല്‍ പ്രവൃത്തി, റണ്ണിങ് ബംഗ്ളാവ് ക്ളീനിങ്, തുണിഅലക്കല്‍ എന്നീ ജോലികളാണ് മുടങ്ങിയത്.

ഇത്തരം ജോലികള്‍ കരാറെടുത്തവര്‍ക്ക് രണ്ടുമാസത്തിലധികമായി പണം നല്‍കിയിട്ടില്ല. ഏറ്റെടുത്ത ജോലികള്‍ യഥാസമയം പൂര്‍ത്തിയാക്കാത്തതുകൊണ്ടാണ് ബില്‍തുക നല്‍കാന്‍ വൈകിയതെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു. എന്നാല്‍, ചെയ്ത പണിയുടെപോലും തുക ലഭിച്ചിട്ടില്ലെന്ന് കരാറുകാര്‍. അടിയന്തര പ്രാധാന്യമുള്ള ട്രാക്ക് അറ്റകുറ്റപ്പണിയും ഇലക്ട്രിക്ക് പ്രവൃത്തിയും ഇപ്പോള്‍ സ്ഥിരം തൊഴിലാളികളെ ഉപയോഗിച്ച് ചെയ്യിക്കുകയാണ്.

നേരത്തെ റെയില്‍വേയിലെ സ്ഥിരംതൊഴിലാളികള്‍ ചെയ്ത ജോലികള്‍ ഇപ്പോള്‍ സ്വകാര്യകരാറുകാരെ ഏല്‍പ്പിച്ചിരിക്കയാണ്. ഡിവിഷന്‍അടിസ്ഥാനത്തിലാണ് ഇത്തരം പ്രവൃത്തിക്ക് കരാര്‍ നല്‍കുന്നത്. യാത്രക്കാര്‍ക്ക് സൌകര്യങ്ങള്‍ ചെയ്യാന്‍ ഒരു പ്രവൃത്തിക്ക് ഒരു കോടി രൂപ വരെ ഡിവിഷണല്‍ മാനേജര്‍ക്ക് അനുവദിക്കാം. ട്രാക്ക് അറ്റകുറ്റപ്പണിക്ക് 10 ലക്ഷം രൂപ വരെ. മറ്റ് ജോലികള്‍ക്ക് അഞ്ചുലക്ഷം രൂപായണ് പരിധി. കരാറുകാര്‍ക്ക് പണം കിട്ടാത്തതിനാല്‍ ഇവരുടെ കീഴില്‍ ജോലി ചെയ്യുന്ന താല്‍ക്കാലിക തൊഴിലാളികള്‍ക്ക് കൂലി ലഭിക്കുന്നില്ല. ചില കരാറുകാര്‍ കിട്ടിയ തുകയുംകൊണ്ട് മുങ്ങുകയും ചെയ്തു. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം ഷൊര്‍ണൂരില്‍ കരാറുകാരന്‍ മുങ്ങിയതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ സമരം നടത്തിയിരുന്നു.

ദക്ഷിണ റെയില്‍വേയില്‍മാത്രം 40,000 താല്‍ക്കാലിക തൊഴിലാളികളുണ്ട്. പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളില്‍ മാത്രം എന്‍ജിനിയറിങ് പ്രവൃത്തി ചെയ്യുന്നവരടക്കം 100 കരാറുകാരുണ്ട്. ഒരു കരാറുകാരന്റെ കീഴില്‍ ചുരുങ്ങിയത് 100 തൊഴിലാളികളെങ്കിലും ജോലി ചെയ്യുന്നു. ക്ളീനിങ്ജോലി രണ്ടു വര്‍ഷത്തേക്ക് ചെയ്യാന്‍ പാലക്കാട് സ്റ്റേഷനില്‍ കരാറെടുത്തത് 46 ലക്ഷം രൂപയ്ക്കാണ്. ഷൊര്‍ണൂരില്‍ 56 ലക്ഷം, കണ്ണൂരില്‍ 28 ലക്ഷം, മംഗലാപുരം 75 ലക്ഷത്തിലധികം, കോഴിക്കോട് 30 ലക്ഷം രൂപ. മധുര, സേലം, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു ഡിവിഷനുകളില്‍ ഇതിലുമധികം തുകയ്ക്കാണ് സ്വകാര്യ ഏജന്‍സികള്‍ കരാര്‍ എടുത്തിട്ടുള്ളത്.

പാലക്കാട് ഡിവിഷനില്‍ കഴിഞ്ഞ പത്തുദിവസമായി ട്രാക്ക് ക്ളീനിങ് പൂര്‍ണമായും നിലച്ചിരിക്കുകയാണ്. റെയില്‍വേയിലെ സ്ഥിരംതൊഴിലാളികളാണ് ഇപ്പോള്‍ ഇത് ചെയ്യുന്നത്. ട്രാക്ക് ക്ളീനിങ് നടക്കാത്തതിനാല്‍ ദുര്‍ഗന്ധംകാരണം യാത്രക്കാര്‍ക്ക് നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. കോച്ച് ക്ളീനിങ് മുടങ്ങിയതിനാല്‍ അഴുക്ക് നിറഞ്ഞ കോച്ചുകളില്‍ യാത്ര ചെയ്യേണ്ട ഗതികേടിലാണ് യാത്രക്കാര്‍. എയര്‍ കണ്ടീഷന്‍കമ്പാര്‍ട്ട്മെന്റില്‍ യാത്ര ചെയ്യുന്നവര്‍ക്ക് നല്‍കുന്ന തലയണ, പുതപ്പ്, കമ്പിളി എന്നിവ അലക്കുന്ന ജോലിയും മുടങ്ങി.

എന്‍ജിന്‍ ഡ്രൈവര്‍മാരും ഗാര്‍ഡും വിശ്രമിക്കുന്ന കോച്ച് നിത്യേന വൃത്തിയായി സൂക്ഷിക്കണം. ഈ കോച്ച് റണ്ണിങ്ബംഗ്ളാവ് എന്നാണ് അറിയപ്പെടുന്നത്. ഇതും മുടങ്ങിയതിനാല്‍ എന്‍ജിന്‍ഡ്രൈവര്‍മാരും ഗാര്‍ഡുമാരും വൃത്തിഹീനമായ ചുറ്റുപാടില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു.

നിര്‍മാണപ്രവൃത്തികളടക്കമുള്ള ദൈനംദിന ജോലികള്‍ ചെയ്ത വകയില്‍ രണ്ടുമാസത്തെ തുക കിട്ടാനുണ്ടെന്ന് ഒരു കരാറുകാരന്‍ പറഞ്ഞു. മുമ്പ് ബില്‍തുക കൃത്യമായി കിട്ടിയിരുന്നു. ഇപ്പോള്‍ അത് ലഭിക്കാറില്ല. അതിനാല്‍ തൊഴിലാളികള്‍ക്ക് കൂലി നല്‍കാന്‍ കഴിയാത്ത അവസ്ഥയാണുള്ളതെന്നും കരാറുകാരന്‍ പറഞ്ഞു. സിഗ്നല്‍ജോലി, ട്രാക്ക് അറ്റകുറ്റപ്പണി, ഇലക്ട്രിക്പ്രവൃത്തി എന്നിവ മുടങ്ങിയാല്‍ വന്‍ ദുരന്തമാവും ഉണ്ടാവുകയെന്ന് റെയില്‍വേയിലെ യൂണിയനുകള്‍ മുന്നറിയിപ്പ് നല്‍കുന്നു.

*

ഇ എന്‍ അജയകുമാര്‍, ദേശാഭിമാനി 14-01-11

1 comment:

  1. കരാറുകാര്‍ക്ക് പണം നല്‍കാത്തതുമൂലം റെയില്‍വേയിലെ ദൈനംദിന പ്രവൃത്തി മുടങ്ങുന്നു. ട്രാക്ക് അറ്റകുറ്റപ്പണി, ഇലക്ട്രിക്ക് പ്രവൃത്തി, ട്രാക്ക് ക്ളീനിങ്, കോച്ചുകളില്‍ വെള്ളംനിറയ്ക്കല്‍, പാഴ്സല്‍ കയറ്റിറക്ക്, കോച്ച് ക്ളീനിങ്, ക്ളോക്ക്റൂം സര്‍വീസ്, വണ്ടികളില്‍ പാഴ്സല്‍ സൂക്ഷിക്കുന്ന ജോലി, സിഗ്നല്‍ പ്രവൃത്തി, റണ്ണിങ് ബംഗ്ളാവ് ക്ളീനിങ്, തുണിഅലക്കല്‍ എന്നീ ജോലികളാണ് മുടങ്ങിയത്.

    ReplyDelete