Sunday, January 2, 2011

അഴിമതിയില്‍ മുങ്ങി ദാസ്യത്താല്‍ കുനിഞ്ഞ്

സാമ്പത്തിക, വിദേശ നയങ്ങളില്‍ ഒരേ പാത പിന്തുടരുന്ന ഇന്ത്യയിലെ രണ്ടു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ അഴിമതിയിലും സാമ്രാജ്യത്വ ദാസ്യത്തിലും വഴിവിട്ട കോര്‍പ്പറേറ്റ് ബന്ധങ്ങളിലും മുങ്ങിനില്‍ക്കുന്ന കാഴ്ചകള്‍ കണ്ടുകൊണ്ടാണ് വര്‍ഷം വിടപറയുന്നത്. മുതലാളിത്തത്തിനെതിരെ ലോകമെങ്ങും നടക്കുന്ന പ്രക്ഷോഭങ്ങളുടെ അല ഇന്ത്യയിലും ഉണര്‍ത്തിക്കൊണ്ട് ഇടതുപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടന്ന ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും പോയ ആണ്ട് സാക്ഷ്യം വഹിച്ചു.

സ്‌പെക്ട്രം, കോമണ്‍വെല്‍ത്ത്, ആദര്‍ശ് ഹൗസ് കുംഭകോണങ്ങളാണ് കേന്ദ്രത്തിലെ മുഖ്യ ഭരണകക്ഷിയായ കോണ്‍ഗ്രസിനെ ഗ്രസിച്ചതെങ്കില്‍ കര്‍ണാടകയിലെ ഖനി കുംഭകോണമാണ് മുഖ്യ പ്രതിപക്ഷപാര്‍ട്ടിയായ ബി ജെ പിയെ പ്രതിപ്പട്ടിയിലാക്കിയത്. കോണ്‍ഗ്രസ് 125-ാം വാര്‍ഷികമാഘോഷിക്കുന്ന വേളയില്‍ തന്നെയാണ് ചരിത്രത്തില്‍ ഇന്നേവരെയുണ്ടായിട്ടില്ലാത്ത തരത്തില്‍ അഴിമതി ആ പാര്‍ട്ടിയെ മുക്കിക്കളഞ്ഞത്. എല്ലാ ചട്ടങ്ങളും കാറ്റില്‍ പറത്തി യു പി എ സര്‍ക്കാര്‍ നടത്തിയ സ്‌പെക്ട്രം ഇടപാടിലൂടെ പൊതു ഖജനാവിന് ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ പേരില്‍ ടെലികോം മന്ത്രി എ രാജയ്ക്കു രാജിവയ്‌ക്കേണ്ടിവന്നെങ്കിലും കോര്‍പ്പറേറ്റുകളും ഭരണനേതൃത്വവും ഉദ്യോഗസ്ഥ പ്രമുഖരും മാധ്യമ പ്രവര്‍ത്തകരും വിദേശ കമ്പനികളും ഉള്‍പ്പെടുന്ന ഈ അഴിമതിയെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം നടത്തണമെന്ന ആവശ്യത്തോടു പുറംതിരിഞ്ഞുനിന്നത് കോണ്‍ഗ്രസിനെ പുകമറയിലാക്കി. സ്‌പെക്ട്രം ഇടപാടില്‍ അന്വേഷണമാവശ്യപ്പെട്ടുള്ള ബഹളം പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തെ ഒഴുക്കിക്കൊണ്ടുപോയി. ഇതാദ്യമായാണ് പാര്‍ലമെന്റിന്റെ ഒരു സമ്മേളനം പൂര്‍ണമായും തടസ്സപ്പെടുന്നത്.

രാജ്യത്തിനു യശസ്സുണ്ടാക്കേണ്ടിയിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് നാണക്കേടിന്റെ മഹാമേളയായത് കോണ്‍ഗ്രസ് നേതാക്കളുടെ പകല്‍ക്കൊള്ളയാണ്. കോണ്‍ഗ്രസ് എം പിയും ഗെയിംസ് സംഘാടക സമിതി ചെയര്‍മാനുമായ സുരേഷ് കല്‍മാഡി, ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, കായിക മന്ത്രി എം എസ് ഗില്‍ എന്നിവരെല്ലാം ഗെയിംസ് അഴിമതിയില്‍ സംശയമുനയിലാണ്. ചില ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തുന്ന സി ബ ഐ ഇതുവരെ വന്‍തോക്കുകളെ തൊടാന്‍ പോലും തുനിഞ്ഞിട്ടില്ല.

കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത ജവാന്മാരുടെ വിധവകള്‍ക്കായി പണിത ഹൗസിംഗ് ഫ്‌ളാറ്റില്‍ കോണ്‍ഗ്രസ് നേതാക്കളും അവരുടെ ഇഷ്ടക്കാരും കടന്നുകൂടിയതിലൂടെ മഹാരാഷ്ട്രാ മുഖ്യമന്ത്രി അശോക് ചവാനു രാജിവയ്‌ക്കേണ്ടിവന്നു. കേന്ദ്രമന്ത്രി വിലാസ് റാവു ദേശ്മുഖ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആദര്‍ശ് കുംഭകോണത്തില്‍ ആരോപണം ഉയര്‍ന്നിട്ടുണ്ട്. ശശി തരൂരിന് കേന്ദ്രമന്ത്രിപദം രാജിവയ്‌ക്കേണ്ടിവന്നതും അഴിമതിയുടെ പേരിലാണ്. ഐ പി എല്‍ കുംഭകോണത്തില്‍ തരൂരിന്റെ പങ്കിനെപ്പറ്റി അന്വേഷണം പോലും നടന്നില്ല.
തെക്കെ ഇന്ത്യയില്‍ ഭരണത്തിലെത്തിയ ആദ്യ സംസ്ഥാനമായ കര്‍ണാടകയില്‍ ബി ജെ പി അഴിമതിലും രാഷ്ട്രീയ കുതിരക്കച്ചവടത്തിലും മുങ്ങിനില്‍ക്കുന്ന കാഴ്ചയാണ് പോയ വര്‍ഷം കണ്ടത്. പലവട്ടം പതനത്തിന്റെ വക്കിലെത്തിയ ബി എസ് യദ്യൂരപ്പ സര്‍ക്കാര്‍ നാണംകെട്ട കുതിരക്കച്ചവടത്തിലൂടെ അധികാരം നിലനിര്‍ത്തി. സര്‍ക്കാരിനെതിരെ രംഗത്തുവന്ന സ്വതന്ത്രരെ വിശ്വാസവോട്ടിനു തലേന്ന് അയോഗ്യരാക്കിയാണ് യദ്യൂരപ്പ സര്‍ക്കാര്‍ പിടിച്ചുനിന്നത്. ഇതുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ നടക്കുകയാണ്.

സ്‌പെക്ട്രം ഇടപാടില്‍ കോണ്‍ഗ്രസിനെ പിടിച്ചുകുലുക്കിയ കോര്‍പ്പറേറ്റ് ബന്ധം ബി ജെ പിയെയും പിടികൂടുന്ന കാഴ്ചയാണ് വര്‍ഷാന്ത്യ ദിനങ്ങളില്‍ കണ്ടത്. രണ്ടാം യു പി എ സര്‍ക്കാരില്‍ മന്ത്രിമാരെ വരെ നിശ്ചയിക്കുന്ന വിധത്തില്‍ സ്വാധീനം ചെലുത്തിയ കോര്‍പ്പറേറ്റ് ഇടനിലക്കാരി നീരാ റാഡിയയ്ക്ക് അത്രതന്നെ അടുപ്പം ബി ജെ പി നേതാക്കളുമായുണ്ടെന്നാണ് വെളിപ്പെടുത്തപ്പെട്ടത്.

സാമ്രാജ്യത്വ ദാസ്യത്തിന്റെ കാര്യത്തിലാണെങ്കില്‍ മത്സരിക്കുകയായിരുന്നു കോണ്‍ഗ്രസും ബി ജെ പിയും. ബി ജെ പിയുടെ അനുഗ്രഹത്തോടെയാണ്, അമേരിക്കന്‍ കമ്പനികള്‍ക്കു വേണ്ടിയുള്ള ആണവ ബാധ്യതാ ബില്‍ കേന്ദ്ര സര്‍ക്കാരിനു പാസാക്കാനായത്. നേരത്തെ ആണവ കരാറിന്റെ കാര്യത്തില്‍ ദേശീയ രാഷ്ട്രീയത്തില്‍ ചൂടേറിയ സംവാദങ്ങള്‍ നടക്കുമ്പോള്‍ ബി ജെ പിയുടെ നിലപാട് മാറിമറിഞ്ഞത് അമേരിക്കയുടെ ഇടപെടലിനെത്തുടര്‍ന്നാണെന്ന വിക്കിലീക്ക്‌സ് വെളിപ്പെടുത്തല്‍ വന്നതും പോയ വര്‍ഷം തന്നെ. അമേരിക്കയെ പ്രീണിപ്പിക്കാന്‍ ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതിക്ക് യു പി എ സര്‍ക്കാര്‍ അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയെന്ന വാര്‍ത്തകള്‍ക്കിടയിലൂടെയാണ് 2010ന് അന്ത്യമായത്.
കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ സാമ്പത്തിക നയങ്ങള്‍ക്കും സാമ്രാജ്യത്വ ദാസ്യത്തിനുമെതിരെ രണ്ടു ദേശീയ പണിമുടക്കുകള്‍ക്ക് കഴിഞ്ഞ വര്‍ഷം സാക്ഷിയായി. ഇടതുപാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഒട്ടേറെ പ്രക്ഷോഭ പരിപാടികളും പോയ വര്‍ഷം നടന്നു.

ആറു പതിറ്റാണ്ടു നീണ്ട അയോധ്യ ഭൂമി ഉടമസ്ഥാവകാശ തര്‍ക്കത്തില്‍ അലഹാബാദ് ഹൈക്കോടതിയുടെ വിധിയായിരുന്നു പോയ വര്‍ഷത്തെ ശ്രദ്ധേയമായ സംഭവങ്ങളിലൊന്ന്. എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ ലക്ഷ്യിട്ടുള്ളതെന്ന് ആദ്യനോട്ടത്തില്‍ തന്നെ വ്യക്തമാവുന്ന വിധിക്കെതിരെ എല്ലാ കക്ഷികളും മേല്‍ക്കോടതിയെ സമീപിക്കുന്ന വൈരുദ്ധ്യത്തിനും 2010 സാക്ഷിയായി. ഐതിഹ്യങ്ങളെയും വിശ്വാസത്തെയും ആധാരമാക്കിയുള്ള അയോധ്യാ വിധി നീതിന്യായവ്യവസ്ഥയെ വിമര്‍ശനമുനയില്‍ നിര്‍ത്തി.

ആക്ടിവിസത്തിനു പേരുകേട്ട ഇന്ത്യന്‍ കോടതികളെ പരിഹാസ്യതയോളമെത്തിച്ച വിധിയാണ് വര്‍ഷ്യാന്തത്തില്‍ ബിനായക് സെന്നിന്റെ കേസിലുണ്ടായത്.

ലോകം അംഗീകരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകനായ ഡോ. സെന്നിനെ മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ ജീവപര്യന്തം തടവിനു ശിക്ഷിച്ചപ്പോള്‍ കെട്ടുപോയത് നീതിയുടെ ശോഭയാണ്.

ഭീകരതയ്ക്ക് മതമില്ലെന്നു വ്യക്തമാക്കി ഹിന്ദു തീവ്രവാദികളുടെ ഭീകരബന്ധം മറനീക്കി പുറത്തുവന്ന വര്‍ഷംകൂടിയാണ് കടന്നുപോവുന്നത്. കശ്മീരില്‍ സുരക്ഷാസേനയ്‌ക്കെതിരെ ശക്തമായ കലാപം, മംഗളൂരുവിലെയും മിഡ്‌നാപ്പുരിലെയും ദുരന്തങ്ങള്‍, ജ്യോതി ബസുവിന്റെ മരണം തുടങ്ങിയവ 2010നെ കറുപ്പില്‍ രേഖപ്പെടുത്തുന്നു.

ജനയുഗം

1 comment:

  1. സാമ്പത്തിക, വിദേശ നയങ്ങളില്‍ ഒരേ പാത പിന്തുടരുന്ന ഇന്ത്യയിലെ രണ്ടു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ അഴിമതിയിലും സാമ്രാജ്യത്വ ദാസ്യത്തിലും വഴിവിട്ട കോര്‍പ്പറേറ്റ് ബന്ധങ്ങളിലും മുങ്ങിനില്‍ക്കുന്ന കാഴ്ചകള്‍ കണ്ടുകൊണ്ടാണ് വര്‍ഷം വിടപറയുന്നത്. മുതലാളിത്തത്തിനെതിരെ ലോകമെങ്ങും നടക്കുന്ന പ്രക്ഷോഭങ്ങളുടെ അല ഇന്ത്യയിലും ഉണര്‍ത്തിക്കൊണ്ട് ഇടതുപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടന്ന ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും പോയ ആണ്ട് സാക്ഷ്യം വഹിച്ചു.

    ReplyDelete