Wednesday, January 12, 2011

പ്രധാനമന്ത്രി വിളിച്ച യോഗത്തിലും നടപടിയില്ല

ജനജീവിതം കൂടുതല്‍ ദുരിതത്തിലാഴ്ത്തി അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നതിനിടെ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി വിളിച്ച് ചേര്‍ത്ത ഉന്നതതലയോഗം തീരുമാനമെടുക്കാനാവാതെ പിരിഞ്ഞു. മന്ത്രിതല സമിതിയില്‍ കടുത്ത ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാലാണ് വിലക്കയറ്റം തടയാനുള്ള നടപടിയൊന്നും സ്വീകരിക്കാനാവാതെ യോഗം പിരിഞ്ഞത്. ബുധനാഴ്ച വീണ്ടും യോഗം ചേരുമെന്നാണ് സൂചന. പാല്‍, പച്ചക്കറി വില കുത്തനെ ഉയരുകയും ഭക്ഷ്യപണപ്പെരുപ്പം 18.32 ശതമാനമായി ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്. അവശ്യസാധനങ്ങളുടെ വില പെട്ടെന്ന് പിടിച്ചുനിര്‍ത്താനുള്ള നടപടികള്‍ക്ക് പകരം ഭക്ഷ്യസുരക്ഷാബില്‍ ഉള്‍പ്പെടെയുള്ള ദീര്‍ഘകാല പദ്ധതികളെക്കുറിച്ചാണ് യോഗം ചര്‍ച്ചചെയ്തത്. ഡിസംബര്‍ 28ന് ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിതല സമിതിയോഗവും ഒരു തീരുമാനവും എടുക്കാതെ പിരിയുകയായിരുന്നു. പ്രധാനമന്ത്രിയെക്കൂടാതെ ധനമന്ത്രി പ്രണബ് മുഖര്‍ജി, കൃഷി മന്ത്രി ശരദ് പവാര്‍, ആഭ്യന്തരമന്ത്രി പി ചിദംബരം, ആസൂത്രണകമീഷന്‍ ഉപാധ്യക്ഷന്‍ മെണ്ടേക് സിങ് അലുവാലിയ, കാബിനറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖര്‍, ധനമന്ത്രിയുടെ സാമ്പത്തിക ഉപദേശകന്‍ കൌശിക് ബസു തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഡിസംബര്‍ 21നാണ് സവാള വില കിലോക്ക് 80 രൂപയായി ഉയര്‍ന്നത്. മൂന്നാഴ്ചക്കകം വില സാധരണനിലയിലേയ്ക്ക് താഴുമെന്ന് കൃഷിമന്ത്രി ശരദ്പവാര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, മൂന്നാഴ്ചക്കുശേഷം പ്രധാനമന്ത്രി വിളിച്ച യോഗത്തിലും തീരുമാനമെടുക്കാനായില്ല. എപിഎല്‍ വിഭാഗങ്ങള്‍ക്കുള്ള അരിയുടെയും ഗോതമ്പിന്റെയും വില്‍പ്പനവില 40 ശതമാനം വര്‍ധിപ്പിക്കാന്‍ തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും പ്രതിഷേധം ഭയന്ന് അത് നടപ്പിലാക്കാതിരിക്കുകയാണ്. ഇക്കാര്യവും യോഗം ചര്‍ച്ചചെയ്തു. വിലക്കയറ്റം തുടരുമ്പോഴും അഞ്ചുലക്ഷം ട പഞ്ചസാര കയറ്റുമതി ചെയ്യാന്‍ അനുവദിക്കണമെന്ന മില്ലുടമകളുടെ ആവശ്യവും യോഗം ചര്‍ച്ചചെയ്തതായി അറിയുന്നു.

വി ബി പരമേശ്വരന്‍

സവാളവില 100 രൂപ

ന്യൂഡല്‍ഹി: വിലക്കയറ്റം തടയാന്‍ പ്രധാനമന്ത്രി വിളിച്ച ഉന്നതതലയോഗം തീരുമാനമെടുക്കാതെ പിരിഞ്ഞ ചൊവ്വാഴ്ച ഉത്തരേന്ത്യയില്‍ സവാളവില കുതിച്ചുയര്‍ന്നു. തലസ്ഥാനമായ ഡല്‍ഹിയില്‍ വില നൂറുരൂപ വരെയെത്തി. തക്കാളിവില നാല്‍പ്പതായി ഉയര്‍ന്നു. രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍നിന്നും പാകിസ്ഥാനില്‍നിന്നും സവാള എത്താത്തതാണ് വില വീണ്ടും കുതിച്ചുയരാന്‍ കാരണം. പാകിസ്ഥാനില്‍നിന്ന് 480 ട സവാളയാണ് എത്തേണ്ടിയിരുന്നത്. മറ്റ് അവശ്യഭക്ഷ്യവസ്തുക്കളുടെയും വില കതിച്ചുയരുകയാണ.് വെളുത്തുള്ളിവില കിലോയ്ക്ക് 250 രൂപയായി. ബീന്‍സ്, പാവയ്ക്ക, വെണ്ടയ്ക്ക തുടങ്ങിയ പച്ചക്കറികള്‍ക്ക് വില അമ്പതുരൂപ വരെയെത്തി. കാരറ്റ്, ഉരുളക്കിഴങ്ങ് തുടങ്ങി ചുരുക്കം ഉല്‍പ്പന്നങ്ങള്‍ മാത്രമാണ് കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നത്. മദര്‍ ഡെയറിയും അമുലുമടക്കം പ്രധാന പാല്‍വിതരണ കമ്പനികളെല്ലാം പാല്‍വില കഴിഞ്ഞയാഴ്ച ലിറ്ററിന് രണ്ടുരൂപ കൂട്ടിയിരുന്നു. മുട്ടവില അഞ്ചുരൂപയായും ഉയര്‍ന്നു. മധ്യപ്രദേശിലും മറ്റും വ്യാപക വിളനാശമുണ്ടായതിനാല്‍ പയറുവര്‍ഗങ്ങളുടെ വിലയിലും വര്‍ധനയുണ്ടാകുമെന്നാണ് സൂചന. ഇതിനിടെ, സവാള മൊത്തവ്യാപാര കേന്ദ്രങ്ങളില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ പ്രതിഷേധിച്ച് ബുധനാഴ്ചമുതല്‍ അനിശ്ചിതകാല പണിമുടക്കം നടത്താന്‍ ഡല്‍ഹിയിലെ സവാള വ്യാപാരികള്‍ തീരുമാനിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ പച്ചക്കറിച്ചന്തയായ ആസാദ്പുരിലെ വ്യാപാരികളാണ് സമരം പ്രഖ്യാപിച്ചത്. ബുധനാഴ്ചമുതല്‍ ലേലത്തില്‍ പങ്കെടുക്കില്ലെന്ന് അവര്‍ പറഞ്ഞു. സമരം നടത്തിയാല്‍ വ്യാപാരികള്‍ക്കെതിരെ 'എസ്മ' പ്രയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ മുന്നറിയിപ്പുനല്‍കി. വ്യാപാരികള്‍ പണിമുടക്കുന്ന സാഹചര്യത്തില്‍ സവാളവില ഇനിയും ഉയരും.

ദേശാഭിമാനി 120111

1 comment:

  1. ജനജീവിതം കൂടുതല്‍ ദുരിതത്തിലാഴ്ത്തി അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നതിനിടെ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി വിളിച്ച് ചേര്‍ത്ത ഉന്നതതലയോഗം തീരുമാനമെടുക്കാനാവാതെ പിരിഞ്ഞു. മന്ത്രിതല സമിതിയില്‍ കടുത്ത ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാലാണ് വിലക്കയറ്റം തടയാനുള്ള നടപടിയൊന്നും സ്വീകരിക്കാനാവാതെ യോഗം പിരിഞ്ഞത്. ബുധനാഴ്ച വീണ്ടും യോഗം ചേരുമെന്നാണ് സൂചന. പാല്‍, പച്ചക്കറി വില കുത്തനെ ഉയരുകയും ഭക്ഷ്യപണപ്പെരുപ്പം 18.32 ശതമാനമായി ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്.

    ReplyDelete