Saturday, January 1, 2011

അമേരിക്കയ്ക്ക് വഴങ്ങി; സൈറസ് റിയാക്ടര്‍ അടച്ചിട്ടു

ഇന്ത്യയുടെ ആണവ ഗവേഷണത്തിന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് ആദ്യത്തെ ഗവേഷണ റിയാക്ടറായ സൈറസ് (കനഡ ഇന്ത്യ റിയാക്ടര്‍ യൂട്ടിലിറ്റി സര്‍വീസ്) അടച്ചിട്ടു. ഇന്ത്യ-അമേരിക്ക സിവില്‍ ആണവക്കരാറിന്റെ ഭാഗമായാണ് ഈ റിയാക്ടറിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. ഇന്ത്യന്‍ ആണവ വികസനത്തിന്റെ പ്രതീകമായി വിശേഷിപ്പിക്കുന്ന ഈ റിയാക്ടര്‍ മുംബൈയിലെ ട്രോംബെ ആണവനിലയത്തിലാണുള്ളത്. ഇന്ത്യയുമായി ആണവക്കരാറില്‍ ഒപ്പുവയ്ക്കണമെങ്കില്‍ സൈറസ് റിയാക്ടര്‍ അടച്ചിടണമെന്ന് അമേരിക്ക തുടക്കം മുതല്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. ആണവനിര്‍വ്യാപന ലോബിയെ നിശബ്ദമാക്കാനും ഈ റിയാക്ടര്‍ അടച്ചിടേണ്ടത് അമേരിക്കയ്ക്ക് അനിവാര്യമായിരുന്നു. ഇന്ത്യ വന്‍ ആണവായുധ ശക്തിയാകുന്നത് തടയുക എന്ന ലക്ഷ്യംകൂടി ഇതിനു പിന്നിലുണ്ട്.

1974ല്‍ ഇന്ത്യയുടെ ആദ്യ ആണവപരീക്ഷണത്തിനുള്ള പ്ളൂട്ടോണിയം നല്‍കിയത് ഈ റിയാക്ടറായിരുന്നു. കോടികളുടെ അറ്റകുറ്റപ്പണി തീര്‍ത്ത് 2005 ലാണ് വീണ്ടും സൈറസ് പ്രവര്‍ത്തനം ആരംഭിച്ചത്. ഇനിയും വര്‍ഷങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ളതാണ് ഈ 40 മെഗാവാട്ട് ശേഷിയുള്ള റിയാക്ടര്‍. ആണവ എന്‍ജിനിയര്‍മാര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും പരിശീലനത്തിനും ഇതുപയോഗിച്ചിരുന്നു. ഇന്ത്യന്‍ എന്‍ജിനിയര്‍മാരെയും ശാസ്ത്രജ്ഞരെയും ലോക നിലവാരമുള്ളവരാക്കി മാറ്റാന്‍ ഏറെ സഹായിച്ചതാണ് സൈറസ് എന്ന് ആണവോര്‍ജ കമീഷന്‍ മുന്‍ചെയര്‍മാന്‍ പി കെ അയ്യങ്കാര്‍ പറഞ്ഞു. 1954ല്‍ കനഡയില്‍നിന്നാണ് ഈ റിയാക്ടര്‍ വാങ്ങിയത്. 1960 ല്‍ ആദ്യമായി പ്ളൂട്ടോണിയം ഉണ്ടാക്കിയ ഈ റിയാക്ടറിന് പ്രതിവര്‍ഷം 10 കിലോഗ്രാംവരെ പ്ളൂട്ടോണിയം നിര്‍മിക്കാന്‍ ശേഷിയുണ്ട്. ഇന്ത്യയില്‍നിന്ന് കുഴിച്ചെടുത്ത യുറേനിയം ഉപയോഗിച്ചാണ് പ്രവര്‍ത്തനം. സൈറസ് റിയാക്ടര്‍ അടച്ചിട്ടത് അമേരിക്കയ്ക്കു മുമ്പില്‍ ഇന്ത്യയുടെ രാഷ്ട്രീയമായ കീഴടങ്ങലാണെന്ന് പ്രമുഖ ആണവ ശാസ്ത്രജ്ഞന്‍ ഡോ. എ ഡി ദാമോദരന്‍ പറഞ്ഞു. ഇന്ത്യ അണുസ്ഫോടനം നടത്തിയതുമുതല്‍ അമേരിക്ക ഈ റിയാക്ടര്‍ ലക്ഷ്യം വച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
(വി ബി പരമേശ്വരന്‍)

ദേശാഭിമാനി 1111

1 comment:

  1. ഇന്ത്യയുടെ ആണവ ഗവേഷണത്തിന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് ആദ്യത്തെ ഗവേഷണ റിയാക്ടറായ സൈറസ് (കനഡ ഇന്ത്യ റിയാക്ടര്‍ യൂട്ടിലിറ്റി സര്‍വീസ്) അടച്ചിട്ടു. ഇന്ത്യ-അമേരിക്ക സിവില്‍ ആണവക്കരാറിന്റെ ഭാഗമായാണ് ഈ റിയാക്ടറിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. ഇന്ത്യന്‍ ആണവ വികസനത്തിന്റെ പ്രതീകമായി വിശേഷിപ്പിക്കുന്ന ഈ റിയാക്ടര്‍ മുംബൈയിലെ ട്രോംബെ ആണവനിലയത്തിലാണുള്ളത്. ഇന്ത്യയുമായി ആണവക്കരാറില്‍ ഒപ്പുവയ്ക്കണമെങ്കില്‍ സൈറസ് റിയാക്ടര്‍ അടച്ചിടണമെന്ന് അമേരിക്ക തുടക്കം മുതല്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. ആണവനിര്‍വ്യാപന ലോബിയെ നിശബ്ദമാക്കാനും ഈ റിയാക്ടര്‍ അടച്ചിടേണ്ടത് അമേരിക്കയ്ക്ക് അനിവാര്യമായിരുന്നു. ഇന്ത്യ വന്‍ ആണവായുധ ശക്തിയാകുന്നത് തടയുക എന്ന ലക്ഷ്യംകൂടി ഇതിനു പിന്നിലുണ്ട്.

    ReplyDelete