Saturday, January 1, 2011

എന്‍ഡോസള്‍ഫാന്‍ നിരോധിക്കണം: മനുഷ്യാവകാശ കമീഷന്‍

എന്‍ഡോസള്‍ഫാന്റെ ഉപയോഗം ദേശീയതലത്തില്‍ നിരോധിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമീഷന്‍ കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ഇതിന് ആവശ്യമായ ഭരണപരവും നിയമപരവുമായ നടപടി ഉടന്‍ സ്വീകരിക്കണം. എന്‍ഡോസള്‍ഫാന്‍ ഉപയോഗംമൂലം മരിച്ചവരുടെ കുടുംബങ്ങള്‍, പൂര്‍ണമായുംരോഗശയ്യയില്‍ കഴിയുന്നവര്‍, പരസഹായം കൂടാതെ നീങ്ങാനാകാത്തവര്‍, മാനസികമായി തകര്‍ന്നവര്‍ എന്നിവര്‍ക്ക് അഞ്ചുലക്ഷം രൂപവീതവും മറ്റ് വൈകല്യം ബാധിച്ചവര്‍ക്ക് മൂന്നുലക്ഷം രൂപവീതവും നഷ്ടപരിഹാരം നല്‍കാനും കമീഷന്‍ ശുപാര്‍ശ ചെയ്തു. നഷ്ടപരിഹാരം നല്‍കേണ്ട ഉത്തരവാദിത്തം സംസ്ഥാനസര്‍ക്കാരിനാണ്. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ ഇതിന് ആവശ്യമായ സാമ്പത്തികസഹായം സംസ്ഥാനത്തിന് നല്‍കണം. കമീഷന്‍ അധ്യക്ഷന്‍ ജസ്റിസ് കെ ജി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച ചേര്‍ന്ന കമീഷന്‍ യോഗമാണ് എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനും ഇരകള്‍ക്ക് ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കാനും ശുപാര്‍ശ ചെയ്തത്.

ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണസമിതിക്കുകീഴിലുള്ള നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഒക്കുപേഷണല്‍ ഹെല്‍ത്ത് 2002ല്‍ നടത്തിയ പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനുള്ള ശുപാര്‍ശ. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മറുപടി അറിയിക്കാന്‍ എട്ടാഴ്ച സമയം അനുവദിച്ചിട്ടുണ്ട്. നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ബുദ്ധിമുട്ട് അറിയിച്ചാല്‍ കമീഷന്‍ വീണ്ടും യോഗം ചേര്‍ന്ന് ഭാവിനടപടി തീരുമാനിക്കുമെന്ന് കമീഷന്‍ സെക്രട്ടറി കെ എസ് മണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാരിനും സംസ്ഥാനസര്‍ക്കാരിനും വ്യത്യസ്ത നിര്‍ദേശങ്ങളാണ് കമീഷന്‍ നല്‍കിയത്. എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിന് ഭരണ-നിയമ നടപടികള്‍ സ്വീകരിക്കുക. എന്‍ഡോസള്‍ഫാന്‍ ഉപയോഗം, പ്രത്യേകിച്ച് ആകാശത്തുനിന്നുള്ള തളിക്കല്‍ നടത്തിയ പ്രദേശങ്ങളില്‍ സര്‍വേ നടത്തി പുനരധിവാസ- ദുരിതാശ്വാസ നടപടികളുടെ സാധ്യതകള്‍ ആരായുക. ദീര്‍ഘകാല പുനരധിവാസ- ദുരിതാശ്വാസ പദ്ധതികള്‍ക്ക് കേരളസര്‍ക്കാരിന്റെ ശ്രമങ്ങളെ സഹായിക്കുക. സ്റോക്ക്ഹോം കണ്‍വന്‍ഷന്‍ കക്ഷികളുടെ 2011 ഏപ്രിലിലെ യോഗത്തില്‍ എന്‍ഡോസള്‍ഫാനെ നിരോധിത രാസവസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ അനുവദിക്കുക. കാസര്‍കോട് ജില്ലയില്‍ കേന്ദ്രത്തിന്റെ സാമ്പത്തികസഹായത്തോടെ പാലിയേറ്റീവ് കെയര്‍സെന്റര്‍ സ്ഥാപിക്കുക തുടങ്ങിയവയാണ് കേന്ദ്രസര്‍ക്കാരിന് നല്‍കിയ പ്രധാന നിര്‍ദേശങ്ങള്‍. മരിച്ചവരുടെ കുടുംബങ്ങള്‍ക്കും ഗുരുതരമായ രോഗാവസ്ഥയില്‍ കഴിയുന്നവര്‍ക്കും അഞ്ചുലക്ഷം രൂപയും മറ്റ് വൈകല്യം ബാധിച്ചവര്‍ക്ക് മൂന്നുലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കുക. ഇതിനായി ഡോക്ടര്‍മാരുടെ സമിതിയെ വയ്ക്കുക. പാലക്കാട് അടക്കം എന്‍ഡോസള്‍ഫാന്‍ ഉപയോഗംമൂലം രോഗബാധിതരുള്ള മറ്റ് സ്ഥലങ്ങളിലും സര്‍വേ നടത്തുക. ദുരിതബാധിതര്‍ക്കുള്ള രക്ഷാ- ദുരിതാശ്വാസ നടപടികള്‍ വര്‍ധിപ്പിക്കുക. ദുരന്തബാധിതര്‍ ചികിത്സ തേടുന്ന ആശുപത്രികളിലെയും ആരോഗ്യകേന്ദ്രങ്ങളിലെയും അടിസ്ഥാനസൌകര്യങ്ങള്‍ മെച്ചപ്പെടുത്തുക. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ബാധിതമായ 11 ഗ്രാമത്തിലെയും പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളായി ഉയര്‍ത്തുക തുടങ്ങിയവയാണ് സംസ്ഥാനസര്‍ക്കാരിന് നല്‍കിയ പ്രധാന നിര്‍ദേശങ്ങള്‍.
(എം പ്രശാന്ത്)

കേന്ദ്രനിലപാട് മനുഷ്യാവകാശലംഘനം


ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതില്ലെന്ന കേന്ദ്രനിലപാട് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ദേശീയ മനുഷ്യാവകാശ കമീഷന്‍. എന്‍ഡോസള്‍ഫാന്‍ ആരോഗ്യത്തെ ബാധിക്കുന്നു എന്നതിന് ശാസ്ത്രീയ തെളിവില്ലെന്ന കേന്ദ്രനിലപാടിന് പിന്നിലെ യുക്തി ബോധ്യപ്പെടുന്നില്ല. എന്‍ഡോസള്‍ഫാന്‍ ദേശീയതലത്തില്‍ നിരോധിക്കുന്നത് അടക്കമുള്ള ശുപാര്‍ശകളുടെ നടപടി റിപ്പോര്‍ട്ടില്‍ കീടനാശിനി കമ്പനിക്ക് അനുകൂലമായ കേന്ദ്രനിലപാടിനെ രൂക്ഷമായ ഭാഷയിലാണ് കമീഷന്‍ വിമര്‍ശിക്കുന്നത്. കാസര്‍കോട്ട് എന്‍ഡോസള്‍ഫാന്റെ പ്രയോഗം ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നെന്ന മാധ്യമറിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൌസിലിനോട് (ഐസിഎംആര്‍) മനുഷ്യാവകാശ കമീഷന്‍ 2002ല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഐസിഎംആര്‍ നിര്‍ദേശപ്രകാരം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒക്യുപ്പേഷണല്‍ ഹെല്‍ത്ത് (എന്‍ഐഒഎച്ച്) നടത്തിയ പഠനത്തില്‍ എന്‍ഡോസള്‍ഫാന്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നിരോധനത്തിന് കമീഷന്‍ ശുപാര്‍ശ ചെയ്തത്.

കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനമുണ്ടെങ്കിലും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നതിനാല്‍ ഇത് ലംഘിക്കപ്പെടുകയാണ്. കാസര്‍കോട് 2000ല്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗം നിര്‍ത്തിയെങ്കിലും ഭാവി തലമുറയെയും ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കമീഷന്‍ കേന്ദ്രത്തിന്റെ അഭിപ്രായം തേടിയിരുന്നു. എന്‍ഡോസള്‍ഫാന്‍ പ്രശ്നം സൃഷ്ടിക്കുന്നതായി കരുതുന്നില്ലെന്നായിരുന്നു കൃഷിമന്ത്രാലയത്തിന്റെ മറുപടി. മാത്രമല്ല സ്റ്റോക്ക്ഹോം കവെന്‍ഷനിലെ കക്ഷിയെന്ന നിലയില്‍ നിരോധിക്കേണ്ട രാസവസ്തുക്കളുടെ പട്ടികയില്‍ എന്‍ഡോസള്‍ഫാനെ ഉള്‍പ്പെടുത്താനുള്ള ശ്രമത്തെ എതിര്‍ത്തുവെന്നും കേന്ദ്രം അറിയിച്ചു. ശാസ്ത്രീയ തെളിവില്ലെന്ന് കേന്ദ്രം പറയുമ്പോള്‍ വൈദ്യഗവേഷണ രംഗത്ത് ഉന്നതപാരമ്പര്യമുള്ള എന്‍ഐഒഎച്ചിനെത്തന്നെയാണ് സര്‍ക്കാര്‍ തള്ളിപ്പറയുന്നത്. ഐസിഎംആറിന്റെ കണ്ടെത്തലുകള്‍ അസുഖകരവുമാണ്. കേന്ദ്രനിലപാട് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളില്‍ കമീഷന്‍ അങ്ങേയറ്റം അസ്വസ്ഥരാണ്. കേന്ദ്രത്തിന്റെ ഇപ്പോഴത്തെ നിലപാട് മനുഷ്യാവകാശത്തിന്റെ കടുത്ത ലംഘനങ്ങള്‍ തുടരുന്നതിന് വഴിയൊരുക്കും. എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിന് ഭരണ-നിയമ നടപടികള്‍ക്ക് കേന്ദ്രം തയ്യാറാവണം- കമീഷന്‍ ആവശ്യപ്പെട്ടു.

എന്‍ഡോസള്‍ഫാന്‍: രോഗികളുടെ യാത്രാ സൌകര്യത്തിന് 15 ലക്ഷം

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ രോഗികളുടെ ചികിത്സിക്കായി ആശുപത്രിയിലെത്തിക്കാന്‍ യാത്രാ സൌകര്യമൊരുക്കുന്നതിന് 15 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചതായി കലക്ടടര്‍ ആനന്ദ്സിങ് അറിയിച്ചു. ജില്ലയിലെ ദുരിതബാധിത പഞ്ചായത്തുകള്‍ക്ക് ഇതില്‍ നിന്നും ഒരു ലക്ഷം രൂപ വീതം മുന്‍കൂറായി അനുവദിക്കും. രോഗികള്‍ക്ക് ക്ഷേമപെന്‍ഷനും സൌജന്യ റേഷനും നല്‍കുന്നതിനുളള അന്തിമ ലിസ്റ് ഉടന്‍ തയ്യാറാക്കും. ഐസിഡിഎസ് സൂപ്പര്‍വൈസറും പിഎച്ച്സി ഡോക്ടറും ഉള്‍പെടുന്ന സംഘമാണ് സര്‍വെ നടത്തി തരംതിരിച്ച് ലിസ്റ് തയ്യാറാക്കുക. റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്ക് താല്‍ക്കാലിക റേഷന്‍ കാര്‍ഡ് നല്‍കാന്‍ കലക്ടര്‍ സിവില്‍ സപ്ളൈസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ശ്യാമളാദേവി, ഡെപ്യൂട്ടി കലക്ടര്‍ എന്‍ ദേവിദാസ്, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ദേശാഭിമാനി 1111

2 comments:

  1. എന്‍ഡോസള്‍ഫാന്റെ ഉപയോഗം ദേശീയതലത്തില്‍ നിരോധിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമീഷന്‍ കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ഇതിന് ആവശ്യമായ ഭരണപരവും നിയമപരവുമായ നടപടി ഉടന്‍ സ്വീകരിക്കണം. എന്‍ഡോസള്‍ഫാന്‍ ഉപയോഗംമൂലം മരിച്ചവരുടെ കുടുംബങ്ങള്‍, പൂര്‍ണമായുംരോഗശയ്യയില്‍ കഴിയുന്നവര്‍, പരസഹായം കൂടാതെ നീങ്ങാനാകാത്തവര്‍, മാനസികമായി തകര്‍ന്നവര്‍ എന്നിവര്‍ക്ക് അഞ്ചുലക്ഷം രൂപവീതവും മറ്റ് വൈകല്യം ബാധിച്ചവര്‍ക്ക് മൂന്നുലക്ഷം രൂപവീതവും നഷ്ടപരിഹാരം നല്‍കാനും കമീഷന്‍ ശുപാര്‍ശ ചെയ്തു. നഷ്ടപരിഹാരം നല്‍കേണ്ട ഉത്തരവാദിത്തം സംസ്ഥാനസര്‍ക്കാരിനാണ്. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ ഇതിന് ആവശ്യമായ സാമ്പത്തികസഹായം സംസ്ഥാനത്തിന് നല്‍കണം. കമീഷന്‍ അധ്യക്ഷന്‍ ജസ്റിസ് കെ ജി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച ചേര്‍ന്ന കമീഷന്‍ യോഗമാണ് എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനും ഇരകള്‍ക്ക് ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കാനും ശുപാര്‍ശ ചെയ്തത്.

    ReplyDelete
  2. എന്‍ഡോസള്‍ഫാനാണ് കാസര്‍കോട്ടെ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ശാസ്ത്രീയമായി തെളിഞ്ഞിട്ടില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി ശരദ് പവാര്‍. കേരളത്തില്‍മാത്രമാണ് ഈ കീടനാശിനി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി ആരോപണം ഉയര്‍ന്നിട്ടുള്ളതെന്നും മറ്റ് സംസ്ഥാനങ്ങളില്‍ ഇത് വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും പവാര്‍ പറഞ്ഞു. ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ളോക് എംപി ബരു മുഖര്‍ജിക്ക് രേഖാമൂലം നല്‍കിയ മറുപടിയിലാണ് പവാര്‍ വര്‍ഷങ്ങളായുള്ള കീടനാശിനിക്കമ്പനികളുടെ വാദം ആവര്‍ത്തിച്ചത്. മുഖര്‍ജി പ്രധാനമന്ത്രിക്ക് എഴുതിയ കത്തിനാണ് പവാര്‍ മറുപടി നല്‍കിയത്.

    ReplyDelete