Sunday, January 9, 2011

റോഡ് നന്നാക്കാന്‍ ബജറ്റില്‍ കൂടുതല്‍ തുക: ധനമന്ത്രി

സംസ്ഥാനത്തെ റോഡുകള്‍ നന്നാക്കാന്‍ ബജറ്റില്‍ കൂടുതല്‍ തുക വകയിരുത്തുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. കൊമേഴ്സ്യല്‍ ടാക്സില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചവര്‍ക്കുള്ള അവാര്‍ഡ് നല്‍കിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റോഡുകള്‍ നവീകരിക്കാന്‍ ബജറ്റില്‍ പുതിയ പരിപാടി പ്രഖ്യാപിക്കും. നാലോ അഞ്ചോ വര്‍ഷത്തിനകം സംസ്ഥാനത്തെ എല്ലാ റോഡും ദേശീയപാതാ നിലവാരത്തിലേക്കെത്തിക്കുകയാണ് ലക്ഷ്യം. ഇതടക്കമുള്ള ബജറ്റിലെ വിശദാംശങ്ങള്‍ അടുത്ത മന്ത്രിസഭായോഗം ചര്‍ച്ചചെയ്യും. മുന്‍വര്‍ഷങ്ങളില്‍ നടപ്പാക്കിയ സാമൂഹ്യസുരക്ഷാ പദ്ധതികളിലെ വിടവുകള്‍ പരിഹരിക്കും. വിവിധ ക്ഷേമപദ്ധതികളെ കൂട്ടിക്കെട്ടി സമഗ്ര സാമൂഹ്യസുരക്ഷാപദ്ധതിക്ക് രൂപംനല്‍കും. അംശാദായ പെന്‍ഷന്‍ അടക്കമുള്ള ക്ഷേമപദ്ധതികളുടെ ആനുകൂല്യം എപിഎല്‍ വിഭാഗത്തിലുള്ളവര്‍ക്ക് ലഭിക്കുന്നതു സംബന്ധിച്ച് ബജറ്റ് ചര്‍ച്ചചെയ്യും. ബജറ്റ് രണ്ടു വെല്ലുവിളികളാണ് നേരിടുന്നത്. സംസ്ഥാന ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിന് 2000 കോടി രൂപ അധികമായി കണ്ടെത്തണം. സംസ്ഥാന ധനകാര്യ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ മറ്റൊരു 1000 കോടിയും കണ്ടെത്തണം. എന്നാല്‍ സംസ്ഥാനത്തിന്റെ നികുതിവരുമാനം വര്‍ധിക്കുന്നതിനാല്‍ ഇക്കാര്യം നേരിടാനാകും.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 6900 കോടിയായിരുന്ന സംസ്ഥാനത്തിന്റെ നികുതിവരുമാനം ഇന്ന് 16,100 കോടിയായി വര്‍ധിച്ചുവെന്ന് നേരത്തെ ചടങ്ങ് ഉദ്ഘാടനംചെയ്ത് അദ്ദേഹം പറഞ്ഞു. എന്നാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷം കേരളത്തില്‍ വ്യാപാരികളുടെ ഒരു സമരംപോലും ഉണ്ടായില്ല. മുന്‍സര്‍ക്കാരിന്റെ കാലത്ത് അതായിരുന്നില്ല സ്ഥിതി. കേരളത്തിന്റെ സാമ്പത്തികനില ഭദ്രമാക്കിയതില്‍ നികുതിജീവനക്കാരുടെ പങ്ക് നിസ്തുലമാണ്. കഴിഞ്ഞ അഞ്ചുവര്‍ഷം ഒരുദിവസംപോലും ട്രഷറി പൂട്ടിയിട്ടില്ല. മൂന്നു വര്‍ഷമായി ഖജനാവ് ഒരുദിവസംപോലും ഓവര്‍ഡ്രാഫ്റ്റിലായില്ല. കഴിഞ്ഞ കാല്‍നൂറ്റാണ്ടില്‍ സംസ്ഥാനം വെയ്സ് ആന്‍ഡ് മിന്‍സ് അഡ്വാന്‍സ് വാങ്ങാത്ത വര്‍ഷമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. നികുതിവകുപ്പിന്റെ പുനഃസംഘാടനം നന്നായി നടപ്പാക്കാനായതാണ് നേട്ടങ്ങള്‍ക്കു കാരണം. വാളയാറായിരുന്നു തുടക്കം. വാളയാറില്‍ അഴിമതിരഹിത സമ്പ്രദായം നടപ്പാക്കി. നികുതിരംഗത്ത് കുറ്റംചെയ്താലും കണ്ടുപിടിക്കില്ലെന്ന ധാരണ മാറ്റാനായെന്നും മന്ത്രി പറഞ്ഞു.

deshabhimani 090111

1 comment:

  1. സംസ്ഥാനത്തെ റോഡുകള്‍ നന്നാക്കാന്‍ ബജറ്റില്‍ കൂടുതല്‍ തുക വകയിരുത്തുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. കൊമേഴ്സ്യല്‍ ടാക്സില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചവര്‍ക്കുള്ള അവാര്‍ഡ് നല്‍കിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    റോഡുകള്‍ നവീകരിക്കാന്‍ ബജറ്റില്‍ പുതിയ പരിപാടി പ്രഖ്യാപിക്കും. നാലോ അഞ്ചോ വര്‍ഷത്തിനകം സംസ്ഥാനത്തെ എല്ലാ റോഡും ദേശീയപാതാ നിലവാരത്തിലേക്കെത്തിക്കുകയാണ് ലക്ഷ്യം. ഇതടക്കമുള്ള ബജറ്റിലെ വിശദാംശങ്ങള്‍ അടുത്ത മന്ത്രിസഭായോഗം ചര്‍ച്ചചെയ്യും.

    ReplyDelete