Saturday, April 2, 2011

ജനജീവിതം കൂടുതല്‍ ദുഃസ്സഹമാകും

പ്രതിമാസം പലവട്ടം കുതിച്ചുയരുന്ന ഇന്ധനവില, പുതിയ റെക്കോഡിലേക്ക് ശരവേഗത്തില്‍ നീങ്ങുന്ന ഭക്ഷ്യപണപ്പെരുപ്പം, സബ്സിഡിയടക്കമുള്ള എല്ലാ പരിരക്ഷയും വളക്കൂറും നഷ്ടപ്പെട്ട് എരിഞ്ഞുണങ്ങുന്ന കാര്‍ഷികമേഖല... പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ഉദയത്തില്‍ രാജ്യത്തെ സാധാരണക്കാരുടെ നെഞ്ചിലെ തീയില്‍ എണ്ണപകരാന്‍ ആശങ്കകളേറെ. കേന്ദ്രബജറ്റിലെ നിര്‍ദേശങ്ങള്‍ പുതിയ സാമ്പത്തിക വര്‍ഷദിനമായ വെള്ളിയാഴ്ചയാണ് രാജ്യത്ത് നടപ്പില്‍വന്നത്. വിലക്കയറ്റത്തിലും വിളകളുടെ വിലത്തകര്‍ച്ചയിലും പൊറുതിമുട്ടിയ സാധാരണക്കാരുടെ ജീവിതം കൂടുതല്‍ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. രാജ്യം ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ വിലക്കയറ്റം നേരിടുമ്പോള്‍ അതിനെ പ്രതിരോധിക്കാനുള്ള ഒരു നിര്‍ദേശവും ബജറ്റില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍, കോര്‍പറേറ്റുകള്‍ക്ക് വഴിവിട്ട് ഇളവുകള്‍ പ്രഖ്യാപിച്ച ബജറ്റിന്റെ നിര്‍ദേശങ്ങള്‍ പ്രാബല്യത്തിലാകുന്ന സാഹചര്യത്തില്‍ ആവേശത്തോടെയാണ് വന്‍കിടക്കാര്‍ പുതിയ സാമ്പത്തികവര്‍ഷത്തെ വരവേറ്റത്. ബജറ്റില്‍ സാധാരണക്കാര്‍ക്ക് ആശ്വാസമേകുന്ന നടപടി ഉണ്ടായിരുന്നില്ല. പകരം 20,000 കോടിയോളം രൂപയുടെ വിവിധ സബ്സിഡികളാണ് വെട്ടിക്കുറച്ചത്. കാര്‍ഷിക, വ്യവസായിക മേഖലകളില്‍ ഇത് വന്‍ പ്രത്യാഘാതം സൃഷ്ടിക്കും.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ച് 40,000 കോടി ഈ വര്‍ഷം സമ്പാദിക്കാനും പദ്ധതിയുണ്ട്. ഏറെ വൈകാതെതന്നെ ഓഹരിവിറ്റഴിക്കല്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കോര്‍പറേറ്റുകള്‍ക്ക് ഒട്ടേറെ നുകുതിഇളവ് അനുവദിച്ച ബജറ്റില്‍ കമ്പനികളുടെ സര്‍ചാര്‍ജ് അഞ്ചുശതമാനമായി കുറച്ചിരുന്നു. ബജറ്റ് നിര്‍ദേശങ്ങള്‍ നിത്യോപയോഗ സാധനങ്ങളുടെ പണപ്പെരുപ്പം കൂടുതല്‍ രൂക്ഷമാക്കുമെന്നാണ് വിലയിരുത്തല്‍. 130 ഉപഭോക്തൃവസ്തുക്കളെയാണ് പുതുതായി നികുതിവലയില്‍ ഉള്‍പ്പെടുത്തിയത്. കാര്‍ഷികമേഖലയില്‍ വളം, മണ്ണെണ്ണ തുടങ്ങിയവയുടെ സബ്സിഡി നേരിട്ടുനല്‍കാനുള്ള നീക്കം ഈ സംവിധാനത്തിന്റെ അന്ത്യം കുറിക്കുമെന്ന ആശങ്കയാണുള്ളത്. അഞ്ച് സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിലെ തിരിച്ചടി ഭയന്ന് കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ഥന കണക്കിലെടുത്താണ് പെട്രോളിന്റെ പ്രതിമാസ വിലവര്‍ധന നടപ്പാക്കാത്തത്. പാചകവാതക സബ്സിഡി ഘട്ടംഘട്ടമായി നിര്‍ത്തലാക്കാനുള്ള നിര്‍ദേശവും സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ സബ്സിഡി നിരക്കില്‍ ഉപഭോക്താവിന് വാങ്ങാവുന്ന സിലിണ്ടറുകളുടെ എണ്ണം നിജപ്പെടുത്തണമെന്ന് നന്ദന്‍ നിലേകനിയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതോടെ പാചകവാതകവില 650 രൂപയിലേറെയായി ഉയരും. ഈ നിര്‍ദേശവും ഈ സാമ്പത്തികവര്‍ഷത്തില്‍ത്തന്നെ നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

വിജേഷ് ചൂടല്‍ ദേശാഭിമാനി 020411

1 comment:

  1. പ്രതിമാസം പലവട്ടം കുതിച്ചുയരുന്ന ഇന്ധനവില, പുതിയ റെക്കോഡിലേക്ക് ശരവേഗത്തില്‍ നീങ്ങുന്ന ഭക്ഷ്യപണപ്പെരുപ്പം, സബ്്സിഡിയടക്കമുള്ള എല്ലാ പരിരക്ഷയും വളക്കൂറും നഷ്ടപ്പെട്ട് എരിഞ്ഞുണങ്ങുന്ന കാര്‍ഷികമേഖല... പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ഉദയത്തില്‍ രാജ്യത്തെ സാധാരണക്കാരുടെ നെഞ്ചിലെ തീയില്‍ എണ്ണപകരാന്‍ ആശങ്കകളേറെ. കേന്ദ്രബജറ്റിലെ നിര്‍ദേശങ്ങള്‍ പുതിയ സാമ്പത്തിക വര്‍ഷദിനമായ വെള്ളിയാഴ്ചയാണ് രാജ്യത്ത് നടപ്പില്‍വന്നത്. വിലക്കയറ്റത്തിലും വിളകളുടെ വിലത്തകര്‍ച്ചയിലും പൊറുതിമുട്ടിയ സാധാരണക്കാരുടെ ജീവിതം കൂടുതല്‍ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.

    ReplyDelete