കൊല്‍ക്കത്ത:
'പശ്ചിമബംഗാളിലെ ഇടതുപക്ഷത്തെക്കുറിച്ച് ചില വിമര്‍ശനങ്ങളുണ്ടെങ്കിലും അവര്‍ തോല്‍ക്കാന്‍ പാടില്ല. ബംഗാളിന്റെ നന്മയ്ക്ക് ഇടതുപക്ഷംതന്നെ ജയിക്കണം'- പറയുന്നത് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഡോ. അശോക് മിത്ര.
ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പ് ഏറെ കടുത്തതാണെങ്കിലും ഇടതുമുന്നണിതന്നെ വിജയിക്കുമെന്നും അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ഏറെ അനുകൂലഘടകങ്ങളുണ്ടെന്നും മികച്ച വിജയം നേടാന്‍ കഴിയുമെന്നും 'ദേശാഭിമാനി'ക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ബംഗാളിലെ ഇടതുമുന്നണി ഭരണത്തിലെ ആദ്യ ധനമന്ത്രിയായിരുന്ന അശോക് മിത്ര കേന്ദ്ര ധനമന്ത്രാലയത്തിന്റെ സാമ്പത്തിക ഉപദേഷ്ടാവുമായിരുന്നു. 'മമതാ ബാനര്‍ജി അധികാരത്തിലെത്തിയാല്‍ അതു ബംഗാളിന്റെ ദുരന്തമായിരിക്കുമെന്ന് മിത്ര പറഞ്ഞു. അവര്‍ക്ക് ഒരിക്കലും ഒരു ഭരണാധികാരിയാകാന്‍ കഴിയില്ല. അതിനുള്ള പക്വത അവര്‍ക്കില്ല. വ്യക്തമായ ഒരു കര്‍മപദ്ധതിയും മുന്നോട്ടുവയ്ക്കാനില്ല. ഇടതുമുന്നണി സര്‍ക്കാരിന് ചില തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. അതു തിരിച്ചറിയുകയും തിരുത്തുകയും ചെയ്യുന്നതില്‍ സന്തോഷമുണ്ട്. പൊതുവില്‍ വളരെ ശാന്തമായ ഒരു സംസ്ഥാനമെന്ന അംഗീകാരം പശ്ചിമബംഗാളിനുണ്ട്. മാവോയിസ്റുകള്‍ നടത്തുന്ന അക്രമപ്രവര്‍ത്തനങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ സംസ്ഥാനം ശാന്തമാണ്. ഭൂപരിഷ്കരണ നടപടികള്‍ ഇടതുമുന്നണിയുടെ നേട്ടങ്ങളില്‍ ഏറ്റവും ശ്രദ്ധേയമാണ്. പാട്ടകര്‍ഷകര്‍ക്ക് ഭൂമിയില്‍ അവകാശം നല്‍കിയതും മിച്ചഭൂമി വിതരണം ചെയ്തതും സംസ്ഥാനത്തിന്റെ സാമ്പത്തികഘടനയില്‍ വലിയ മാറ്റം വരുത്തി. എന്നാല്‍, ശ്രദ്ധിക്കേണ്ട നിരവധി മേഖലകള്‍ ഇനിയുമുണ്ട്.
അടുത്തഘട്ടം എന്തായിരിക്കണം? ചെറിയ കൃഷിഭൂമിയുള്ള കര്‍ഷകരാണ് ഏറെയും. അവര്‍ക്ക് ഇതേ നിലയില്‍ കൃഷി നടത്തിക്കൊണ്ടുപോകാന്‍ കഴിയില്ല. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് മികച്ച വില കിട്ടാനും കൃഷിക്കാവശ്യമായ സാമഗ്രികള്‍ കുറഞ്ഞ നിരക്കില്‍ ലഭിക്കാനും സര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ വേണം. ഭാവിയില്‍ ചെറുകര്‍ഷകരുടെ കൂട്ടായ്മകള്‍ ഉണ്ടാക്കി കൂട്ടുകൃഷി നടത്തണം. ഇതിന് കര്‍ഷകരുടെ സഹകരണസംരംഭങ്ങള്‍ ഉണ്ടാകണം. വ്യവസായവല്‍ക്കരണം അനിവാര്യമാണെങ്കിലും പൊതുമേഖലയില്‍ കൂടുതല്‍ നിക്ഷേപം ഉണ്ടാക്കാനാണ് ശ്രമിക്കേണ്ടിയിരുന്നത്.
സമ്പത്തെല്ലാം കേന്ദ്രം കുന്നുകൂട്ടിവയ്ക്കുന്ന പ്രവണതക്കെതിരെ സംസ്ഥാനങ്ങള്‍ യോജിച്ച് പോരാടണം. അത്തരമൊരു പോരാട്ടം ഈയിടെയായി ദുര്‍ബലമാണ്. കേന്ദ്ര പദ്ധതികള്‍ എന്ന പേരില്‍ ഡല്‍ഹിയിലിരുന്ന് രാജ്യത്തെയാകെ വികസനപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ വാശി ശരിയല്ല. കമ്യൂണിസ്റ് പ്രസ്ഥാനം അടിസ്ഥാന ആശയങ്ങളില്‍ കൂടുതല്‍ ഉറച്ചുനില്‍ക്കണം. 30 വര്‍ഷംമുമ്പ് കിസാന്‍സഭ ഭൂരഹിത കര്‍ഷകരുടെയും പാട്ടകൃഷിക്കാരുടെയും വമ്പിച്ച പ്രാതിനിധ്യമുള്ള സംഘടനയായിരുന്നു. ഭൂപരിഷ്കരണത്തിലൂടെ ഭൂമി ലഭിച്ച കര്‍ഷകരുടെ വര്‍ഗതാല്‍പ്പര്യങ്ങളില്‍ വന്ന മാറ്റങ്ങളും ശ്രദ്ധിക്കേണ്ടതാണെന്ന് അശോക് മിത്ര പറഞ്ഞു. 1977 മുതല്‍ 86 വരെ പശ്ചിമബംഗാളിലെ ധനമന്ത്രിയായിരുന്ന മിത്ര രാജ്യത്തെ ഏറ്റവും പ്രമുഖനായ സാമ്പത്തിക ശാസ്ത്രജ്ഞരില്‍ ഒരാളാണ്. നിരവധി പുസ്തകങ്ങള്‍ രചിച്ചു. അര്‍ബുദം ബാധിച്ച് വിഷമിക്കുമ്പോഴും കൊല്‍ക്കത്തയിലെ ആലിപ്പൂര്‍ പാര്‍ക്ക് റോഡിലെ വീട്ടിലെ ഒരു സഹായിയുമൊത്ത് വായനയില്‍ മുഴുകി കഴിയുകയാണ് മിത്ര ഇപ്പോള്‍.
(വി ജയിന്‍)
ദേശാഭിമാനി 020411
പശ്ചിമബംഗാളിലെ ഇടതുപക്ഷത്തെക്കുറിച്ച് ചില വിമര്‍ശനങ്ങളുണ്ടെങ്കിലും അവര്‍ തോല്‍ക്കാന്‍ പാടില്ല. ബംഗാളിന്റെ നന്മയ്ക്ക് ഇടതുപക്ഷംതന്നെ ജയിക്കണം'- പറയുന്നത് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഡോ. അശോക് മിത്ര.
ReplyDelete