Wednesday, April 6, 2011

സ്പെക്ട്രം അന്വേഷണം കോണ്‍ഗ്രസ് അട്ടിമറിക്കുന്നു

2ജി സ്പെക്ട്രം അഴിമതിയെക്കുറിച്ചുള്ള പാര്‍ലമെന്ററി സമിതി അന്വേഷണം അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് ശ്രമം. സ്പെക്ട്രം അഴിമതി അന്വേഷിക്കാന്‍ പാര്‍ലമെന്റ് ചുമതലപ്പെടുത്തിയ ജെപിസിയുടെ ചെയര്‍മാന്‍ പി സി ചാക്കോയാണ് അട്ടിമറിക്ക് നേതൃത്വം നല്‍കുന്നത്. സ്പെക്ട്രം അഴിമതിയെക്കുറിച്ച് ജെപിസി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തടസ്സപ്പെടുത്തിയ വേളയില്‍ കോണ്‍ഗ്രസും പ്രധാനമന്ത്രിയും ആവര്‍ത്തിച്ചുകൊണ്ടിരുന്നത് പിഎസി അന്വേഷിക്കുന്നുണ്ടെന്നും അതിനാല്‍ ജെപിസി അന്വേഷണം ആവശ്യമില്ലെന്നുമാണ്. എന്നാല്‍, പ്രതിപക്ഷത്തിന്റെ സമ്മര്‍ദത്തിനു വഴങ്ങി ജെപിസി അന്വേഷണത്തിന് ഉത്തരവിട്ടപ്പോള്‍ കോണ്‍ഗ്രസും പി സി ചാക്കോയും പറയുന്നത് പിഎസി അന്വേഷണത്തിന്റെ ആവശ്യമില്ലെന്നാണ്. ഒരേ കാര്യം രണ്ടു പാര്‍ലമെന്ററി സമിതി അന്വേഷിക്കുന്നത് ശരിയല്ലെന്നാണ് ഇപ്പോള്‍ ചാക്കോ പറയുന്നത്. ഒരേ സാക്ഷികളെയാണ് രണ്ടു സമിതിക്കും വിസ്തരിക്കാനുള്ളതെന്നും ഒരേ രേഖകളാണ് പരിശോധിക്കേണ്ടതെന്നും അതിനാല്‍ ബിജെപി നേതാവായ മുരളീമനോഹര്‍ ജോഷി നയിക്കുന്ന പിഎസിയുടെ അന്വേഷണം ആവശ്യമില്ലെന്നുമാണ് കോണ്‍ഗ്രസിന്റെ അഭിപ്രായം.

ജെപിസിയുടെ ആദ്യയോഗം മാര്‍ച്ച് 24ന് ചേര്‍ന്ന ഘട്ടത്തിലാണ് ചാക്കോ ഈ വാദം ശക്തമായി മുന്നോട്ടുവച്ചത്. സ്പെക്ട്രം അഴിമതി അന്വേഷിക്കാന്‍ ശുഷ്കാന്തി കാട്ടുന്നതിനു പകരം അതുമായി ഒരു ബന്ധവുമില്ലാത്ത വിഷയം ഉയര്‍ത്തി രണ്ടു സമിതിയുടെയും പ്രവര്‍ത്തനം തടയാനാണ് ചാക്കോയുടെ ശ്രമം. 2ജി വിഷയത്തില്‍ ഇരുസമിതിയും സമാന്തര അന്വേഷണം നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ചാക്കോ സ്പീക്കര്‍ മീരാകുമാറുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഒരേ വിഷയത്തെക്കുറിച്ച് രണ്ട് പാര്‍ലമെന്ററി സമിതികള്‍ അന്വേഷണം നടത്തുന്നത് അപൂര്‍വമാണെങ്കിലും അസാധാരണമല്ലെന്ന് ജെപിസി അംഗമായ സീതാറാം യെച്ചൂരി പറഞ്ഞു. എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും സംയോജിപ്പിച്ചതിലെ പാകപ്പിഴകളെക്കുറിച്ച് പാര്‍ലമെന്ററി സ്റാന്‍ഡിങ് കമ്മിറ്റി പരിശോധിച്ച വേളയില്‍ത്തന്നെയാണ് ഇതുസംബന്ധിച്ച സിഎജി റിപ്പോര്‍ട്ടിന്മേല്‍ പിഎസിയും അന്വേഷണം നടത്തിയത്. അതിനാല്‍, ഇക്കാര്യം സ്പീക്കറെ കണ്ട് തീര്‍പ്പാക്കി ഉടന്‍ അന്വേഷണപ്രക്രിയ ആരംഭിക്കുകയാണ് വേണ്ടതെന്ന് യെച്ചൂരി പറഞ്ഞു.

2ജി സ്പെക്ട്രം സംബന്ധിച്ച സിഎജി റിപ്പോര്‍ട്ടിന്മേലാണ് പിഎസിയുടെ അന്വേഷണമെന്നും അത് ഒരു തരത്തിലും ജെപിസിയുടെ അന്വേഷണത്തെ തടസ്സപ്പെടുത്തുകയോ ദോഷകരമായി ബാധിക്കുകയോ ചെയ്യില്ലെന്നും പിഎസി അംഗമായ പ്രശാന്ത ചാറ്റര്‍ജി പറഞ്ഞു. പാര്‍ലമെന്റ് രൂപീകരിച്ച സമിതിയാണ് ജെപിസിയെങ്കില്‍ ഭരണഘടനാ സ്ഥാപനമാണ് പിഎസി. വര്‍ഷകാല സമ്മേളനത്തില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് ജെപിസിയോട് പാര്‍ലമെന്റ് ആവശ്യപ്പെട്ടിട്ടുള്ളത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതോടെ ജെപിസിയുടെ പ്രവര്‍ത്തനം പൂര്‍ത്തിയാകും. എന്നാല്‍, പിഎസി തുടര്‍ച്ചയുള്ള സമിതിയാണ്. മാത്രമല്ല, സിഎജി റിപ്പോര്‍ട്ട് വരുന്നതിനുമുമ്പുതന്നെ 2ജി ലൈസന്‍സ് നല്‍കിയ പ്രശ്നം പിഎസി പരിശോധിക്കാന്‍ ആരംഭിച്ചിരുന്നു. അതിനാല്‍, താല്‍പ്പര്യങ്ങളുടെ സംഘട്ടനമില്ലെന്നാണ് പിഎസി ചെയര്‍മാന്‍ മുരളീമനോഹര്‍ ജോഷി ചൂണ്ടിക്കാട്ടുന്നത്. അനാവശ്യമായ വിവാദം ബോധപൂര്‍വം സൃഷ്ടിച്ച് രണ്ടു പാര്‍ലമെന്ററി സമിതിയുടെ അന്വേഷണത്തെ വഴിതിരിച്ചുവിടാനാണ് കോണ്‍ഗ്രസും ചാക്കോയും ശ്രമിക്കുന്നത്. ആദ്യം ജെപിസി രൂപീകരിക്കുന്നത് തടയാന്‍ ശ്രമിച്ചവര്‍ ഇപ്പോള്‍ അതിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തെതന്നെയാണ് തടയുന്നത്.
(വി ബി പരമേശ്വരന്‍)

ദേശാഭിമാനി 060411

2 comments:

  1. 2ജി സ്പെക്ട്രം അഴിമതിയെക്കുറിച്ചുള്ള പാര്‍ലമെന്ററി സമിതി അന്വേഷണം അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് ശ്രമം. സ്പെക്ട്രം അഴിമതി അന്വേഷിക്കാന്‍ പാര്‍ലമെന്റ് ചുമതലപ്പെടുത്തിയ ജെപിസിയുടെ ചെയര്‍മാന്‍ പി സി ചാക്കോയാണ് അട്ടിമറിക്ക് നേതൃത്വം നല്‍കുന്നത്. സ്പെക്ട്രം അഴിമതിയെക്കുറിച്ച് ജെപിസി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തടസ്സപ്പെടുത്തിയ വേളയില്‍ കോണ്‍ഗ്രസും പ്രധാനമന്ത്രിയും ആവര്‍ത്തിച്ചുകൊണ്ടിരുന്നത് പിഎസി അന്വേഷിക്കുന്നുണ്ടെന്നും അതിനാല്‍ ജെപിസി അന്വേഷണം ആവശ്യമില്ലെന്നുമാണ്. എന്നാല്‍, പ്രതിപക്ഷത്തിന്റെ സമ്മര്‍ദത്തിനു വഴങ്ങി ജെപിസി അന്വേഷണത്തിന് ഉത്തരവിട്ടപ്പോള്‍ കോണ്‍ഗ്രസും പി സി ചാക്കോയും പറയുന്നത് പിഎസി അന്വേഷണത്തിന്റെ ആവശ്യമില്ലെന്നാണ്. ഒരേ കാര്യം രണ്ടു പാര്‍ലമെന്ററി സമിതി അന്വേഷിക്കുന്നത് ശരിയല്ലെന്നാണ് ഇപ്പോള്‍ ചാക്കോ പറയുന്നത്. ഒരേ സാക്ഷികളെയാണ് രണ്ടു സമിതിക്കും വിസ്തരിക്കാനുള്ളതെന്നും ഒരേ രേഖകളാണ് പരിശോധിക്കേണ്ടതെന്നും അതിനാല്‍ ബിജെപി നേതാവായ മുരളീമനോഹര്‍ ജോഷി നയിക്കുന്ന പിഎസിയുടെ അന്വേഷണം ആവശ്യമില്ലെന്നുമാണ് കോണ്‍ഗ്രസിന്റെ അഭിപ്രായം.

    ReplyDelete
  2. ന്യൂഡല്‍ഹി: ടെലികോം കമ്പനികള്‍ക്ക് സ്പെക്ട്രം അനുവദിക്കുന്നത് ഇനി പത്തു വര്‍ഷത്തേക്ക് മാത്രമെന്ന് ടെലികോം മന്ത്രി കപില്‍ സിബല്‍. കേന്ദ്ര സര്‍ക്കാര്‍ സ്പെക്ട്രം അനുവദിച്ചതിലെ അഴിമതി പുറത്തായ സാഹചര്യത്തിലാണ് മാറ്റം. പുതിയ ദേശീയ സ്പെക്ട്രം നിയമം സര്‍ക്കാര്‍ ഉടന്‍ കൊണ്ടുവരുമെന്നും വാര്‍ത്താസമ്മേളനത്തില്‍ സിബല്‍ പറഞ്ഞു. നേരത്തെ 20 വര്‍ഷത്തേക്കാണ് സ്പെക്ട്രം അനുവദിച്ചിരുന്നത്. ഇനിമുതല്‍ 10 വര്‍ഷം കഴിഞ്ഞാല്‍ ലൈസന്‍സ് പുതുക്കണം. 30 മാസം മുമ്പുതന്നെ ഇതിന് അപേക്ഷ നല്‍കണം. മാത്രമല്ല, ലൈസന്‍സ് ലഭിച്ചതുകൊണ്ടു മാത്രം സ്പെക്ട്രം ലഭിക്കുകയുമില്ല. ലൈസന്‍സ് ലഭിച്ച കമ്പനികള്‍ സ്പെക്ട്രത്തിന് പ്രത്യേക അപേക്ഷ നല്‍കേണ്ടിവരും. നേരത്തെ ലൈസന്‍സ് ലഭിച്ച കമ്പനികള്‍ക്ക് സ്പെക്ട്രവും അതിന്റെ കൂടെ തന്നെയാണ് അനുവദിച്ചിരുന്നത്. അഴിമതി വിവാദത്തില്‍ രാജയുടെ രാജിയെ തുടര്‍ന്ന് കപില്‍ സിബല്‍ ടെലികോം മന്ത്രിയായി ചുമതലയേറ്റശേഷം പ്രഖ്യാപിച്ച നൂറു ദിന പരിപാടികളെക്കുറിച്ച് സംസാരിക്കാനായിരുന്നു വാര്‍ത്താസമ്മേളനം വിളിച്ചത്. ദേശീയ സ്പെക്ട്രം നിയമത്തിന്റെ കരട് രൂപീകരിക്കുന്നതിന് റിട്ട. ജഡ്ജി വി ശിവരാജ് പാട്ടീലിന്റെ നേതൃത്വത്തില്‍ സമിതിക്ക് രൂപംനല്‍കിയതായി സിബല്‍ അറിയിച്ചു. ദേശീയ ബ്രോഡ്ബാന്റ് നയവുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചു പഠിക്കാന്‍ സാം പ്രിട്രോഡയുടെ നേതൃത്വത്തില്‍ മറ്റൊരു സമിതിയെയും നിയമിച്ചിട്ടുണ്ട്. സ്പെക്ട്രം അനുവദിക്കുന്നതിന് നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തുകയാണ് പുതിയ നിയമം കൊണ്ട് ലക്ഷ്യമാക്കുന്നതെന്ന്സിബല്‍ പറഞ്ഞു. ടെലികോം വിഭാഗം വാടകയ്ക്കെടുക്കുന്ന ഒരു എജന്‍സി ഇനിമുതല്‍ സ്പെക്ട്രം ഓഡിറ്റിങ് നടത്തും. ശരിയായ രീതിയിലാണോ സ്പെക്ട്രം ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്താനാണ് ഇത്. ഈ വര്‍ഷാവസാനത്തോടെ പുതിയ ടെലികോം നയത്തിന് അന്തിമരൂപം നല്‍കുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍,സ്പെക്ട്രത്തിന്റെ വിലനിര്‍ണയം എങ്ങനെയായിരിക്കുമെന്നോ അനധികൃതമായി ലൈസന്‍സ് ലഭിച്ച കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കുമോ എന്നതോ വ്യക്തമാക്കാന്‍ സിബല്‍ തയ്യാറായില്ല.

    ReplyDelete