Saturday, April 9, 2011

നേട്ടങ്ങള്‍ ഉറപ്പിക്കാനും മുന്നോട്ടു കൊണ്ടുപോവാനും ജനങ്ങള്‍ വിധിയെഴുതും

തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലെത്തുമ്പോള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അത്യുജ്വലമായ മുന്നേറ്റമാണ് സംസ്ഥാനത്തെങ്ങും കാണാനാകുന്നത്. യു ഡി എഫ് പ്രചാരണ രംഗത്ത് ഇത്രമാത്രം അസ്തപ്രജ്ഞമായ അനുഭവം മുമ്പുണ്ടായിട്ടില്ല. ജനങ്ങളോട് ഒന്നും പറയാനില്ലാതെ, ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ, വിശ്വാസ്യത തകര്‍ന്ന് ആ മുന്നണി നില്‍ക്കുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പര്യടന പരിപാടിയില്‍ പങ്കെടുക്കാന്‍ പോലും വിമുഖത കാട്ടിയ അണികളും ആരോപണങ്ങളുടെ കൂമ്പാരത്തിനടിയില്‍പ്പെട്ട നേതൃത്വവുമാണ് യു ഡി എഫിന്‍േറത്.

ഏറ്റവുമൊടുവില്‍ ഡല്‍ഹിയില്‍ അന്നാ ഹസാരെ എന്ന ഗാന്ധിയന്‍ നടത്തുന്ന നിരാഹാര സമരം പോലും കോണ്‍ഗ്രസിന്റെ കുറ്റന്‍ അഴിമതികളുടെ കറുത്ത ചിത്രമാണ് കേരളീയര്‍ക്കുമുന്നില്‍ വരച്ചിടുന്നത്. അഴിമതിയില്‍ സഹികെട്ട് ജനങ്ങള്‍ സ്വമേധയാ തെരുവിലിറങ്ങുമ്പോള്‍; ജീവിച്ചിരിക്കുന്ന ഏറ്റവും പ്രമുഖനായ ഗാന്ധിയന്‍ അഴിമതി വിരുദ്ധ നിയമം നടപ്പാക്കാനായി സമരം നയിക്കുമ്പോള്‍; മുന്‍കാലത്തെ അഴിമതികളടെയും അധികാര ദുര്‍വിനിയോഗത്തിന്റെയും പാപഭാരം നീരാളിപ്പിടുത്തം മുറുക്കുമ്പോള്‍ യു ഡി എഫിന് രക്ഷപ്പെടാന്‍ മാര്‍ഗങ്ങളൊന്നും തുറന്നുകിടപ്പില്ല. എല്‍ ഡി എഫ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യുന്നത് കേരളത്തിന് പുതിയ വികസന മാതൃകയാണ്. 

വിവിധ രംഗങ്ങളില്‍ കേരളം ആര്‍ജിച്ച മുന്നേറ്റം സംരക്ഷിക്കാനും കൂടുതല്‍ മുന്നോട്ടുപോകാനും കഴിഞ്ഞ അഞ്ചുകൊല്ലത്തെ ഭരണത്തിന്റെ തുടര്‍ച്ച ഉണ്ടാകേണ്ടത് അനിവാര്യതയാണ്. അഞ്ചുകൊല്ലം യു ഡി എഫ് ഭരിച്ച് നാടിനെ കൊള്ളയടിക്കുക; പിന്നെ അഞ്ചുകൊല്ലം എല്‍ ഡി എഫ് കഠിനാധ്വാനംചെയ്ത് ആ മുറിവുകള്‍ ഉണക്കുകയും വികസനമുന്നേറ്റമുണ്ടാക്കുകയും ചെയ്യുക എന്നതാണ് കേരളത്തിന്റെ പതിവ്. ഇത്തവണയും നാടിന് അങ്ങനെയെലാരു പതിവ് ആവര്‍ത്തിക്കണോ എന്നതാണ് ഈ തിരഞ്ഞെടുപ്പിലെ മുഖ്യ വിഷയം. ഭരണം കയ്യിലെത്തുന്ന നിമിഷം നടത്താനുള്ള കച്ചവടങ്ങളും  അഴിമതിയും ആസൂത്രണം ചെയ്യുന്ന യു ഡി എഫ് സംവിധാനത്തെ  ഇനിയും ഈ നാട് പേറേണ്ടതുണ്ടോ എന്നതാണ് വോട്ടര്‍മാരുടെ മുന്നിലുള്ള ചോദ്യം.

എല്‍ ഡി എഫിന്റെ അഞ്ചുവര്‍ഷത്തെ ഭരണം കേരളത്തിന് എന്തു നല്‍കി എന്ന് ഇന്നാട്ടിലെ ജനങ്ങളോട് വിശദീകരിക്കേണ്ടതില്ല. സര്‍ക്കാരിന്റെ ഇടപെടലുകള്‍ കൊണ്ട് നേട്ടം അനുഭവിക്കാത്ത ഒരുകുടുംബവും ഇവിടെയില്ല. വിവിധ രംഗങ്ങളില്‍ രാജ്യത്തെ മികച്ച സംസ്ഥാനത്തിനുള്ള അവാര്‍ഡുകള്‍ ഏറ്റവും കൂടുതല്‍ നേടിയ സംസ്ഥാനങ്ങളില്‍ മുന്നിലാണ് കേരളം. കേന്ദ്രസര്‍ക്കാരില്‍നിന്നും വിവിധ ദേശീയ-അന്തര്‍ദേശീയ ഏജന്‍സികളില്‍നിന്നുമായി അഞ്ചുവര്‍ഷത്തിനിടെ ഇരുപത്തിയഞ്ചിലേറെ പുരസ്‌കാരങ്ങള്‍ കേരളത്തിനുകിട്ടി.  അധികാര വികേന്ദ്രീകരണത്തിനുള്ള അവാര്‍ഡ് തുടര്‍ച്ചയായി രണ്ടാം തവണയാണ് ലഭിക്കുന്നത്. അടിസ്ഥാനസൗകര്യവികസനം-പരിസ്ഥിതി,- ആരോഗ്യസംരക്ഷണം- വികസനം എന്നീ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക്, മികച്ച ക്രമസമാധാനപാലനത്തിന്, സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് ഫലപ്രദമായി നടപ്പാക്കിയതിന്, ശുചിത്വപദ്ധതികള്‍ക്ക്,  ആരോഗ്യ വിദ്യാഭ്യാസരംഗത്തെ മികച്ചപ്രവര്‍ത്തനത്തിന്, ഏഷ്യയിലെ മികച്ച വിനോദസഞ്ചാരകേന്ദ്രത്തിനുള്ളത്, മികച്ച ടൂറിസം സ്‌റ്റേറ്റിനുള്ളത്, പഞ്ചായത്ത് രാജ് പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളുടെ ശാക്തീകരണത്തിനും പദ്ധതികള്‍ക്കായി ഏറ്റവും പ്രയോജനകരമായി ഫണ്ട് വിനിയോഗിച്ചതിന്, ഇ- ഗ്രാന്റ്‌സ് പദ്ധതിക്ക്,  ഊര്‍ജ സംരക്ഷണത്തിന്,  ഊര്‍ജമേഖലയിലെ മികച്ച പ്രവര്‍ത്തനത്തിന്, ശുദ്ധജല വിതരണ രംഗത്തെ  മികച്ചപ്രകടനത്തിന്,  ഹയര്‍സെക്കന്‍ഡറി അലോട്ട്‌മെന്റിനുള്ള ഏകജാലകം-സേവന തുടങ്ങിയ പദ്ധതികള്‍ക്ക്, ഇന്ദിരാപ്രിയദര്‍ശിനി വൃക്ഷമിത്രപുരസ്‌കാരം-ഇങ്ങനെ നിരവധി അവാര്‍ഡുകള്‍ കേരളം കരസ്ഥമാക്കിയപ്പോള്‍ യു ഡി എഫിനെ നയിക്കുന്ന കോണ്‍ഗ്രസ്  അതംഗീകരിക്കാനോ നാടിന്റെ നേട്ടത്തില്‍ സന്തോഷിക്കാനോ അല്ല തയ്യാറായത്. പകരം, ഇനി കേരളത്തിന് അവാര്‍ഡുകളൊന്നും കൊടുക്കരുത് എന്ന് യു പി എ നേതൃത്വത്തില്‍ സമ്മര്‍ദംചെലുത്താനാണ്. വയലാര്‍ രവിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എം പിമാര്‍, കേരളത്തിന് പുരസ്‌കാരങ്ങള്‍ നല്‍കരുത് എന്ന് ആവശ്യപ്പെട്ടതിനോട് എ കെ ആന്റണി പ്രതികരിച്ചതായി അറിവില്ല. ഇത്രയേറെ സങ്കുചിതമായ സമീപനം മറ്റൊരു പാര്‍ട്ടിയും സ്വീകരിക്കാറില്ല. രണ്ടുരൂപയ്ക്ക് അരി കൊടുക്കുന്ന പദ്ധതി പരാതിപ്പെട്ട് അട്ടിമറിക്കാന്‍ ശ്രമിച്ചതും ആന്റണിയുടെ പാര്‍ട്ടി തന്നെ.

ഏതാണ് യു ഡി എഫ് കേരളത്തിനു കാണിക്കുന്ന മാതൃക? കേന്ദ്ര യു പി എ സര്‍ക്കാരിന്‍േറതാണോ? കേന്ദ്ര മന്ത്രിയും കോര്‍പറേറ്റ് മേധാവികളും കൂട്ടുപ്രതികളായി 2 ജി സ്‌പെക്ട്രം കേസില്‍ സി ബി ഐ സമര്‍പ്പിച്ച കുറ്റപത്രം യു പി എ സര്‍ക്കാര്‍ കോര്‍പറേറ്റുകളുമായി ചേര്‍ന്ന് നടത്തുന്ന കൊള്ളയ്ക്ക് തെളിവല്ലേ? മന്ത്രിയായിരുന്ന രാജ ജയിലില്‍ കിടക്കുമ്പോള്‍, റിലയന്‍സ് പോലുള്ള വന്‍കിട കമ്പനികളുമായി കൂട്ടുചേര്‍ന്നാണ് കൊള്ള നടത്തിയത് എന്ന് സംശയാതീതമായി തെളിയിക്കപ്പെടുമ്പോള്‍ ആ മാതൃകയാണോ കേരളത്തിലേക്ക് പകര്‍ത്താന്‍ ഉദ്ദേശിക്കുന്നത് എന്നു പറയാനുള്ള ബാധ്യത യു ഡി എഫിനുണ്ട്.  

ഒരുഭാഗത്ത് അവിശ്വസനീയമാംവണ്ണം ഭീമമായ അഴിമതിയിലൂടെ പണം കുന്നുകൂട്ടുക, മറുഭാഗത്ത് അങ്ങനെയുള്ള പണം തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ വാരിയെറിയുക.
കൃഷ്ണ-ഗോദാവരി തടത്തിലെ പ്രകൃതിവാതകം എങ്ങനെ ആര് കൈകാര്യം ചെയ്യണം, ഡി എം കെയ്ക്ക് ഏതൊക്കെ വകുപ്പ് കൊടുക്കണം, ദയാനിധിമാരനെ എങ്ങനെ ഒതുക്കണം എന്നിങ്ങനെയുള്ള കാര്യങ്ങള്‍  തീരുമാനിക്കുന്നത് കോര്‍പറേറ്റുകളും അവയുടെ ദല്ലാളന്മാരുമാണെന്ന് നീര റാഡിയ ടേപ്പുകളിലൂടെ തെളിഞ്ഞു. ലോക്‌സഭയില്‍ എം പിമാരെ വിലയ്ക്കുവാങ്ങാന്‍ അനേക കോടികള്‍ അമേരിക്കന്‍ പങ്കാളിത്തത്തോടെ കൈമാറിയത് വിക്കിലീക്‌സ് രേഖകളിലൂടെ പുറത്തുവന്നു. പണം, അധികാരം എന്നിവ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്ന സംവിധാനമാണ് യു പി എ. ഇതിനൊക്കെ മറയായി മാധ്യമരംഗത്തെ ആധിപത്യത്തെ ഫലപ്രദമായി ഉപയോഗിക്കാനും അവര്‍ക്ക് കഴിയുന്നു. ഔദ്യോഗിക അന്വേഷണ ഏജന്‍സികള്‍ അഴിമതിക്ക് മറയിടാനും രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്താനുമായി നിര്‍ലജ്ജം ഉപയോഗിക്കപ്പെടുന്നു.

ഇന്ത്യ ഇന്നുവരെ ഇത്തരമൊരു നാണംകെട്ട അവസ്ഥയില്‍ എത്തിയിട്ടില്ല. ജനങ്ങള്‍ അങ്ങേയറ്റം ക്ഷുഭിതരും അസംതൃപ്തരുമാണ്. ശതകോടീശ്വരന്മാര്‍ക്ക് പാദസേവ ചെയ്യുകയും സാധാരണക്കാരന് അന്തസ്സായി ജീവിക്കാനുള്ള അവകാശം നിഷേധിക്കുകയും ചെയ്യുന്ന അവസ്ഥ സഹിക്കാതെയാണ് ജനങ്ങള്‍ തെരുവിലേക്കിറങ്ങുന്നത്. അഴിമതിക്കും വിലക്കയറ്റത്തിനും സാമ്രാജ്യത്വദാസ്യത്തിനും ദുരന്തംവിതയ്ക്കുന്ന ആഗോളവല്‍ക്കരണ നയങ്ങള്‍ക്കുമെതിരെ ഇടതുപക്ഷം നടത്തുന്ന സമരങ്ങള്‍ക്ക്  ഉണ്ടാകുന്ന ആവേശകരമായ പ്രതികരണങ്ങളുടെ മറ്റൊരു രൂപമാണ്, അന്നാ ഹസാരെയുടെ സമരത്തിനു പിന്തുണയുമായി എത്തുന്ന ജനപ്രവാഹം. ഈ ജനരോഷത്തിനു കാരണം യു പി എ സര്‍ക്കാരാണ്. അതിന്റെ കേരളത്തിലെ പതിപ്പായ യു ഡി എഫും അത്തരം രോഷത്തിനിരയാകുകയാണ്. അന്നാ ഹസാരെയുടെ സമരം യു പി എ സര്‍ക്കാരിനെ തൊലിയുരിച്ചു കാണിക്കുന്നതിന് സഹായകമാകും എന്നതിനൊപ്പം യു ഡി എഫിന്റെ ജനവിരുദ്ധ മുഖം കൂടുതലായി തിരിച്ചറിയാനുള്ള രാസത്വരകമായി കേരളത്തിലെ തിരഞ്ഞെടുപ്പില്‍ മാറുകയും ചെയ്യും. കോണ്‍ഗ്രസ് ഗാന്ധിജിയില്‍ നിന്നും ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ നിന്നും എത്ര അകലെയാണെന്ന് ഗാന്ധിയനായ ഹസാരെയിലൂടെ ജനങ്ങള്‍ വിലയിരുത്തും.

കേരളം ഇന്ന് ഒന്നാമത് ആണെന്ന് ജനങ്ങള്‍ മനസ്സിലാക്കുന്നത് ആരെങ്കിലും പറയുന്നത് കേട്ടല്ല-അനുഭവങ്ങളിലൂടെയാണ്. ആ ഒന്നാംസ്ഥാനത്തിന് കൂടുതല്‍ തിളക്കം നല്‍കാന്‍ എല്‍ ഡി എഫിന് മാത്രമേ കഴിയൂ എന്നാണ്  ഇന്നാട്ടിലെ സാധാരണ ജനങ്ങള്‍ കരുതുന്നത്. കേന്ദ്ര യു പി എ സര്‍ക്കാരിന്റെ 2ജി സ്‌പെക്ട്രം മാതൃകയിലുള്ള ഒന്നാം സ്ഥാനമല്ല കേരളത്തിനാവശ്യം. ജനക്ഷേമകരവും ആഗോളവല്‍ക്കരണക്കെടുതികളെ പ്രതിരോധിക്കുന്നതുമായ ബദല്‍ നയങ്ങള്‍ നടപ്പാക്കുന്നതിലെ ബംഗാള്‍ മാതൃകയാണ്; തൃണമൂല്‍ നശീകരണ മഴവില്‍ സഖ്യത്തിന്റെ മാതൃകയല്ല കേരളത്തിനുവേണ്ടത്.  അത് ഉറപ്പിക്കാനാണ്  ജനങ്ങള്‍ സമ്മതിദാനാവകാശം വിനിയോഗിക്കുക.

പിണറായി വിജയന്‍ ജനയുഗം 090411

1 comment:

  1. കേരളം ഇന്ന് ഒന്നാമത് ആണെന്ന് ജനങ്ങള്‍ മനസ്സിലാക്കുന്നത് ആരെങ്കിലും പറയുന്നത് കേട്ടല്ല-അനുഭവങ്ങളിലൂടെയാണ്. ആ ഒന്നാംസ്ഥാനത്തിന് കൂടുതല്‍ തിളക്കം നല്‍കാന്‍ എല്‍ ഡി എഫിന് മാത്രമേ കഴിയൂ എന്നാണ് ഇന്നാട്ടിലെ സാധാരണ ജനങ്ങള്‍ കരുതുന്നത്. കേന്ദ്ര യു പി എ സര്‍ക്കാരിന്റെ 2ജി സ്‌പെക്ട്രം മാതൃകയിലുള്ള ഒന്നാം സ്ഥാനമല്ല കേരളത്തിനാവശ്യം. ജനക്ഷേമകരവും ആഗോളവല്‍ക്കരണക്കെടുതികളെ പ്രതിരോധിക്കുന്നതുമായ ബദല്‍ നയങ്ങള്‍ നടപ്പാക്കുന്നതിലെ ബംഗാള്‍ മാതൃകയാണ്; തൃണമൂല്‍ നശീകരണ മഴവില്‍ സഖ്യത്തിന്റെ മാതൃകയല്ല കേരളത്തിനുവേണ്ടത്. അത് ഉറപ്പിക്കാനാണ് ജനങ്ങള്‍ സമ്മതിദാനാവകാശം വിനിയോഗിക്കുക.

    ReplyDelete