Monday, June 6, 2011

പന്ത്രണ്ട് വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 200 കടുവകള്‍

രാജ്യത്താകമാനം പന്ത്രണ്ട് വര്‍ഷത്തിനിടെ വേട്ടക്കാരാല്‍ കൊല്ലപ്പെട്ടത് 200ഓളം കടുവകള്‍. രാജ്യത്തിനകത്തുള്ള വിവിധ വന മേഖലകളില്‍ നിന്നും സങ്കേതങ്ങളില്‍ നിന്നുമാണ് ഇത്രയും കടുവകള്‍ കൊല്ലപ്പെട്ടത്. 250ലധികം കടുവകള്‍ ഈ കാലഘട്ടത്തിനിടയില്‍ പ്രായാധിക്യവും വരള്‍ച്ചയും വനത്തിലൂടെയുള്ള റോഡില്‍ നിന്നും റെയില്‍വെ ട്രാക്കില്‍ നിന്നും പറ്റിയ അപകടം മൂലവും ചത്തിട്ടുണ്ട്. ഇന്ത്യയുടെ ദേശീയമൃഗമായ കടുവകള്‍ അവയുടെ സുരക്ഷയ്ക്കായി രൂപീകരിച്ചിട്ടുള്ള സങ്കേതങ്ങളില്‍പ്പോലും ജീവനു കടുത്ത ഭീഷണി നേരിട്ടുകൊണ്ടാണ് ജീവിക്കുന്നതെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

വിവരാവകാശ നിയമ പ്രകാരമുള്ള ഒരു ചോദ്യത്തിനു നല്‍കിയ ഉത്തരത്തിലാണ് വനം പരിസ്ഥിതി വകുപ്പ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. 1999 മാര്‍ച്ച് മുതല്‍ 2011വരെ 447 കടുവകളാണ് രാജ്യത്ത് ചത്തിട്ടുള്ളത്. ഇതില്‍ 197 എണ്ണം വേട്ടക്കാരാലും ബാക്കിയുള്ളവ മറ്റു അപകടങ്ങളാലുമാണ് ചത്തത്. സരിസ്‌ക, പാന്ന കടുവാസങ്കേതങ്ങളിലാണ് വേട്ടക്കാരുടെ ശല്യം ഏറ്റവും രൂക്ഷമായിട്ടുള്ളതെന്നും മന്ത്രാലയം പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കടുവ വേട്ട ഇല്ലാതാക്കുന്നതിനായി വേട്ടക്കാര്‍ക്കെതിരെ കടുത്ത നടപടയെടുക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 2001-2002 വര്‍ഷത്തിലാണ് ഏറ്റവും കൂടുതല്‍ കടുവകള്‍ വേട്ടക്കാരാല്‍ ചത്തത്. 36 എണ്ണമാണ് ആ വര്‍ഷം ചത്തത്. എന്നാല്‍ ഏറ്റവും കൂടുതല്‍ കടുവകള്‍ ചത്തത് 2009ലാണ്. എന്നാല്‍ 66 കടുവകള്‍ 2009ല്‍ ചത്തെങ്കിലും പട്ടിണിയും അസുഖവുമടക്കമുള്ള കാരണങ്ങള്‍ കൊണ്ടാണ് അവ ചത്തിരുന്നത്.

ജനയുഗം 050611

1 comment:

  1. രാജ്യത്താകമാനം പന്ത്രണ്ട് വര്‍ഷത്തിനിടെ വേട്ടക്കാരാല്‍ കൊല്ലപ്പെട്ടത് 200ഓളം കടുവകള്‍. രാജ്യത്തിനകത്തുള്ള വിവിധ വന മേഖലകളില്‍ നിന്നും സങ്കേതങ്ങളില്‍ നിന്നുമാണ് ഇത്രയും കടുവകള്‍ കൊല്ലപ്പെട്ടത്. 250ലധികം കടുവകള്‍ ഈ കാലഘട്ടത്തിനിടയില്‍ പ്രായാധിക്യവും വരള്‍ച്ചയും വനത്തിലൂടെയുള്ള റോഡില്‍ നിന്നും റെയില്‍വെ ട്രാക്കില്‍ നിന്നും പറ്റിയ അപകടം മൂലവും ചത്തിട്ടുണ്ട്. ഇന്ത്യയുടെ ദേശീയമൃഗമായ കടുവകള്‍ അവയുടെ സുരക്ഷയ്ക്കായി രൂപീകരിച്ചിട്ടുള്ള സങ്കേതങ്ങളില്‍പ്പോലും ജീവനു കടുത്ത ഭീഷണി നേരിട്ടുകൊണ്ടാണ് ജീവിക്കുന്നതെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

    ReplyDelete