Monday, June 20, 2011

മൊബൈല്‍ ടവറുകള്‍ ഊറ്റുന്നത് 300 കോടി ലിറ്റര്‍ സബ്സിഡി ഡീസല്‍

സാധാരണക്കാരെ സഹായിക്കാന്‍ ഇന്ധനത്തിന് ഏര്‍പ്പെടുത്തിയ സബ്സിഡി ഉപയോഗിച്ച് കോടികളുടെ ലാഭം കൊയ്യുന്നവരില്‍ വന്‍കിട മൊബൈല്‍കമ്പനികളും. ഗതാഗതാവശ്യങ്ങള്‍ക്കും മറ്റുമായി ജനങ്ങള്‍ക്ക് സബ്സിഡി നിരക്കില്‍ നല്‍കുന്ന ഡീസല്‍ അതേനിരക്കില്‍ വന്‍കിട ടെലികോം കുത്തകകള്‍ക്കും ലഭ്യമാക്കുന്നതാണ് വിമര്‍ശിക്കപ്പെടുന്നത്. ഗ്രീന്‍പീസ് എന്ന ആഗോള പരിസ്ഥിതി സംഘടന മെയ്മാസത്തില്‍ പുറത്തിറക്കിയ പഠനറിപ്പോര്‍ട്ടിലെ കണക്കുപ്രകാരം 2010-11ല്‍ 300 കോടി ലിറ്റര്‍ ഡീസലാണ് മൊബൈല്‍കമ്പനികളുടെ ടവറുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ജനറേറ്ററുകള്‍ കത്തിച്ചു തീര്‍ത്തത്. 2008ല്‍ ഇത് 200 കോടി ലിറ്ററായിരുന്നു. ഒരു വര്‍ഷം കൊണ്ട് 30 ശതമാനത്തിലധികം വര്‍ധനവാണ് മൊബൈല്‍ കമ്പനികളുടെ ഡീസല്‍ ഉപയോഗത്തില്‍ ഉണ്ടായത്. ന്യൂ ആന്‍ഡ് റിന്യുവബിള്‍ എനര്‍ജി മന്ത്രാലയത്തിന്റെ കണക്കുകളാണ് പഠനത്തിനായി ഗ്രീന്‍പീസ് ഉപയോഗിച്ചത്.

സര്‍ക്കാരിന്റെ കണക്കനുസരിച്ച് ലിറ്ററിന് ഏഴു മുതല്‍ 12 രൂപവരെ ഡീസലിന് സ്ബിസിഡി നല്‍കുന്നുണ്ട്. ഇതിന്റെ ശരാശരി എട്ടരരൂപ കണക്കാക്കിയാല്‍ തന്നെ മൊബൈല്‍ കമ്പനികള്‍ ഒരുവര്‍ഷം ഉപയോഗിക്കുന്ന 300 കോടി ലിറ്റര്‍ ഡീസലിന് ലഭ്യമാകുന്ന സബ്സിഡി 2550 കോടി രൂപയാണ്. മൊബൈല്‍ ടവറുകള്‍ മഴുവന്‍ നേരവും പ്രവര്‍ത്തിക്കാന്‍ ഉപയോഗിക്കുന്നത് ഡീസല്‍ ജനറേറ്ററുകളാണ്. പെട്രോള്‍ ഇന്ധന മേഖലയിലെ പ്രതിസന്ധിയും പാരിസ്ഥിതിക പ്രശ്നങ്ങളും കണക്കിലെടുത്ത് മറ്റ് ഊര്‍ജ സ്രോതസുകളിലേക്ക് മാറണമെന്ന് ടെലികോം റെഗുലേറ്ററി അതോററ്റി 2011 ഫെബ്രുവരിയില്‍ വന്‍കിട മൊബൈല്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. സൗരോര്‍ജമുള്‍പ്പടെയുള്ള ഇന്ധനത്തിലേക്ക് മാറുന്നത് വഴി മൊബൈല്‍ കമ്പനികളുടെ ചെലവ് കുറക്കാന്‍ സാധിക്കുമെന്നും ട്രായ് ചൂണ്ടികാണിച്ചിരുന്നു.

മറ്റു ഇന്ധനങ്ങളിലേക്ക് മാറുമെന്ന് മൊബൈല്‍കമ്പനി ഉടമകള്‍ പലവട്ടം പ്രസ്താവന ഇറക്കിയിരുന്നെങ്കിലും ഇതിനുവേണ്ട പ്രവര്‍ത്തനങ്ങളൊന്നും തുടങ്ങിയിട്ടില്ല. വന്‍കിട കമ്പനികള്‍ക്ക് ഡീസല്‍ സബ്സിഡി നല്‍കുന്നത് അവസാനിപ്പിച്ചാല്‍ത്തന്നെ ഡീസല്‍വില വര്‍ധിപ്പിക്കാതെ മുന്നോട്ടുപോകാന്‍ സാധിക്കുമെന്ന് പെട്രോളിയം- ഡീസല്‍ ഡീലര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. "ഡീസലിന് സബ്സിഡി നല്‍കുന്നത് സാധാരണക്കാരുടെ ദൈനംദിന ജീവിതത്തില്‍ അതിനുള്ള പ്രാധാന്യം കൊണ്ടാണ്. സബ്സിഡി ചൂഷണം ചെയ്ത് കോടികള്‍ കൊയ്യുന്നത് സ്വകാര്യ കമ്പനികളാണ്"- ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ പെട്രോളിയം ഡീലേഴ്സ് ദേശീയ ജോയിന്റ് സെക്രട്ടറി ആര്‍ ശബരീനാഥ് പറഞ്ഞു.
(എം അഖില്‍)

deshabhimani 200611

1 comment:

  1. സാധാരണക്കാരെ സഹായിക്കാന്‍ ഇന്ധനത്തിന് ഏര്‍പ്പെടുത്തിയ സബ്സിഡി ഉപയോഗിച്ച് കോടികളുടെ ലാഭം കൊയ്യുന്നവരില്‍ വന്‍കിട മൊബൈല്‍കമ്പനികളും. ഗതാഗതാവശ്യങ്ങള്‍ക്കും മറ്റുമായി ജനങ്ങള്‍ക്ക് സബ്സിഡി നിരക്കില്‍ നല്‍കുന്ന ഡീസല്‍ അതേനിരക്കില്‍ വന്‍കിട ടെലികോം കുത്തകകള്‍ക്കും ലഭ്യമാക്കുന്നതാണ് വിമര്‍ശിക്കപ്പെടുന്നത്. ഗ്രീന്‍പീസ് എന്ന ആഗോള പരിസ്ഥിതി സംഘടന മെയ്മാസത്തില്‍ പുറത്തിറക്കിയ പഠനറിപ്പോര്‍ട്ടിലെ കണക്കുപ്രകാരം 2010-11ല്‍ 300 കോടി ലിറ്റര്‍ ഡീസലാണ് മൊബൈല്‍കമ്പനികളുടെ ടവറുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ജനറേറ്ററുകള്‍ കത്തിച്ചു തീര്‍ത്തത്. 2008ല്‍ ഇത് 200 കോടി ലിറ്ററായിരുന്നു. ഒരു വര്‍ഷം കൊണ്ട് 30 ശതമാനത്തിലധികം വര്‍ധനവാണ് മൊബൈല്‍ കമ്പനികളുടെ ഡീസല്‍ ഉപയോഗത്തില്‍ ഉണ്ടായത്. ന്യൂ ആന്‍ഡ് റിന്യുവബിള്‍ എനര്‍ജി മന്ത്രാലയത്തിന്റെ കണക്കുകളാണ് പഠനത്തിനായി ഗ്രീന്‍പീസ് ഉപയോഗിച്ചത്.

    ReplyDelete