Monday, June 20, 2011

വീട്ടുജോലിക്കാര്‍ ഇനി തൊഴിലാളി; ന്യായമായ കൂലിയും വിശ്രമവും

ന്യായമായ വേതനം, നിശ്ചിത ജോലിസമയം, ആഴ്ചയില്‍ ഒരു ദിവസം അവധി, തൊഴില്‍ സുരക്ഷിതത്വം തുടങ്ങി സംഘടിത തൊഴിലാളികള്‍ക്കുള്ള എല്ലാ അവകാശങ്ങള്‍ക്കും ഇനി വീട്ടുജോലിക്കാരും അര്‍ഹരാകും. ജനീവയില്‍ കഴിഞ്ഞ വെള്ളിയാഴ്ച സമാപിച്ച അന്താരാഷ്ട്ര തൊഴില്‍സംഘടനയുടെ (ഐഎല്‍ഒ) നൂറാം സമ്മേളനം ഗാര്‍ഹിക തൊഴിലാളികള്‍ക്കായുള്ള ചട്ടം അംഗീകരിച്ചതോടെ സംഘടിത തൊഴിലാളികളുടെ പദവിയിലേക്ക് വീട്ടുജോലിക്കാര്‍ ഉയരുകയാണ്.

ഐഎല്‍ഒ സമ്മേളനം ചട്ടത്തിന് അംഗീകാരം നല്‍കിയതോടെ ഇന്ത്യയടക്കമുള്ള അംഗരാജ്യങ്ങള്‍ക്ക് ആഭ്യന്തരതലത്തില്‍ അനുബന്ധ നിയമനിര്‍മാണം കൊണ്ടുവരേണ്ടതുണ്ട്. ഐഎല്‍ഒ സമ്മേളന പ്രതിനിധികളില്‍ 396 പേര്‍ ഗാര്‍ഹികതൊഴിലാളിച്ചട്ടത്തെ പിന്തുണച്ചപ്പോള്‍ 16 പേര്‍ എതിര്‍ത്തു. 63 പേര്‍ വിട്ടുനിന്നു. ഐഎല്‍ഒയില്‍ 183 അംഗരാജ്യങ്ങളാണുള്ളത്. ഓരോ രാജ്യത്ത് നിന്നും രണ്ട് സര്‍ക്കാര്‍ പ്രതിനിധികള്‍ , തൊഴിലാളിസംഘടനകളെയും തൊഴിലുടമകളെയും പ്രതിനിധാനംചെയ്ത് ഓരോരുത്തര്‍ വീതവുമാണ് പങ്കെടുക്കുന്നത്. ഇന്ത്യയില്‍നിന്നുള്ള രണ്ട് സര്‍ക്കാര്‍ പ്രതിനിധികളും തൊഴിലാളിസംഘടനാ പ്രതിനിധിയും ചട്ടത്തെ അനുകൂലിച്ച് വോട്ടുചെയ്തപ്പോള്‍ തൊഴിലുടമാപ്രതിനിധി എതിര്‍ത്തു.
കഴിഞ്ഞ ഐഎല്‍ഒ സമ്മേളനത്തില്‍ ഇന്ത്യ ചട്ടത്തിന് എതിരായ നിലപാടായിരുന്നു സ്വീകരിച്ചത്.

പുതിയ ഐഎല്‍ഒ ചട്ടം ആഗോളതലത്തില്‍ പത്തുകോടിയോളം വീട്ടുജോലിക്കാര്‍ക്ക് പ്രയോജനം ചെയ്യും. ആഗോളതലത്തില്‍ നടപ്പാക്കേണ്ടിവരുമെന്നതിനാല്‍ കേരളത്തില്‍നിന്ന് ഗള്‍ഫ്രാജ്യങ്ങളിലും മറ്റും വീട്ടുജോലിയെടുക്കുന്ന ആയിരക്കണക്കിനാളുകള്‍ക്ക് തൊഴില്‍സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പാകും. ഇനി മുതല്‍ വീട്ടുജോലിക്കാര്‍ ലോകമെങ്ങും എല്ലാവിധ അവകാശങ്ങളുമുള്ള തൊഴിലാളികളായി അംഗീകരിക്കപ്പെടുമെന്ന് 17 ദിവസം നീണ്ട ഐഎല്‍ഒ സമ്മേളനത്തില്‍ പങ്കെടുത്ത സിഐടിയു പ്രസിഡന്റ് എ കെ പത്മനാഭന്‍ ദേശാഭിമാനിയോട് പറഞ്ഞു.
(എം പ്രശാന്ത്)

deshabhimani 200611

1 comment:

  1. ന്യായമായ വേതനം, നിശ്ചിത ജോലിസമയം, ആഴ്ചയില്‍ ഒരു ദിവസം അവധി, തൊഴില്‍ സുരക്ഷിതത്വം തുടങ്ങി സംഘടിത തൊഴിലാളികള്‍ക്കുള്ള എല്ലാ അവകാശങ്ങള്‍ക്കും ഇനി വീട്ടുജോലിക്കാരും അര്‍ഹരാകും. ജനീവയില്‍ കഴിഞ്ഞ വെള്ളിയാഴ്ച സമാപിച്ച അന്താരാഷ്ട്ര തൊഴില്‍സംഘടനയുടെ (ഐഎല്‍ഒ) നൂറാം സമ്മേളനം ഗാര്‍ഹിക തൊഴിലാളികള്‍ക്കായുള്ള ചട്ടം അംഗീകരിച്ചതോടെ സംഘടിത തൊഴിലാളികളുടെ പദവിയിലേക്ക് വീട്ടുജോലിക്കാര്‍ ഉയരുകയാണ്.

    ReplyDelete