Sunday, June 19, 2011

വാതകഖനന അഴിമതിയിലും ചിദംബരം പ്രതിസ്ഥാനത്ത്

2ജി സ്പെക്ട്രം ഇടപാടിലെന്ന പോലെ വാതക ഖനന അഴിമതിയിലും പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നതോടെ കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം രാജിവയ്ക്കണമെന്ന ആവശ്യം ശക്തമായി.

റിലയന്‍സ് കമ്പനി കൃഷ്ണ-ഗോദാവരി തീരത്തു നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന വാതകത്തിന് അമിത വില ഈടാക്കാന്‍ അനുവദിച്ചതിന് പിന്നില്‍ ചിദംബരത്തിന്റെ ഇടപെടലുണ്ടെന്നാണ് പുതിയ ആരോപണം. ഒഎന്‍ജിസി ഒരു യൂണിറ്റിന് 1.80 ഡോളറിനു വിറ്റ പ്രകൃതിവാതകത്തിന്റെ വില 4.2 ഡോളറായി വര്‍ധിപ്പിക്കാന്‍ സ്വകാര്യകമ്പനികള്‍ക്ക് അനുവാദം നല്‍കിയപ്പോള്‍ ചിദംബരമായിരുന്നു ധനമന്ത്രി. റിലയന്‍സിന് വന്‍ ലാഭം നേടിക്കൊടുത്ത ഈ തീരുമാനത്തില്‍ ചിദംബരത്തിനും പ്രധാന പങ്കുണ്ടെന്ന് മുതിര്‍ന്ന ബിജെപി നേതാവ് മുരളീമനോഹര്‍ ജോഷിയാണ് ആരോപിച്ചത്. വില നിര്‍ണയിച്ച മന്ത്രിതല സമിതിയിലും ചിദംബരം അംഗമായിരുന്നു. റിലയന്‍സുമായുള്ള ഉല്‍പ്പാദന കരാറനുസരിച്ചു പോലും 2.4 ഡോളറായിരുന്നു വില.

സര്‍ക്കാരിന്റെയും ജനങ്ങളുടെയും താല്‍പ്പര്യം സംരക്ഷിക്കുന്നതിനു പകരം റിലയന്‍സിന്റെ താല്‍പ്പര്യമാണ് ധനമന്ത്രിയെന്ന നിലയില്‍ ചിദംബരം സംരക്ഷിച്ചതെന്ന് ജോഷി കുറ്റപ്പെടുത്തി.

2ജി സ്പെക്ട്രത്തിലും ധനമന്ത്രിയെന്ന നിലയില്‍ ചിദംബരം വന്‍ തുക നേടിയിരുന്നെന്ന് നേരത്തേ ആരോപണമുയര്‍ന്നിരുന്നു. ടാറ്റയുടെ ഇടനിലക്കാരി നീര റാഡിയയുടെ ടേപ്പില്‍ മന്ത്രി എ രാജയുമായുള്ള സംഭാഷണത്തിലാണ് ചിദംബരം പണം വാരിക്കൂട്ടിയതെന്ന് വെളിപ്പെടുത്തുന്നത്. ഇതിനു പുറമെയാണ് തമിഴ്നാട്ടിലെ ശിവഗംഗയില്‍ നിന്ന് 2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടിയാണ് ചിദംബരം ജയിച്ചതെന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോപണം. എഐഎഡിഎംകെയിലെ രാജാകണ്ണപ്പനോട് നാലായിരം വോട്ടിന് തോറ്റ ചിദംബരം പിന്നീട് 3354 വോട്ടിന് ജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. ചിദംബരത്തിനെതിരെ രാജാകണ്ണപ്പന്‍ സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.

deshabhimani 190611

1 comment:

  1. 2ജി സ്പെക്ട്രം ഇടപാടിലെന്ന പോലെ വാതക ഖനന അഴിമതിയിലും പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നതോടെ കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം രാജിവയ്ക്കണമെന്ന ആവശ്യം ശക്തമായി.

    ReplyDelete