Sunday, June 19, 2011

അട്ടിമറിച്ചവര്‍ പുതിയ വാഗ്ദാനവുമായി വീണ്ടും രംഗത്ത്

കോട്ടയം: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്റെ (ഐഐഎംസി) വടവാതൂരിലുള്ള മൂന്നാമത്തെ ശാഖ അട്ടിമറിച്ച യുഡിഎഫ് നേതൃത്വം വീണ്ടും ജനവഞ്ചനയ്ക്ക് ഒരുങ്ങുന്നു. വടവാതൂര്‍ കെ കെ റോഡിനുസമീപം 1993ല്‍ ആരംഭിച്ച മൂന്നാമത്തെ ഐഐടികള്‍ക്കും ഐഐഎമ്മുകള്‍ക്കും സമാനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്റെ ദക്ഷിണമേഖലാകേന്ദ്രം കോട്ടയത്ത് തന്നെ സ്ഥാപിക്കുമെന്ന് ജോസ് കെ മാണി എംപിക്കുവേണ്ടി കേന്ദ്ര ഇന്‍ഫര്‍മേഷന്‍ മന്ത്രി അംബികാസോണിയുടെ പുതിയ പ്രഖ്യാപനം പഴയകുപ്പിയിലെ പുതിയ വീഞ്ഞാണ്.

1992ലാണ് ഒറീസയിലെ ദെന്‍കനാലില്‍ രണ്ടാമത്തെ ശാഖയും 1993ല്‍ കോട്ടയത്തെ വടവാതൂരില്‍ മൂന്നാമത്തെ ശാഖയും തുടങ്ങിയത്. അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ വടവാതൂരിലെ കേസില്‍പ്പെട്ട സ്ഥലം നല്‍കിയതിനാല്‍ ഐഎംഎംസിയുടെ പ്രവര്‍ത്തനം അവതാളത്തിലായി. വടവാതൂരിലെ കാമ്പസിനായി തെരഞ്ഞെടുത്തത് കോടതിയില്‍ കേസില്‍പ്പെട്ട് കിടക്കുന്ന സ്വകാര്യവ്യക്തിയുടെ സ്ഥലമായിരുന്നു. അതിനാല്‍ ഐഐഎംസി ക്യാംപസ് പ്രവര്‍ത്തനം ആരംഭിക്കാനായില്ല. ഇതിനൊപ്പം ആരംഭിച്ച ഒറീസയിലെ ഐഐഎംസി ഇന്‍സ്റ്റിറ്റ്യൂട്ട് നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രിന്റ്ജേണലിസം, ഫോട്ടോജേണലിസം, റേഡിയോ ജേണലിസം, ടെലിവിഷന്‍ ജേണലിസം, ഡെവലപ്മെന്റ് കമ്യൂണിക്കേഷന്‍ , പബ്ലിക്ക് റിലേഷന്‍സ്, പരസ്യം തുടങ്ങിയ മേഖലകളില്‍ അന്താരാഷ്ട്രനിലവാരത്തിലുള്ള ക്ലാസ്സുകളും പരിശീലനപരിപാടികളും നല്‍കുന്നുണ്ട്. അന്നത്തെ കോട്ടയം എം പി രമേശ് ചെന്നിത്തലയുടെയും യുഡിഎഫ് മുഖ്യമന്ത്രിയായിരുന്ന കെ കരുണാകന്റെയും നേതൃത്വത്തിലാണ് ഐഐഎംസിയുടെ കൊട്ടിഘോഷിച്ച ഉദ്ഘാടനമഹാമഹം നടത്തിയത്.കോട്ടയം ഐഐഎംസിയ്ക്ക് വഴിമുടക്കിയത് കോണ്‍ഗ്രസിന്റെ അനൗദ്യോഗികപത്രമുള്‍പ്പെടെയുള്ള സ്ഥാപനങ്ങളാണ്.

വടവാതൂരില്‍ ഐഐഎംസിക്കായി അന്നത്തെ യുഡിഎഫ്സര്‍ക്കാര്‍ കൈമാറിയത് 4.5 സെന്റ് സ്ഥലമാണ്. സര്‍ക്കാര്‍ ഭൂമി കൈമാറുന്നതിന് മുമ്പേ ലക്ഷകണക്കിന് രൂപ മുടക്കി കെട്ടിടം പണിതതും ആര്‍ക്കും പ്രയോജനമില്ലാതെ ഉപയോഗശൂന്യമായി. വ്യാജജേണലിസം കോഴ്സുകള്‍ നടത്തുന്ന പത്രസ്ഥാപനങ്ങളുടെ പിണിയാളുകളായ ജില്ലയിലെ യുഡിഎഫ് ജനപ്രതിനിധികളാണ് അന്ന് കോട്ടയം ഐഐഎംസിയുടെ സ്ഥലം കണ്ടെത്തുന്നതിനും കൈമാറുന്നതിനും തടസമായത്. സര്‍ക്കാര്‍ തലത്തില്‍ അന്തരാരാഷ്ര്ടനിലവാരമുള്ള ജേണലിസം കോഴ്സുകള്‍ പഠിക്കാനവസരമുണ്ടായിരുന്നെങ്കില്‍ വ്യാജജേണലിസം കോഴ്സുകള്‍ നടത്തുന്ന പത്രസ്ഥാപനങ്ങളുടെ കച്ചവടക്കെണിയില്‍ കോട്ടയത്തെ വിദ്യാര്‍ഥികള്‍ കുടുങ്ങില്ലായിരുന്നു. ഈസ്ഥാപനങ്ങളിലെ കോഴ്സുകള്‍ പഠിച്ചവര്‍ ആകാശവാണിയിലും ദൂരദര്‍ശനിലും പിആര്‍ഡിയിലും സര്‍ക്കാര്‍ ജോലിയ്ക്കായി അപേക്ഷ നല്‍കിയപ്പോഴാണ് കോഴ്സ് വ്യാജമാണെന്ന് മനിസിലായത്. നിലവില്‍ യുഡിഎഫ് സര്‍ക്കാര്‍ ഐഐഎംസിക്ക് കൈമാറിയ 4.5 ഏക്കര്‍ സ്ഥലം കലക്ടര്‍ തിരികെ ഏറ്റെടുത്തിട്ടില്ല. താത്ക്കാലികഓഫീസും ഹൃസ്വകാല കോഴ്സുകളും തുടങ്ങിയെങ്കിലും ഐഐഎംസിയുടെ ക്യാമ്പസിനാവശ്യമായ സ്ഥലം ലഭിക്കാതായതോടെ പ്രവര്‍ത്തനം നിലയ്ക്കുകയായിരുന്നു.

കോട്ടയം ഐഐഎംസി അട്ടിമറിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണെന്നാണ് ജോസ് കെ മാണി എംപി വ്യാജആരോപണം നടത്തുന്നത്. സ്ഥലം വീണ്ടെടുക്കുന്നതില്‍ കാലകാലങ്ങളായി വന്ന യുഡിഎഫ് സര്‍ക്കാരുകളുടെ പിടിപ്പുകേടുമൂലമാണ് ഐഐഎംസി നഷ്ടപ്പെട്ടത്. ഐഐഎംസി പുതിയ പദ്ധതിയാണെന്നു മാധ്യമപ്രചാരണം നടത്തുന്ന ജോസ് കെ മാണി അദ്ദേഹത്തിന്റെ പിതാവ് കെ എം മാണിഐഐഎംസിയുടെ ഉദ്ഘാടനത്തില്‍ പങ്കെടുത്ത വിവരം അറിയില്ലെന്ന് നടിക്കുകയാണ്. വടവാതൂര്‍ ഐഐഎംസിയുടെ ഉദ്ഘാടനവേളയില്‍ കെ എം മാണിയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ചടങ്ങുകളില്‍ പങ്കെടുത്തതിന്റെ ഫോട്ടോ അവിടെയുള്ളത് ഇതിന്റെ തെളിവാണ്. കോട്ടയം എം പി ജോസ് കെ മാണി ഐഐഎംസിയുടെ വടവാതൂര്‍ ശാഖ ഇതുവരെയും സന്ദര്‍ശിച്ചിട്ടില്ലെന്ന് ഐഐഎംസിയുടെ വാച്ചറും പ്യൂണുമായി ജോലിചെയ്യുന്ന ബൈജു സാക്ഷ്യപ്പെടുത്തുന്നു. 20 വര്‍ഷക്കാലമായി താത്ക്കാലികജീവനക്കാരാനായി ഐഐഎംസിയുടെ കെട്ടിടങ്ങള്‍ കാത്തുസൂക്ഷിച്ച ഇയാളോട് ജൂണ്‍ 22ന് പിരിഞ്ഞുപോകാന്‍ അധികൃതര്‍ ഉത്തരവ് നല്‍കിയിരിക്കുകയാണ്.
(ജോബി ജോര്‍ജ്)

മുഖ്യമന്ത്രിയും എംപിയും വാക്കുപാലിച്ചില്ല ബൈജുവിനെ 16 വര്‍ഷത്തിന് ശേഷം ഐഐഎംസിപുറത്താക്കി

കോട്ടയം: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനെ (ഐഐഎംസി) അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ ഓഫീസിലെ ജീവനക്കാരനോടും വാക്കുപാലിച്ചില്ല. വടവാതൂരിലെ ഓഫീസും വസ്തുവകകളും 16 വര്‍ഷമായി കാത്തുസൂക്ഷിച്ച പ്യൂണ്‍ കം ചൗക്കിദാറായ ബൈജുവിന് കിട്ടിയത് പിരിഞ്ഞുപോകാനുള്ള നിര്‍ദേശം. ഓഫീസും പരിസരവും സ്വന്തംപോലെ കരുതി ആത്മാര്‍ഥമായി ജോലിചെയ്ത മണര്‍കാട് താഴത്തേടത്ത് വീട്ടില്‍ ബൈജുവിനെ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം കോട്ടയത്ത് തുടങ്ങുമ്പോള്‍ സ്ഥിരപ്പെടുത്താമെന്നും ഉപേക്ഷിക്കില്ലെന്നുമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ജോസ് കെ മാണി എംപിയും പറഞ്ഞത്. എന്നാല്‍ പിരിഞ്ഞുപോകാനാണ് ഐഐഎംസി ഡെപ്യൂട്ടി രജിസ്ട്രാറുടെ ഉത്തരവ്. കേന്ദ്രവാര്‍ത്താവിനിമയ പ്രക്ഷേപണമന്ത്രി അംബികാ സോണിയ്ക്കും ബൈജു തന്റെ ദയനീയാവസ്ഥ ചൂണ്ടിക്കാണിച്ച് നിവേദനം നല്‍കിയിരുന്നു.

1994ല്‍ വടവാതൂര്‍ ഐഐഎംസി സ്പെഷ്യല്‍ ഓഫീസറാണ് ബൈജുവിനെ താല്‍ക്കാലിക ജീവനക്കാരാനായി നിയമിച്ചത്. ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ ജോലി സ്ഥിരമാക്കാമെന്നായിരുന്നു വാഗ്ദാനം. എംപ്ലോയ്മെന്റ്വഴി 62 രൂപ ദിവസവേതനത്തിനാണ് താല്‍ക്കാലിക ജോലിയ്ക്ക് കയറിയത്. 29-ാംവയസ്സില്‍ ജോലിക്ക് കയറിയ ബൈജുവിന് ഇപ്പോള്‍ 44 വയസ്സായി. മറ്റൊരു ജോലിയ്ക്ക് പോകാനുള്ള പ്രായപരിധിയും കഴിഞ്ഞു. ഭാര്യ അരുണയ്ക്കും സ്ഥിരജോലിയില്ല. എട്ടിലും മൂന്നിലും പഠിക്കുന്ന കുട്ടികളുമുണ്ട്. ബൈജുവിന്റെ പ്രായമായ മുത്തശ്ശി അന്നമ്മയേയും അമ്മ ശോശാമ്മയേയും നോക്കുന്നതും ബൈജുവാണ്. ഈ പാവപ്പെട്ട കുടുംബത്തിന്റെ മറ്റൊരു ആശ്രയമായിരുന്നു പശുവളര്‍ത്തല്‍ . ആകെ ഉണ്ടായിരുന്ന പശു കഴിഞ്ഞയാഴ്ച പാമ്പുകടിയേറ്റ് ചത്തു. ഏകവരുമാനവും കുടുംബത്തിന്റെ പ്രതീക്ഷയുമായിരുന്ന ബൈജുവിന്റെ ജോലിയും നഷ്ടപ്പെട്ട് സര്‍വവും തകര്‍ന്ന അവസ്ഥയിലാണ്.

ഐഐഎംസിയുടെ 4.50 ഏക്കറിലുള്ള ഓഫീസും കെട്ടിടങ്ങളും പരിസരവും കാടുകേറാതെ വൃത്തിയായി സൂക്ഷിച്ചത് ബൈജുവാണ്. 150രൂപയാണ് ഇപ്പോഴും ദിവസവേതനമായി ലഭിക്കുന്നത്. നാലുമാസമായി ശമ്പളം മുടങ്ങി. ഇപ്പോള്‍ വടവാതൂര്‍ ഐഐഎംസി കാടുപിടിച്ച് നാഥനില്ലാകളരിയായി. കോട്ടയത്തെ ഐഐഎംസി ശാഖ അട്ടിമറിച്ചത് ജേണലിസം കോഴ്സുകള്‍ നടത്തി പണംതട്ടുന്ന മുത്തശ്ശി പത്രങ്ങളുള്‍പ്പെടെയുള്ളവരാണ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്റെ മേഖലാകേന്ദ്രം കോട്ടയത്ത് ആരംഭിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്. 1994ല്‍ സ്ഥലം ഏറ്റെടുക്കുമ്പോള്‍ ഐഐഎംസിയുള്‍പ്പെടെയുള്ളവയ്ക്ക് 110 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്ത കാലഘട്ടത്തില്‍ കേസില്‍പ്പെട്ട സ്ഥലമാണ് ഐഐഎംസിക്ക് സര്‍ക്കാര്‍ നല്‍കിയത്. ഇതോടൊപ്പം ആരംഭിച്ച റബര്‍ബോര്‍ഡിന്റെ ഫാക്ടറിയും, നവോദയായും ഇപ്പോള്‍ നല്ലനിലയ്ക്ക് പ്രവര്‍ത്തിക്കുന്നുണ്ട്.

deshabhimani 190611

1 comment:

  1. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്റെ (ഐഐഎംസി) വടവാതൂരിലുള്ള മൂന്നാമത്തെ ശാഖ അട്ടിമറിച്ച യുഡിഎഫ് നേതൃത്വം വീണ്ടും ജനവഞ്ചനയ്ക്ക് ഒരുങ്ങുന്നു. വടവാതൂര്‍ കെ കെ റോഡിനുസമീപം 1993ല്‍ ആരംഭിച്ച മൂന്നാമത്തെ ഐഐടികള്‍ക്കും ഐഐഎമ്മുകള്‍ക്കും സമാനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്റെ ദക്ഷിണമേഖലാകേന്ദ്രം കോട്ടയത്ത് തന്നെ സ്ഥാപിക്കുമെന്ന് ജോസ് കെ മാണി എംപിക്കുവേണ്ടി കേന്ദ്ര ഇന്‍ഫര്‍മേഷന്‍ മന്ത്രി അംബികാസോണിയുടെ പുതിയ പ്രഖ്യാപനം പഴയകുപ്പിയിലെ പുതിയ വീഞ്ഞാണ്.

    ReplyDelete