Saturday, June 18, 2011

ഉപ്പുമാവിന്റെ രുചിക്ക്‌ ലക്ഷം ഡോളര്‍ വില

ബംഗളൂരു/വാഷിംഗ്‌ടണ്‍: വിന്ധ്യന്‌ തെക്ക്‌ ഒരേസമയം പ്രഭാതഭക്ഷണമായും ഉച്ചഭക്ഷണമായും ഉപയോഗിച്ചിരുന്ന ഉപ്പുമാവ്‌ അംഗീകാരങ്ങളുടെ ഉന്നതിയില്‍. പൊങ്ങച്ചക്കാര്‍ പുഛത്തോടെ കണ്ടിരുന്ന തമിഴ്‌നാട്ടില്‍ ജന്‍മമെടുത്ത വിഭവമായ ഉപ്പുമാവ്‌ ലോസ്‌ ഏയ്‌ഞ്ചല്‍സില്‍ നടന്ന ടോപ്പ്‌ ഷെഫ്‌ മാസ്റ്റേഴ്‌സ്‌ കോണ്ടസ്റ്റില്‍ മുംബൈക്കാരനായ ഫ്‌ളോയ്‌ഡ്‌ കാര്‍ഡോസിന്‌ നേടിക്കൊടുത്തത്‌ ഒരു ലക്ഷം ഡോളറിന്റെ രൂചിയേറിയ സമ്മാനം.

ഉപ്പും മാവും (ധാന്യപ്പൊടി) }പ്രധാന ചേരുവകളായ ഉപ്പുമാവ്‌ തെലുങ്കില്‍ ഉപ്പിണ്ടി എന്നും കന്നഡയില്‍ ഉപ്പിട്ടി എന്നുമാണ്‌ അറിയപ്പെടുന്നത്‌. കഴിഞ്ഞ ദിവസം ലോസ്‌ ഏയ്‌ഞ്ചല്‍സില്‍ നടന്ന അന്താരാഷ്‌ട്ര പാചകമേളയില്‍ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയ ഭക്ഷണം എന്ന വിഭാഗത്തില്‍ നടന്ന മത്സരത്തിലാണ്‌ കാര്‍ഡോസ്‌ ഇന്ത്യന്‍ ഭക്ഷണത്തിന്റെ പെരുമ ഉയര്‍ത്തിക്കൊണ്ട്‌ ഒരു ലക്ഷം ഡോളര്‍ സമ്മാനം നേടിയത്‌. കത്തിയും മുളളും ഉപയോഗിച്ച്‌ ഭക്ഷിക്കുന്ന ആഢ്യവിഭവങ്ങളെ പിന്‍തളളിയാണ്‌ പാവപ്പെട്ടവന്റെ വിഭവമായ ഉപ്പുമാവ്‌ ഒന്നാം സ്ഥാനത്തെത്തിയതെന്നത്‌ ശ്രദ്ധേയമാണ്‌. ഒരു കാലത്ത്‌ കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളിലെ കുട്ടികളുടെ ഉച്ചഭക്ഷണമായിരുന്നു ഉപ്പുമാവ്‌.

പാചകരംഗത്തെ നിരൂപകരുടേയും പ്രേക്ഷകരുടേയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ടാണ്‌ ഉപ്പുമാവ്‌ ഒന്നാം സ്ഥാനം കൈയടക്കിയത്‌. ലോസ്‌ ഏയ്‌ഞ്ചല്‍സില്‍ നിന്നുളള മേരി സൂ മില്ലിക്കണിന്റെ ബോര്‍ഡര്‍ ഗ്രില്‍ എന്ന വിഭവമോ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നുളള ജാര്‍ഡിനൈര്‍ തയ്യാറാക്കിയ ട്രേസി ഡെസ്‌ ജാര്‍ഡിന്‍സോ സമ്മാനാര്‍ഹമാകുമെന്നാണ്‌ നിരീക്ഷകര്‍ കണക്കു കൂട്ടിയത്‌. കട്ടിയേറിയ ധാന്യപ്പൊടിയില്‍ നിന്നും രൂപപ്പെടുത്തിയ ആഹാരം എന്ന്‌ വിമര്‍ശകര്‍ പറയുന്ന ഉപ്പുമാവ്‌ ഇറ്റലിയിലെ പ്രിയഭക്ഷണമായ ചോളപ്പൊടിയില്‍ നിന്നുണ്ടാക്കുന്ന ഇറ്റാലിയന്‍ പൊളന്റയ്‌ക്ക്‌ തുല്യമാണെന്നും ജൂറി വിലയിരുത്തി.

ഇന്ത്യന്‍ ഭക്ഷണത്തിന്റെ തനത്‌ രുചി ഒന്നുകൂടി ഒര്‍മപ്പെടുത്തുന്നതായിരുന്നു കാര്‍ഡോസ്‌ അവതരിപ്പിച്ച ഉപ്പുമാവെന്ന്‌ `വാള്‍സ്‌ട്രീറ്റ്‌ ജേണലിന്റെ' ഭക്ഷ്യ നിരൂപകനായ ചാള്‍സ്‌ പസ്സി അഭിപ്രായപ്പെട്ടു. പാചകകലയുടെ ഉന്നതിയില്‍ നില്‍ക്കുന്നതും ഒട്ടേറെ ഓര്‍മകളുണര്‍ത്തുന്നതുമായ വിഭവമാണ്‌ ഉപ്പുമാവെന്ന്‌ പാചകമത്സരത്തിന്റെ പ്രധാന ജഡ്‌ജി ജെയിംസ്‌ ഓസ്‌ലാന്‍ഡ്‌ അഭിപ്രായപ്പെട്ടു.

മുംബൈയിലെ പെഡര്‍ റോഡ്‌ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും ഹോട്ടല്‍ മാനേജ്‌മെന്റില്‍ ഡിഗ്രി നേടിയ കാര്‍ഡോസ്‌ സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഉപരിപഠനത്തിന്‌ പോകുകയും തിരികെയെത്തി ഒബ്‌റോയി ഹോട്ടല്‍ ശൃംഖലയില്‍ രണ്ടുവര്‍ഷത്തോളം സേവനമനുഷ്‌ഠിക്കുകയും ചെയ്‌തു. ഇതിനുശേഷം ബ്രിട്ടനിലെ കൊളംബിയ സര്‍വകലാശാലയ്‌ക്ക്‌ സമീപം ഇന്ത്യന്‍ ഭക്ഷണശാല നടത്തുകയാണ്‌ കാര്‍ഡോസ്‌

janayugom 180611

2 comments:

  1. വിന്ധ്യന്‌ തെക്ക്‌ ഒരേസമയം പ്രഭാതഭക്ഷണമായും ഉച്ചഭക്ഷണമായും ഉപയോഗിച്ചിരുന്ന ഉപ്പുമാവ്‌ അംഗീകാരങ്ങളുടെ ഉന്നതിയില്‍. പൊങ്ങച്ചക്കാര്‍ പുഛത്തോടെ കണ്ടിരുന്ന തമിഴ്‌നാട്ടില്‍ ജന്‍മമെടുത്ത വിഭവമായ ഉപ്പുമാവ്‌ ലോസ്‌ ഏയ്‌ഞ്ചല്‍സില്‍ നടന്ന ടോപ്പ്‌ ഷെഫ്‌ മാസ്റ്റേഴ്‌സ്‌ കോണ്ടസ്റ്റില്‍ മുംബൈക്കാരനായ ഫ്‌ളോയ്‌ഡ്‌ കാര്‍ഡോസിന്‌ നേടിക്കൊടുത്തത്‌ ഒരു ലക്ഷം ഡോളറിന്റെ രൂചിയേറിയ സമ്മാനം.

    ReplyDelete
  2. ഉപ്പ്മാവിനൊരു ചിയേര്‍സ്!

    ReplyDelete