Friday, June 17, 2011

മെറിറ്റ് സീറ്റ് ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ഗൂഢാലോചന: വി എസ്

എന്‍ജി. മാനേജ്മെന്റും സ്വന്തം പ്രവേശനത്തിന്

സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റുകള്‍ക്കു പിന്നാലെ എന്‍ജിനിയറിങ് കോളേജ് മാനേജ്മെന്റുകളും സ്വന്തം നിലയ്ക്ക് പ്രവേശനം നടത്താന്‍ ഒരുങ്ങുന്നു. പ്രവേശന നടപടിക്രമം തുടങ്ങിയിട്ടും സര്‍ക്കാര്‍ പ്രാഥമിക ചര്‍ച്ചയ്ക്ക് പോലും തയ്യാറാകാത്ത സാഹചര്യത്തിലാണിതെന്ന് മാനേജുമെന്റ് അസോസിയേഷന്‍ വക്താവ് ജി പി സി നായര്‍ "ദേശാഭിമാനി"യോടു പറഞ്ഞു. സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജുമെന്റുകളുമായി സര്‍ക്കാര്‍ ഒത്തുകളിക്കുന്നതിനാല്‍ എംബിബിഎസിന് മെറിറ്റ് ക്വാട്ട ഉണ്ടാവില്ലെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ഈ വര്‍ഷം ഇങ്ങിനെ പോകട്ടെ, അടുത്ത വര്‍ഷം നോക്കാമെന്നാണ് മുഖ്യമന്ത്രി തന്നെ പറഞ്ഞത്. ഈ സാഹചര്യത്തില്‍ തങ്ങളുടെ നീക്കവും ചോദ്യം ചെയ്യപ്പെടില്ലെന്ന തോന്നലാണ് എഞ്ചിനിയറിങ് മാനേജ്മെന്റുകള്‍ക്ക്. മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നേടുന്നവര്‍ക്ക് 35,000 രൂപ മാത്രമാണ് ഫീസ്. മാനേജ്മെന്റ് ക്വാട്ടയിലെ ട്യൂഷന്‍ ഫീസ് 99,000 രൂപയും 1,25,000 രൂപ സ്ഥിര നിക്ഷേപവും. സര്‍ക്കാരുമായുള്ള ധാരണയില്‍ നിന്നു പിന്‍മാറുന്നതോടെ പേയ്മെന്റ് സീറ്റിലെ ഫീസും നിക്ഷേപവും എല്ലാ സീറ്റിലും ബാധകമാക്കാന്‍ കഴിയും. കഴിഞ്ഞ വര്‍ഷം 21,793 എന്‍ജിനിയറിങ് സീറ്റിലും 140 ആര്‍ക്കിടെക്ചര്‍ സീറ്റിലും മെറിറ്റ് ലിസ്റ്റില്‍ നിന്നു പ്രവേശനം നല്‍കി. അഞ്ചു വര്‍ഷമായി തുടരുന്ന ഈ രീതി ഉപേക്ഷിക്കുന്നതോടെ വിദ്യാര്‍ഥികളില്‍ നിന്ന് വര്‍ഷം 100 കോടിയോളം രൂപ കൊള്ളയടിക്കാന്‍ മാനേജ്മെന്റുകള്‍ക്ക് അവസരം ലഭിക്കും.

മെറിറ്റ് സീറ്റ് ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ഗൂഢാലോചന: വി എസ്

സ്വാശ്രയ കോളേജിലെ മെറിറ്റ് സീറ്റുകള്‍ പൂര്‍ണമായും ഇല്ലാതാക്കാന്‍ മുഖ്യമന്ത്രിയും സര്‍ക്കാരും ഗൂഢാലോചന നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആലുവയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എംബിബിഎസ്, ബിഡിഎസ് സീറ്റുകള്‍ പൂര്‍ണമായും വില്‍ക്കാനാണ് ശ്രമം. മാനേജ്മെന്റുകള്‍ക്ക് ഇഷ്ടം പോലെ കോഴ വാങ്ങാനുള്ള അവസരമാണ് ഇതുവഴി ലഭിക്കുന്നത്. മന്ത്രി കെ എം മാണി മാനേജ്മെന്റ് ഫെഡറേഷഷനുമായി നടത്തിയ ചര്‍ച്ച അപഹാസ്യമാണ്. പാവപ്പെട്ടവര്‍ പഠിക്കുന്ന സ്ഥാപനങ്ങള്‍ അണ്‍എക്കണോമിക് ആണെന്ന് ആരോപിച്ച് സര്‍ക്കാര്‍ പേപ്പട്ടിയെ പോലെ തല്ലിക്കൊല്ലാന്‍ ശ്രമിക്കുകയാണ്. മൂന്നാറില്‍ ഇടതുപക്ഷസര്‍ക്കാര്‍ നടത്തിയത് ഭരണകൂട ഭീകരതയെന്ന് ആരോപിച്ചവര്‍ ഇപ്പോള്‍ കൈയ്യേറ്റമുണ്ടെന്ന് സമ്മതിച്ച സ്ഥിതിക്ക് കൈയ്യേറ്റം ഒഴിപ്പിച്ച് കാണിക്കണം. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന സര്‍വകക്ഷിയോഗത്തില്‍ വിളിച്ചാല്‍ താന്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ലോട്ടറി വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കത്തെഴുത്ത് മാത്രമാണ് നടത്തുന്നത്. ഇതു കോടതിക്കും ബോധ്യപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

എംബിബിഎസിന് മെറിറ്റ് ക്വോട്ട ഇല്ല

സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ എല്ലാ എംബിബിഎസ് സീറ്റിലും ഇക്കൊല്ലം മാനേജ്മെന്റ് സ്വന്തം നിലയ്ക്ക് പ്രവേശനം നടത്തും. ഈ വര്‍ഷം എംബിബിഎസ് പ്രവേശനം നിലവിലുള്ള രീതിയില്‍ നടത്താന്‍ കേരള ക്രിസ്ത്യന്‍ പ്രൊഫഷണല്‍ കോളേജ് മാനേജ്മെന്റ് ഫെഡറേഷനും മന്ത്രിസഭാ ഉപസമിതിയുമായി വ്യാഴാഴ്ച രാത്രി നടത്തിയ ചര്‍ച്ചയില്‍ ധാരണയായതോടെയാണിത്. ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ കീഴിലുള്ള സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റ് ഫെഡറേഷനും കൊച്ചിയിലെ അമൃത മെഡിക്കല്‍ കോളേജുമായി സര്‍ക്കാര്‍ ധാരണയില്‍ എത്തിയാലേ തങ്ങളും ധാരണയ്ക്കുള്ളൂ എന്നാണ് മറ്റ് കോളേജ് മാനേജ്മെന്റുകളുടെ സംഘടനയായ മാനേജ്മെന്റ് അസോസിയേഷന്റെ നിലപാട്. മാനേജ്മെന്റുകള്‍ക്കുമുന്നില്‍ സര്‍ക്കാര്‍ കീഴടങ്ങിയതോടെ എംബിബിഎസ് പ്രവേശനത്തില്‍ സ്വാശ്രയ കോളേജുകളില്‍ മെറിറ്റ് സീറ്റ് ഇല്ലാതായി.

സര്‍ക്കാര്‍ യഥാസമയം പട്ടിക നല്‍കാത്തതിനാല്‍ മെഡിക്കല്‍ പിജി സീറ്റുകളിലേക്ക് മാനേജ്മെന്റുകള്‍ നേരിട്ട് പ്രവേശനം നടത്തിയിരുന്നു. ഇപ്പോള്‍ എംബിബിഎസ് സീറ്റും അടിയറവച്ചു. അടുത്ത വര്‍ഷംമുതല്‍ എംബിബിഎസ് പ്രവേശനം സംബന്ധിച്ച് ഫീസ്ഘടന ഏകീകരിക്കുമെന്നാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ അവകാശവാദം. ഇതിനായി രൂപീകരിക്കുന്ന ഫോര്‍മുലയെസംബന്ധിച്ച് ബന്ധപ്പെട്ടവര്‍ അടുത്തമാസം ചര്‍ച്ച നടത്തി റിപ്പോര്‍ട്ട് നല്‍കും. ഈ ഫോര്‍മുല രൂപീകരിക്കുന്നതില്‍ സര്‍ക്കാരിന് പങ്കുണ്ടായിരിക്കില്ല. അടുത്ത നാലുവര്‍ഷത്തേക്ക് കരാര്‍ പുതുക്കുന്നതും ഫീസ്ഘടന നിശ്ചയിക്കുന്നതും ഫോര്‍മുല അനുസരിച്ചായിരിക്കും. സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്മെന്റുകളുടെ ഫീസ് ഏകീകരിക്കാനുള്ള അവകാശം മാനേജ്മെന്റുകള്‍ക്ക് നല്‍കിയതിലൂടെ സാമൂഹ്യനീതി തകര്‍ക്കപ്പെടും. യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള പ്രവേശനവും കുറഞ്ഞ ഫീസ്നിരക്കും ഇല്ലാതാകും.

കോട്ടയത്ത് നാട്ടകം ഗസ്റ്റ് ഹൗസില്‍ വ്യാഴാഴ്ച രാത്രി ഒമ്പതോടെ ആരംഭിച്ച ചര്‍ച്ചയില്‍ ഉപസമിതി അംഗങ്ങളായ ധനമന്ത്രി കെ എം മാണി, വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ്, ജലവിഭവമന്ത്രി പി ജെ ജോസഫ്, ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് എന്നിവര്‍ പങ്കെടുത്തു. മെഡിക്കല്‍ പിജി പ്രവേശനം സംബന്ധിച്ച് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ 50:50 ശതമാനം നിര്‍ദേശം പാലിക്കാതെയാണ് മാനേജ്മെന്റുകള്‍ മെയ് 31നകം പ്രവേശനം പൂര്‍ത്തീകരിച്ചത്. മെഡിക്കല്‍ പിജി പ്രവേശനം സംബന്ധിച്ച അവ്യക്തത പരിഹരിക്കാന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയോട് സര്‍ക്കാര്‍ ആവശ്യപ്പെടുമെന്നും മന്ത്രിമാര്‍ അറിയിച്ചു. സ്വാശ്രയ എന്‍ജനിയറിങ് കോളേജ് പ്രവേശനം സംബന്ധിച്ച് 22ന് തിരുവനന്തപുരത്ത് ചര്‍ച്ച നടക്കും. കേരള ക്രിസ്ത്യന്‍ പ്രൊഫഷണല്‍ കോളേജ് മാനേജ്മെന്റ് ഫെഡറേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജോര്‍ജ് പോളിന്റെ നേതൃത്വത്തില്‍ തൃശൂര്‍ ജൂബിലി, അമല, തിരുവല്ല പുഷ്പഗിരി, കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ എന്നീ മെഡിക്കല്‍ കോളേജുകളുടെ പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

ഇന്റര്‍ചര്‍ച്ച്കൗണ്‍സിലിന്റെ നിലപാട് ശരിയല്ല: എംഎ ബേബി

സ്വാശ്രയ പ്രശ്നത്തില്‍ ഇന്റര്‍ചര്‍ച്ച് കൗണ്‍സിന്റെ നിലപാട് ശരിയല്ലെന്ന് മുന്‍വിദ്യാഭ്യാസമന്ത്രി എം എ ബേബി. ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിനോട് മൃദുസമീപനം കാണിച്ച യുഡിഎഫിന്റെ ഇരട്ടത്താപ്പാണ് സ്വാശ്രയ മേഖലയിലെ കുഴപ്പങ്ങള്‍ക്കുകാരണം. ഇതിന് ജനങ്ങളോടും വിദ്യാര്‍ത്ഥികളോടും യുഡിഎഫ് മാപ്പുപറയണം. ജാതിമത സംഘടനകളുടെ കോണ്‍ഫെഡറേഷനായി യുഡിഎഫ് തരംതാണു. സ്വാശ്രയമെഡിക്കല്‍ പ്രശ്നത്തില്‍ എംഇഎസ് ചെയര്‍മാന്‍ ഫസല്‍ഗഫൂറിന്റെ അഭിപ്രായം ഒറ്റപ്പെട്ടതല്ല. മുമ്പ് എല്‍ഡിഫുമായി സഹകരിച്ച സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റ് കണ്‍സോഷ്യത്തിന്റെ അഭിപ്രായമാണിത്.

ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായുള്ള ഒത്തുതീര്‍പ്പ് അംഗീകരിക്കില്ല: എംഇഎസ്

സ്വാശ്രയ പ്രശ്നത്തില്‍ ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലുമായി സര്‍ക്കാര്‍ ഉപസമിതിയുണ്ടാക്കിയ തീരുമാനം അംഗീകരിക്കില്ലെന്ന് എം ഇ എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ . എംബിബിഎസ് പ്രവേശനത്തിനുള്ള സമയം കഴിഞ്ഞുവെന്നാണ് ചര്‍ച്ചയില്‍ ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ സര്‍ക്കാറിനെ തെറ്റിദ്ധരിപ്പിച്ചത്. എന്നാല്‍ സെപ്തംബര്‍ 30 വരെ സമയമുണ്ട്. എംഡി കോഴ്സുകളുടെ പ്രവേശന നടപടികള്‍ മെയ് 30ന് അവസാനിച്ചതാണ്. എന്നിട്ടും പ്രവേശന നടപടികളില്‍ വിട്ടുവീഴ്ചയാകാമെന്ന ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ നിലപാട് കാപട്യമാണ്. ഇവരെ നിലക്കുനിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ഒരു നീക്കുപോക്കിനും ഞങ്ങള്‍ സന്നദ്ധമാകില്ല. പൊതുസമൂഹത്തിന് സ്വീകാര്യമാകുന്ന ഫോര്‍മുല മാത്രമേ അംഗീകരിക്കൂ. എല്ലാവര്‍ക്കും ഏക മാനദണ്ഡം ഉണ്ടാകണമെന്നും സാമൂഹിക നീതി നടപ്പാക്കണമെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

സ്വാശ്രയത്തിന് ഈ വര്‍ഷം പരിഹാരമില്ലെന്ന് മുഖ്യമന്ത്രി


സ്വാശ്രയ പ്രശ്നത്തിന് അന്തിമ പരിഹാരം അടുത്ത വര്‍ഷത്തോടെ മാത്രമേ സാധ്യമാവുകയുള്ളുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താലേഖകരെ അറിയിച്ചു. ഈവര്‍ഷത്തെ പ്രവേശനത്തിനു ശേഷമേ നടപടികള്‍ ആരംഭിക്കാനാവൂ. സാധാരണ ചര്‍ച്ച നടക്കുന്നത് പ്രവേശനത്തിനു മുന്‍പാണ്. ഇത്തവണ യുഡിഎഫ് സര്‍ക്കാരിന് അതിനുള്ള സാവകാശം ലഭിച്ചില്ല. എങ്കിലും ഈ വര്‍ഷത്തെ പ്രവേശനത്തിന് എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന് മന്ത്രിസഭാ സബ്കമ്മറ്റി ചര്‍ച്ച ചെയ്യുകയാണ്. സാമൂഹ്യനീതി നടപ്പാക്കാന്‍ ഇന്റര്‍ചര്‍ച്ച് കൗണ്‍സിലും അമൃതയും സഹകരിക്കണം.

ദേശാഭിമാനി 170611

1 comment:

  1. സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റുകള്‍ക്കു പിന്നാലെ എന്‍ജിനിയറിങ് കോളേജ് മാനേജ്മെന്റുകളും സ്വന്തം നിലയ്ക്ക് പ്രവേശനം നടത്താന്‍ ഒരുങ്ങുന്നു. പ്രവേശന നടപടിക്രമം തുടങ്ങിയിട്ടും സര്‍ക്കാര്‍ പ്രാഥമിക ചര്‍ച്ചയ്ക്ക് പോലും തയ്യാറാകാത്ത സാഹചര്യത്തിലാണിതെന്ന് മാനേജുമെന്റ് അസോസിയേഷന്‍ വക്താവ് ജി പി സി നായര്‍ "ദേശാഭിമാനി"യോടു പറഞ്ഞു.

    ReplyDelete