Monday, June 13, 2011

പാഠം ഉള്‍ക്കൊണ്ട് മുന്നേറും: സിപിഐ എം

പശ്ചിമബംഗാളിലെയും കേരളത്തിലെയും തെരഞ്ഞെടുപ്പ് ഫലത്തില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് സിപിഐ എമ്മിന്റെ ജനകീയാടിത്തറ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി പറഞ്ഞു. പശ്ചിമബംഗാള്‍ , കേരളം, തമിഴ്നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുഫലം വിലയിരുത്താന്‍ ഹൈദരാബാദില്‍ ചേര്‍ന്ന ദ്വിദിന കേന്ദ്രകമ്മിറ്റി യോഗത്തിനുശേഷം പുറത്തിറക്കിയ കമ്യൂണിക്കെയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കേരളത്തില്‍ എല്‍ഡിഎഫ് പരാജയപ്പെട്ടത് ചെറിയ വ്യത്യാസത്തിനാണ്. യുഡിഎഫിന് മൂന്ന് സീറ്റിന്റെ നേര്‍ത്ത ഭൂരിപക്ഷമേയുള്ളൂ. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സിപിഐ എമ്മും ഇടതുപക്ഷവും നടത്തിയ പ്രവര്‍ത്തനം അഭിനന്ദനീയമാണ്. ശക്തമായ ബഹുജന പിന്തുണ നേടാന്‍ എല്‍ഡിഎഫിനായി. തെരഞ്ഞെടുപ്പുഫലത്തിന്റെ വിവിധ ഘടകങ്ങള്‍ പരിശോധിക്കാനും പാര്‍ടിയെയും ഇടതുപക്ഷത്തെയും ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കാനും കേരള സംസ്ഥാന സമിതിക്ക് കേന്ദ്രകമ്മിറ്റി നിര്‍ദേശം നല്‍കി.

പശ്ചിമബംഗാളില്‍ ഇടതുമുന്നണിയുടെ കനത്ത പരാജയത്തിന്റെ കാരണങ്ങള്‍ യോഗം വിലയിരുത്തി. വിവിധ ജനവിഭാഗങ്ങളില്‍ സിപിഐ എമ്മിനും ഇടതുമുന്നണിക്കുമുള്ള സ്വാധീനം നഷ്ടപ്പെട്ടതിന് ഇടയാക്കിയ ഘടകങ്ങള്‍ കണ്ടെത്തി. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയശേഷം സിപിഐ എമ്മും ഇടതുമുന്നണിയും രൂക്ഷമായ ആക്രമണങ്ങള്‍ നേരിടുകയായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിന്റെ തീവ്രവലതുപക്ഷക്കാര്‍മുതല്‍ മാവോയിസ്റ്റുകള്‍വരെയുള്ള മൗലികവാദശക്തികള്‍ ഒത്തുചേര്‍ന്ന് ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താന്‍ ആസൂത്രിതമായി ശ്രമിക്കുകയായിരുന്നു. മൂന്നു പതിറ്റാണ്ടുകാലത്തെ ഇടതുപക്ഷ സര്‍ക്കാരുകള്‍ കൈവരിച്ച വന്‍ നേട്ടങ്ങളുണ്ടെങ്കിലും ജനക്ഷേമത്തിനു വേണ്ടി കൈക്കൊണ്ട ചില നയപരിപാടിയില്‍ പോരായ്മകളും ദൗര്‍ബല്യങ്ങളും ഉണ്ടായിരുന്നു. സിങ്കൂരിലും നന്ദിഗ്രാമിലും വന്ന പിഴവുകള്‍ വന്‍നഷ്ടമുണ്ടായി. വിവിധ വിഭാഗം ജനങ്ങള്‍ അകലാന്‍ ഇടയാക്കിയ സംഘടനാപരമായ പിഴവുകളും പോരായ്മകളും എന്തെന്ന് വിശകലനത്തില്‍ കണ്ടെത്തി. രാഷ്ട്രീയവും സംഘടനാപരവുമായ തലങ്ങളില്‍ ചില തിരുത്തല്‍ നടപടികളും കേന്ദ്രകമ്മിറ്റി അംഗീകരിച്ച വിശകലന റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചു.

പശ്ചിമബംഗാളിലെ തോല്‍വിയോടെ സിപിഐ എമ്മും ഇടതുപക്ഷവും രാഷ്ട്രീയമായി അപ്രസക്തമായെന്ന ആസൂത്രിത പ്രചാരണം കേന്ദ്രകമ്മിറ്റി യോഗം നിരാകരിച്ചു. പ്രതികൂല സാഹചര്യത്തിലും ഇടതുപക്ഷം 1.95 കോടി വോട്ട് അതായത് 41 ശതമാനം വോട്ടു നേടി. മുമ്പും കടുത്ത തിരിച്ചടികള്‍ നേരിട്ടുക്കൊണ്ടാണ് പശ്ചിമബംഗാളില്‍ പാര്‍ടിയും ഇടതുപക്ഷവും ശക്തിയാര്‍ജിച്ചത്. നവഉദാരനയങ്ങള്‍ ചെറുത്തുക്കൊണ്ട് അധ്വാനിക്കുന്ന ജനങ്ങള്‍ക്കുവേണ്ടിയുള്ള സമരങ്ങളും ജനങ്ങള്‍ കൈവരിച്ച ചരിത്രപരമായ നേട്ടങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടവും തുടരും.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ അസമിലേതൊഴികെ ഒരു ഫലവും ഭരണകക്ഷിയായ കോണ്‍ഗ്രസിന് സംതൃപ്തി നല്‍കുന്നില്ല. അഴിമതിയില്‍ മുങ്ങിയ സര്‍ക്കാരിന്റെ മുഖമാണ് ഇതില്‍ പ്രതിഫലിക്കുന്നത്. വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടത് ജനങ്ങളില്‍ അസംതൃപ്തിയുണ്ടാക്കി. തമിഴ്്നാട്ടില്‍ കോണ്‍ഗ്രസും ഡിഎംകെയും തൂത്തെറിയപ്പെട്ടു. ബിജെപിയുടെ പ്രകടനവും മോശമായി. അസമില്‍ വെറും നേരത്തെയുള്ള സീറ്റിന്റെ എണ്ണം നേര്‍പകുതിയായി. അഞ്ചുസീറ്റാണ് അവിടെ ബിജെപിക്ക് കിട്ടിയത്. കേരളത്തിലും പശ്ചിമബംഗാളിലും ഇടതുപക്ഷം പരാജയപ്പെട്ടത് നവഉദാരനയങ്ങള്‍ കൂടുതല്‍ ശക്തമായി നടപ്പാക്കാനുള്ള അവസരമായി കാണരുതെന്നും പാര്‍ടി മുന്നറിയിപ്പു നല്‍കി. നവ ഉദാരനയങ്ങളിലൂന്നി ജനങ്ങളില്‍ അമിതഭാരം അടിച്ചേല്‍പ്പിക്കാനുള്ള യുപിഎ സര്‍ക്കാരിന്റെ നീക്കത്തെ സിപിഐ എമ്മും ഇടതുപക്ഷശക്തികളും അതിശക്തമായി ചെറുക്കും.

സംസ്ഥാനങ്ങള്‍ക്കുമേല്‍ കുതിരകയറാനും അധികാരം കവരാനും കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കും. കള്ളപ്പണത്തിനും അഴിമതിക്കുമെതിരെയുള്ള പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്നത് യുപിഎ സര്‍ക്കാര്‍ ജനാധിപത്യ അവകാശങ്ങള്‍ തകര്‍ക്കുന്ന പ്രവണതയാണ് കാണിക്കുന്നു എന്നതിന് തെളിവാണ്. ഇത്തരം പ്രവണതകളെ സിപിഐ എം എതിര്‍ക്കുകയും ജനങ്ങളുടെ അവകാശങ്ങളും ഉപജീവനമാര്‍ഗവും സംരക്ഷിക്കാന്‍ പോരാടുകയും ചെയ്യും. പാര്‍ടിയും ഇടതുപക്ഷവും ഭീകരമായ ആക്രമണത്തിനിരയാകുന്ന സ്ഥിതി നേരിടേണ്ടതുണ്ട്. സിപിഐ എമ്മിന്റെയും ഇടതുപക്ഷ പാര്‍ടികളുടെയും 14 പ്രവര്‍ത്തകരാണ് തെരഞ്ഞെടുപ്പുഫലം വന്ന ശേഷം കൊല്ലപ്പെട്ടത്. നൂറുകണക്കിന് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. നിരവധി പാര്‍ടി ഓഫീസുകളും ട്രേഡ് യൂണിയന്‍ ഓഫീസുകളും ആക്രമിച്ചു. അക്രമവും ഭീഷണിയും കാരണം പല പ്രവര്‍ത്തകരും വീടൊഴിഞ്ഞ് പോകേണ്ടിവന്നു. ഈ അക്രമം തടയാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്-കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. സിപിഐ എമ്മിനും ഇടതുപക്ഷത്തിനുമെതിരെയുള്ള അക്രമവും ഭീകരതയും അപലപനീയമാണ്.

ജനാധിപത്യത്തിനും ജനാധിപത്യ അവകാശങ്ങള്‍ക്കുമെതിരെയുള്ള ഈ കടന്നാക്രമണത്തിനെതിരെ രംഗത്തുവരാന്‍ എല്ലാ ജനാധിപത്യശക്തികളെയും സിപിഐ എം ആഹ്വാനംചെയ്തു.

ഉന്നതസ്ഥാനങ്ങളിലെ അഴിമതിക്കെതിരെ പോരാട്ടം നടത്തിയതിന്റെ ചരിത്രമാണ് ഇടതുപക്ഷപാര്‍ടികള്‍ക്കുള്ളത്. അഴിമതിക്കെതിരെയുള്ള ഇടതുപക്ഷപാര്‍ടികളുടെ വേദിക്ക് അഴിമതി തടയുന്നതിന് സഹാകയമായ സമഗ്രമായ ഒരു കൂട്ടം നടപടികള്‍ ആവശ്യമാണ്. പ്രധാനമന്ത്രികൂടി ഉള്‍പ്പെടുത്തുന്ന കാര്യക്ഷമമായ ലോക്പാല്‍ നിയമനിര്‍മാണവും ദേശീയ ജുഡീഷ്യല്‍ കമീഷന്റെ രൂപവല്‍ക്കരണവും വന്‍ വ്യവസായികളും രാഷ്ട്രീയനേതാക്കളും ഉദ്യോഗസ്ഥപ്രമുഖരുമുള്‍പ്പെട്ട കൂട്ടുകെട്ടിനെ തകര്‍ക്കാനും തെരഞ്ഞെടുപ്പിലെ പണാധിപത്യം തടയാനുമുതകുന്ന തെരഞ്ഞെടുപ്പ് പരിഷ്കരണവും ഇതിലുള്‍പ്പെടുന്നു. നവ ലിബറല്‍ കാലത്ത് ശക്തമാകുന്ന അഴിമതി കൂട്ടുകെട്ടാണ് അഴിമതിയുടെ പ്രഭവകേന്ദ്രം. ഇതിനെതിരെ ഇടതുപക്ഷപാര്‍ടികള്‍ ജനങ്ങളെ അണിനിരത്തും.

ഭക്ഷ്യപണപ്പെരുപ്പം നിയന്ത്രിച്ചെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം വീണ്ടും തെറ്റാണെന്ന് തെളിഞ്ഞു. പത്തു ശതമാനത്തോളമാണ് ഇപ്പോള്‍ നിരക്ക്. ഉല്‍പ്പാദനത്തില്‍ റെക്കോഡ് സൃഷ്ടിച്ചിട്ടും ഗോതമ്പ് ചീഞ്ഞ് നശിക്കുന്നു. സംസ്ഥാനങ്ങള്‍ക്ക് ബിപിഎല്‍ നിരക്കില്‍ ഭക്ഷ്യധാന്യം വിതരണം ചെയ്യുകയാണ് ഏറ്റവും യുക്തമായ നടപടി. നിര്‍ദിഷ്ട ഭക്ഷ്യസുരക്ഷാബില്‍ അപര്യാപ്തമാണ്. സാര്‍വത്രിക പൊതുവിതരണസംവിധാനത്തെ നിരാകരിക്കുന്നതാണ് ഇത്. സബ്സിഡി അര്‍ഹിക്കുന്ന വലിയ വിഭാഗം ജനങ്ങള്‍ പുറന്തള്ളപ്പെടും. അതിനാല്‍ നിലവിലുള്ള കരട് അസ്വീകാര്യമാണ്. സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്യുന്ന പോലെ എല്ലാ ബിപിഎല്‍ കുടുംബങ്ങള്‍ക്കും രണ്ടു രൂപയ്ക്ക് 35 കിലോഗ്രാം ഭക്ഷ്യധാന്യം നിയമപരമായി ഉറപ്പാക്കാന്‍ കേന്ദ്രം തയ്യാറാകണം. പാവങ്ങളെ കണ്ടെത്താനായി നടത്തുന്ന ബിപിഎല്‍ സര്‍വേയുടെ ചോദ്യാവലിയെ ശക്തമായി എതിര്‍ക്കുമെന്ന് പാര്‍ടി വ്യക്തമാക്കി. ഒരാളെ സ്വന്തം ദാരിദ്ര്യത്തിന്റെ അടിസ്ഥാനത്തിലല്ല ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. പകരം മറ്റുള്ളവരുടെ സമ്പത്താണ് മാനദണ്ഡമാക്കുന്നത്. ഈ റാങ്കിങ് സമ്പ്രദായം തിരുത്തണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ , ആദായനികുതി അടയ്ക്കുന്നവര്‍ , വന്‍ ഭൂഉടമകള്‍ തുടങ്ങിയവ ഒഴിവാക്കി ബാക്കി അര്‍ഹരായ എല്ലാ ജനവിഭാഗത്തെയും ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണം- കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.

deshabhimani 130611

1 comment:

  1. പശ്ചിമബംഗാളിലെയും കേരളത്തിലെയും തെരഞ്ഞെടുപ്പ് ഫലത്തില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് സിപിഐ എമ്മിന്റെ ജനകീയാടിത്തറ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി പറഞ്ഞു. പശ്ചിമബംഗാള്‍ , കേരളം, തമിഴ്നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുഫലം വിലയിരുത്താന്‍ ഹൈദരാബാദില്‍ ചേര്‍ന്ന ദ്വിദിന കേന്ദ്രകമ്മിറ്റി യോഗത്തിനുശേഷം പുറത്തിറക്കിയ കമ്യൂണിക്കെയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

    ReplyDelete