Monday, June 6, 2011

അന്തര്‍സംസ്ഥാന കെഎസ്ആര്‍ടിസി സര്‍വീസ് അട്ടിമറിക്കാന്‍ നീക്കം

കാസര്‍കോട്: കാസര്‍കോട്- മംഗളൂരു റൂട്ടില്‍ വീണ്ടും സ്വകാര്യ ബസ്സുകള്‍ക്ക് അനുമതി നല്‍കാന്‍ നീക്കം. സര്‍ക്കാര്‍ മാറിയതോടെ കേരളത്തില്‍ സ്വകാര്യ ബസ്സുകള്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കുമെന്നും ഇതിനായി 20ന് മന്ത്രിതല ചര്‍ച്ച നടക്കുമെന്നും സ്വകാര്യ ബസ്സുടമകള്‍ കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് അധികൃതരെ ധരിപ്പിച്ചു. ഇതേതുടര്‍ന്ന് നേരത്തേ ഈ റൂട്ടില്‍ അനധികൃത സര്‍വീസ് നടത്തിയ 71 സ്വകാര്യ ബസ്സുകളുടെ പെര്‍മിറ്റ് റദ്ദാക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ ശനിയാഴ്ച ബംഗളൂരുവില്‍ ചേരാനിരുന്ന കര്‍ണാടക സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗം 25 ലേക്ക് മാറ്റി.

സര്‍ക്കാരുകള്‍ തമ്മിലുള്ള ഉഭയകക്ഷി കരാര്‍ പ്രകാരമാണ് കാസര്‍കോടുനിന്ന് മംഗളൂരു, സുള്ള്യ, ബംഗളൂരു എന്നിവിടങ്ങളിലേക്ക് ഇരു സംസ്ഥാനങ്ങളുടെയും കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നത്. നിലവില്‍ 65 ബസ്സുകളുണ്ട്. കേരള, കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും കെഎസ്ആര്‍ടിസി എംപ്ലോയീസ് അസോസിയേഷനും മൂന്നുവര്‍ഷം നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് ഈ റൂട്ടിലെ 71 സ്വകാര്യ ബസ് സര്‍വീസ് സുപ്രീംകോടതി നിര്‍ത്തിച്ചത്. ബംഗളൂരു ഹൈക്കോടതി വിധിയും സ്വകാര്യ സര്‍വീസിനെതിരായിരുന്നു. 2008ല്‍ കേരളവും കര്‍ണാടകവും ഒപ്പിട്ട കരാറില്‍ അന്തര്‍ സംസ്ഥാന റൂട്ടില്‍ സ്വകാര്യ സര്‍വീസ് അനുവദിക്കരുതെന്നാണ് വ്യവസ്ഥ. സ്വകാര്യ ബസ്സുകള്‍ക്ക് പങ്കാളിത്തം നല്‍കാന്‍ കര്‍ണാടകം ശ്രമിച്ചെങ്കിലും കേരളത്തില്‍ ഗതാഗത മന്ത്രിയായിരുന്ന മാത്യു ടി തോമസിന്റെ കര്‍ക്കശ നിലപാടിനെ തുടര്‍ന്ന് ഉപേക്ഷിച്ചു. തൊഴിലാളികളില്‍നിന്ന് ശേഖരിച്ച തുകകൊണ്ടാണ് കെഎസ്ആര്‍ടിഇഎ കേസില്‍ കക്ഷി ചേര്‍ന്ന് വിജയം വരിച്ചത്. കേസ് നടക്കുന്ന കാലയളവില്‍ പെര്‍മിറ്റ് അവസാനിക്കാത്ത ആറ് ബസ്സുകളെ ഉപാധിയോടെ തുടരാന്‍ അനുവദിച്ചിരുന്നു. ഇവയുടെ കാലാവധി ഫെബ്രുവരിയില്‍ തീര്‍ന്നതോടെ കേരള ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി സ്വകാര്യ പെര്‍മിറ്റ് പൂര്‍ണമായി റദ്ദാക്കേണ്ടതായിരുന്നു. ഭരണം മാറുമെന്ന പ്രതീക്ഷയില്‍ ചില ഉദ്യോഗസ്ഥര്‍ സ്വകാര്യ ബസ്സുടമകളുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ തുനിഞ്ഞു. ഭരണമാറ്റത്തോടെ എങ്ങനെയും സര്‍വീസ് പുനരാരംഭിക്കാമെന്ന പ്രതീക്ഷയില്‍ ഭരണകക്ഷിപ്രമുഖരില്‍ സമ്മര്‍ദം ചെലുത്തുകയാണ് ബസ് ലോബി. കാസര്‍കോട്ടെ തുളുനാട് കോംപ്ലക്സ് ഉള്‍പ്പെടെ കെഎസ്ആര്‍ടിസി കൈവരിച്ച വികസന മുന്നേറ്റത്തെയാകെ ഈ നീക്കം തകര്‍ക്കും.
(മുഹമ്മദ് ഹാഷിം)

deshabhimani 060611

3 comments:

  1. കാസര്‍കോട്- മംഗളൂരു റൂട്ടില്‍ വീണ്ടും സ്വകാര്യ ബസ്സുകള്‍ക്ക് അനുമതി നല്‍കാന്‍ നീക്കം. സര്‍ക്കാര്‍ മാറിയതോടെ കേരളത്തില്‍ സ്വകാര്യ ബസ്സുകള്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കുമെന്നും ഇതിനായി 20ന് മന്ത്രിതല ചര്‍ച്ച നടക്കുമെന്നും സ്വകാര്യ ബസ്സുടമകള്‍ കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് അധികൃതരെ ധരിപ്പിച്ചു. ഇതേതുടര്‍ന്ന് നേരത്തേ ഈ റൂട്ടില്‍ അനധികൃത സര്‍വീസ് നടത്തിയ 71 സ്വകാര്യ ബസ്സുകളുടെ പെര്‍മിറ്റ് റദ്ദാക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ ശനിയാഴ്ച ബംഗളൂരുവില്‍ ചേരാനിരുന്ന കര്‍ണാടക സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗം 25 ലേക്ക് മാറ്റി.

    ReplyDelete
  2. ഇതു തികച്ചും വേദനാജനകമായ ഒരു വാര്‍ത്തയാണ്‌. കേരളത്തില്‍ ഇനി സ്വകാര്യ ബസ്സ് വ്യവസായം തഴച്ചു വളരുക തന്നെ ചെയ്യും. പാവപ്പെട്ട യാത്രക്കാരുടെ വിധി.

    ഈ പോസ്റ്റ് ഞങ്ങളുടെ www.ksrtcblog.com എന്ന സൈറ്റില്‍ ഇടുവാനായി എടുത്തിട്ടുണ്ട്.

    Thanks

    ReplyDelete
  3. നന്ദി...കൂടുതല്‍ പേരിലേക്ക് കാര്യങ്ങള്‍ എത്തട്ടെ.

    ReplyDelete