Monday, June 6, 2011

ക്രിസ്ത്യന്‍ മാനേജ്മെന്റിലെ മെഡിക്കല്‍ പിജി പ്രവേശനം കോടതി തടഞ്ഞു

കൊച്ചി: സംസ്ഥാനത്ത് ക്രിസ്ത്യന്‍ മാനേജ്മെന്റ് ഫെഡറേഷനു കീഴിലുള്ള നാലു സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പിജികോഴ്സുകളില്‍ അന്‍പതു ശതമാനത്തിലധികം സീറ്റുകളില്‍ പ്രവേശനം നടത്തുന്നത് ഹൈക്കോടതി തടഞ്ഞു. ഡോ. പൗര്‍ണ്ണമി മോഹന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാലഉത്തരവ്. ജസ്റ്റിസ് ടി ആര്‍ രാമചന്ദ്രമേനോനാണ് വിധി പുറപ്പെടുവിച്ചത്. സര്‍ക്കാരുമായി ഉണ്ടാക്കിയ ധാരണ പ്രകാരം പകുതി സീറ്റുകളില്‍ മെറിറ്റ് ലിസ്റ്റില്‍ നിന്നാണ് പ്രവേശനം നടത്തേണ്ടത്. നേരത്തെയുണ്ടായിരുന്ന ധാരണപ്രകാരം മെയ് 31 നു മുന്‍പ് പ്രവേശനപരീക്ഷ നടത്താത്ത സാഹചര്യത്തില്‍ ഈഹര്‍ജിയില്‍ അന്തിമവിധി വരുന്നതുവരെയാണ് പ്രവേശനം തടഞ്ഞത്.

സര്‍ക്കാരുമായി നടത്തിയ ഒത്തുകളിയിലൂടെ കിട്ടിയ 65 പിജി മെറിറ്റ് സീറ്റ് സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്മെന്റുകള്‍ 65 കോടി രൂപക്ക് വിറ്റതായി ആക്ഷേപമുയര്‍ന്നിരുന്നു. നാല് ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ ഉള്‍പ്പെടെ 10 സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്മെന്റുകളും പരിയാരം സഹകരണ മെഡിക്കല്‍ കോളേജും ഈ വര്‍ഷം 50 ശതമാനം സീറ്റ് മെറിറ്റ് അടിസ്ഥാനത്തില്‍ നല്‍കാമെന്ന് സര്‍ക്കാരുമായി ധാരണയുണ്ടാക്കിയിരുന്നു. ഈ ധാരണയുടെ അടിസ്ഥാനത്തില്‍ കൂടിയാണ് കോളേജുകള്‍ക്ക് സര്‍ക്കാര്‍ പിജി കോഴ്സിന് എന്‍ഒസി നല്‍കിയത്. മെറിറ്റ് അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ലിസ്റ്റ് പ്രകാരം 50 ശതമാനം സീറ്റില്‍ പ്രവേശനം നല്‍കണമെന്ന് കാണിച്ച് മുന്‍സര്‍ക്കാരിന്റെ കാലത്ത് ഉത്തരവിറക്കുകയും ചെയ്തു. തുടര്‍ന്ന് സംസ്ഥാനത്തെ പിജി മെറിറ്റ് സീറ്റില്‍ ഏപ്രില്‍ 15ന് ആദ്യഘട്ട അലോട്ട്മെന്റ് നടത്തി. അടുത്ത ഘട്ട അലോട്ട്മെന്റ് നടക്കാനിരിക്കെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ അലോട്ട്മെന്റ് ജൂണ്‍ 30 വരെ സുപ്രീംകോടതി നീട്ടി. ഈ ഉത്തരവിന്റെ മറവിലാണ് സീറ്റുകള്‍ മാനേജ്മെന്റുകള്‍ക്ക് കൊള്ളയടിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ അവസരമൊരുക്കിയത്.

സര്‍ക്കാരും സ്വാശ്രയ മാനേജ്മെന്റുകളും ഒത്തുകളിക്കുന്നു: എം വി ജയരാജന്‍

കണ്ണൂര്‍ : യുഡിഎഫ് സര്‍ക്കാരും സ്വകാര്യ-സ്വാശ്രയ മാനേജ്മെന്റുകളും തമ്മിലുള്ള ഒത്തുകളിയാണ് പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗത്തെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് പരിയാരം സഹകരണ മെഡിക്കല്‍ കോളേജ് ചെയര്‍മാന്‍ എം വി ജയരാജന്‍ പറഞ്ഞു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ നയം അട്ടിമറിച്ചതോടെ വിദ്യാഭ്യാസക്കച്ചവടക്കാര്‍ക്ക് കേരളം മേച്ചില്‍പ്പുറമായി. പ്രവേശനം, ഫീസ് എന്നിവ സംബന്ധിച്ച വ്യക്തമായ മാനദണ്ഡവും 50:50 അനുപാതവുമാണ് അട്ടിമറിക്കപ്പെട്ടതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാല് സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ സ്ഥാപിതതാല്‍പര്യത്തിനാണ് ഉമ്മന്‍ചാണ്ടിയും മന്ത്രി പി കെ അബ്ദുറബ്ബും ആരോഗ്യമന്ത്രി അടൂര്‍ പ്രകാശും അടക്കമുള്ളവര്‍ മുന്‍ഗണന നല്‍കുന്നത്.

പരിയാരം മെഡിക്കല്‍ കോളേജില്‍ മന്ത്രി അടൂര്‍ പ്രകാശിന്റെ മകള്‍ ഉള്‍പ്പെടെയുള്ളവരുടെ പിജി പ്രവേശനം മെഡിക്കല്‍ കൗണ്‍സിലിന്റെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് നടന്നത്. ആര്‍ക്കുവേണമെങ്കിലും ഇത് പരിശോധിക്കാം. പ്രായോഗിക പരീക്ഷയും ഇന്റര്‍വ്യുവും അടക്കമുള്ള എല്ലാ നടപടികള്‍ക്കും ശേഷമാണ് അടൂര്‍ പ്രകാശിന്റെ മകള്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ മാനേജ്മെന്റ് ക്വാട്ടയില്‍പ്രവേശനം നല്‍കിയത്. 21 പിജി കോഴ്സുകളാണ് പരിയാരത്തുള്ളത്. ഈ വര്‍ഷം 11 സീറ്റ് ലഭിച്ചു. കഴിഞ്ഞ വര്‍ഷം 10 സീറ്റുണ്ടായിരുന്നു. ഇവയില്‍ അഞ്ചു സീറ്റ് സര്‍ക്കാര്‍ ക്വാട്ടയിലേക്ക് നല്‍കാമെന്നും ഇതിനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മാര്‍ച്ച് 16ന് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഇങ്ങനെ സര്‍ക്കാരിനെ എഴുതിയറിയിച്ച ഏക സ്ഥാപനം പരിയാരം മെഡിക്കല്‍ കോളേജാണ്. മെഡിക്കല്‍ കൗണ്‍സില്‍ നിശ്ചയിച്ച പ്രവേശന തീയതി അവസാനിക്കുന്നത് മെയ് 31നാണ്. 25ന് പുതിയ സര്‍ക്കാരിന് വീണ്ടും കത്ത് നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. പരിയാരം മാതൃകയില്‍ സര്‍ക്കാര്‍ ക്വാട്ട നിര്‍ബന്ധമായും മെറിറില്‍ നല്‍കാനുള്ള നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. മെറിറ്റ് ക്വാട്ടപോലും വില്‍ക്കുമെന്ന് ഭീഷണിമുഴക്കുന്ന സ്വാശ്രയസ്ഥാപനങ്ങളെ നിലയ്ക്കുനിര്‍ത്തണം. മികച്ച വിദ്യാഭ്യാസം നല്‍കുന്നതിനാല്‍ പല പ്രമുഖരുടെയും മക്കള്‍ പരിയാരത്ത് പഠിക്കാന്‍ താല്‍പര്യപ്പെടുന്നുണ്ട്. വസ്തുത ഇതായിരിക്കെ, പരിയാരം മെഡിക്കല്‍ കോളേജ് മാനേജ്മെന്റിനെ അടൂര്‍ പ്രകാശ് സഹായിക്കുന്നതായി ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും ജയരാജന്‍ പറഞ്ഞു.

deshabhimani 060611

1 comment:

  1. സംസ്ഥാനത്ത് ക്രിസ്ത്യന്‍ മാനേജ്മെന്റ് ഫെഡറേഷനു കീഴിലുള്ള നാലു സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പിജികോഴ്സുകളില്‍ അന്‍പതു ശതമാനത്തിലധികം സീറ്റുകളില്‍ പ്രവേശനം നടത്തുന്നത് ഹൈക്കോടതി തടഞ്ഞു. ഡോ. പൗര്‍ണ്ണമി മോഹന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാലഉത്തരവ്. ജസ്റ്റിസ് ടി ആര്‍ രാമചന്ദ്രമേനോനാണ് വിധി പുറപ്പെടുവിച്ചത്. സര്‍ക്കാരുമായി ഉണ്ടാക്കിയ ധാരണ പ്രകാരം പകുതി സീറ്റുകളില്‍ മെറിറ്റ് ലിസ്റ്റില്‍ നിന്നാണ് പ്രവേശനം നടത്തേണ്ടത്. നേരത്തെയുണ്ടായിരുന്ന ധാരണപ്രകാരം മെയ് 31 നു മുന്‍പ് പ്രവേശനപരീക്ഷ നടത്താത്ത സാഹചര്യത്തില്‍ ഈഹര്‍ജിയില്‍ അന്തിമവിധി വരുന്നതുവരെയാണ് പ്രവേശനം തടഞ്ഞത്.

    ReplyDelete