Saturday, June 18, 2011

മൂന്നാറില്‍ നടത്തിയത് ഭൂരഹിതര്‍ക്ക് വേണ്ടിയുള്ള നടപടി: വി എസ്

ഇടുക്കി: ഒരുതുണ്ടു ഭൂമിയില്ലാത്തവര്‍ക്ക് വേണ്ടിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഭൂമാഫിയയെ തുരത്താന്‍ നടപടിയെടുത്തതെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ കട്ടപ്പനയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിയമപരമായിരുന്നു സര്‍ക്കാര്‍ നടപടികള്‍ . ഇതിനെ ഹൈക്കോടതിപോലും അംഗീകരിച്ചതാണ്. നടപടിക്കെതിരെ കോടതിയെ സമീപിച്ചവര്‍ക്ക് സ്റ്റേ കിട്ടാഞ്ഞത് ഇതിനു തെളിവാണ്. വന്‍കിട കൈയേറ്റക്കാരുടെ താല്‍പര്യങ്ങള്‍ക്കുവേണ്ടിയാണ് അന്നത്തെ സര്‍ക്കാര്‍ നടപടിയെ ചിലര്‍ തെറ്റായി ചിത്രീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഭൂമി കൈയേറി വന്‍കിടക്കാര്‍ കെട്ടിടങ്ങള്‍ കെട്ടി റിസോര്‍ട്ടുകളും മറ്റും നടത്തി ലക്ഷങ്ങള്‍ സമ്പാദിക്കുകയായിരുന്നു. സര്‍ക്കാരിന് നയാപൈസപോലും നല്‍കാതെയാണ് വര്‍ഷങ്ങളായി തട്ടിപ്പ് തുടര്‍ന്നത്. കേരളത്തില്‍ ഭൂരഹിതരായി അനേകായിരങ്ങള്‍ കഴിയുമ്പോഴാണ് ഈ പ്രമാണിമാരുടെ കയ്യേറ്റം. മൂന്നാര്‍ നടപടിയുടെ ഫലമായി 12,000 എക്കറോളം അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിക്കാന്‍ കഴിഞ്ഞു. 3500 ഭൂരഹിത കുടിയേറ്റ തൊഴിലാളികള്‍ക്ക് ഈ ഭൂമി കൈമാറി. ഇനിയും 3000 പേര്‍ക്ക് ഭൂമി നല്‍കാനുള്ള നടപടിയും പൂര്‍ത്തിയാക്കിയിരുന്നു. കുടിയേറ്റവും കൈയേറ്റവും രണ്ടു വിഷയങ്ങളാണ്. ഇടുക്കിയിലെ കുടിയേറ്റ കര്‍ഷകര്‍ക്ക് പട്ടയം നല്‍കാന്‍ സുപ്രീംകോടതിയിലെ കേസ് തീര്‍പ്പാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരാണെന്നും വി എസ് പറഞ്ഞു.

വന്‍കിട കൈയേറ്റം ഒഴിപ്പിക്കാന്‍ വിട്ട ദൗത്യസംഘം രവീന്ദ്രന്‍ പട്ടയം പോലുള്ള വിഷയങ്ങളില്‍ പാര്‍ടി ഓഫീസുകളെച്ചൊല്ലി ആവശ്യമല്ലാത്ത തര്‍ക്കങ്ങളുണ്ടാക്കിയപ്പോള്‍ സംഘത്തിലെ ചിലരെ പിന്‍വലിക്കേണ്ടി വന്നതായും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. മൂന്നാര്‍ വിഷയത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ സര്‍വകക്ഷിയോഗത്തിനു വിളിച്ചാല്‍ പോകും. നിര്‍ദേശങ്ങളും തീരുമാനങ്ങളും പരിശോധിച്ചശേഷം പിന്തുണയ്ക്കുമെങ്കില്‍ അറിയിക്കും. സിപിഐ എം ജില്ലാ സെക്രട്ടറി എം എം മണി, കെ കെ ജയചന്ദ്രന്‍ എംഎല്‍എ, കര്‍ഷകസംഘം ജില്ലാ സെക്രട്ടറി എന്‍ വി ബേബി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

വന്‍കിടക്കാരെയാണ് മൂന്നാറില്‍ ഒഴിപ്പിക്കാന്‍ ശ്രമിച്ചത്: വിഎസ്
ഇടുക്കി: സര്‍ക്കാര്‍ഭൂമി കൈയേറിയ വന്‍കിടക്കാര്‍ക്കെതിരെയുള്ള നടപടികള്‍ ഭരണകൂട ഭീകരതയായി ചിത്രീകരിക്കുന്നതിനു പിന്നില്‍ ചിലരുടെ താല്‍പര്യങ്ങളാണെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. അമരാവതിസമരത്തിന്റെ അമ്പതാംവാര്‍ഷികം ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു. ചെറുകിട കര്‍ഷകരെ സംരക്ഷിച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കൈയേറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തത്്. അതാണ് വന്‍കിടക്കാരെ രക്ഷിക്കാനുള്ള ചിലരുടെ തീരുമാനത്തിന്റെ ഭാഗമായി ഉപയോഗിക്കുന്നത്. സര്‍ക്കാരിലേക്ക് ഒരു ചില്ലിക്കാശുപോലും അടക്കാതെയാണ് ഇവര്‍ഭൂമി തട്ടിയെടുത്ത് പണമുണ്ടാക്കിയിരുന്നത്. വന്‍കിടക്കാരെ ഒഴിപ്പിക്കാനാണ് മൂന്നാര്‍ ഒഴിപ്പിക്കലിന്റെ ചുമതലക്കാരനായ സുരേഷ്കുമാറിനോട് നിര്‍ദേശിച്ചിരുന്നത്. അതിനുപകരം ആദ്യം പോയി പാര്‍ട്ടി ഓഫീസുകള്‍ പൊളിച്ചു. അതാണ് വിവാദമായത്. സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷിയോഗത്തില്‍ സംബന്ധിക്കും. അംഗീകരിക്കാനാവുന്ന തീരുമാനമാണെങ്കില്‍ അംഗീകരിക്കും. പൊതുസ്വത്ത് കയ്യേറിയവരെ മാത്രമേ എല്‍ഡിഎഫ് ഒഴിപ്പിച്ചിട്ടുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 180611

1 comment:

  1. ഒരുതുണ്ടു ഭൂമിയില്ലാത്തവര്‍ക്ക് വേണ്ടിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഭൂമാഫിയയെ തുരത്താന്‍ നടപടിയെടുത്തതെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ കട്ടപ്പനയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിയമപരമായിരുന്നു സര്‍ക്കാര്‍ നടപടികള്‍ . ഇതിനെ ഹൈക്കോടതിപോലും അംഗീകരിച്ചതാണ്. നടപടിക്കെതിരെ കോടതിയെ സമീപിച്ചവര്‍ക്ക് സ്റ്റേ കിട്ടാഞ്ഞത് ഇതിനു തെളിവാണ്. വന്‍കിട കൈയേറ്റക്കാരുടെ താല്‍പര്യങ്ങള്‍ക്കുവേണ്ടിയാണ് അന്നത്തെ സര്‍ക്കാര്‍ നടപടിയെ ചിലര്‍ തെറ്റായി ചിത്രീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

    ReplyDelete