ഹയര്‍ സെക്കന്‍ഡറിയില്‍ കൂടുതല്‍ സീറ്റ് അനുവദിക്കും: മന്ത്രി
മലപ്പുറം: ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ കൂടുതല്‍ സീറ്റ് അനുവദിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് പറഞ്ഞു. ഉന്നത വിദ്യാഭ്യാസയോഗ്യത നേടിയവരുടെ എണ്ണത്തിനനുസരിച്ച് മിക്ക ജില്ലയിലും ഹയര്‍ സെക്കന്‍ഡറിയില്‍ ഒഴിവില്ല. മലപ്പുറത്ത് 20,000 സീറ്റിന്റെ കുറവാണുള്ളത്. ഇത് ഉടന്‍ പരിഹരിക്കുമെന്ന് മലപ്പുറത്ത് വിവിധ പരിപാടിയില്‍ പങ്കെടുക്കവെ മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ അവകാശനിയമം കേരളത്തില്‍ എളുപ്പം നടപ്പാക്കാനാകില്ല. ഡിഇഒമാരുടെ ഒഴിവ് ഉടന്‍ നികത്തുമെന്നും മന്ത്രി പറഞ്ഞു.
എച്ച്ഐഎല്ലിന് പ്രവര്‍ത്തനാനുമതിയായി
കൊച്ചി: ഏലൂരിലെ എച്ച്ഐഎല്‍ കമ്പനി തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ കെ സജീവന്‍ കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദിപ്പിക്കുന്ന പ്ലാന്റ് ഒഴികെയുള്ളവ പ്രവര്‍ത്തിപ്പിക്കാനാണ് അനുമതി നല്‍കിയിട്ടുള്ളത്. എപ്രില്‍ മുപ്പതിനകം കമ്പനി ഉല്‍പ്പാദിപ്പിക്കുന്ന കീടനാശിനികളുടെ മാലിന്യം നീക്കം ചെയ്യണമെന്നായിരുന്നു മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിര്‍ദ്ദേശം. കമ്പനി ഈ നിര്‍ദ്ദേശം പാലിക്കാത്തതിനെ തുടര്‍ന്ന് അടച്ചു പൂട്ടുകയായിരുന്നു. മാലിന്യത്തിന്റെ അമ്പതു ശതമാനത്തിലധികവും നീക്കം ചെയ്തിട്ടുണ്ട്. ഡിസംബറിനകം മാലിന്യം പൂര്‍ണമായും നീക്കം ചെയ്യണമെന്നുമാണ് ബോര്‍ഡിന്റെ നിര്‍ദ്ദേശം.
കുട്ടനാട്ടില്‍ വെയര്‍ഹൗസിങ് ഗോഡൗണ്‍ നിര്‍മിക്കും: മുഖ്യമന്ത്രി
കോട്ടയം: നെല്ല് സംഭരണത്തിന് കുട്ടനാട്ടില്‍ വെയര്‍ഹൗസിങ് കോര്‍പറേഷന്റെ ഗോഡൗണ്‍ നിര്‍മിക്കാന്‍ രണ്ട് ഏക്കര്‍ സ്ഥലം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. കോട്ടയം പ്രസ്ക്ലബിന്റെ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാലായിരം ടണ്‍ സംഭരണശേഷിയുള്ള ഗോഡൗണ്‍ നിര്‍മിക്കാമെന്ന് കേന്ദ്രഭക്ഷ്യമന്ത്രി കെ വി തോമസ് അറിയിച്ചിട്ടുണ്ട്. അമ്പലപ്പുഴ പുറക്കാട് വില്ലേജിലാണ് സ്ഥലം നല്‍കാന്‍ തീരുമാനിച്ചത്. അടുത്ത കൊയ്ത്തിനു മുമ്പ് കുട്ടനാട്ടില്‍ ആവശ്യത്തിന് കൊയ്ത്തുയന്ത്രങ്ങള്‍ വാങ്ങാന്‍ നടപടിയെടുക്കും. നെല്ല് സംഭരിച്ച വകയില്‍ സിവില്‍സപ്ലൈസ് കോര്‍പറേഷന്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള കുടിശിക തുകയും ഉടന്‍ നല്‍കും. കേന്ദ്രസഹായത്തോടെ വയനാട്ടില്‍ അത്യാധുനിക ചികിത്സാ സൗകര്യങ്ങളോടു കൂടിയ ആശുപത്രി നിര്‍മിക്കും. ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്നോളജിയുടെ ശാഖയാണ് തുടങ്ങുക. ഇതിന് തത്വത്തില്‍ അംഗീകാരമായി. ഇതിനാവശ്യമായ 200 ഏക്കര്‍ സ്ഥലം കണ്ടെത്താന്‍ മന്ത്രിസഭ അനുമതി നല്‍കി. സ്ഥലം ഏറ്റെടുക്കാന്‍ 15 കോടി രൂപയും അനുവദിക്കും.
ശ്രേയാംസ് കുമാര്‍ എംഎല്‍എയുടെ കൈയേറ്റഭൂമി പിടിച്ചെടുക്കണം
കല്‍പ്പറ്റ: വയനാട് ജില്ലയിലെ കൃഷ്ണഗിരി വില്ലേജില്‍ എം വി ശ്രേയാംസ് കുമാര്‍ എംഎല്‍എ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി പിടിച്ചെടുത്ത് പാവപ്പെട്ട ആദിവാസികള്‍ക്ക് നല്‍കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെ കെ രാമചന്ദ്രന്‍ മാസ്റ്റര്‍ . തന്റെ ഫോണ്‍ ഇപ്പോഴും ചോര്‍ത്തുന്നും ഇതിനെതിരെ പോലിസില്‍ പരാതി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
ബിനീഷിനെതിരെ കേസ് നല്‍കിയിട്ടില്ലെന്ന് പി കെ രാജു
തിരു: ബിനീഷ് കോടിയേരിക്കെതിരെ താന്‍ ലോകായുക്തയില്‍ കേസ് നല്‍കിയെന്ന മംഗളം വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് സിപിഐ ജില്ലാ കൗണ്‍സില്‍ അംഗവും പൊതുപ്രവര്‍ത്തകനുമായ പി കെ രാജു അറിയിച്ചു. വേറെ ആരോ നല്‍കിയ ഹര്‍ജി തന്റെ പേരില്‍ വാര്‍ത്തയില്‍ ചേര്‍ക്കുകയാണ് ചെയ്തതെന്നും രാജു പ്രസ്താവനയില്‍ പറഞ്ഞു.
എ ജി ശശിധരന്‍നായര്‍ പ്രതിപക്ഷനേതാവിന്റെ പ്രൈവറ്റ് സെക്രട്ടറി
തിരു: പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയായി എ ജി ശശിധരന്‍നായരെ നിയമിച്ചു. കഴിഞ്ഞ സര്‍ക്കാരില്‍ മന്ത്രി എം വിജയകുമാറിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. നിയമവകുപ്പില്‍നിന്ന് അഡീഷണല്‍ സെക്രട്ടറിയായി വിരമിച്ച ഇദ്ദേഹം കേരള സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ മുന്‍ സെക്രട്ടറിയാണ്.
സ്വകാര്യ പ്രാക്ടീസ്: പാവങ്ങളോടുള്ള വെല്ലുവിളി - പരിഷത്ത്
കോഴിക്കോട്: സ്വകാര്യ പ്രാക്ടീസ് ലോബികളുടെ സമ്മര്‍ദത്തിനു വഴങ്ങി, സ്വകാര്യ പ്രാക്ടീസ് പുനഃസ്ഥാപിക്കാനുള്ള നീക്കം പാവങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പൊതു ആശുപത്രികളിലെത്തുന്ന ലക്ഷക്കണക്കിന് രോഗികള്‍ക്ക് വിദഗ്ധ ചികിത്സ ലഭിക്കാനുള്ള അവസരമാണ് ഇതുമൂലം ഇല്ലാതാവുക. മെഡിക്കല്‍കോളേജിലേക്ക് പുതു തലമുറയില്‍പ്പെട്ട ഡോക്ടര്‍മാരെ ആകര്‍ഷിക്കുന്ന ഗവേഷണ പ്രവര്‍ത്തനങ്ങളില്‍നിന്നുള്ള പിറകോട്ടടിയുമായിരിക്കും സംഭവിക്കുക. സ്വകാര്യ ലബോറട്ടറികള്‍ക്കും മരുന്നുകമ്പനികള്‍ക്കും അനുഗുണമാകുന്ന ഈ നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുന്നില്ലെങ്കില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
ദേശാഭിമാനി 050611
ബിനീഷ് കോടിയേരിക്കെതിരെ താന്‍ ലോകായുക്തയില്‍ കേസ് നല്‍കിയെന്ന മംഗളം വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് സിപിഐ ജില്ലാ കൗണ്‍സില്‍ അംഗവും പൊതുപ്രവര്‍ത്തകനുമായ പി കെ രാജു അറിയിച്ചു. വേറെ ആരോ നല്‍കിയ ഹര്‍ജി തന്റെ പേരില്‍ വാര്‍ത്തയില്‍ ചേര്‍ക്കുകയാണ് ചെയ്തതെന്നും രാജു പ്രസ്താവനയില്‍ പറഞ്ഞു.
ReplyDelete