Thursday, June 9, 2011

പൊലീസില്‍ സ്ഥലംമാറ്റത്തിന് ലക്ഷങ്ങളുടെ പിരിവ്

തൃശൂര്‍ : സ്ഥലംമാറ്റത്തിനായി പൊലീസില്‍ വ്യാപക പണപ്പിരിവ്. താല്‍പ്പര്യമുള്ള സ്ഥലത്തേക്ക് സ്ഥലംമാറ്റം ലഭിക്കാന്‍ പൊലീസ് ഓഫീസര്‍മാരില്‍നിന്ന് ഭരണ കക്ഷിനേതാക്കളാണ് വന്‍ തോതില്‍ പിരിവുനടത്തുന്നത്. എസ്ഐ മുതല്‍ മുകളിലേക്കുള്ള തസ്തികകളിലേക്ക് ലക്ഷങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്. ജില്ലാതലങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന പിരിവിനെ ക്കുറിച്ച് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ട്. കൂടുതല്‍ കോഴയ്ക്കു സാധ്യതയുള്ള സ്റ്റേഷനുകളിലേക്ക് സ്ഥലം മാറ്റത്തിനുള്ള സംഖ്യയും കൂടും. ഉദ്ദേശിച്ച സ്ഥലത്തേക്ക് മാറ്റം കിട്ടിയാല്‍ ഒരു മാസം കൊണ്ട് വീണ്ടെടുക്കാവുന്ന സംഖ്യയായതിനാല്‍ പലരും പണം കൊടുക്കാന്‍ സന്നദ്ധരുമാണ്. ഭരണകക്ഷിക്കാര്‍ക്ക് പണം കൊടുക്കാത്തവരെ നാര്‍ക്കോട്ടിക് സെല്‍ , ക്രൈംബ്രാഞ്ച്, ഡിസിആര്‍ബി, വിമന്‍സ് സെല്‍ തുടങ്ങി "ആകര്‍ഷണ"മില്ലാത്ത വിഭാഗത്തിലേക്ക് മാറ്റാനുള്ള ലിസ്റ്റ് ജില്ലാ കോണ്‍ഗ്രസ് ഓഫീസുകളില്‍ തയ്യാറാക്കുകയാണ്. അഴിമതിക്കാരായ ചില പൊലീസ് ഓഫീസര്‍മാരാണ് ഇതിന് ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നത്. നല്ലൊരു ശതമാനംപേര്‍ക്കെങ്കിലും പണം കൊടുക്കാതെ ലോക്കലില്‍ സേവനമനുഷ്ഠിക്കാനാവില്ല. കോടികളുടെ പിരിവില്‍ നല്ലൊരു ഭാഗം കെപിസിസിക്ക് നല്‍കണമെന്നാണ് വ്യവസ്ഥ. മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്തബന്ധമുള്ള മുന്‍ മന്ത്രിമാര്‍ , ഡിസിസി ഭാരവാഹികള്‍ തുടങ്ങിയവരാണ് പിരിവിന് നേതൃത്വം നല്‍കുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടപ്രകാരം സ്ഥലം മാറ്റിയ ഉദ്യോഗസ്ഥര്‍ സ്വന്തം ജില്ലകളിലേക്ക് വരാനുള്ള തത്രപ്പാടിലുമാണ്. കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ സുപ്രധാനമായ ലോക്കല്‍ പൊലീസില്‍ നിയമിക്കുന്നത് ക്രമസമാധാന പാലനത്തിനുതന്നെ ഭീഷണിയാവുമെന്നും ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

deshabhimani 090611

1 comment:

  1. സ്ഥലംമാറ്റത്തിനായി പൊലീസില്‍ വ്യാപക പണപ്പിരിവ്. താല്‍പ്പര്യമുള്ള സ്ഥലത്തേക്ക് സ്ഥലംമാറ്റം ലഭിക്കാന്‍ പൊലീസ് ഓഫീസര്‍മാരില്‍നിന്ന് ഭരണ കക്ഷിനേതാക്കളാണ് വന്‍ തോതില്‍ പിരിവുനടത്തുന്നത്.

    ReplyDelete